UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഖിലേന്ത്യാ സര്‍വകലാശാല സമരം; കേരളത്തിലെ കാമ്പസുകള്‍ ഉറക്കത്തിലോ?

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്( എച്ച് ഒ യു) ആഹ്വാനം ചെയ്ത ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റി സ്ട്രൈക്ക് ഇന്ന് നടന്നു. രാജ്യത്തെ പല സര്‍വ്വകലാശാലകളിലും വിദ്യാര്‍ഥിപ്രസ്ഥാനങ്ങള്‍ ഇതിനു പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ വിരലില്‍ എണ്ണാവുന്ന ചിലയിടങ്ങളിലല്ലാതെ കേരളത്തില്‍ ഈ സമരത്തെ പിന്തുണയ്ക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.  കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ ഇക്കാര്യത്തില്‍  നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടാണ്? സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നു മാത്രമാണോ കേരളത്തിലെ പ്രതിഷേധം?

രോഹിത്തിന്റെ മരണം മുതല്‍ സമരമാരംഭിച്ച ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്( എച്ച് ഒ യു) ദിവസം കഴിയും തോറും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ, ഹൈദരബാദ് യൂണിവേഴ്‌സിറ്റി പി അപ്പറാവു, യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്ടര്‍ പ്രൊ. അലോക് പാണ്ഡെ,യൂണിവേഴ്‌സിറ്റിയിലെ എബിവിപി ഘടകം പ്രസിഡന്റ് സുശീല്‍ കുമാര്‍, എംല്‍സി രാമചന്ദ്ര ബാബു എന്നിവര്‍ക്കെതിരെ എസ് സി/ എസ് ടി ആക്ട്പ്രകാരം കേസ് എടുക്കുക, പി അപ്പറാവുവിനെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സല്‍ തസ്തികയില്‍ നിന്നും പുറത്താക്കുക, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ മന്ത്രിസ്ഥാനത്തു നിന്നു നീക്കുക, ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്ന, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്ന ‘രോഹിത് ആക്ട’ നിയമനിര്‍മാണ സഭയില്‍ പാസാക്കുക, രോഹിതിന്റെ കുടുംബത്തില്‍ നിന്നൊരാള്‍ക്ക് ജോലിയും നഷ്ടപരിഹാരമായി അമ്പതുലക്ഷം രൂപയും സര്‍വകലാശാല നല്‍കുക, രോഹിത് അടക്കം അഞ്ചുവിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ചുമത്തപ്പെട്ട കള്ളക്കേസുകള്‍ നിരുപാധികമായി അടിയന്തരപ്രാധാന്യത്തോടെ പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടി, അടിയന്തരമായി, നിരുപാധികം പിന്‍വലിക്കുക. എന്നീ ഏഴ് ആവശ്യങ്ങളാണ് സമരത്തിനു നേതൃത്വം നല്‍കുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ആവശ്യപ്പെടുന്നത്.

ഇവര്‍ക്കു പിന്തുണ നല്‍കി  ചെന്നൈയില്‍ പ്രകടനം  നടത്തിയ 60 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. രോഹിത് വെമുലയുടെയും മറ്റു മൂന്നു മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചാണ് അവര്‍ സമരം നടത്തിയത്. സമാനമായി മറ്റു പല സംസ്ഥാനങ്ങളിലും ഈ ഏകദിന പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ കേരളത്തിലെ വിദ്യാര്‍ഥിസംഘടനകളും നാമമാത്രമായ പ്രതിഷേധങ്ങളില്‍ ഇതിനെ ഒതുക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ നടത്തുന്ന ‘പ്രതിരോധപ്പകല്‍’ മാത്രമാണ് ഇതില്‍ വേറിട്ടു നില്‍ക്കുന്നത്. വിദ്യാര്‍ഥികളും സാമൂഹ്യരംഗത്തെ പ്രമുഖരുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. കൂടാതെ കാലിക്കറ്റ് സര്‍വ്വകലശാല വിദ്യാര്‍ഥികള്‍ നടത്തിയ പബ്ലിക് സ്റ്റുഡന്റ് മാര്‍ച്ച്, കാസര്‍ഗോഡ്‌ കേന്ദ്രസര്‍വ്വകലാശാല യിലെ വിദ്യാര്‍ഥികള്‍ രൂപീകരിച്ച ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസുമാണ് കേരളത്തില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്‌. എന്നാല്‍ കേരളത്തിലെ മറ്റൊരു സര്‍വ്വകലാശാല കാമ്പസിലും ഈ വിഷയത്തില്‍ ഒരു പ്രതിഷേധ യോഗം പോലും നടക്കുന്നതായി അറിവില്ല. 

സംസ്ഥാനമൊട്ടാകെ തങ്ങള്‍ പ്രതിഷേധ സമരങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നാണ് എസ് എഫ്ഐ സംസ്ഥാന പ്രസിഡന്റ് സാനു വിപി അഴിമുഖത്തോട് വ്യക്തമാക്കിയത്. എന്നാല്‍ തലസ്ഥാനത്തുള്ള കേരള സര്‍വ്വകലാശാലയില്‍ നിന്നോ മറ്റു സര്‍വ്വകലാശാലകളില്‍ നിന്നോ ഒരു പ്രതിഷേധ സ്വരം പോലും ഉയര്‍ന്നതായി വാര്‍ത്തകളില്ല. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് പറയുന്നത് തങ്ങളുടെ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള സമരമുറകളുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നാണ്. അടുത്ത ഘട്ടം നടക്കേണ്ടത്‌ ദല്‍ഹിയിലാണെന്നാണ് അവരുടെ മതം. കോളേജ്, ബ്ലോക്ക്‌, ജില്ല, സംസ്ഥാന തലത്തിലുള്ള സമരങ്ങള്‍ കഴിഞ്ഞുവെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ജനുവരി 30ന് എല്ലാ കാമ്പസുകളിലും സമരകൂടാരങ്ങള്‍ സ്ഥാപിച്ച് പ്രതിഷേധം നടത്തുമെന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫ്‌ അലി വ്യക്തമാക്കിയത്. ഫെബ്രുവരി നാലിന് ദളിത്-മുസ്ലിം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് നടത്തുന്ന സമരവും ഇതിന്റെ ഭാഗമായി നടത്തുമെന്നും അഷ്‌റഫ്‌ പറയുന്നു. 
    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍