UPDATES

പ്രവാസം

ഗള്‍ഫ് പ്രതിസന്ധി; കേരളം കരുതിയിരിക്കുക

Avatar

ജിനു സക്കറിയ ഉമ്മന്‍

സൗദി-കുവൈറ്റ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ ഇപ്പോള്‍ പൊട്ടിമുളച്ചതല്ല. അറബ് വസന്തത്തിന്റെ അലകള്‍ സൗദിയിലും ഉണ്ടായിരുന്നു. അവിടത്തെ യുവജനങ്ങള്‍ സര്‍ക്കാരിനെതിരെ പോരാടിയപ്പോള്‍ അവരെ ഒതുക്കാന്‍ ശ്രമിച്ചത് സാമ്പത്തിക സഹായവും ഫെലോഷിപ്പുകളും നല്‍കിയായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ യുവജനങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. നിതാഖത് വരികയും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരികയും ചെയ്തതോടെ അതില്‍ മാറ്റമുണ്ടായി.

എന്നാല്‍ നിതാഖത് ബാധിച്ചത് പ്രവാസികളെയാണ്. ആ സമയത്ത് നമ്മുടെ വിദഗ്ദര്‍ ഒരു പ്രവചനം നടത്തിയിരുന്നു. അതായത് നിതാഖത് ബാധിക്കുക മിഡില്‍ ലെവലിലുള്ള ആളുകളെ മാത്രമായിരിക്കും എന്നായിരുന്നു അത്. കടയില്‍ നില്‍ക്കുന്നവര്‍, ചെറിയ കമ്പനികളില്‍ പണിയെടുക്കുന്നവര്‍ എന്നിങ്ങനെ. എന്നാല്‍ തൊഴിലാളികളെ ഇത് ഒരു തരത്തിലും ബാധിക്കില്ല. സൌദിക്കാര്‍ ഒരിക്കലും ആ മേഖലയിലെ ജോലികളില്‍ പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കില്ല എന്നും കണ്‍സ്ട്രക്ഷന്‍ മേഖല പോലെ ഗ്രൌണ്ട് ലെവലില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഇതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്നായിരുന്നു അന്നത്തെ കണ്ടെത്തല്‍.  എന്നാല്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മറ്റൊന്നാണ്.

എണ്ണവിലയില്‍ വന്ന വ്യതിയാനം ബാധിച്ചിരിക്കുന്നത് കണ്‍സ്ട്രക്ഷന്‍ മേഖലയെയാണ്. സര്‍ക്കാര്‍ ഇക്കോണമി ഡൈവേഴ്സിഫൈ ചെയ്യുന്നതിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ സൗദി, കുവൈറ്റ് എന്നിവ അടക്കമുള്ള രാജ്യങ്ങള്‍ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലേക്ക് ഇന്‍വെസ്റ്റ്‌മെന്റ് വര്‍ധിപ്പിക്കാനായി തീരുമാനിച്ചു. അങ്ങനെ ഒരു തീരുമാനത്തെത്തുടര്‍ന്നാണ് അതേ മേഖകളില്‍ പെട്ടെന്നുള്ള വികസനം ഉണ്ടാവുന്നത്. കഴിഞ്ഞ ആറു വര്‍ഷം അത് തുടര്‍ന്നു. അതോടൊപ്പം തന്നെ മൈഗ്രേഷന്റെ ഒരു കുത്തൊഴുക്കും ഉണ്ടായി. 2012-13 കാലയളവില്‍ മൂന്നു ലക്ഷത്തില്‍ അധികം ആളുകളാണ് സൗദിയിലേക്ക് എത്തിയത്.

എണ്ണവിലയിലെ മാറ്റം വന്നതോടു കൂടി  കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കരാറുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. അവിടങ്ങളിലെ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ സര്‍ക്കാര്‍ നല്‍കുന്ന കരാറുകള്‍ കൊണ്ടാണ്. അങ്ങനെയുള്ള കരാറുകള്‍ പിന്‍വലിക്കപ്പെടുകയോ മരവിപ്പിക്കുകയോ ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ഭാഗമായിട്ട് കുവൈറ്റിലെ അല്‍ കറാസി എന്ന കമ്പനിയില്‍ 22000 പേര്‍ സമരത്തിലായിരുന്നു. അതില്‍ 12000 പെര്‍ ഇന്ത്യക്കാരും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടതിനാലാണ് അവിടെ സ്ഥിതിഗതികള്‍ ഏതാണ്ട് സാധാരണഗതിയിലേക്ക് എത്തിയത്. സൌദിയിലെ  ഓഗര്‍ എന്ന കമ്പനിയിലും സമാനമായ പ്രശ്‌നങ്ങള്‍ ആണ്. ഒരുപക്ഷേ ഏറ്റവും കൂടുതല്‍. സൌദിയില്‍ ഏകദേശം 10000 പെര്‍ തൊഴില്‍ രഹിതരായി നില്‍ക്കുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളത്. അത് കൂടുകയും ചെയ്യും.

എണ്ണ വിപണിയില്‍ ഇറാഖ് കൂടുതല്‍ താത്പര്യം കാട്ടുന്നു, ഇറാന്‍ ആവശ്യത്തിലധികം എണ്ണ എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നു, റഷ്യ, സൈബീരിയ എന്നീ രാജ്യങ്ങളും സജീവം എന്നതിനാല്‍ ഗള്‍ഫിലെ എണ്ണയുടെ വില ബാധിക്കപ്പെടുകയും ചെയ്തു. ഇനിയും താഴേക്കു പോകാന്‍ തന്നെയാണ് സാധ്യത. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് നിര്‍മ്മാണമേഖലയെത്തന്നെയാണ്. ഇവിടങ്ങളിലെ തൊഴിലാളികളുടെ 45ശതമാനവും ഈ മേഖലയില്‍ തന്നെയാണ്. അവരാകും ഈ പ്രശ്നത്തിന് ഇരയാവുക.

റിഫൈനറികള്‍, പെട്രോളിയവുമായി ബന്ധപ്പെട്ട മേഖലകളിലുള്ള തൊഴിലാളികളെയും പിരിച്ചു വിടാന്‍ തന്നെയാണ് സാധ്യത. ടൂറിസം, ട്രാന്‍സ്പോര്‍ട്ട്, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെയുള്ള മേഖലകളിലും ഇതിന്‍റെ ചലനം ഉണ്ടാവും. 

2015ല്‍ 9.1ബില്യണ്‍ ഡോളര്‍ ആണ് സൌദിയില്‍ നിന്നും പുറത്തേക്ക് പോയിട്ടുള്ളത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വളരെ കുറയാനാണ് സാധ്യത. കേരളം പോലെയൊരു സംസ്ഥാനത്തെ വലിയ അളവില്‍ ഇത് ബാധിക്കും. 

കേരളത്തില്‍ ഈ വര്‍ഷം തന്നെ കൂടുതല്‍ തിരിച്ചു വരവിനു സാധ്യതയുണ്ട്. റിട്ടേണ്‍ മൈഗ്രന്റ്സിനെ അബ്സോര്‍ബ് ചെയ്യാനുള്ള മെക്കാനിസം നമുക്കില്ല. വരുന്ന തൊഴിലാളികള്‍ കൈയ്യില്‍ അഞ്ചു പൈസ പോലും ഇല്ലാതെയാകും വരിക, കാരണം അവര്‍ക്ക് കമ്പനികളില്‍ നിന്നും മൂന്നും നാലും മാസത്തെ ശമ്പളമാണ് കിട്ടാനുള്ളത്.

ഇവരെ റീഹാബിലിറ്റെറ്റ് ചെയ്യാനുള്ള ഒരു സാധ്യതയും ഇതുവരെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കുവൈറ്റ് യുദ്ധത്തില്‍ 70000 പേര്‍ ആണ് തിരികെയെത്തിയത്. അവര്‍ക്കായി വളരെക്കുറച്ചു മാത്രമേ സര്‍ക്കാരിനു ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ. ഇത്തരത്തില്‍ തിരികെയെത്തുന്നവര്‍ സ്വന്തമായി ചെറിയ ബിസിനസ് തുടങ്ങാന്‍ ആണ് സാധ്യത എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ മറ്റൊരു പ്രശ്നം എന്നുള്ളത് സൗദി സര്‍ക്കാര്‍ ഇത് മുതലെടുക്കാന്‍ ശ്രമിക്കും എന്നുള്ളതാണ്. കമ്പനികള്‍ പൂട്ടുന്നത് ഒരു ഒഴികഴിവ് എന്ന രീതിയില്‍ മുന്നില്‍ നിര്‍ത്തി സ്വദേശിവത്കരണം കൂടുതലായി അവര്‍ നടപ്പിലാക്കും. ജോലി ഇല്ലതെയാകുമ്പോള്‍ സ്വാഭാവികമായും തൊഴിലാളികള്‍ക്ക് തിരികെപ്പോവുക മാത്രമാവും അവശേഷിക്കുന്ന ഏക മാര്‍ഗ്ഗം. പോകുന്നവരെല്ലാം പോകട്ടെ എന്ന നിലപാട് അവര്‍ എടുക്കും. 1.3 മില്ല്യന്‍ സൗദി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് അവിടത്തെ സര്‍ക്കാര്‍ ലക്ഷ്യം വച്ചിരിക്കുന്നത്. ടാക്സികള്‍, ടൂറിസം, വെജിറ്റബിള്‍ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ഇതുവരെ അകറ്റി നിര്‍ത്തിയിരുന്ന ഇടങ്ങളില്‍പ്പോലും ജോലി ചെയ്യാന്‍ സൗദി സ്വദേശികള്‍ തയ്യാറായിരിക്കുകയാണ്. മുന്‍പ് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഷോപ്പുകള്‍ ഉണ്ടായിരുന്നത് ഇന്ത്യക്കാരുടെയും ബംഗ്ലാദേശികളുടെയും ആയിരുന്നു. അവിടെയും സ്വദേശിവത്കരണം എത്തിയിരിക്കുകയാണ്. 

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നത് ഒരു പ്രത്യേക നെറ്റ്വര്‍ക്കിലൂടെയാണ്. കോഴഞ്ചേരിയില്‍ നിന്നും ഒരാള്‍ ഗള്‍ഫിലേക്ക് പോകുന്നു. തുടര്‍ന്ന് അയാള്‍ മറ്റൊരാളെ കൊണ്ടുപോകുന്നു. ആ എണ്ണം വര്‍ധിക്കും. ഒരു ഗ്രൂപ്പായും മതപരമായ പ്രസ്ഥാനങ്ങള്‍ വഴിയും ക്ലബ്ബുകള്‍ പോലെയുള്ള കൂട്ടായ്മകളില്‍ കൂടിയും പോകുന്നവരുടെ എണ്ണം കൂടും. അത്തരത്തിലുള്ള ഒരു ഹ്യൂജ് നെറ്റ്വര്‍ക്ക് ആണ് ഇപ്പോള്‍ തകര്‍ന്നത്.


കേരളത്തിലെ മുഴുവന്‍ ഇന്റര്‍ റിലേറ്റഡ് മേഖലകളിലും ഇത് ആഘാതമുണ്ടാക്കും. സിനിമ, വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ എല്ലാ മേഖലകളെയും ഇത് ബാധിക്കും. ഇവിടെയെല്ലാം പ്രവാസിയുടെ പണം എത്തുന്നത് നിലയ്ക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉയരാന്‍ തുടങ്ങും. കുട്ടികളുടെ വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ ചികിത്സ, ലോണുകള്‍ എന്നിങ്ങനെ ബാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ ഒരുപാടു കുടുംബങ്ങള്‍ പ്രശ്നത്തിലാകും. മറ്റൊന്ന് ഇങ്ങനെ നാട്ടിലെത്തുന്ന പ്രവാസികളുടെ ആരോഗ്യമാണ്. നാട്ടിലുള്ളവരെക്കാള്‍ അസുഖങ്ങളുമായാകും ഓരോ പ്രവാസിയും വരിക. ഇവരുടെ ചികിത്സയ്ക്ക് സാധ്യതയില്ലാതെയാകുമ്പോള്‍ കുടുംബത്തിന്റ നിലനില്‍പ്പിനെത്തന്നെ ഇത് ബാധിക്കും.

ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക വിദ്യാഭ്യാസ മേഖലയാകും എന്നാണ് എന്റെ കണക്കുകൂട്ടല്‍. ഏറ്റവും കൂടുതല്‍ നിക്ഷേപം വരുന്നത് ആ മേഖലയിലാണ്. അതില്ലാതെയാകുമ്പോള്‍ സ്വാഭാവികമായും പ്രശ്നങ്ങള്‍ ഉയരും.

രണ്ടാമത്തേത് റിയല്‍ എസ്റ്റേറ്റ് മേഖലയാണ്, കഴിഞ്ഞ 10 വര്‍ഷം ഈ സെക്ടര്‍ തഴച്ചു വളര്‍ന്നു. ആവശ്യമില്ലാതെ ഭൂമിയുടെ വില ഉയര്‍ത്തിക്കൊണ്ടു വരികയും അത് ഒരു പ്രത്യേക ടാന്‍ജെന്റില്‍ നിര്‍ത്തുകയുമാണ്‌ ഈ കാലയളവില്‍ ഉണ്ടായത്. അതിനു കാരണം പ്രവാസികളുടെ പണമാണ്. അതിന്റെ ഒഴുക്കിനു ഭംഗം വന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയും സാരമായി ബാധിക്കപ്പെട്ടു. അതാകട്ടെ ഇനിയും താഴേക്ക്‌ പോവുകയും ചെയ്യും. കാരണം ഗള്‍ഫുകാരനു ഭൂമി വാങ്ങാന്‍ കാശില്ലാത്ത ഒരു അവസ്ഥയിലേക്ക് വരികയാണ്‌.

അടുത്തത് നിര്‍മ്മാണ മേഖലയാണ്. കേരളത്തില്‍ ബഹുഭൂരിപക്ഷം ഹൌസിംഗ് കണ്സ്ട്രക്ഷനും നടത്തിയിരിക്കുന്നത് ഗള്‍ഫുകാരാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്നതു തന്നെ ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ്. ഇതേ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കേരളീയര്‍ തിരിച്ചെത്തുന്നതോടെ ഇതരസംസ്ഥാനക്കാര്‍ക്ക് ജോലിസാധ്യത കുറയുകയും ചെയ്യും.

മതപരമായ പ്രസ്ഥാനങ്ങള്‍ ആണ് അടുത്തതായി ബാധിക്കപ്പെടുക. പ്രവാസിയുടെ പണം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. എന്‍ജിഒ, ആതുര സേവാ സംഘങ്ങള്‍ എന്നിങ്ങനെയുള്ളവ ഇതിനാല്‍ ബാധിക്കപ്പെടും.

ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള രാജ്യമാണ്. ഏറ്റവും കുറവ് ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവയും. എന്നാല്‍ അവരുടെ പ്രത്യേകത ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക മന്ത്രാലയങ്ങള്‍ ഉണ്ട്. നമ്മുടെ 12 മില്ല്യന്‍ ആള്‍ക്കാരാണ് അന്യരാജ്യങ്ങളില്‍ ജോലിയെടുക്കുന്നത്. അതില്‍ ഏഴോ എട്ടോ മില്ല്യന്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളത്. ഇത്രയധികം ഇന്റര്‍നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്സ് ഉള്ള ഒരു രാജ്യം അവര്‍ക്കായി ഉണ്ടായിരുന്ന മന്ത്രാലയം ഡിസ്മാന്റില്‍ ചെയ്യുകയും അതിനെ വിദേശകാര്യ മന്ത്രാലയത്തോട് ചേര്‍ക്കുകയും ആണ് ഉണ്ടായത്. അത് പിടിപ്പുകേട് എന്നേ പറയാനാകൂ. ഇത്രയും പേരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ എന്ന് തന്നെയാണ് സര്‍ക്കാരിന്റെ നടപടിയിലൂടെ വ്യക്തമാവുന്നത്. 12 മില്ല്യന്‍ ആള്‍ക്കാര്‍ അയക്കുന്ന തുക വേണം എന്നാല്‍ അവരെ രക്ഷിക്കാനുള്ള ഒരു നടപടിയും ഉണ്ടാവുന്നുമില്ല. നരേന്ദ്ര മോദിയുടെ ഡയസ്പോറ ലക്ഷ്യം വെയ്ക്കുന്നത് ഹൈ ക്ലാസ് ആള്‍ക്കാരെ മാത്രമാണ്. മിനിസ്ട്രി ഓഫ് ഓവര്‍സീസ്‌ അഫയേഴ്സ് ഉപയോഗപ്പെടുമായിരുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആയിരുന്നു. 

(ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഓഫ് പോയിറ്റിയേഴ്സിലെ  സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ മൈഗ്രേഷനില്‍ അസോസിയേറ്റ് ഫെലോ ആണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍