UPDATES

സിനിമ

ജോണിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചറിയുക എന്നത് എന്‍റെ നിയോഗം; ജോയ് മാത്യു

Avatar

ജോയ് മാത്യു

അതുല്യനായ കലാകാരന്‍ ആയതുകൊണ്ടാണ് ജോണ്‍ എബ്രഹാമിന് പ്രവചനാത്മകമായി ജീവിക്കാന്‍ കഴിഞ്ഞത്. അതുല്യ സര്‍ഗാത്മകതകൊണ്ടും മരണത്തിനുശേഷവും ജീവിക്കുകയാണയാള്‍.

ജോണ്‍ മരിക്കുന്ന ദിവസം നേരില്‍ കണ്ടിരുന്നു. മിഠായി തെരുവിലൂടെ പ്രേംചന്ദിനൊപ്പം നടക്കുമ്പോഴായിരുന്നു അവസാന കാഴ്ച്ച. മദ്യപിച്ചു ലക്കുകെട്ട ജോണിനെ സഹിക്കാനാവാത്തതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും പെട്ടെന്നു വേര്‍പിരിയുകയായിരുന്നു. എ കെയുടെ വീട്ടില്‍ പെരുന്നാളിനു പോകുന്നതായി ജോണ്‍ പറഞ്ഞു.

ജോണിന്റെ മരണം ഒരു പ്രഹേളികയായി തുടരുകയാണ്. അന്നു ജോണിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരും ഇന്നില്ല. കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീണു മരിച്ചു എന്നു പറയുന്ന ജോണിന്റെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ ഐഡന്റിഫൈ ചെയ്തത് ഞാന്‍ ആയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങിയത് എന്റെ അനുജനും. വലിയൊരു ആകസ്മികത ആയിരുന്നു അത്.

അമ്മയറിയാന്‍ എന്ന സിനിമയില്‍ ആത്മഹത്യ ചെയ്ത ഹരിയെന്ന കഥാപാത്രത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ നിന്നു ഏറ്റുവാങ്ങി അമ്മയ്ക്കരികിലേക്കു കൊണ്ടുപോകുന്നുണ്ട്. വിപ്ലവപ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന തബലിസ്റ്റ് ആയിരുന്നു ഹരി. സിനിമയില്‍ ഹരിയുടെ മൃതദേഹം തിരിച്ചറിയിരുന്നത് എന്റെ കഥാപാത്രമാണ്. വഴിയരികില്‍ കാത്തുനില്‍ക്കുന്ന സുഹൃത്തുക്കളെ കാണിച്ചും അന്വേഷിച്ചുമാണ് മൃതദേഹം അമ്മയ്ക്കരികില്‍ എത്തിക്കുന്നത്. ഇതു ജോണിന്റെ ജീവിതത്തിലും യാഥാര്‍ഥ്യമായി.

ജോണിന്റെ ശരീരം മോര്‍ച്ചറിയില്‍ തിരിച്ചറിയുക എന്നത് എന്റെ നിയോഗമായിരുന്നു. സിനിമയ്ക്ക് സമാനമായി മൃതദേഹം വാനില്‍ കയറ്റി. സഹോദരിയുടെ കോട്ടയത്തെ വീട്ടിലേക്കു പുറപ്പെട്ടു. വഴിയരികില്‍ സുഹൃത്തുക്കള്‍ കാത്തുനിന്നു. പലരും വാഹനത്തില്‍ കയറിയിറങ്ങി. പത്മരാജനും മോഹന്‍ലാലും വഴിയില്‍വച്ചാണ് പുഷ്പചക്രം അര്‍പ്പിച്ചത്. താന്‍ സൃഷ്ടിച്ച സിനിമയിലെ കഥാപാത്രത്തിനു സമാനമായ അനുഭവമുണ്ടാകുക എന്നത് അത്ഭുതമാണ്.

മോര്‍ച്ചറി ചിത്രീകരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ ജോണിന് അന്നത്തെ പ്രിന്‍സിപ്പല്‍ അനുമതി നിഷേധിച്ചു. ‘ഐ വി ശശിക്കും പിജി വിശ്വംഭരനും ഊമ്പാനാണോ ഇവിടം നല്‍ക്കുന്നത്’ എന്നായിരുന്നു ജോണിന്റെ ചോദ്യം. ഇതേ മോര്‍ച്ചറിയില്‍ കിടന്നു കാണിച്ചു തരാമെന്നായിരുന്നു ജോണിന്റെ പ്രതികരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലാണ് അമ്മയറിയാന്‍ ഷൂട്ട് ചെയ്തത്. ജോണ്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ കിടക്കുക തന്നെ ചെയ്തു. ജഡം അവിടെയെത്തിച്ചു പ്രതികാരം തീര്‍ക്കുകയായിരുന്നു എന്നാണ് എന്റെ തോന്നല്‍.

സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ മേന്മ പരിഗണിച്ചില്ലെങ്കില്‍ പോലും ജോണിന്റേതു വലിയൊരു തുടക്കമായിരുന്നു. അച്ചടക്കമില്ലാത്ത സിനിമയെന്നു വിലയിരുത്തിയ അന്നത്തെ സിനിമ അവാര്‍ഡ് കമ്മിറ്റി ജോണിനെ മാറ്റിനിര്‍ത്തി. സക്കറിയ ഉള്‍പ്പെടുന്ന പുരസ്‌കാര കമ്മിറ്റിയായിരുന്നു അതെന്നും ശ്രദ്ധിക്കണം. ഫോര്‍മലായ സംവിധാനത്തിനു പുറത്തു നില്‍ക്കുമ്പോഴെ നല്ല കഥ ഉണ്ടാകൂ എന്നത് വിസ്മരിച്ചാണ് അവാര്‍ഡ് കമ്മിറ്റി ജോണിന്റെ സിനിമയെ വിലയിരുത്തിയത്. കലാപരമായ കലാപമായിരുന്നു അത്. 

മാര്‍ക്സിസ്റ്റ്  പാര്‍ട്ടിയുടെ മുന്‍കയ്യില്‍ ജനശക്തി ഫിലിംസ് എന്നപേരില്‍ നല്ല ചലചിത്രങ്ങള്‍ക്കുവേണ്ടി ഒരു ഇനീഷ്യേറ്റീവ് ഉണ്ടായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ കൂട്ടായ സംരംഭമായിരുന്നു ജനശക്തി. ചെറുകാടിന്റെ ‘മണ്ണ്’ സിനിമയാക്കി പുറത്തിറക്കിയത് അവരാണ്.

മൂലധനത്തില്‍ അധിഷ്ഠിതമായ വ്യവസായമായി സിനിമയെ പരിഗണിച്ച കാലത്ത് സര്‍ഗശേഷികൊണ്ട് വേറിട്ട വഴി തുറന്നതാണ് ജോണിന്റെ പ്രസക്തി. ക്രൗഡ് ഫണ്ടിലൂടെ ഇന്നു യുവതലമുറ സിനിമ ഉണ്ടാക്കുകയും പുസ്തകം പുറത്തിറക്കുകയും ചെയ്യുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ജോണ്‍ ഈ സാധ്യത ഉപയോഗപ്പെടുത്തി. അമ്മയറിയാന്‍ എന്ന സിനിമയ്ക്കായി ജോണ്‍ ഫണ്ട് കണ്ടെത്തിയതും ജനകീയമാണ്. പുതുതലമുറ സിനിമയ്ക്ക് ലഭിക്കുന്ന അംഗീകരം ജോണിന്റെ സംഭാവനയാണ്. ഇന്നു ധാരാളം ചെറുപ്പക്കാര്‍ സിനിമയെടുക്കുന്നുണ്ട്. വിശാലമാണ് അവരുടെ ലോകം. ക്രൗഡ് ഫണ്ടിംഗിലൂടെ നല്ലസിനിമികള്‍ ഇന്ന് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുന്നുണ്ട്. സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം ഇങ്ങനെ നിര്‍മ്മിച്ചതാണ്. പബ്ലിക്കിനെ പങ്കുചേര്‍ത്ത് സിനിമയെടുത്ത് വിജയിപ്പിക്കുന്ന തന്ത്രം ഇന്നു സാധാരണമാണ്.

ലോകത്തെ മികച്ച പത്തു ചിത്രങ്ങളില്‍ അമ്മയറിയാന്‍ ഇടംപിടിച്ചത് അതു മുന്നോട്ടുവച്ച രാഷ്ട്രീയം കൊണ്ടുകൂടിയാണ്. വ്യവസായത്തില്‍ നിന്നും സിനിമയെ മോചിപ്പിക്കാന്‍ പൊതുജനപങ്കാളിത്തം പരീക്ഷിച്ച് വിജയിപ്പിച്ചതായിരുന്നു ജോണിന്റെ സവിശേഷത. നിര്‍മാതാക്കളുടെ കടുംപിടുത്തങ്ങളെ നിരാകരിച്ച് ജനങ്ങളുടെ പങ്കാളിത്തതോടെ സിനിമയെടുക്കാന്‍ ജോണിനു കഴിഞ്ഞു. കലാപരമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണിത്.

സാമ്പ്രദായിക ശെലിയിലുള്ള അവാര്‍ഡ് നിര്‍മാണ, വിതരണ സങ്കല്‍പ്പങ്ങളെ തകര്‍ക്കാന്‍ ഇടതുപക്ഷത്തിനു കഴിയണം. ഇപ്പോള്‍ അധികാരത്തില്‍ ഏറിയ ഗവണ്‍മെന്റിനും അതില്‍ പങ്കുണ്ട്. പൊതുജന പങ്കാളിത്തത്തോടെ സിനിമയെ എത്ര വിപ്ലവകരമാക്കാം എന്നാണവര്‍ ചിന്തിക്കേണ്ടത്. അക്കാദമികള്‍, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ എന്നിവയില്‍ ജനാധിപത്യവത്കരണം സാധ്യമാകണം. അതിലൂടെയേ മറഞ്ഞിരിക്കുന്ന ഫാസിസത്തെ നേരിടാനാകൂ. സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ് അതിനു നേതൃതം നല്‍കേണ്ടത്. സ്വന്തക്കാരുടെയും വെള്ളാനകളുടെയും താവളമായി ഇത്തരം സ്ഥാപനങ്ങളെ തുടരാന്‍ അനുവദിക്കില്ലെന്നാണ് പ്രതീക്ഷ.

(ജോയ് മാത്യുവുമായി സംസാരിച്ച് അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ എം കെ രാമദാസ് തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍