UPDATES

സര്‍ക്കാരേ, മോചിപ്പിക്കേണ്ടത് ജോസഫിനെയാണ്; അരങ്ങിലെ ക്രിസ്തു ഇപ്പോഴും പൂജപ്പുര ജയിലില്‍

പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവിലെ ക്രിസ്തു അഥവാ കാഞ്ഞിരംചിറ സോമരാജന്‍ കൊലക്കേസിലെ പ്രതിയുടെ ജയില്‍ ജീവിതം

കേരളത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ നല്‍കപ്പെട്ടവരുടെ പട്ടികയില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള ടിപി വധക്കേസ് പ്രതികള്‍, ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്‍, ഗുണ്ടാനേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ തുടങ്ങിയവരുള്‍പ്പെട്ടത് ഏറെ വിവാദമായിരിക്കുകയാണ്. അനര്‍ഹര്‍ ഇതുപോലെ കടന്നു കൂടുമ്പോള്‍ ദീര്‍ഘകാലമായി ശിക്ഷ അനുഭവിക്കുകയും നല്ലനടപ്പ് പാലിക്കുകയും ചെയ്ത തടവുകാര്‍ക്ക് നീതി ലഭിക്കുന്നുണ്ടോ? അവര്‍ അവഗണിക്കപ്പെടുന്നുണ്ടോ? പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ചേലാട്ട് വീട്ടില്‍ ജോസഫ് എന്ന എഴുപത്തിയാറുകാരന്‍ അങ്ങനെ ഒരാളാണ്. 2015 ഡിസംബര്‍ 25നു ജോസഫിന്റെ കഥ അഴിമുഖം പ്രസിദ്ധീകരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി രാകേഷ് സനല്‍ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട് ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

മതത്തെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച, ദൈവത്തോടുള്ളതിനെക്കാള്‍ കൂറും വിശ്വാസവും സഹജീവികളോട് കാണിച്ച ചേലാട്ട് വീട്ടില്‍ ജോസഫ്, ലോകം മുഴുവന്‍ തങ്ങളുടെ രക്ഷകന്റെ തിരുപ്പിറവി സ്മരണ ആഘോഷിക്കുമ്പോള്‍ ജയിലഴികളുടെ തണുപ്പില്‍ മുഖം ചേര്‍ത്തുവച്ചു ചിന്തിക്കുന്നതെന്താവും? മനുഷ്യവിമോചനത്തിന്റെ പൂര്‍ണത സ്വപ്‌നം കണ്ടവന്റെ മനസില്‍ ഇപ്പോള്‍ ഉള്ളത് തടവറയുടെ ഇരുളില്‍ നിന്നും പുറംലോകത്തിന്റെ വെളിച്ചത്തിലേക്കു നടന്നിറങ്ങാനുള്ള ആഗ്രഹം തന്നെയാണ്. അസ്വസ്ഥതയോടെ താന്‍ നടന്നിരുന്ന സമൂഹത്തില്‍, ആയുസിന്റെ ബാക്കി കാലം സ്വസ്ഥതയോടും സമാധനത്തോടും കൂടി, ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം കഴിയുക എന്ന മോഹമാണ്. പക്ഷേ ജോസഫിന്റെ മുന്നില്‍ ഭരണകൂടം കണ്ണുകളടച്ചു നില്‍ക്കുകയാണ്, എന്തോ വൈരാഗ്യമുള്ളതുപോലെ.

പൂജപ്പുര സെന്‍ട്രല്‍ ജയലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ചേലാട്ട് വീട്ടില്‍ ജോസഫ് എന്ന എഴുപത്തിയഞ്ചുകാരനെ ജയില്‍ മോചിതനാക്കുക എന്നത് സര്‍ക്കാരിന് മുന്നില്‍ കീറാമുട്ടിയായ കാര്യമൊന്നും അല്ല. നിയമം അനുവദിച്ചിരിക്കുന്ന ഇളവുകളില്‍ ഏതെങ്കിലുമൊന്നിലൂടെ ജോസഫിന് പുറംലോകത്തേക്ക് ഇറങ്ങിവരാവുന്നതേയുള്ളൂ. പക്ഷെ ജീവിതത്തിന്റെ നല്ലഭാഗം ദുരിതത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും അടിമത്വത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാന്‍ ശ്രമിച്ചവന്, അവന്റെ കാര്യത്തില്‍ അവതരിക്കാന്‍ ഒരു രക്ഷകനില്ലാതെ പോകുന്നു…

അരങ്ങില്‍ കര്‍ത്താവായവന്‍ അങ്ങനെ ഈ ക്രിസ്തുമസ് ദിനവും തടവറയില്‍ തന്നെ… ഒരുപക്ഷേ ജോസഫിന് ഇത്തരം ആഘോഷങ്ങളില്‍ താത്പര്യം ഉണ്ടാവില്ലായിരിക്കും. അദ്ദേഹത്തിന് ദൈവങ്ങളില്ലായിരുന്നു, വിശ്വാസം ഇല്ലായിരുന്നു, മതമോ ആരാധനാലയങ്ങളോ ഇല്ലായിരുന്നു… എങ്കില്‍പ്പോലും ജോസഫ് എന്ന വൃദ്ധന്റെ സാമിപ്യം ഇനിയെങ്കിലും തങ്ങള്‍ക്കൊപ്പം വേണമെന്ന് കൊതിക്കുന്ന മറ്റു ചിലരുണ്ട്…ജോസഫിന്റെ ഭാര്യ, മൂന്നു പെണ്‍മക്കള്‍… ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിതനായി ഒരു മനുഷ്യന്റെ ജീവിതം ചോര്‍ന്നുപോകുമ്പോള്‍ അയാളെ സ്‌നേഹിക്കുന്നവര്‍ക്ക് ഈ ക്രിസ്തുമസും ആഘോഷത്തിനുള്ള അവസരമാകുന്നില്ല…

ജോസഫ് ആരാണ് എന്ന് ചോദ്യത്തിനുള്ള മറുപടി രണ്ടുതരത്തില്‍ പറയാം;

പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവിലെ ക്രിസ്തു… അതല്ലെങ്കില്‍ കാഞ്ഞിരംചിറ സോമരാജന്‍ കൊലക്കേസിലെ പ്രതി…

കൊച്ചി ആറാട്ടുപുഴയില്‍ നിന്നും കയര്‍ വ്യാപാരത്തിനായി ആലപ്പുഴയിലേക്ക് കുടിയേറിയവരാണ് എബ്രഹാമും (അവറാച്ചന്‍) സഹോദരനും. ധനികരായ ആ സഹോദരങ്ങള്‍ ആലപ്പുഴ കളപ്പുരയ്ക്കലില്‍ ഒരു കയര്‍ ഫാക്ടറി സ്ഥാപിച്ചു, ഒരേക്കറോളം വരുന്ന ഭൂമിയില്‍ വലിയൊരു ഫാക്ടറി, ഒപ്പം കയറ്റുമതിയും ഉണ്ടായിരുന്നു. വ്യവസായം വളര്‍ന്നു, എബ്രഹാം നാട്ടുകാര്‍ക്ക് അവറാച്ചന്‍ മുതലാളി ആയി. എബ്രഹാമിന് നാലു മക്കളുണ്ടായി. മൂന്നാണും ഒരു പെണ്ണും. മൂന്നാമന്റെ പേരായിരുന്ന ജോസഫ്, ജോയി എന്നു വിളിപ്പേര്. സമ്പന്നതയിലും ദൈവഭയത്തിലും കഴിഞ്ഞ അവറാച്ചന്‍ മുതലാളിയുടെ കുടുംബത്തെ ഞെട്ടിച്ചുകൊണ്ടാണ് ജോയി വളര്‍ന്നു വന്നത്. ആദ്യ കുര്‍ബാന കൈക്കൊണ്ടില്ല, പള്ളിയിലേക്കു തിരിഞ്ഞു കയറില്ല. ദൈവവുമില്ല വിശ്വാസവുമില്ല…പഠിക്കാന്‍ കൊണ്ടുവിട്ടിടത്തൊന്നും ഒരാഴ്ച്ച തികച്ചില്ല, ഒടുവില്‍ കോണ്‍വെന്റില്‍ ചേര്‍ത്തു, ജോയിയെ തടഞ്ഞുവയ്ക്കാനുള്ള കരുത്തൊന്നും കോണ്‍വെന്റിന്റെ മതിലുകള്‍ക്കും ഉണ്ടായില്ല. അതോടെ വീട്ടുകാര്‍ അവനൊരു പേരിട്ടു- തെറിച്ചവന്‍… പതിനാറു മുറികളുള്ള നാലുകെട്ടിനകത്തു നിന്നും വിശാലമായ ലോകത്തേക്ക് ജോയി നെഞ്ചുവിരിച്ചു നടന്നിറങ്ങി.

കുടുംബത്തില്‍ പുകഞ്ഞ കൊള്ളിയായിരുന്നെങ്കിലും പുറത്ത് ജോയിക്ക് നല്ല മതിപ്പായിരുന്നു. അത്യാവശ്യത്തിന് അടിപിടിയും വഴക്കുമെല്ലാമുള്ളവനോട് അന്നാട്ടിലെ ചെറുപ്പക്കാര്‍ക്കെല്ലാം ആരാധനയായിരുന്നു. ഒരു ദിവസം ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ടയായി വിലസിയിരുന്നൊരുത്തനെ കുത്തിവീഴ്ത്തിയതോടെ അവറാച്ചന്‍ മുതലാളിയുടെ മകന്‍ ജോയി ആലപ്പുഴയില്‍ കൂടുതല്‍ ഫേമസായി… ആലപ്പുഴയിലെ റൗഡിസംഘങ്ങള്‍ക്കൊപ്പവും കള്ളുഷാപ്പുകളിലുമൊക്കെയായി യുവത്വം ആഘോഷിച്ചു തമിര്‍ത്തു. തെമ്മാടിത്തരത്തിനൊപ്പം കലാബോധവും നന്നായി തന്നെ ജോയിയില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു, നാടകക്കാരനായ പി എം ആന്റണിയോടൊക്കെ കൂട്ടുകൂടുന്നതങ്ങനെയായിരുന്നു. വൈകുന്നേരങ്ങളില്‍ അമ്പലപ്പറമ്പുകളിലും  വായനശാല ക്ലബുകളിലുമൊക്കെ കഥാപ്രസംഗവും നാടകവുമൊക്കെയായി  ജോയിയും ആന്റണിയും സജീവമായിരുന്നു. കാര്യങ്ങള്‍ അങ്ങനെ ഒരു തരം ഉന്മാദാവസ്ഥയില്‍ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചിലര്‍ ജോയി തേടിവരുന്നത്… അവര്‍ നക്‌സലൈറ്റുകളായിരുന്നു…

ആലപ്പുഴയുടെ ചുമതല ഉണ്ടായിരുന്ന നേതാക്കള്‍ ഭാസുരേന്ദ്ര ബാബുവും കെ വേണുവുമായിരുന്നു. ജോയിയുടെ തടിമിടുക്കും ചങ്കൂറ്റവും കലാപ്രവര്‍ത്തനങ്ങളും പ്രസ്ഥാനത്തിലേക്ക് ആ ചെറുപ്പക്കാരനെ ക്ഷണിക്കാന്‍ ഇവരെ പ്രേരിപ്പിച്ചു.  അതൊരു മാറ്റമായിരുന്നു. അടിപിടി ജീവിതത്തില്‍ നിന്നും ചിന്തയുടെയും വായനയുടെയും ലോകത്തേക്ക് ജോയി മാറുകായിരുന്നു. ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. വേണുവിന്റെയും ഭാസുരേന്ദ്രബാബുവിന്റെയും ആശയങ്ങളും അവര്‍ മുന്നോട്ടുവച്ച ചര്‍ച്ചകളും ജീവിതത്തെക്കുറിച്ചും സഹജീവികളെക്കുറിച്ചും ജോയിയെ ആഴത്തില്‍ മനനം ചെയ്യിച്ചു. കവിയൂര്‍ ബാലന്‍ എഴുതിയ പുസ്തകത്തില്‍ ജോസഫിനെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്; കെ വേണുവിന്റെ അംഗരക്ഷകനായിരുന്നു ജോസഫ്. പാര്‍ട്ടി മീറ്റിംഗുകള്‍ നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ജോസഫ് ഉണ്ടാകും. ഒരക്ഷരം ജോസഫ് മിണ്ടില്ല. പക്ഷേ പാര്‍ട്ടിയുടെ എല്ലാകാര്യങ്ങള്‍ക്കും ഒരു മൂകസാക്ഷി എന്ന നിലയില്‍ ജോസഫ് ഉണ്ടാകും.

പണം ആവശ്യമുള്ളപ്പോള്‍ അപ്പന്റെ മേശവലിപ്പു തുറന്നാല്‍ മതിയായിരുന്നു തനിക്കെങ്കില്‍, പട്ടിണിയും ദാരിദ്ര്യവും യജമാനന്മാരുടെ കൊടിയ പീഢനങ്ങളും സഹിച്ചു കഴിയുന്ന ആനേകായിരം മനുഷ്യര്‍ക്ക് ജീവിക്കാന്‍ എന്താണു വഴിയുള്ളതെന്ന ആലോചന ജോയിയെ കൂടുതല്‍ അസ്വസ്ഥനാക്കി. അയാള്‍ അവര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിര്‍ദേശങ്ങളും ഉപദേശങ്ങളുമായി പാര്‍ട്ടി പിന്നില്‍ നിന്നു. സ്വന്തം അപ്പന്റെ കയര്‍ ഫാക്ടറിയില്‍ തന്നെ ജോയി തൊഴിലാളി യൂണിയനുണ്ടാക്കി. അതിനു മുമ്പ് പലരെയും തല്ലി തോല്‍പ്പിച്ചിട്ടുള്ള ജോയിക്ക് അതൊക്കെ തനിക്കുമാത്രം കിട്ടുന്നൊരു ആനന്ദമായിരുന്നു. ഇപ്പോള്‍ ജോയി കൈ ഉയര്‍ത്തുന്നതും ഉറക്കെ സംസാരിക്കുന്നതും മറ്റുള്ളവന്റെ മുഖത്ത് സന്തോഷം വിരിയാന്‍ വേണ്ടിയാണ്. ജോയി ശരിക്കും മാറിപ്പോയി.

ഇതിനിടയില്‍ ജോയിയുടെ അപ്പന്‍ മരിച്ചു, സഹോദരങ്ങള്‍ സ്വത്ത് ഭാഗം ചെയ്‌തെടുത്തു. കുടുംബ ജീവിതമൊന്നും വേണ്ടായെന്ന തീരുമാനത്തില്‍ നടന്നിരുന്ന സഹോദരന് അവര്‍ ഔദാര്യപൂര്‍വം പത്തമ്പത് സെന്റ് സ്ഥലം എഴുതിവച്ചു. പക്ഷേ എപ്പോഴോ,അസ്വസ്ഥതയുടെ കനലെരിയുന്ന ജീവിതത്തിനിടയിലെപ്പോഴോ ജോയിയുടെ മനസിലേക്ക് പൊന്നമ്മ കയറി വന്നു. ഒരുമിച്ചു പഠിച്ചിട്ടുണ്ട്, തൊട്ടടുത്ത വാര്‍ഡായ കൊമ്മാടിയിലാണ് വീട്. ജോയിക്ക് പൊന്നമ്മയെ വിവാഹം കഴിക്കാന്‍ താത്പര്യമായി. അവര്‍ ഈഴവരാണ്, തൊഴിലാളി കുടുംബമാണ്, പാവങ്ങളാണ്. എന്നാല്‍ മകന്റെ ആഗ്രഹം അവനെ ഒരു പുതിയ ജീവിതത്തിലേക്കു കൊണ്ടുപോകും എന്നു സന്തോഷിച്ച ജോയിയുടെ അമ്മയും സഹോദരങ്ങളും പെണ്ണിന്റെ വീട്ടുകാരെ നിര്‍ബന്ധിച്ചു കല്യാണത്തിനു സമ്മതിപ്പിച്ചു. എതാണ്ട് നാലുവര്‍ഷം എടുത്തു അതിന് . പക്ഷെ ഇതിനിടയില്‍ ജോയി ആ കുരുക്കില്‍ പെട്ടിരുന്നു.

കാഞ്ഞിരംചിറ സോമരാജന്‍. പേരുകേട്ട കയര്‍ മുതലാളി. മനുഷ്യപ്പറ്റില്ലാത്തവനെന്നും ക്രൂരനെന്നും നാട്ടുകാര്‍ അടക്കത്തിലും ഉറക്കെയും പറഞ്ഞവന്‍. അങ്ങനെയുള്ള കാഞ്ഞിരംചിറ സോമരാജനെ 1986 ല്‍ ഒരു സംഘം വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് തലയറത്തു…

കൊലക്കേസ് അന്വേഷിച്ച പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ സോമരാജന്റെ അയല്‍വാസികള്‍ തന്നെയായിരുന്നു. സോമരാജന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് തന്റെ അയല്‍ക്കാരനായ പീറ്ററിന്റെ അന്തരവനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തന്റെ അനന്തരവനെ തല്ലിയ സോമരാജനെ കൊല്ലുമെന്ന് കുടിച്ചുബോധംകെട്ട അവസ്ഥയില്‍ നാട്ടുകാര്‍ കേള്‍ക്കെ പീറ്റര്‍ വെല്ലുവിളിച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ സോമരാജന്‍ കൊല്ലപ്പെടുകയും ചെയ്തു. പീറ്ററും അയാളുടെ മൂന്നു ബന്ധുക്കളും അറസ്റ്റിലായി, കൂട്ടത്തില്‍ സ്ഥലത്തെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുവടക്കം പതിനഞ്ചോളം കോണ്‍ഗ്രസുകാരും. പിന്നെയും നാലുപേര്‍ അറസ്റ്റിലായി. അവരില്‍ രണ്ടുപേര്‍ ജോസഫും പി എം ആന്റണിയും ആയിരുന്നു.

കേസിന്റെ വിചാരണ നടക്കുന്നതിനിടയിലായിരുന്നു പൊന്നമ്മയുടെ കഴുത്തില്‍ ജോസഫ് മിന്നു ചാര്‍ത്തുന്നത്. കേസ് ആദ്യം പരിഗണിച്ച ആലപ്പുഴ സെഷന്‍ കോടതി പ്രതികളെ നിരപരാധികളെന്നു കണ്ടു വിട്ടയച്ചു. സര്‍ക്കാര്‍ അപ്പീലുപോയി. കേസ് തൊടുപുഴ കോടതിയില്‍ എത്തി. കേരള ചരിത്രത്തിലെ ഒരു സുപ്രധാന വിധിയാണ് ആ കോടതയില്‍ നിന്നും ഉണ്ടായത്. 22 പ്രതികള്‍ക്ക് ജീവപര്യന്തം! ഇത്രയും അധികം പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുക അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. അങ്ങനെ ജോസഫും ആന്റണിയുമടക്കം ജയിലിലായി (രവി എന്ന പേരുള്ള ജഡ്ജിയായിരുന്നു അപൂര്‍വമായ ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്. ഇതിനു മുന്നൂ കൊല്ലത്തിനിപ്പുറം സ്വന്തം വീട്ടില്‍ ഈ ജഡ്ജി തൂങ്ങി മരിച്ചു, ചില അഴിമതി ആരോപണങ്ങള്‍ ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നതാണ് ആത്മഹത്യക്കു കാരണമെന്നു പറഞ്ഞു കേള്‍ക്കുന്നു). ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെയും ഒക്കത്തെടുത്താണ് പൊന്നമ്മ വിധി കേള്‍ക്കാന്‍ പോയത് (ആ കുട്ടിയുടെ പേര് മഞ്ജു, ഇപ്പോള്‍ കേരള കൗമുദിയില്‍ ജോലി ചെയ്യുന്ന മാധ്യപ്രവര്‍ത്തക).

1992, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്കു മുന്നില്‍ ഒരു കൂട്ടം കലാകാരന്മാര്‍ ഒരു നിവേദനം സമര്‍പ്പിച്ചു. പി എം ആന്റണിയെ മോചിപ്പിക്കണം… കലാകാരനായ ആന്റണിക്കു വേണ്ടി മറ്റു കലാകാരന്മാര്‍ ആത്മാര്‍ത്ഥമായി തന്നെ വാദിച്ചു. സോമരാജന്‍ കൊല്ലപ്പെടുന്ന സമയത്ത് ആന്റണി തീര്‍ത്ഥശേരിയില്‍ നാടകവുമായി പോയിരിക്കുകയായിരുന്നുവെന്നും നാടകത്തിന്റെ അണിയറയില്‍ ആന്റണി ഉണ്ടായിരുന്നുവെന്നും അവര്‍ സര്‍ക്കാരിനെ ബോധിപ്പിച്ചു. 92 ല്‍ പി എം ആന്റണി പരോളിനിറങ്ങി. മുഖ്യമന്ത്രി ആ കലാകരനു വേണ്ടി തന്റെ പേന ചലിപ്പിച്ചു. ആന്റണിയെ ജയില്‍ മോചിതനാക്കുക. അങ്ങനെ പരോളിനിറങ്ങിയ ആന്റണിക്ക് പിന്നെ തിരിച്ചു ജയിലേലക്കു പോകേണ്ടി വന്നില്ല (ജയില്‍ മോചിതനാക്കിയെങ്കിലും ആന്റണിയെ കുറ്റവിമകുക്തനാക്കി കൊണ്ടുള്ള ഉത്തരവ് ജയലില്‍ നിന്നും നല്‍കിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഈ നൂലാമലയെക്കുറിച്ച് അറിയുന്നത്. പിന്നീട് ജയിലിലെത്തി വിടുതല്‍ രേഖകള്‍ ശരിയാക്കാനായി തിരുവനന്തപുരത്തു വന്നതിന്റെ മൂന്നാം പക്കം പി എം ആന്റണി ജീവിതത്തില്‍ നിന്നും തന്റെ വേഷം പൂര്‍ത്തിയാക്കി മടങ്ങി).

എന്നാല്‍ പി എം ആന്റണിയോട് കാണിച്ച ദയ ജോസഫിനോട് ആര്‍ക്കും തോന്നിയില്ല. സോമരാജന്‍ കൊല്ലപ്പെട്ട രാത്രിയില്‍ ആന്റണി തീര്‍ത്ഥശേരിയില്‍ കളിച്ചിരുന്ന നാടകത്തിന്റെ അണിയറയില്‍ ആണ് ഉണ്ടായിരുന്നതെങ്കില്‍ ജോസഫ് അതേ നാടകത്തിന്റെ അരങ്ങില്‍ ഉണ്ടായിരുന്നു! എന്നിട്ടും ജോസഫിനു വേണ്ടി ആരും ഒന്നും പറഞ്ഞില്ല. ജോസഫ് അകത്തു കിടക്കേണ്ടവനാണെന്നു ചിലരൊക്കെ തീരുമാനിച്ചതുപോലെ.

ജോസഫിനെയും വീട്ടുകാര്‍ കാശുകെട്ടിവച്ച് പരോളില്‍ ഇറക്കി. അപ്പോഴേക്കും സ്വന്തം ശരീരം ജോസഫിനോട് പിണങ്ങി തുടങ്ങിയിരുന്നു. സൗന്ദര്യവും ആരോഗ്യവും തുളുമ്പി നിന്നിരുന്ന ജോസഫിന് കൂട്ടായി ആസ്മ വന്നു. ജയിലിലെ തണുപ്പും ക്രമം തെറ്റിയ ജീവിതരീതികളും ആ ശരീരം തളര്‍ത്തി കളഞ്ഞു. പരോളിലിറങ്ങിയ കാലത്താണ് തനിക്കൊപ്പമുള്ള രണ്ടുപേര്‍ ജയിലില്‍ മരിച്ച കാര്യം അറിയുന്നത്. അതോടെ ജോസഫിനുള്ളിലും ഒരാധി. കുടുംബത്തോടും കുട്ടിക്കളോടും ഒപ്പം ജീവിക്കാനുള്ള മോഹം കലശലായി. അങ്ങനെയാണ് അത്തരമൊരു അബദ്ധം ചെയ്യാന്‍ തോന്നുന്നത്. പരോള്‍ കലാവധി കഴിഞ്ഞിട്ടും തിരികെ പോയില്ല. പത്തുവര്‍ഷത്തോളം പുറത്തു തന്നെ. 2011 ലാണ് ജോസഫിനെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്. ആ അറസ്റ്റ് വാര്‍ത്തയില്‍ പത്രങ്ങളൊക്കെ എഴുതിയത് ജോസഫ് പരോളിലിറങ്ങി മുങ്ങിയെന്നും ഈ കാലയളവില്‍ വിവിധയിടങ്ങളിലായി സംഘടന പ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്നാണ്. 2003 ല്‍ ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസ് തീവച്ചകേസില്‍ പതിനൊന്നാം പ്രതിയുമായി (ഈ കേസില്‍ ജോസഫ് കുറ്റക്കാരനാണെന്നു കണ്ടെത്താന്‍ സാധിച്ചില്ല).


എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിക്കുന്നുണ്ട് ജോസഫിന്റെ മകള്‍ മഞ്ജു. അതെല്ലാം പൊലീസ് നല്‍കിയ വിവരങ്ങള്‍ മാത്രമാണ്. സത്യങ്ങളല്ല. പുറത്തുണ്ടായിരുന്ന പത്തുവര്‍ഷത്തോളവും വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം. ശാരീരികാവശതകള്‍ നല്ലതുപോലെയുണ്ടായിരുന്നതിനാല്‍ യാത്രകള്‍പോലും ഒഴിവാക്കിയിരുന്നു. ഒളിവിലായിരുന്നില്ല. അദ്ദേഹം ഇവിടെയുള്ള കാര്യം പൊലീസുകാര്‍ക്കുപോലും അറിയാവുന്നതുമാണ്. നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ് പെട്ടെന്നൊരു ദിവസം പൊലീസ് എത്തി കൂട്ടിക്കൊണ്ടുപോകുന്നത്. തന്റെ രോഗവുമായി ജയിലിലേക്കു പോയാല്‍ തിരിച്ചുവരില്ലെന്ന ആശങ്ക, ഭാര്യയോടും കുട്ടികളോടും ഒപ്പം ജീവിക്കാനുള്ള കൊതി, ഇതായിരുന്നു  പരോള്‍ കഴിഞ്ഞിട്ടും തിരിച്ചുപോകുന്നതില്‍ നിന്നും തടഞ്ഞത്. അല്ലാതെ പരാളോലിറങ്ങി മുങ്ങുകയോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു പോവുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിപ്പോള്‍  കാണിക്കുന്നത് ക്രൂരതയാണ്. എന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോലും സമ്മതിച്ചില്ല. പരോളിലിറങ്ങി പുറത്തു നിന്ന പത്തുവര്‍ഷം കാലം ജയിലിനകത്തു പൂര്‍ത്തിയാക്കിയാലേ അടുത്ത പരോള്‍ അനുവദിക്കാന്‍ കഴിയൂ എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.  പ്രായം പോലും അവര്‍ പരിഗണിക്കുന്നില്ല. ഒപ്പം ശിക്ഷിക്കപ്പെട്ടവരെല്ലാം പുറത്തിറങ്ങി. ഇപ്പോള്‍ കേരളത്തിലെ ജയില്‍ കഴിയുന്ന നക്‌സെല്‍  കേസില്‍പ്പെട്ട ഏകയാള്‍ ചേലാട്ട് വീട്ടില്‍ ജോസഫ് എന്ന എന്റെ അച്ഛന്‍ മാത്രമാണ്; മഞ്ജു പറയുന്നു.

സോമരാജന്‍ കൊലക്കേസില്‍ ജോസഫ് അടക്കം ശിക്ഷപ്പെട്ട ആരും തന്നെയല്ല പ്രതികളെന്ന് പൊലീസിനുപോലും അക്കാലത്ത് ബോധ്യമുണ്ടായിരുന്നു. ചിലരെ കുടുക്കുകയായിരുന്നു, ചിലര്‍ അറിയാതെ കുടുങ്ങി. ജോസഫിനെ പോലുള്ളവര്‍ പ്രസ്ഥാനത്തെ അനുസരിച്ചു. ഇപ്പോള്‍ ജയില്‍ മോചിതരായി പുറത്തുവന്നവര്‍ തങ്ങളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാരോപിച്ചു പരാതി കൊടുത്തിട്ടുണ്ട്. ചിലര്‍ വാര്‍ത്താ സമ്മേളനം വിളിച്ച്,ആരാണ് സോമരാജന്‍ കൊലക്കേസില്‍ യഥാര്‍ത്ഥപ്രതികളെന്നു പറയുകയുണ്ടായി. ശിക്ഷിക്കപ്പെട്ടവരില്‍ അധികവും ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായതുകൊണ്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നാവിശ്യപ്പെടുന്ന പ്രമേയം പാസാക്കി കെപിസിസി ക്ക് സമര്‍പ്പിച്ചു. ഇതിന്‍മേല്‍ സോമരാജന്‍ കൊലക്കേസില്‍ പുനരന്വേഷണം ആവിശ്യമാണോ എന്നറിയാനായി ഒരു പ്രാഥമികാന്വേഷണത്തിന് ഉത്തരവുണ്ടായി. ക്രൈം ആന്‍ഡ് വിജിലന്‍സ് ആദ്യം ഒരന്വേഷണം നടത്തിയെങ്കിലും വളരെ കുറച്ചുപേരില്‍ നിന്നുമാത്രമെ മൊഴികളെടുത്തുള്ളൂ എന്നാരോപണം വരികയും തുടര്‍ന്നു രണ്ടാമതൊരന്വേഷണം നടത്തുകയും ചെയ്തു. ഇതില്‍ ഏതാണ്ട് മുപ്പത്തിമൂന്നോളം പേരെ കണ്ടു തെളിവെടുത്തിരുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേസിന്റെ പുനരന്വേഷണത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് ഇതെന്നറിയുന്നു. അങ്ങനെയൊരു അന്വേഷണം നടന്നാല്‍ ഇന്നു സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന പലരുമാകും കുറ്റവാളികള്‍. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന് സോമരാജന്റെ വീട് കാണിച്ചുകൊടുത്തയാളൊക്കെ ഇപ്പോഴും ജീവനോടെയുള്ളപ്പോള്‍ സത്യം തെളിയിക്കാന്‍ അധികം ബുദ്ധിമുട്ടൊന്നും കാണില്ല… അങ്ങനെ സംഭവിച്ചാല്‍ സ്വതന്ത്രരെങ്കിലും ഇപ്പോഴും ജയില്‍വാസത്തിന്റെ നാണക്കേട് പേറി ജീവിക്കുന്നവര്‍ക്ക് തല ഉയര്‍ത്തി നടക്കാം…ജോസഫിന്  വീട്ടില്‍ തിരികെയെത്താം…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍