UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊഴില്‍ വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

അഴിമുഖം പ്രതിനിധി

ഏറ്റവും കൂടുതല്‍ തൊഴിലാളികളെ ആവശ്യമുള്ള എട്ട് വ്യവസായങ്ങള്‍ പുതുതായി സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണത്തില്‍ 2015-ന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ വന്‍ ഇടിവ്. 2015 ജനുവരി മുതല്‍ സെപ്തംബര്‍ വരെ കേവലം 1.55 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിച്ചത്. 2013-ലും 2014-ലും ഇതേ കാലയളവില്‍ മൂന്നു ലക്ഷത്തിലധികം പുതിയ തൊഴില്‍ അവസരങ്ങളാണ് ഉണ്ടായിരുന്നത്. തൊഴില്‍ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണിത്. തൊഴില്‍ വളര്‍ച്ച രംഗത്തെ കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്.

വസ്ത്ര, തുകല്‍, ലോഹ, വാഹന, വില കൂടിയ കല്ലുകള്‍, ജ്വല്ലറി, ഗതാഗതം, ഐടി, കൈത്തറി രംഗങ്ങളില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുടെ കണക്ക് 2008-09-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് തൊഴില്‍ ബ്യൂറോ രേഖപ്പെടുത്തി തുടങ്ങിയത്. മാന്ദ്യം സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ഫലം പഠിക്കാനായിരുന്നു മൂന്നു മാസത്തിലൊരിക്കല്‍ സര്‍വേ നടത്താന്‍ ആരംഭിച്ചത്.

2015 ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ തൊഴിലുകളുടെ എണ്ണം 64,000-മായി ഉയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത ത്രൈമാസത്തില്‍ 43,000-മായി കുറഞ്ഞു. അതേസമയം 2014-ല്‍ ആദ്യ ഒമ്പതു മാസം 3.04 ലക്ഷവും 2013-ല്‍ 3.36 ലക്ഷവും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് കാണിക്കുന്നത് 2015-ല്‍ കരാര്‍ ജോലികളില്‍ ആളെ എടുക്കുന്നതില്‍ കുത്തനെ ഇടിവ് സംഭവിച്ചുവെന്നാണ്.

ജൂലൈ-സെപ്തംബര്‍ ത്രൈമാസങ്ങളിലാണ് കമ്പനികള്‍ സാധാരണ പുതുതായി ആളുകളെ നിയമിക്കുന്നത്. പുതിയ കണക്കുകള്‍ ഭീതിജനകമാകുന്നത് അതുകൊണ്ടാണ്. ഉല്‍പാദന നിരക്ക് വര്‍ദ്ധിക്കുമ്പോഴാണ് പുതിയ ആളുകളെ ജോലിക്ക് എടുക്കുക. വ്യവസായ വളര്‍ച്ച കുറയുമ്പോള്‍ സ്വാഭാവികമായും കോര്‍പ്പറേറ്റ് മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഇന്ത്യയില്‍ സ്വകാര്യവല്‍ക്കരണം വര്‍ദ്ധിച്ചശേഷം സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങളും കുറയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍