UPDATES

വായന/സംസ്കാരം

ആരാണ് ഈ ദ്രോണാചാര്യന്‍? എന്‍റെ മകനെക്കൊണ്ട് മുറ്റമടിപ്പിക്കുന്നവന്‍

Avatar

വി കെ അജിത്‌ കുമാര്‍

ഇന്ത്യയില്‍  ദളിത്‌ വിമോചനത്തിന്‍റെ ആശയപരവും പ്രയോഗികവുമായ വെളിച്ചം നിലനില്‍ക്കുന്നത് ഡോ. ബി.ആര്‍ അംബേദ്‌കറിലാണ്. അതുകൊണ്ടുതന്നെ ദളിത്‌ അവസ്ഥയെ അംബേദ്‌കറിന് മുന്‍പ് എന്നും ശേഷമെന്നും കാലഗണന നടത്താറുണ്ട്‌. പോസ്റ്റ്‌ അംബേദ്‌കര്‍ കാലഘട്ടത്തില്‍ വീണ്ടും പ്രധാന തിരുത്തല്‍ ഉണ്ടായത് മണ്ഡല്‍ റിപ്പോര്‍ട്ടിന്‍റെ വരവോടെയായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭുപടത്തില്‍ ജാതീയമായ ധ്രുവീകരണം അതിശക്തമായതും ജാതി രാഷ്ട്രീയത്തിന്‍റെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടുവന്നതും ആ കാലയളവിലായിരുന്നു. സംവരണം എന്നത് പൊതുചര്‍ച്ചാവിഷയമായി മാറുകയും ദളിതുകള്‍ അവരെ ഏതെല്ലാം രീതിയില്‍ പൊതുധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നു എന്ന തിരിച്ചറിവിലേക്ക് എത്തുകയും ചെയ്തത് ഈ കാലത്തിന്‍റെ അനന്തരഫലമാണ്. ആ തിരിച്ചറിവാണ് ആദ്യ പട്ടികവിഭാഗം രാഷ്ട്രപതിയായി മാറിയിട്ട് പോലും കെ ആര്‍ നാരായണന്, സ്ത്രീ- ദളിത്‌ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വേര്‍തിരിവിനെ ആദരണീയമായ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ നിലവിളി എന്ന് പറയാന്‍  പ്രേരിപ്പിച്ചത്. (2002-ലെ റിപ്പബ്ലിക് ദിന സന്ദേശം)

പുതിയ ഇന്ത്യയില്‍ പട്ടേലിനെയും വിവേകാനന്ദനെയും കാവിയുടെ നിഴലില്‍ വിക്ഷിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ഇത്തരത്തിലുള്ള അടുത്ത ഇരയായി അംബേദ്‌കറും മാറ്റപ്പെടും എന്ന തിരിച്ചറിവില്‍ ദളിതുകള്‍ എത്തേണ്ടതാണ്. അല്ലെങ്കില്‍ ഇന്ത്യന്‍ ഭരണഘടന നല്‍കിയ ജനാധിപത്യ (രാഷ്ട്രീയ) സ്വാതന്ത്ര്യത്തിന്‍റെ ഏറ്റവും വലിയ രക്തസാക്ഷിയായി അംബേദ്‌കര്‍ വ്യഖ്യനിക്കപ്പെടുകയും മണ്ഡല്‍ അനന്തര കാലത്തുണ്ടായ ഹിന്ദുത്വ ഫാസിസത്തിന്‍റെ  വളര്‍ച്ച അങ്ങനെ പൂര്‍ത്തിയാകുകയും ചെയ്യും. അതിനാല്‍ ദളിതുകള്‍ അവരെത്തന്നെ അഭിസംബോധന ചെയ്യുമ്പോള്‍  പൂര്‍വചരിത്രങ്ങള്‍ വിസ്മരിക്കരുത്. അത് നല്‍കാവുന്ന ഉര്‍ജ്ജവും ബലവും പുതിയ ചെറുത്തുനില്‍പ്പിന് അവരെ ശക്തരാക്കും. അത്തരത്തിലുള്ള ചരിത്രങ്ങള്‍ ജാതീയത മുകളില്‍ വരുകയും – ഭരണഘടനാപരമായ പരിരക്ഷ ഒരു നിഴലായി നില്‍ക്കുകയും ചെയ്യുന്നതാണെങ്കില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ കുറെക്കൂടി എളുപ്പമാകുന്നു. അതിപാര്‍ശ്വവല്‍ക്കരണം (most marginalized) അനുഭവിക്കുന്ന ദളിതുകള്‍ മധ്യവര്‍ഗ്ഗത്തിലേക്ക് കുതിക്കുമ്പോള്‍ വിദ്യാഭ്യാസം എന്ന പ്രക്രിയ അനിവാര്യമായി മാറുന്നു. ഇത് തിരിച്ചറിയുമ്പോള്‍ മുതല്‍ അവര്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇത്തരത്തിലൂള്ള ഒരു യാത്രയാണ് ഓം പ്രകാശ് വാല്‍മികി നടത്തിയതും.

‘ഈ അനുഭവങ്ങള്‍ക്ക് സൃഷ്ടിപരമായ സാഹിത്യത്തില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ സാധിക്കില്ല’. നവ ഹിന്ദി സാഹിത്യത്തിലെ പ്രമുഖനായിരുന്ന ഓം പ്രകാശ് വാല്‍മികി ‘ജൂഠന്‍’(Joothan) എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങനെ സുചിപ്പിക്കുമ്പോള്‍ സമുഹത്തിന്‍റെ പൊതു ഇടപെടലുകളില്‍ നിന്നും ബോധപുര്‍വ്വം അകറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗം അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളും അതിനുപരി മാനസിക സമ്മര്‍ദ്ദങ്ങളും രേഖപ്പെടുത്തുവാന്‍ ഭാഷയെന്ന കേവല മാധ്യമത്തിനു സാധിക്കുകയില്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുകയായിരുന്നു.

‘ജൂഠന്‍’ പ്രതിനിധാനം ചെയ്യുന്നത് ആത്മകഥാസാഹിത്യ ശാഖയാണെങ്കിലും സ്വതന്ത്രാനന്തര ഇന്ത്യയില്‍ -അല്ലെങ്കില്‍ അംബേദ്കര്‍ പ്രതിഘടനയുള്ള ഇന്ത്യയില്‍ ദളിതുകള്‍ (പ്രത്യകിച്ചും പട്ടികജാതി എന്ന് ഭരണഘടനയില്‍ വിവക്ഷിക്കുന്ന വിഭാഗം) അനുഭവിക്കുന്ന ചൂഷണവും വ്യഥകളും വിവരിക്കുന്ന ചരിത്രരേഖയായി (Historic Document) ഇതിനെ വയിക്കുന്നതാവും കുടുതല്‍ യുക്തിസഹം. 

ഭാഷാപരമായി ‘ജൂഠന്‍’ എന്ന ഹിന്ദി വാക്കിന് സമാനമായ മലയാളപദം എച്ചില്‍ (food left on eaters plate) എന്നതാണ്. ദളിതുകളുടെ പൊതുഅവസ്ഥ സൂചിപ്പിക്കുവാന്‍ ഇതിലും ശക്തമായ ഒരു പദം കണ്ടെത്താനും പ്രയാസമാണ്. വിദ്യാഭ്യാസം, പൊതുജീവിതം, സാംസ്ക്കാരിക വേദികള്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും സമുഹത്തിന്‍റെ മുകള്‍ത്തട്ടിലുള്ള ഒരു വിഭാഗം മാത്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടനാപരമായ പിന്തുണ ഉണ്ടായിട്ടുകൂടി ഈ സ്ഥാനങ്ങളിലെത്താന്‍ അനുഭവിച്ച ദുരിതവിവരണങ്ങളാണ് ഓം പ്രകാശ്‌ വാല്‍മികി ‘ജൂഠനി’ലുടെ നല്‍കിയത്. പി സായ്‌നാഥ് സുചിപ്പിച്ചത് പോലെ ‘പാക്കിസ്ഥാന്‍ എന്ന രാജ്യത്തെ മുഴുവന്‍ ജനതയെക്കാള്‍ എണ്ണപ്പെരുപ്പമുള്ള ഇന്ത്യന്‍ ദളിതുകള്‍’ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍. 

പഠനത്തിന്‍റെ അംബേദ്‌കര്‍ വ്യാഖ്യാനം അതിശക്തമായി പിന്തുടര്‍ന്ന വാല്‍മികിയുടെ വിദ്യഭ്യാസഘട്ടം നിലനില്‍പ്പിന്‍റെ ഒറ്റയാള്‍ സമരങ്ങള്‍ ആയിരുന്നു. ‘എപ്പോഴെങ്കിലും ആരെങ്കിലും തന്‍റെ മഹാനായ ഗുരു (അധ്യാപകന്‍) എന്ന വ്യക്തിയെപ്പറ്റി പറയുവാന്‍ തുടങ്ങുമ്പോള്‍ എന്നിലെത്തുന്നത് കാണാന്‍ കൊള്ളാവുന്ന ആണ്‍പിള്ളേരെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗിക സംതൃപ്തി വരുത്തുന്ന അധ്യാപകരെയാണ്”എന്ന് ഒരിടത്ത് അദ്ദേഹം സുചിപ്പിക്കുന്നു. ദളിത്‌ പക്ഷവായനയില്‍ ഓരോ വിദ്യാലയവും ഓരോ പട്ടിക്കൂടുകള്‍ തന്നെയാണ്. ഇതിന്‍റെ വ്യക്തമായ തെളിവാണ് വാല്‍മികി നല്‍കിയത്. ചുഹര എന്ന ജാതിയില്‍ ജനിച്ച ഓം പ്രകാശ്‌ എന്ന ബാലനെ കുലത്തൊഴിലായ തോട്ടിപ്പണിക്ക് വിധേയനാക്കുന്ന ഹെഡ് മാസ്റ്ററും ശരിയായ അധ്യാപനത്തിന്‍റെ പൊരുള്‍ മനസിലാക്കാത്ത അധ്യാപകരും നല്‍കിയ അനുഭവങ്ങളാണ് ഓം പ്രകാശിലെ  ഗുരു സങ്കല്പത്തെ ഇങ്ങനെ രൂപപ്പെടുത്തിയത്. ഒടുവില്‍ ‘ആരാണ് ഈ ദ്രോണാചാര്യന്‍? എന്‍റെ മകനെക്കൊണ്ട് മുറ്റമടിപ്പിക്കുന്നവന്‍’ എന്നുള്ള ഒരലര്‍ച്ചയായി അത് മാറിയത്  മകന്‍റെ അവസ്ഥയില്‍ രോഷം പൂണ്ട നിരക്ഷരനായ അച്ഛന്‍ സ്കുളിലേക്ക് കടന്നു വന്നപ്പോഴാണ്.അക്ഷരങ്ങള്‍ നല്‍കുന്ന പുതിയ ലോകത്തിന്‍റെ സാധ്യത ആ പിതാവിനു വ്യക്തമായിരുന്നതിനാല്‍ പരാജിതനായി പിന്മാറാതെ  പൊരുതി മുന്നേറാനുള്ള ആഹ്വാനമായി അത് മാറി. അമേരിക്കന്‍ അടിമയായ ഫ്രെഡ്രിക് ഡഗ്ലസിന്‍റെ‘അടിമജിവിത വിവരണം’ എന്ന ആത്മകഥയില്‍ കാണുന്നതും സമാനമായ അനുഭവമാണ് അവിടെ കാര്യങ്ങള്‍ കുറെകൂടി കഠിനമായിരുന്നു എന്നുമാത്രം. എന്നിരുന്നാലും വിദ്യാഭാസം നല്‍കുന്ന സ്വാതന്ത്ര്യത്തിന്‍റെ വിശാലത മനസിലാക്കണമെങ്കില്‍ അതില്‍ നിന്നും  ബോധപുര്‍വ്വം അത്രമാത്രം അകറ്റിനിര്‍ത്തപ്പെടണം എന്ന രേഖപ്പെടുത്തലാണ്‌ രണ്ടിടത്തുമുള്ളത്.തുടര്‍ പഠനത്തിന് പണമില്ലാതെ വിഷമിക്കുന്ന ഓം പ്രകാശിന് മരിച്ചുപോയ ഭര്‍ത്താവ് അണിയിച്ച വെള്ളിയാഭരണം  നല്‍കി സഹായിക്കുന്ന സഹോദരിയുമെല്ലാം ഈ അവസ്ഥയുടെ ചിഹ്നങ്ങളാണ്. 

ദളിത്‌ സാഹിത്യ പ്രസ്ഥാനത്തില്‍ ആത്മകഥാംശമുള്ള രചനകള്‍ക്ക് പ്രാധാന്യമേറെയുണ്ട്. ആത്മകഥ സാഹിത്യത്തിലെ സുചികയിലുള്ളത് പോലെ പൊങ്ങച്ചം പറച്ചിലിന്‍റെയും ആത്മഹര്‍ഷം കൊള്ളുന്നതിന്‍റെയും വിവരണങ്ങളല്ല ദളിത്‌ ആത്മകഥകള്‍. അത് പൊതുസമുഹത്തിലെ വ്യക്തിദുരന്തങ്ങളാകുന്ന, അടിച്ചമര്‍ത്തപ്പെട്ടവന്‍റെ ശക്തമായ പ്രതിഷേധങ്ങളാകുന്നു. അവിടെ ഉത്തമ പുരുഷ സര്‍വനാമം അതിന്‍റെ പ്രതിലോമ സൗന്ദര്യത്തില്‍ നിലകൊള്ളുന്നു. അതായത് പ്രതിഷേധങ്ങള്‍ പോലെയുള്ള ഒരു സമരമാര്‍ഗ്ഗമാണ് ദളിത്‌ ആത്മകഥകള്‍. അക്ഷരങ്ങളുടെ കറുപ്പിലൂടെ അതിലും കറുത്തതായ ഒരു കാലത്തെ വാല്‍മികി വരച്ചു ചേര്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്. 

ജന്മിയുടെ വീട്ടിലെ വിശേഷദിനത്തില്‍ അവിടെ അവശേഷിച്ച ഭക്ഷണം ഒരുനേരത്തെ വിശപ്പടക്കാന്‍ തരപ്പെടുമല്ലോ എന്ന് കരുതിയെത്തിയ അമ്മയുടെ ചിത്രം ഈ പുസ്തകത്തിലെ മറക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ ഒന്ന് മാത്രം; ‘എന്‍റെയമ്മ ആ വാതിലിനു പുറത്ത് ഒരു കൂടയുമായി ഇരിക്കുകയാണ്. ആ വീട്ടില്‍ പാചകം ചെയ്തുകൊണ്ടിരിക്കുന്ന വിശിഷ്ട ഭക്ഷണങ്ങളുടെ കൊതിപ്പിക്കുന്ന മണമടിച്ച് അതിലെന്തെങ്കിലും കിട്ടുമല്ലോ എന്ന കൊതിയോടെ അമ്മയുടെ ഓരം പറ്റി എന്‍റെ കുഞ്ഞു പെങ്ങളും’. 

എല്ലാവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയിട്ടും ആരും ഗൌനിക്കുന്നില്ലല്ലോ എന്ന വേദനയോടെ എന്‍റെയമ്മ സുഖ് ദേവ് സിംഗ് ത്യാഗിയെന്ന ആ യജമാനനോട് ചോദിച്ചു; ചൌധര്‍ജി നിങ്ങളുടെ അതിഥികളെല്ലാം ഭക്ഷണം കഴിച്ചിട്ട് പോയല്ലോ. എന്തെങ്കിലും എന്‍റെ കുഞ്ഞുങ്ങള്‍ക്കായി തന്നുകൂടെ ഞങ്ങള്‍ രാവിലെ മുതല്‍ ഇവിടെ കാത്തിരിക്കുകയാണ്. അയാള്‍ എച്ചിലിലകള്‍ പെറുക്കി അമ്മയുടെ കൂടയിലേക്കിട്ടിട്ട് പറഞ്ഞു; നിനക്ക് ഈ കൂട നിറയെ ഇതിരിക്കട്ടെ. നിയൊക്കെ നിന്‍റെ സ്ഥാനം മറക്കരുത്. ചുഹരി (ജാതിപ്പേര്) നീ നിന്‍റെ കുടയുമായി പൊയ്ക്കോ..

ഈ വാക്കുകള്‍ ഹൃദയത്തിലേക്ക് കത്തിക്കയറുകയായിരുന്നു. 

ആ രാത്രി എന്‍റെയമ്മ ദുര്‍ഗാ ദേവിയായി മാറി; ‘സുഖ് ദേവ് സിംഗ്, ഇത് നീ നിന്‍റെ വീട്ടിലെ സുന്ദരിമാര്‍ക്ക് വിളമ്പിക്കോ’ എന്ന് പറഞ്ഞ് അതവിടെ വലിച്ചെറിഞ്ഞ് പോയ അമ്മയുടെ രൂപം അത്തരത്തില്‍ അതിനു മുന്‍പ് ഒരിക്കലും അദ്ദേഹം കണ്ടിട്ടില്ല എന്നുകുടി പറയുമ്പോഴാണ്  കെട്ടുകാഴ്ചകള്‍ക്കപ്പുറത്തേക്ക് ദളിത്‌ ആത്മകഥകള്‍ വായനക്കാരെ കൊണ്ടുപോകുന്നത്. അതിശയോക്തിയും അതിഭാവുകത്വവും ഇവിടെ ദര്‍ശിക്കുന്നത് ദളിത്‌ അവസ്ഥയുടെ യഥാര്‍ത്ഥത മനസിലാകാത്തവര്‍ മാത്രമാണ്. അതുകൊണ്ടുതന്നെയാണ് ദളിത്‌ സാഹിത്യം അതിന്‍റെതായ ഒരു തലം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ സാഹിത്യത്തില്‍ നിലനില്‍ക്കുന്നതും. അവിടെ ഭാഷയെന്നത് ഭയംകൂടാതെ എടുത്തുപയോഗിക്കാനുള്ള ആയുധം മാത്രമാണ്; ചമത്കാരങ്ങളും രൂപകങ്ങളും അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ജീവിതവും.

പ്രണയം, നിലനില്‍പ്പിന്‍റെ സമരം ഇതെല്ലാം വ്യക്തമായ കാഴ്ചകളായി വിവരിക്കുന്ന ജൂഠാന്‍ വായനയിലൂടെ കടന്നുപോകുമ്പോള്‍ ഭക്ഷണം, വസ്ത്രം, പ്രാഥമികമായ ആവശ്യങ്ങള്‍, വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇവയെല്ലാം പ്രാപ്യമല്ലാതിരുന്ന ഒരു സമുഹത്തിന്‍റെ പ്രതിനിധി പൊതു സമുഹത്തിലും ഭാഷാസാഹിത്യത്തിലും തന്‍റെ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് നല്‍കുന്നത്. പണ്ട് പടിക്കുപുറത്ത് നിര്‍ത്തിയവര്‍ വാതില്‍ പടി കടന്നെത്തുന്നതും നല്ല ഭക്ഷണം കഴിച്ചിട്ട് പോകുന്നതും ഈ കഥയുടെ മറ്റൊരു വശമായി നിലനില്‍ക്കുകയും ചെയ്യുന്നു.

ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും വാല്‍മികി സമവായത്തിന്‍റെ ഭാഷ ഉപയോഗിക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമാണ്. ഒരു ദളിതനെ സംബന്ധിച്ച് പുരോഗതിയുടെയോ സാമുഹിക അംഗീകാരത്തിന്റെയോ തലത്തിലെത്തണമെങ്കില്‍ അതിന് പഠനം മാത്രമേയുള്ളൂ മാര്‍ഗ്ഗമെന്ന അംബേദ്‌കറിസ്റ്റ് ചന്ത തന്നെയാണ് വാല്മികിയും അനുവര്‍ത്തിച്ചത്. ഒരു ഫാക്ടറിയില്‍ അപ്രന്റീസ് ആയി ജോലി ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് അഭിപ്രായപ്പെട്ടത് ഒടുവില്‍ നീ ജാതിയില്‍ നിന്നും വിടുതല്‍ പ്രാപിച്ചിരിക്കുന്നുവെന്നാണ്. എന്നാല്‍ അങ്ങനെ ഒരു പരിപൂര്‍ണ്ണതയിലെത്താന്‍ വാല്‍മികിയുടെ അനുഭവസമ്പത്ത് അനുവദിക്കുന്നില്ല. ഒരാള്‍ക്കും സമൂഹത്തിലെ ഉന്നതകുലജാതര്‍ സൃഷ്ടിച്ച ജാതിയെന്ന വലക്കണ്ണിയില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കുകില്ല. കാരണം അത് ഒരാളെ ജനനം മുതല്‍ മരണം വരെ പിന്തുടരുന്ന ഒന്നാണ്. ഇതായിരുന്നു ഓം പ്രകാശ്‌ വാല്‍മികി കണ്ടെത്തുന്നത്. 

പൊതുവേ സാഹിത്യമാന്ദ്യത അനുഭവിക്കുന്ന ഹിന്ദിയില്‍ ദളിത്‌ എഴുത്തുകള്‍ മറാത്ത സാഹിത്യത്തിലെ പോലെ ശക്തമാണ്. വാല്മികിയും മോഹന്‍ ദാസ് നമിസ്രായയും സൂരജ് പാല്‍ ചൌഹാനും നല്‍കിയ ആത്മകഥകള്‍ ഇതിന് തെളിവുകളാണ്. ഓര്‍മ്മകളും യാതനകളും കലര്‍പ്പില്ലാതെ നല്‍കിയ ഈ പുസ്തകങ്ങള്‍ പലതും വായനക്കാരെ വല്ലാതെ ആകര്‍ഷിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. എന്നതാണ് സത്യം.

(ഐ എച്ച് ആര്‍ ഡിയിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍