UPDATES

വിദേശം

മയക്കുമരുന്നു രാജാവ് ‘എല്‍ ചാപോ’ വലയിലായതെങ്ങനെ?

Avatar

എലാഹേ ഈസാദി, ജോഷ്വ പാര്‍ട്‌ലോ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് കള്ളക്കടത്തുകാരന്‍ ജോവാക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാന്‍ വീണ്ടും മെക്‌സിക്കന്‍ പൊലീസിന്റെ പിടിയിലായി. മെക്‌സിക്കോയിലെ ഒരു പടിഞ്ഞാറന്‍ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 

ആറ് മാസം മുമ്പ് കനത്ത സുരക്ഷയുള്ള ഒരു തടവറയില്‍ നിന്നും തുരങ്കം വഴി ഗുസ്മാന്‍ രക്ഷപ്പെട്ടതിന് ശേഷമുള്ള അന്വേഷണത്തിനൊടുവിലാണ് ഈ പിടികൂടല്‍. 

ഗുസ്മാന്റെ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ ആസ്ഥാനമെന്ന് വിളിക്കാവുന്ന ലോസ് മോചിസിലാണ് വെള്ളിയാഴ്ച്ചത്തെ ഏറ്റുമുട്ടല്‍ നടന്നത്. യു.എസിലേക്ക് ഏറ്റവും കൂടുതല്‍ കൊക്കേയിനും മരിജുവാനയും കയറ്റിപ്പോകുന്നത് ഇവിടെനിന്നാണ്. യു.എസിലേക്കെത്തുന്ന ഹെറോയിന്റെ പകുതിയും ഇതുവഴി തന്നെ. 

‘ദൗത്യം വിജയിച്ചു; നമുക്കയാളെ കിട്ടി,’ പ്രസിഡന്റ് എന്റിക് പെന ട്വീറ്റ് ചെയ്തു.

അഴിമതിയാരോപണങ്ങളും, മയക്കുമരുന്ന് അക്രമവും, ഗുസ്മാന്റെ തടവുചാടലുമെല്ലാമായി വളഞ്ഞിരുന്ന പെന നീറ്റയ്ക്ക് ഇത് വലിയൊരാശ്വാസമാണ്. ഗുസ്മാന്‍ പിടിയിലായതോടെ മെക്‌സിക്കോയിലെ 122 കൊടുംകുറ്റവാളികളില്‍ 98 പേരും പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തതായി പ്രസിഡന്റ് പറഞ്ഞു. 

ഗുസ്മാനെ വീണ്ടും മെക്‌സിക്കോയില്‍ത്തന്നെ തടവിലാക്കുമോ അതോ യു.എസിന് കൈമാറുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല. എന്നാല്‍ അയാളെ വിട്ടുകിട്ടാന്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുമെന്നാണ് സൂചന. 2014ല്‍ ഗുസ്മാന്‍ പിടിലായപ്പോള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ വിചാരണ നേരിടുന്നതിന് അയാളെ വിട്ടുകിട്ടാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. പക്ഷേ, തങ്ങളുടെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയെ തങ്ങളുടെതന്നെ നീതിന്യായ സംവിധാനത്തില്‍ വിചാരണ ചെയ്യുന്നത് ഒരു അഭിമാനപ്രശ്‌നമായിതന്നെ അവരെടുത്തു. 

കഴിഞ്ഞവര്‍ഷം രക്ഷപ്പെടുന്നതിന് മുമ്പുവരെ മെക്‌സികോ നഗരത്തിന് പുറത്തുള്ള രാജ്യത്തെ ഏറ്റവും സുരക്ഷാസന്നാഹങ്ങളുള്ള അല്‍റ്റിപ്ലാനോ തടവറയില്‍ നിലത്തൊരു കക്കൂസുകുഴി മാത്രമുള്ള ഒരു ചെറിയ കോണ്‍ക്രീറ്റ് മുറിയിലാണ് ഗുസ്മാനെ പാര്‍പ്പിച്ചിരുന്നത്. അയാളുടെ സഹായികള്‍ ഈ കുഴിയിലെത്തുന്ന തരത്തില്‍ ഒരു മൈല്‍ വരുന്ന തുരങ്കമുണ്ടാക്കി അതിലൂടെ മോട്ടോര്‍ സൈക്കിള്‍ വഴിയാണ് അയാളെ കടത്തിയത്. തടവ് ചാടാന്‍ സഹായിച്ചുവെന്ന് നിരവധി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. 

ഗുസ്മാനെ പിടികൂടിയത്തില്‍ അമേരിക്കയ്ക്ക് എന്തു പങ്കാണുള്ളതെന്ന് ഇപ്പോള്‍ വ്യക്തമല്ല. മാസാട്‌ലാനില്‍ നിന്നും 2014ല്‍ ഇയാളെ പിടികൂടാന്‍ ഫോണ്‍വിളികള്‍ ചോര്‍ത്തുന്നതടക്കം അമേരിക്കയുടെ സഹായം ഉണ്ടായിരുന്നു. 

കഴിഞ്ഞവര്‍ഷം തടവുചാടിയതുമുതല്‍, കോടീശ്വരനായ ഈ മയക്കുമരുന്ന് രാജാവിനെക്കുറിച്ച് അമാനുഷികമായ തരത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ രണ്ടുതവണ അയാള്‍ മെക്‌സിക്കോയിലെ തടവറകളില്‍ നിന്നും രക്ഷപ്പെട്ടു. ഇത്തവണ തടവുചാടിയതിന് ശേഷം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കാലിന് പരിക്കേറ്റെന്നു വാര്‍ത്തകളുണ്ടായിരുന്നു. 

ചാപോ മെക്‌സിക്കോ വിട്ടുപോകാതെ, നാട്ടുകാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും, തന്റെ വിശാലമായ മയക്കുമരുന്ന് കടത്ത് ശൃംഖലയുമുള്ള സ്വന്തം ജില്ലയിലേക്കുതന്നെ തിരിച്ചുവരുമെന്ന കണക്കുകൂട്ടല്‍ ഇപ്പോള്‍ പിടിയിലായതോടെ ശരിയായി. കിഴക്കന്‍ സിനായോലയിലെ വിദൂരമായ സിയേറ മാദ്രെ മലനിരകളില്‍ മരിജുവാനയും കഞ്ചാവും വളരുന്ന പാടങ്ങളുള്ള ജന്മനഗരത്തില്‍ നാട്ടുകാര്‍ക്ക് ഗുസ്മാന്‍ പ്രിയപ്പെട്ടവനാണ്. കൈനിറയെ സഹായിക്കുന്നയാള്‍. ജോലികള്‍ നല്‍കുന്നതും വൈദ്യ സഹായവും മാത്രമല്ല സെസ്‌നാസില്‍ നിന്നും കര്‍ഷക ഗ്രാമങ്ങളിലേക്ക് ആകാശത്തുനിന്നും പണക്കിഴികള്‍ എറിഞ്ഞുകൊടുക്കല്‍ വരെയുണ്ട് അതില്‍. 

2014ലേതുപോലെ ഇത്തവണയും ഒരു വെള്ളിയാഴ്ച്ചയാണ് ഗുസ്മാന്‍ പിടിയിലാകുന്നത്. പുലര്‍ച്ചെ 3: 40 ഓടെയാണ് ബഹളം തുടങ്ങിയതെന്ന് ഗുസ്മാന്‍ താമസിച്ചിരുന്നതിന് രണ്ടുവീടകലെയുള്ള അയല്‍ക്കാരി പറഞ്ഞു. വെടിവയ്പ്പിന്റെ ശബ്ദമാണ് ആദ്യം കേട്ടത്. 

വെടിവയ്പ്പ് ആദ്യം ഒരു മണിക്കൂറോളം തുടര്‍ന്നു. പിന്നെ 15 മിനിറ്റ് ഒരിടവേള. അതിനുശേഷം വീണ്ടും ഏറ്റുമുട്ടല്‍. മുകളില്‍ ഹെലികോപ്റ്ററുകള്‍ വലംവെച്ചു. താഴെ സൈന്യവും പൊലീസും. അയല്‍ക്കാര്‍ വാട്‌സ് ആപ്പിലൂടെ വിവരങ്ങള്‍ തത്സമയം കൈമാറിക്കൊണ്ടിരുന്നു എന്നവര്‍ പറഞ്ഞു. ചിലര്‍ ഓടകള്‍ വഴി രക്ഷപ്പെട്ടതിനാലാകം അധികൃതര്‍ ഓടകളും പരിശോധിക്കുന്നുണ്ടായിരുന്നു എന്നുമവര്‍ പറഞ്ഞു. 

വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഗുസ്മാന്‍ ഒരു അഴുക്കുചാല്‍ വഴി പുറത്തുകടന്നെങ്കിലും ഒടുവില്‍ അവിടെനിന്നും അഞ്ചു മൈല്‍ അകലെയുള്ള ഹോട്ടലില്‍വച്ചു പിടിയിലായതായി മെക്‌സിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു.

ഏറ്റുമുട്ടലില്‍ ഗുസ്മാന്റെ അഞ്ചു കൂട്ടാളികള്‍ കൊല്ലപ്പെട്ടു. ഇതില്‍ അയാളുടെ സന്തതസഹചാരി ‘എല്‍ ചോലോ ഇവാന്‍’ എന്നറിയപ്പെടുന്ന ഇവാന്‍ ഗാസ്‌ടെലും ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടു കവചിത വാഹനങ്ങളടക്കം അഞ്ചു വണ്ടികളും കുറഞ്ഞത് എട്ട് തോക്കുകളും റോക്കറ്റില്‍ ഘടിപ്പിക്കുന്ന ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്. 

വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞതോടെ ഗുസ്മാനെ മെക്‌സിക്കൊ സിറ്റിയിലെ നാവിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കഴിഞ്ഞതവണ പിടികൂടിയപ്പോള്‍ അയാളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച അതേയിടം. അലക്കിത്തേച്ച വെള്ളക്കുപ്പായവുമായി പ്രത്യക്ഷപ്പെട്ട കഴിഞ്ഞ തവണത്തേത്തില്‍ നിന്നും വ്യത്യസ്തമായി പാകമല്ലാത്ത ഒരു കുപ്പായവുമായാണ് അയാളെ കണ്ടതെന്ന് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കാണിക്കുന്നു. 

മെക്‌സിക്കോയിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെ സിനായോല ശൃംഖലയിലെ ഇരുണ്ട ലോകങ്ങള്‍ കഴിഞ്ഞ തവണ ഗുസ്മാന്‍ പിടിയിലായതോടെ, അല്ലെങ്കില്‍ അയാള്‍ തടവ് ചാടിയതോടെ എത്ര മാറിയിട്ടുണ്ടെന്ന് വ്യക്തമല്ല. 

‘സിനായോല ശൃംഖല എല്‍ മയോ സാംബാഡയ്ക്കും മറ്റ് നേതാക്കള്‍ക്കും കീഴില്‍ തുടര്‍ന്നും പതിവുപോലെ പ്രവര്‍ത്തിക്കുമോ അതോ ചെറിയ സംഘങ്ങളായി പിരിയുമോ എന്നത് വ്യക്തമല്ല,’വാഷിംഗ്ടണിലെ വില്‍സണ്‍ സെന്ററിലെ മെക്‌സികോ വിദഗ്ധന്‍ ആന്‍ഡ്രൂ സാലീ പറഞ്ഞു. സംഘങ്ങളായി പിരിയുകയാണെങ്കില്‍ ഒന്നുകിലത് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാം അല്ലെങ്കില്‍ കൊലപാതകങ്ങള്‍ കുറയ്ക്കാം; സാസീ കൂട്ടിച്ചേര്‍ക്കുന്നു.

ഗുസ്മാനെ വലയിലാക്കാന്‍ സാധിച്ചതില്‍ മെക്‌സിക്കന്‍ സര്‍ക്കാരും സന്തോഷത്തിലാണ്. 

ഞങ്ങള്‍ വളരെ ആഹ്ലാദത്തിലാണ്, മെക്‌സിക്കന്‍ വിദ്യാഭ്യാസ സെക്രട്ടറി ഒറീലോ നൂനോ പറഞ്ഞു. ഗുസ്മാന്‍ കഴിഞ്ഞ തവണ ജയിലില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ പ്രസിഡന്റ് പെന നീറ്റയുടെ ഉദ്യോഗസ്ഥ തലവന്‍ ആയിരുന്നു നൂനോ.

‘2001 ല്‍ അയാള്‍ ജയില്‍ ചാടിയശേഷം ഒരു ദശാബ്ദത്തിനു മുകളിലാണ് സ്വതന്ത്രനായി വിഹരിച്ചത്. പക്ഷേ ഇത്തവണ അയാള്‍ക്ക് ഒരു വര്‍ഷം പോലും പുറത്തു ജീവിക്കാന്‍ സാധിച്ചില്ല, ഇതു സര്‍ക്കാരിന്റെ നേട്ടമാണ്’, ഓറീലോ നൂനോ പറഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍