UPDATES

വിദേശം

ഇസ്ലാമിക് സ്റ്റേറ്റ് ജോര്‍ദാന്റെ പടിവാതില്‍ക്കല്‍

Avatar

ഡോണ അബു-നാസര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

സിറിയയിലേക്ക് പോരാളികളായി പോകാന്‍ ആഹ്വാനം ചെയ്തിരുന്ന ഷെയ്ഖ് മൊഹമ്മദ് അല്‍ഷലാബിയെ ജോര്‍ദാന്‍ ചെറുപ്പക്കാര്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഇപ്പോള്‍ സര്‍ക്കാരും തനിക്കൊപ്പം നില്‍ക്കുമെന്നാണ് അയാള്‍ പ്രതീക്ഷിക്കുന്നത്. 

ഇപ്പോള്‍ അബു സയാഫ് എന്നറിയപ്പെടുന്ന ഈ സലാഫി നേതാവിന് വാട്‌സ് അപ് സന്ദേശങ്ങളയക്കുകയും, വഴിയില്‍ തടഞ്ഞുനിര്‍ത്തി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെടുകയുമാണ് ജിഹാദികളുടെ കുടുംബങ്ങള്‍. കുറ്റവിചാരണ കൂടാതെ തിരികെ വരാന്‍ ജിഹാദികളെ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. അവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ ഭയക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജോര്‍ദാനില്‍ മടങ്ങിയെത്താന്‍ അവര്‍ വേറെ വഴി കണ്ടെത്തുമെന്നാണ് ഷലാബി പറയുന്നത്. ഇവരില്‍ മിക്കവരും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരാണ്. 

‘അനധികൃതമായി മടങ്ങിവരുന്നവര്‍ ഒളിവില്‍ പോകും. പിന്നെ അവരെക്കുറിച്ച് ഒന്നുമറിയാനാകില്ല,’ ഷലാബി പറഞ്ഞു. ‘എന്നാല്‍ നിയമാനുസൃതമായി മടങ്ങിവരാന്‍ അനുവദിച്ചാല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അവരെ മേല്‍നോട്ടം നടത്താനാകും.’

പശ്ചിമേഷ്യയിലെ ഏറ്റവും സംഘര്‍ഷഭരിതമായ ഈ കാലത്തും ജോര്‍ദാന്‍ താരതമ്യേന ശാന്തമായിരുന്നു. എന്നാല്‍ സിറിയന്‍ യുദ്ധത്തിന്റെ തിരിയുന്ന വാതില്‍ ജോര്‍ദാനിലേക്ക് എപ്പോഴാണ് തുറക്കുക എന്നാണ് ഇപ്പോള്‍ ഭീതി. ജിഹാദി ബന്ധമുള്ള, തീവ്രവാദ ആശയങ്ങളുള്ള നൂറുകണക്കിനു ചെറുപ്പക്കാരാണ് മടങ്ങിവരാന്‍ കാത്തിരിക്കുന്നത്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങിവന്ന ജിഹാദികള്‍ 1990കളില്‍ രാജ്യത്ത് സ്‌ഫോടനപരമ്പരകള്‍ സൃഷ്ടിച്ചിരുന്നു. ഏതാണ്ട് 1.5 ദശലക്ഷം സിറിയന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ജോര്‍ദാന്റെ സുര്‍ക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഭീഷണിയാവുകയുമാണ്. 

വിനോദ സഞ്ചാര കേന്ദ്രമായ പെട്രായില്‍ നിന്നും ഏതാണ്ട് 40 കിലോമീറ്റര്‍ അകലെയുള്ള മാന്‍ നഗരം കടുത്ത യാഥാസ്ഥിതികരായ സലാഫികളുടെ ഇസ്ലാമിക വ്യാഖ്യാനത്തിന്റെ സ്വാധീനത്തിലാണ്. ജോര്‍ദാനാകട്ടെ ജിഹാദികള്‍ക്കെതിരായ യുദ്ധത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വിശ്വസ്ത പങ്കാളിയും. 

പ്രാര്‍ത്ഥന മുടക്കുന്ന തരം ജോലികള്‍ ചെയ്യരുതെന്ന് പുരുഷന്മാരോടും സൗന്ദര്യവര്‍ധക വസ്തുക്കളും ഇറുകിയ കാലുറകളും ഉപേക്ഷിക്കാന്‍ സ്ത്രീകളോടും ആവശ്യപ്പെടുന്ന ചുമരെഴുത്തുകളാണ് നഗരം നിറയെ. ‘മാന്‍ നഗരത്തിന്റെ മക്കളുടെ അവകാശമാണ് സിറിയയില്‍ നിന്നും നാട്ടിലേക്ക് മടങ്ങല്‍,’ എന്നാണ് തുണിയിലെഴുതി വലിച്ചുകെട്ടിയിരിക്കുന്നത്. 

സലാഫി മുന്നേറ്റത്തിന്റെ ജോര്‍ദാനിലെ പ്രതിനിധി മൂസ അബ്ദുല്ല പറയുന്നത് 2,000-ത്തിലേറെ ജോര്‍ദാന്‍കാര്‍ സിറിയയിലേക്ക് പോയിട്ടുണ്ടെന്നാണ്. ഇതില്‍ 1330-ഓളം പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നു. 250-ലേറെ പേര്‍ കൊല്ലപ്പെട്ടു. 

സിറിയയും ഇറാഖുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും കൂടുതല്‍ വംശീയ ഭിന്നതകളുള്ള ലെബനനില്‍ ഉണ്ടാകുന്നതുപോലെ അവിടങ്ങളിലെ സംഘര്‍ഷം അതിര്‍ത്തി കടന്നു പരക്കാറില്ല. 

ഇതൊക്കെയായാലും ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഖിലാഫത് പ്രഖ്യാപിച്ചപ്പോള്‍ മാനില്‍ അനുകൂല പ്രകടനങ്ങള്‍ നടന്നു. ഐ എസിന്റെ കറുത്ത പതാകകള്‍ പുരപ്പുറങ്ങളില്‍ പാറി, തീവ്രവാദികളെ പ്രകീര്‍ത്തിച്ച ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

1920 മുതല്‍,ഈ മുന്‍ ബ്രീട്ടീഷ് സംരക്ഷിത പ്രദേശം ഭരിക്കുന്ന ഹാഷ്മിത് കുടുംബത്തിലെ ഇപ്പോഴത്തെ ഭരണാധികാരി അബ്ദുള്ള രാജാവ് രണ്ടാമന്‍, ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത യുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഐ എസിനെ മേഖലയില്‍ നിന്നും പുറത്താക്കാനുള്ള യുദ്ധത്തില്‍ യു.എസ് സഖ്യകക്ഷിയാണ് ജോര്‍ദാന്‍. ജോര്‍ദാന്‍കാരനായ വൈമാനികന്‍ മോവാത് അല്‍കസാസ്‌ബെയേ ഐ എസ് ഡിസംബറില്‍ പിടികൂടി പിന്നീട് ചുട്ടുകൊന്നതിന് ശേഷം ജോര്‍ദാന്‍ ഐ എസിനെതിരെയുള്ള ബോംബാക്രമണം ശക്തമാക്കി. ഭീകരവിരുദ്ധനിയമം ശക്തമാക്കുകയും, തീവ്രവാദികളായ പുരോഹിതരെ പുറത്താക്കുകയും, ശിരയായില്‍ നിന്നും മടങ്ങിവന്നവരെ തടവിലാക്കുകയും ചെയ്തു. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏതെങ്കിലും വിദേശ സായുധ സംഘടനയില്‍ ചേര്‍ന്ന ആരെയും ജോര്‍ദാനില്‍ തിരിച്ചെത്തിയാല്‍ വിചാരണ ചെയ്യും. 

മാനിലെ തന്റെ വസതിയിലെ സൂക്തങ്ങള്‍ ചുമരില്‍ ഒട്ടിച്ചുവെച്ച സ്വീകരണ മുറിയില്‍ ഇരുന്നു ഷലാബി പറയുന്നത് ഇത് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പോരാളികളെ ഭയപ്പെടുത്തുന്നു എന്നാണ്. സിറിയന്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ പോകാന്‍ താന്‍ ആഹ്വാനം ചെയ്തിരുന്നു എന്നും ഷലാബി പറയുന്നു. 

സര്‍ക്കാര്‍ തന്നെപ്പോലുള്ളവര്‍ക്ക് ചെവി തന്നിരുന്നുവെങ്കിലും കസാസ്‌ബെയുടെ കൊലപാതകം എല്ലാം അവസാനിപ്പിച്ചുവെന്നും ഇപ്പോള്‍ ജോര്‍ദാനുള്ള ഭീഷണി സ്വന്തം ജനതയില്‍ നിന്നാണെന്നും ഷലാബി കൂട്ടിച്ചേര്‍ത്തു. 

‘അവര്‍ അറിയാതെത്തന്നെ ആളുകളെ സംഘടിപ്പിക്കുകയാണ്. അവര്‍ ഉള്ളില്‍നിന്നുതന്നെ ഉണ്ടാകും. സമ്മര്‍ദം പൊട്ടിത്തെറിയിലേക്കാണ് നയിക്കുക.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍