UPDATES

പ്രവാസം

തൊഴില്‍ പ്രതിസന്ധി; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ പട്ടിണിയില്‍

അഴിമുഖം പ്രതിനിധി

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുടെ ബാക്കിപത്രമായി തൊഴില്‍ നഷ്ടപ്പെട്ട നിരവധി ഇന്ത്യക്കാര്‍ കടുത്ത ദുരിതത്തില്‍. ഇവരില്‍ നിരവധി പേര്‍ മൂന്നു ദിവസങ്ങളായി ജിദ്ദയില്‍ പട്ടിണി കിടക്കുകയാണെന്ന ഞെട്ടിക്കുന്ന വിവരവും വന്നിരിക്കുന്നു. ഒരു പ്രമുഖ ലെബനീസ് കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 850ഓളം ഇന്ത്യക്കാരാണ് ഭക്ഷണമില്ലാതെ വലയുന്നത്. ദുരിതത്തില്‍ അകപ്പെട്ട മിക്കവരും രാജസ്ഥാന്‍, ബിഹാര്‍, യു.പി, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നുണ്ട്; സിറാജ് എന്ന സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു. 

ഇന്ത്യക്കാര്‍ നേരിടുന്ന ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ത്വരിതഗതിയിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഗള്‍ഫിലേക്ക് പോകും. വകുപ്പിലെ മറ്റൊരു സഹമന്ത്രിയായ എം.ജെ. അക്ബര്‍ സൗദി, കുവൈറ്റ് അധികൃതരോട് ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തെ പറ്റിയും തൊഴില്‍ ഉടമ്പടികളുടെ വിശ്വാസ്യതയെ പറ്റിയും വന്‍തോതിലുള്ള പിരിച്ചുവിടലിനെ പറ്റിയും ചര്‍ച്ച നടത്തും.

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയോട് ആഹാരത്തിനു ബുദ്ധിമുട്ടുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. 800ഓളം ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ജിദ്ദയില്‍ പട്ടിണി കിടക്കുന്നുണ്ടെന്ന ഒരാളുടെ ട്വീറ്റിന് മറുപടിയായാണ് സുഷമ ഇത് പറഞ്ഞത്. റിയാദിലെ ഇന്ത്യന്‍ എംബസിയോട് തൊഴില്‍നഷ്ടപ്പെട്ട് സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യഭക്ഷണം വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു; അവര്‍ മറുപടി കുറിച്ചു.

ജോലിയും വേതനവുമായി ബന്ധപ്പെട്ട് സൗദിയിലും കുവൈറ്റിലുമുള്ള ഇന്ത്യക്കാര്‍ പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. സൗദിയില്‍ കാര്യങ്ങള്‍ തീര്‍ത്തും മോശമാണ്. ഇൗ വിഷയങ്ങള്‍ സൗദി, കുവൈറ്റ് അധികൃതര്‍ക്കു മുന്നില്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ഉയര്‍ത്തുന്നതായിരിക്കും. സഹമന്ത്രി വി കെ സിംഗ് പ്രശ്‌നപരിഹാരത്തിനായി ഗള്‍ഫിലേക്ക് പോകുന്നുണ്ടെന്നും സൗദിയില്‍ ഉള്ള ഒരു ഇന്ത്യക്കാരനും ഭക്ഷണം ഇല്ലാതെ കഴിയേണ്ട ഗതി വരില്ലെന്നും, ഇക്കാര്യത്തില്‍ മണിക്കൂറുകള്‍ കൊണ്ട് തീരുമാനം എടുക്കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായും സുഷമ തന്റെ റീ ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കൂട്ടമായി രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്നത്. ഇവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ സൗദിയിലും കുവൈറ്റിലുമായി തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. വേതനം പോലും കൊടുക്കാതെയാണ് ഇവരുടെയെല്ലാം തൊഴിലുടമകള്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. ഇത്തരം പ്രവര്‍ത്തികളുടെ ഫലമാണ് നമ്മുടെ സഹോദരി സഹോദരന്മാര്‍ ആ രാജ്യങ്ങളില്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍. കുവൈറ്റിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാവുന്നതാണ്, പക്ഷേ സൗദിയില്‍ തീര്‍ത്തും മോശമായ അവസ്ഥ തന്നെയാണ്; മന്ത്രി വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍