UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍ പരാമര്‍ശത്തില്‍ ജെഎന്‍യു പ്രൊഫസര്‍ക്കെതിരെ ജോധ്പൂര്‍ സര്‍വകലാശാലയുടെ പരാതി; പിന്നില്‍ ആര്‍എസ്എസോ?

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും, സൈനികര്‍ രാജ്യത്തിന് വേണ്ടിയല്ല, ജീവിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സിയാച്ചിന് മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഇന്ത്യ പിന്മാറണമെന്നും നിവേദിത മേനോന്‍ പറഞ്ഞതായാണ് ആരോപണം.

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമല്ലെന്ന് പറഞ്ഞതായി ആരോപിച്ച് ജെഎന്‍യു പ്രൊഫസര്‍ നിവേദിത മേനോനെതിരെ പൊലീസില്‍ പരാതി. രാജസ്ഥാനിലെ ജോധ്പൂരിലുള്ള ജെയിന്‍ നാരായണ്‍ വ്യാസ് സര്‍വകലാശാലയാണ് പരാതി നല്‍കിയത്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും, സൈനികര്‍ രാജ്യത്തിന് വേണ്ടിയല്ല, ജീവിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സിയാച്ചിന് മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഇന്ത്യ പിന്മാറണമെന്നും നിവേദിത മേനോന്‍ പറഞ്ഞതായാണ് ആരോപണം. ഇത് രാജ്യത്തേയും സൈന്യത്തേയും അപമാനിക്കുന്നതാണെന്നും പരാതിക്കാര്‍ പറയുന്നു. നിവേദിത മേനോനെതിരായ എബിവിപി പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചിട്ടിരിക്കുകയാണ്. അതേസമയം വ്യാജ ആരോപണങ്ങളുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് നിവേദിത മേനോന്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി പരാതി നല്‍കിയതായി വൈസ് ചാന്‍സലര്‍ ആര്‍പി സിംഗ് സ്ഥിരീകരിച്ചു. യൂണിവേഴ്‌സിറ്റി രജിസ്ട്രാറാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ലെന്നും പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ജോധ്പൂര്‍ പൊലീസ് അറിയിച്ചു. ജെഎന്‍യുവില്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷല്‍ സ്റ്റഡീസില്‍ പ്രൊഫസറാണ് നിവേദിത മേനോന്‍. ജെയിന്‍ നാരായണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് നിവദിതയെ ക്ലാസെടുക്കാന്‍ ക്ഷണിച്ചിരുന്നു. പുനരാഖ്യാനം ചെയ്യപ്പെടുന്ന ചരിത്രം – രാഷ്ട്രവും വ്യക്തിയും സംസ്‌കാരവും എന്ന വിഷയത്തിലാണ് ക്ലാസെടുക്കാന്‍ ക്ഷണിച്ചിരുന്നത്. ഈ പരിപാടിയില്‍ നിവേദിത പറഞ്ഞ കാര്യങ്ങള്‍ ദേശവിരുദ്ധമാണെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ആരോപണം. പരിപാടിയുടെ സംഘാടകയായ രാജശ്രീ റാണവത്തിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരിപാടിയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

അതേസമയം ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്് നിവേദിത മേനോന്‍ പറഞ്ഞു. ആര്‍എസ്എസ് അനുഭാവിയായ ഒരു മുന്‍ പ്രൊഫസറാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്ന് നിവേദിത മേനോന്‍ പറഞ്ഞു. കാശ്മീര്‍ ഇന്ത്യ അനധികൃതമായി കയ്യടക്കി വച്ചിരിക്കുകയാണെന്ന തരത്തില്‍ ഒന്നും തന്നെ ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യയുടെ മാപ്പ് തല തിരിച്ച് കാണിച്ചു എന്നും പറയുന്നുണ്ട. യഥാര്‍ത്ഥത്തില്‍ ഹിമല്‍ മാഗസിനില്‍ നിന്നുള്ള ഒരു ചിത്രമാണത്. ലോകം ഉരുണ്ടതാണെന്നും ദേശരാഷ്ട്രങ്ങള്‍ പ്രകൃതിപരമായി ഉള്ളതല്ലെന്നും അത് മനുഷ്യഭാവന മാത്രമാണെന്നുമാണ് ആ ചിത്രം ചൂണ്ടിക്കാട്ടുന്നത്. സൈനികര്‍ ജീവിക്കാന്‍ വേണ്ടിയും ഒരു വരുമാനത്തിന് വേണ്ടിയും കൂടിയാണ് ജോലി ചെയ്യുന്നത്. അവരോട് സ്‌നേഹമുണ്ടെങ്കില്‍ എന്തിനാണ് അവരോട് മോശമായി പെരുമാറുന്നത് എന്നാണ് ചോദിച്ചത്. ഹിന്ദു ദര്‍ശനവും ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുത്വ എന്നത് ഞാന്‍ ശക്തമായി എതിര്‍ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ഞാന്‍ ഒരു ആര്‍എസ്എസ് വിരുദ്ധയും ഹിന്ദുത്വ വിരുദ്ധയുമാണ്. അതെങ്ങനെ ദേശവിരുദ്ധതയാകും – നിവേദിത ചോദിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍