UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീശാക്തീകരണം; ജെഎന്‍യുവില്‍ നിന്ന് കേരളത്തിന് ചിലത് പഠിക്കാനുണ്ട്

മുതലാഖിനെ ചോദ്യം ചെയ്യുന്നതും ശബരിമലയിൽ പ്രവേശിക്കുന്നതും ഒരു സ്ത്രീ അമേരിക്കൻ പ്രസിഡന്റ് ആകുന്നതും സ്വപ്നങ്ങൾ മാത്രമായി തുടരാതിരിക്കാന്‍

കേരളത്തിൽ സ്ത്രീകൾക്ക് എതിരെ ഓരോ അനിഷ്ട സംഭവങ്ങൾ നടക്കുമ്പോഴും എല്ലാ കേരളീയരുടേയും രക്‌തം തിളക്കുകയും സ്ത്രീകളുടെ മോചനത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി ഘോരഘോരം ശബ്ദം ഉയർത്തുകയും ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല ഫെമിനിസ്റ്റ് ഗ്രൂപ്പുകളും കൂടാതെ മത നേതാക്കന്മാർ മുതൽ വാട്സപ്പ് /ഫേസ്ബുക് കൂട്ടായ്മകൾ വരെ ഒച്ച ഉയർത്തുന്നു; മാധ്യമങ്ങളുടെ പ്രൈംടൈം ന്യൂസുകൾ ഹിറ്റുകൾ ആകുന്നു; വിവിധ സിനിമകളുടെയും, നോവലുകളുടെയും, ലേഖനങ്ങളുടെയും ചർച്ചകളുടെ കേന്ദ്രബിന്ദു സ്ത്രീയാകുന്നു. ചടുലതയും വാക്ചാതുര്യവും ഉപയോഗപ്പെടുത്തി നിരീക്ഷകർ അനർഘള നിർഗ്ഗളമായി മണിക്കൂറുകൾ സംസാരിക്കുന്നു. ഒടുവിൽ സാരമില്ല, ഇതൊന്നും ഞാൻ മാത്രം വിചാരിച്ചാൽ മാറില്ല എന്ന ചിന്തയിൽ ഇനി അടുത്ത മാമാങ്കത്തിൽ കാണാമെന്നു പറയാതെ പറഞ്ഞു പിരിയുന്നു. ഈ മാമാങ്കത്തിൽ ഇവർ എല്ലാം അലയിടുന്നത് ഒന്ന് തന്നെ- സ്ത്രീശാക്തികരണം. പക്ഷെ എന്താണ് ഈ സ്ത്രീശാക്തികരണം?

ശക്തി ഇല്ലാത്ത സ്ത്രീശാക്തികരണം
കേരളത്തിൽ നടക്കുന്ന സ്ത്രീശാക്തികരണം സ്ത്രീകളെ ശക്തരാക്കുന്നതാണോ എന്ന് നാം വിചിന്തനം ചെയ്യേണ്ട കാലം അതിക്രമിച്ചില്ലേ? സ്വാതന്ത്ര്യത്തിന്റെ ഏഴാം ദശാബ്ദത്തിലേക്കു കയറിയിട്ടും സ്ത്രീ സംവരണ ബില്ല് പാസ്സാക്കാൻ പറ്റാത്ത, രാഷ്ട്രീയ പാർട്ടികളുടെ വനിതാ വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനത്തിൽ ഒരു ഒരു സ്ത്രീ പോലും സ്റ്റേജിൽ ഇല്ലാത്ത, ഒരു ആൺകുട്ടിയോട് സംസാരിച്ചാൽ ഓടിച്ചിട്ട് കൈകാര്യം ചെയ്യുന്ന സദാചാര പുരോഗമന വാദികളുള്ള, സ്വന്തം കുടുംബത്തിന്റെ നിലനിൽപിന് വേണ്ടി സിനിമയിലെ അഭിനയം ഉപേക്ഷിക്കുന്ന നടികളുള്ള, പത്തൊൻപതു വയസിൽ താഴെ പ്രായം ഉള്ള ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം ഗർഭിണികൾ ഉള്ള, സ്ത്രീകളെ ശബരിമലയിൽ നിന്നും പള്ളികളുടെ മദ്ഹബഹകളിൽ നിന്നും മാറ്റി നിർത്തുകയും അതിന്റെ പവിത്രത സൂക്ഷിക്കുകയും മുതലാഖിൽ കൂടെ ജീവിതത്തിൽ വഴിമുട്ടാൻ അവസരം നൽകുകയും ചെയ്യുന്ന നമ്മള്‍ എന്ത് സ്ത്രീ ശാക്തീകരണമാണ് മുന്നോട്ടു വക്കുന്നത്?

നമ്മുടെ പ്രശ്നം നാം മുന്നോട്ടു വെക്കുന്ന പുരുഷന്മാരുടെ സ്പോൺസേർഡ് മോഡൽ ഓഫ് എംപവർമെന്റാണ് (അതായത് ജനാധിപത്യ വ്യവസ്ഥയിലൂന്നിക്കൊണ്ട് വിപ്ലവത്തിന്റെ വിത്തുകൾ സമൂഹത്തിൽ വിതറുകയാണ് എന്ന് വിശ്വസിപ്പിച്ചുള്ള പുരുഷമേധാവിത്വം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള സ്ത്രീശാക്തീകരണം). പക്ഷെ ഇന്നത്തെ കേരളസമൂഹത്തിനു വേണ്ടത് സെൽഫ് എംപവര്‍മെന്‍റ് ആണ്. അതായതു സ്ത്രീകൾക്ക് അവരുടെ ആഗ്രഹങ്ങളുടെയും ആശകളുടേയും ആനന്ദങ്ങളുടെയും അതിർവരമ്പുകൾ ആലിംഗനം ചെയ്യാനുള്ള സ്വയം ഭരണാധികാരം. ഇവിടെയാണ് ഇന്ത്യയുടെ ‘ദേശ വിരുദ്ധ’കേന്ദ്രമായ ജവാഹർലാൽ നെഹ്‌റു സർവകലാശാല മുന്നോട്ടു വെക്കുന്ന മോഡലിന്റെ പ്രസക്തി.

ജെഎൻയുവിന്റെ സ്ത്രീശാക്‌തീകരണം
മാസങ്ങളായി ജെഎൻയുവിനെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഈ സർവകലാശാലയെ അടച്ചു പൂട്ടാനുള്ള ശ്രമം (#shutdown JNU) നടത്തിയ അതെ ഗവണ്മെന്റ് തന്നെ ഈ സ്ഥാപനത്തിന് രാജ്യത്തിലെ ഏറ്റവും നല്ല സർവകലാശാലക്കുള്ള വിസിറ്റേഴ്സ് അവാർഡ് (The Prestigious Visitors’ Award of the Hon. President of India) നൽകി ആദരിക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ, ഞാൻ ജെഎൻയുവിന്റെ രാജ്യ നിർമാണത്തിനുള്ള പങ്കിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് പുറംലോകം കാണാത്ത അല്ലെങ്കിൽ കാണാൻ ശ്രമിക്കാത്ത ഒരു സവിശേഷതയുടെ ജെഎൻയുവിന്, ഇവിടത്തെ വിദ്യാർത്ഥിനികളുടെ എണ്ണവും അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യവും.

ഇന്ത്യയിലെ ഏതൊരു മെട്രോപൊളിറ്റൻ നഗരത്തിലും കിട്ടാത്ത സുരക്ഷയാണ് പെണ്‍കുട്ടികൾക്ക് ജെഎൻയുവിൽ ലഭിക്കുന്നത്. ഈ സർവ്വകലാശാലയിൽ സ്ത്രീകൾക്ക് ഏതു രാത്രിയിലും ഇറങ്ങിനടക്കാം, ആരോടും സംസാരിക്കാം, ഒരു ആൺസുഹൃത്തിന്റെ മുറിയിൽ പോയാൽ എന്തെങ്കിലും സംഭവക്കുമെന്നുള്ള ചിന്തയില്ലാതെ ജീവിക്കാം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമുള്ള വസ്ത്രമിടുകയും ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കുകയും ചെയ്യാം.

ജെഎൻയുവിന്റെ അഡ്മിഷൻ സമയം മുതല്‍ തന്നെ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ട് (അപേക്ഷകരിൽ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ചു അഞ്ചു പോയന്‍റ്  ഗ്രേസ് മാർക്കായി കൊടുക്കുന്നത് അതിന്റെ ഭാഗമാണ്). പെണ്‍കുട്ടികളെ മാറ്റി നിർത്തികൊണ്ടുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന പോലും ഈ സർവകലാശാലയിലില്ല (പല പാർട്ടികളുടെയും നേതൃസ്ഥാനത്തു സ്ത്രീകൾ തന്നയാണ്). അതുകൊണ്ടു തന്നെ സ്ത്രീ വിരുദ്ധമായ ഒരു തീരുമാനവും പാർട്ടികളോ യൂണിയനോ അഡ്മിനിസ്ട്രേഷനോ എടുക്കാൻ കഴിയില്ല. വളരെയധികം ഗൗരവത്തോടെയാണ് ഇവിടെ ജൻഡർ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ക്ലാസുകളില്‍ തുടങ്ങി സെൻട്രൽ അഡ്മിനിസ്ട്രേഷൻ വരെ വിവിധ തലങ്ങളിൽ ശക്തമായി പ്രവർത്തിക്കുന്ന ജൻഡർ സെൻസിറ്റിസേഷൻ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട് എന്നതും അതിൽ സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. കമ്മിറ്റിയുടെ ശുപാർശയോടെ ബാർ ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് അഞ്ചു വർഷത്തേക്ക് പിന്നെ പഠനം സാധ്യമാവില്ല. അതുകൊണ്ട് തന്നെ പെണ്‍കുട്ടികൾക്ക് എതിരെ അക്രമം അഴിച്ചു വിടാൻ എത്ര വലിയ പുരുഷ മേധാവിയും ഒന്ന് പകയ്ക്കും. സമാനമായി തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സന്ധിയില്ലാ സമരത്തിനും ഇവിടത്തെ വിദ്യാർത്ഥികൾ തയ്യാറാണ് (അതിനു ഉദാഹരണമാണ് ഇപ്പോൾ അരങ്ങേറുന്ന നജീബ് സമരവും, യുജിസി ഗസറ്റിനു എതിരെയുള്ള സമരവും).

എന്തുകൊണ്ടാണ് ഇതേ ജെഎൻയു സ്ത്രീകൾ പുറത്തു ഇതുപോലെ ശക്തി കാണിക്കാത്തത്? എന്താണ് ഇതേ ജെഎൻയു പുരുഷന്മാർ അവരുടെ പുരുഷമേധാവിത്തം ജെഎൻയുവിൽ കാണിക്കാത്തത്? എന്തുകൊണ്ടാണ് പത്തു മണി കഴിഞ്ഞു പുറത്തു ഇറങ്ങിയാൽ പീഡിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾ, ക്യാമ്പസ്സിനുള്ളിൽ ഏതു രാത്രിയിലും പുറത്തു ഇറങ്ങാൻ ധൈര്യം കാണിക്കുന്നത്? ജെഎൻയുവിൽ ഏതു രാത്രി ഇറങ്ങി നടന്നാലും ഒരു അനിഷ്ടവും സംഭവിക്കില്ല എന്ന സ്ത്രീയുടെ വിശ്വാസവും ഒരു സ്ത്രീയെ മോശമായി നോക്കിയാൽ അവൾക്കു തനിക്കു എതിരെ നടപടിയെടുക്കാൻ കഴിവുണ്ടെന്നുമുള്ള പുരുഷൻറെ തിരിച്ചറിവുമാണ് ഇതിനു കാരണം. ഇതാണ് യഥാർത്ഥ സ്ത്രീശാക്തീകരണം.

ആധുനികതയിൽ നിന്ന് പഴമയിലേക്ക്?
കേരളത്തിലെ സ്ത്രീകളുടെ കാര്യം ആലോചിക്കുമ്പോൾ, പഴമയിലേക്കു ഒരു തിരിച്ചു പോക്ക് അനിവാര്യമല്ലേ എന്ന് ഞാൻ സന്ദേഹിക്കുന്നു. കേരളം ആധുനികതയിലേക്കു കടന്നത് സ്ത്രീയുടെ കൈകളിൽ ചങ്ങലകളിട്ടുകൊണ്ടാണ് എന്നത് ഒരു പരമസത്യമാണെന്നു ഈയിടെ പുറത്തു വന്ന ജി.അരുണിമയുടെ There Comes Papa എന്ന കൃതി നമ്മെ ഓർമപ്പെടുത്തുന്നു. മരുമക്കത്തായത്തിൽ നിന്ന് മക്കത്തായത്തിലേ നടന്നു നീങ്ങിയ കേരളം സമൂഹം, സ്ത്രീകളുടെ ചിന്തകൾക്ക് കൂടിയാണ് വിക്ടോറിയൻ മൊറാലിറ്റിയുടെ പേരിൽ കടിഞ്ഞാണിട്ടത് . വർഷങ്ങൾ നീണ്ട സ്വാതന്ത്ര്യ സമരം ഇന്ത്യൻ ജനതയുടെ മാനസികവും ശാരീരികവുമായ സ്വന്തന്ത്ര്യത്തിനു വേണ്ടി പോരാടിയത്, സ്ത്രീകളെ മാറ്റി നിർത്തിയാണോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് വില്യം മോറിസിന്റെ ‘എ ഡ്രീം ഓഫ് ജോൺ ബോൾ’ (1887) എന്ന കൃതിയിലെ വരികളുടെ പ്രസക്തി: ‘ .. pondered how men fight and lose the battle, and the thing that they fought for comes about in spite of their defeat, and when it comes turns out not to be what they meant, and other men have to fight for what they meant under another name.’

അതെ ഈ ജനാധിപത്യ രാഷ്ട്രീയ പുരുഷ മേധാവിത്തത്തിൽ സ്ത്രീ ശബ്ദം കേൾക്കപ്പെടണമെങ്കിൽ അവർ അവരുടെ ആവശ്യങ്ങൾ മുൻനിർത്തി അവർ തന്നെ മുന്നിട്ടു ഇറങ്ങണം. അതുവരേക്കും മുതലാഖിനെ ചോദ്യം ചെയ്യുന്നതും ശബരിമലയിൽ പ്രവേശിക്കുന്നതും ഒരു സ്ത്രീ അമേരിക്കൻ പ്രസിഡന്റ് ആകുന്നതും സ്വപ്നങ്ങൾ മാത്രമായി തുടരും.

(ജെഎന്‍യുവിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് വിദ്യാര്‍ത്ഥിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ക്രിസ്റ്റി പേരയിൽ

ജെഎന്‍യുവില്‍ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍