UPDATES

ചരിത്രത്തില്‍ ഇന്ന്

1959 ഫെബ്രുവരി 16: ടെന്നീസ് ഇതിഹാസം ജോണ്‍ മക്കന്ററോ ജനിച്ചു

1977-ല്‍, തന്റെ പതിനെട്ടാം വയസില്‍, വിബിംള്‍ടണ്‍ സെമിഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ഖ്യാതി നേടിക്കൊണ്ട് ഒരു അമച്യൂര്‍ ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ലോക ശ്രദ്ധ നേടി

1959 ഫെബ്രുവരി 16-ന് ജോണ്‍ പാട്രിക് മക്കന്ററോ ജൂനിയര്‍ ജര്‍മ്മനിയിലെ വെയ്‌സ്ബാഡെനില്‍ ജനിച്ചു. അവിടെ അദ്ദേഹത്തിന്റെ പിതാവ് ജോണ്‍ മക്കന്ററോ സീനിയര്‍ യൂണൈറ്റഡ് സ്‌റ്റേറ്റ്‌സ് വ്യോമസേനയില്‍ സേവനം അനുഷ്ഠിക്കുകയും മാതാവ് കേ മക്കന്ററോ സര്‍ജിക്കല്‍ നേഴ്‌സായി ജോലി ചെയ്യുകയുമായിരുന്നു. മൂന്ന് ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ചെറുപ്പകാലത്ത് തന്നെ കൈയ്-കണ്ണ് സംഘാടനത്തിലും ശാരീരിക ക്ഷമതയിലും മികവ് പുലര്‍ത്തി. രണ്ട് വയസുമാത്രമുള്ളപ്പോള്‍ ജോണ്‍ ജൂനിയറിന് ഒരു പ്ലാസ്റ്റിക് ബാറ്റ് ഉപയോഗിച്ച് പന്തടിക്കാനും നാല് വയസുള്ളപ്പോള്‍ വലിയ ദൂരങ്ങളിലേക്ക് പന്തടിക്കാനും സാധിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് ഓര്‍ക്കുന്നു.

ന്യൂയോര്‍ക്കിലെ ഡഗ്ലാസ്റ്റണില്‍ വളര്‍ന്ന മക്കന്ററോ തൊട്ടടുത്തുള്ള പോര്‍ട്ട് വാഷിംഗ്ടണ്‍ ടെന്നീസ് അക്കാദമിയിലാണ് ടെന്നീസ് പരിശീലനം നേടിയത്. 1977-ല്‍, തന്റെ പതിനെട്ടാം വയസില്‍, വിബിംള്‍ടണ്‍ സെമിഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ഖ്യാതി നേടിക്കൊണ്ട് ഒരു അമച്യൂര്‍ ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ലോക ശ്രദ്ധ നേടി. 1977-ല്‍ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് (കാലിഫോര്‍ണിയ) സര്‍വകലാശാലയില്‍ പ്രവേശനം നേടിയെങ്കിലും 1978-ല്‍ യുഎസ് കോളേജിയേറ്റ് കിരീടം നേടിയ ശേഷം വിദ്യാഭ്യാസം ഉപേക്ഷിച്ച് പ്രൊഫഷണല്‍ ടെന്നീസ് രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു പ്രൊഫഷണല്‍ താരം എന്ന നിലയിലുള്ള തന്റെ ആദ്യ ആറുമാസത്തില്‍, 49 വിജയങ്ങളും വെറും ഏഴ് പരാജയങ്ങളും എന്ന റെക്കോഡ് മക്കന്ററോ സ്വന്തമാക്കി. മുന്‍ ചാമ്പ്യനായിരുന്ന ആര്‍തര്‍ ആഷെ, സ്‌പോര്‍ട്ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ കുറി കിര്‍ക്പാട്രികിന് നല്‍കിയ അഭിമുഖത്തില്‍ മക്കന്‍്‌റോയുടെ ശൈലിയെ ഇങ്ങനെ ക്രോഡീകരിച്ചു: ‘കോണേഴ്‌സിനെതിരെയും ബോര്‍ഗിനെതിരെയും കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ചുറ്റിക കൊണ്ട് അടിയേറ്റപോലെ തോന്നും, എന്നാല്‍ മക്കന്ററോയ്‌ക്കെതിരെ കളിക്കുമ്പോള്‍ അത് ചുരികയുടെ പ്രഹരം പോലെയാണ്.’

1978-ല്‍, ചിലിയന്‍ എതിരാളികള്‍ക്കെതിരെ ഡബിള്‍സ് പങ്കാളി ബ്രയാന്‍ ഗോട്ട്‌ഫ്രൈഡിന് ഒപ്പം ചേര്‍ന്നും പിന്നീട് ഗ്രേറ്റ് ബ്രിട്ടന്റെ ജോണ്‍ ലോയിഡിനെയും ബുസ്റ്റര്‍ മോട്ട്രാമിനെയും സിംഗിള്‍സില്‍ തോല്‍പിച്ചുകൊണ്ടും അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ഡേവിഡ്‌സ് കപ്പ് നേടാന്‍ മക്കന്ററോ അമേരിക്കയെ സഹായിച്ചു. പിന്നീട് നാല് ഡേവിഡ്‌സ് കപ്പ് നേട്ടങ്ങളില്‍ കൂടി മക്കന്ററോ അമേരിക്കയെ നയിച്ചു. തന്റെ ശക്തമായ വോളികളുടെ സഹായത്തോടെ 1979-ലെ യുഎസ് ഓപ്പണ്‍ ജയിച്ച മക്കന്ററോ ആ വര്‍ഷം അവസാനമായപ്പോഴേക്കും ലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാള്‍ എന്ന ഖ്യാതി സ്വന്തമാക്കി. 1980-ലും 1981-ലും യുഎസ് ഓപ്പണ്‍ വിജയങ്ങള്‍ ആവര്‍ത്തിച്ച മക്കന്ററോ, ബില്‍ ടില്‍ഡന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ യുഎസ് ഓപ്പണ്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കി. പിന്നീട് 1984-ലും അദ്ദേഹം യുഎസ് ഓപ്പണ്‍ നേടി. 1980-ല്‍, ജൂലൈയില്‍ നടന്ന ആ വര്‍ഷത്തെ വിബിംള്‍ഡണ്‍ ഫൈനല്‍ മുതല്‍, മക്കന്ററോയും അക്ഷോഭ്യനായ സ്വീഡിഷ് താരം ബ്യോണ്‍ ബോര്‍ഗ്ഗും തമ്മില്‍ ടെന്നീസിലെ ഏറ്റവും കുപ്രസിദ്ധമായ ശത്രുതയ്ക്ക് തുടക്കം കുറിച്ചു. നാലര മണിക്കൂര്‍ നീണ്ടുനിന്ന മത്സരത്തിലെ നാലാം സെറ്റ് പ്രസിദ്ധമായ 34 പോയിന്റ് നീണ്ട ടൈബ്രേക്കിന് കാരണമായി. ബോര്‍ഗ് (1-6, 7-5, 6-3, 6-7, 8-6) എന്ന സ്‌കോറില്‍ ജയിച്ചു. എക്കാലത്തെയും ഏറ്റവും ഐതിഹാസികമായ ടെന്നീസ് മത്സരങ്ങളില്‍ ഒന്നായി ഈ കളി ഇപ്പോഴും വാഴ്ത്തപ്പെടുന്നു. 1981, 1983, 1984 വര്‍ഷങ്ങളില്‍ മക്കന്‍്‌ററോ വിംബിള്‍ഡണ്‍ കിരീടം നേടി. പങ്കാളി പീറ്റര്‍ ഫ്‌ളെമ്മിംഗിന് ഒപ്പം ചേര്‍ന്ന് നിരവധി തവണ യുഎസ് ഓപ്പണും വിംബിള്‍ഡണും മറ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റുകളും വിജയിച്ചു. 1983-നും 1985-നും ഇടയില്‍ ഇന്‍ഡോര്‍ കാര്‍പെറ്റില്‍ തുടര്‍ച്ചയായ 75 മത്സരങ്ങള്‍ ജയിച്ചുകൊണ്ട് ഓരോ പ്രതലത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയതിന്റെ റെക്കോഡ് മക്കന്‍്‌ററോ സ്വന്തമാക്കി. 2007-ല്‍ റാഫേല്‍ നഡാലാണ് (ക്ലേ കോര്‍ട്ടില്‍ കളിച്ചുകൊണ്ട്) അദ്ദേഹത്തിന്റെ ഈ റെക്കോഡ് തകര്‍ത്തത്.


പെട്ടെന്ന് ചൂടാവുന്നതും എതിരാളിയെ ആക്ഷേപിക്കുന്നതും റാക്കറ്റ് വലിച്ചെറിയുന്നതുമൊക്കെ അദ്ദേഹത്തിന്റെ കളിയുടെ സ്വഭാവസവിശേഷതയായിരുന്നു. 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നിന്നും അച്ചടക്കത്തിന്റെപേരില്‍ പുറത്താക്കപ്പെടുന്ന ആദ്യ കളിക്കാരനായി അദ്ദേഹം മാറി. 1992-ല്‍ കളിക്കളത്തില്‍ നിന്നും വിരമിച്ച അദ്ദേഹം ഒരു ടെലിവിഷന്‍ അനൗണ്‍സറായി മാറി. എന്നാല്‍ 2006-ല്‍ കളിയിലേക്ക് തിരികെ എത്തിയ അദ്ദേഹം ഡബിള്‍സില്‍ മത്സരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയായ ‘യു കെനോട്ട് ബി സീരിയസ്’ 2002-ല്‍ പ്രസിദ്ധീകരിച്ചു. 1999-ല്‍ അന്താരാഷ്ട്ര ടെന്നീസ് ഹാള്‍ ഓഫ് ഫെയിമില്‍ മക്കന്ററോയുടെ പേര്‍ ഉള്‍പ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍