UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോസ് കെ മാണിയുടെ റബ്ബര്‍ സമരം സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയതെന്തുകൊണ്ട്?

Avatar

സന്ദീപ് വെള്ളാരംകുന്ന് 

ഹലോ പോലീസ് സ്‌റ്റേഷനല്ലേ. ജോസ് കെ മാണിയെ പെട്ടെന്ന് അറസ്റ്റ് ചെയ്ത് നീക്കിയില്ലേല്‍ തട്ടിപ്പോവാന്‍ ചാന്‍സുണ്ട്.  
താനാരാ?
ഞാന്‍ ജോസ് കെ മാണി…

റബര്‍ വിലയിടിവു തടയണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണി കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ അഞ്ചു ദിവസം നീണ്ട നിരാഹാര സമരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്രോളുകളിലൊന്നാണിത്. മൂന്നാറില്‍ സമരവുമായി തെരുവിലിറങ്ങിയ സ്ത്രീ തൊഴിലാളികള്‍ക്കു കേരള മനസാക്ഷിയുടെയും മാധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കാനായെങ്കില്‍ ജോസ് കെ മാണിയുടെ റബര്‍ സമരത്തെ സോഷ്യല്‍ മീഡിയ കളിയാക്കി ഇല്ലാതാക്കുന്നതാണു കണ്ടത്. നിരാഹാര സമരവുമായി ഏതു രാഷ്ട്രീയ നേതാവു വന്നാലും അതിനെ പിന്തുണയ്ക്കുന്ന കേരളത്തില്‍ ജോസ് കെ മാണിയുടെ സമരം പരിഹാസത്തില്‍ മുങ്ങിപ്പോയതിലൂടെ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള നീക്കങ്ങള്‍ പാലായില്‍ പോലും പഴയ പോലെ ഏല്‍ക്കുന്നില്ലെന്നതിന്റെ സൂചനകളാണു നല്‍കുന്നത്.

പത്രങ്ങളും ചാനലുകളും മാത്രം സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും വിജയിപ്പിച്ചിരുന്ന കാലത്തു നിന്നും സോഷ്യല്‍ മീഡിയ വാര്‍ത്തകളെ നിയന്ത്രിക്കുന്ന പുതിയ കാലഘട്ടത്തില്‍ ജോസ് കെ മാണിയുടെ സമരത്തെ പരിഹസിക്കുന്നതിലൂടെ ആത്മാര്‍ഥതയുള്ളതും ഇല്ലാത്തതുമായ സമരങ്ങളെ പുതുതലമുറയ്ക്കു തിരിച്ചറിയാമെന്നതിനു കൂടിയുള്ള ശക്തമായ തെളിവാണ്. ജോസ് കെ മാണി നിരാഹാരം കിടന്നാല്‍ റബര്‍ വില വര്‍ധിക്കില്ലായെന്നത് പാലായിലെ കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്ന കാര്യമാണെന്നിരിക്കെ സമരവുമായി ഇറങ്ങിതിരിച്ചതാണ് പാര്‍ട്ടിക്കു ക്ഷീണമേല്‍പ്പിക്കുന്നത്.

നിരാഹാരം കിടക്കുന്ന ജോസ് കെ മാണിയെ ആശ്വസിപ്പിക്കാനും പിന്തുണ പ്രഖ്യാപിക്കാനും ഓടിയെത്തിയ ബിഷപ്പുമാരെയും സോഷ്യല്‍ മീഡിയ വെറുതേ വിട്ടില്ല. മതമൗലികവാദികള്‍ കൈവെട്ടിയ ടി ജെ ജോസഫിനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തവര്‍ മാണിയുടെയും മകന്റെയും നാടകത്തിനു കൂട്ടു നില്‍ക്കുന്നുവെന്നു കുറ്റപ്പെടുത്തിയാണ് പാലാക്കാരന്‍ ചേട്ടന്‍ എന്ന ഫേസ്ബുക്ക് പേജ് പോസ്റ്റിട്ടത്. എന്നാല്‍ ഈ സമര നാടകത്തെ പിന്തുണയ്ക്കാന്‍ തന്നെ കിട്ടില്ലെന്നു ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞെന്നും ഇതിനെ അഭിനന്ദിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ജോസ് കെ മാണിയെ കണ്ട ഭാര്യ നിഷ തളര്‍ന്നു വീണെന്നു വാര്‍ത്ത നല്‍കിയ മനോരമയേയും സോഷ്യല്‍ മീഡിയ വെറുതേ വിട്ടില്ല.

ജോസ് കെ മാണി സമരം തുടങ്ങിയ ഉടന്‍ തന്നെ മാണിയുടെ മരുമകനു റബര്‍ ഇറക്കുമതി കമ്പനിയുണ്ടെന്നും ജോസ് കെ മാണിയുടെ ഭാര്യ നിഷയാണ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളെന്നുമുള്ള പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു. സുരേഷ് ഗോപിയെപ്പോലുള്ള സിനിമാ താരങ്ങളെ ഇറക്കി ഓളമുണ്ടക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനെയും ജനം വേണ്ട രീതിയില്‍ പരിഗണിച്ചില്ലായെന്നതാണു യാഥാര്‍ഥ്യം.

പാര്‍ട്ടിയില്‍ ജോസ് കെ മാണിയുടെ മേധാവിത്വം ഉറപ്പിക്കാനുള്ള മാണിയുടെ ശ്രമത്തെ ഇഷ്ടപ്പെടാത്തവരാണ് ജോസഫ് വിഭാഗമെന്നാണു വിവരം. തിടുക്കത്തില്‍ സമരം അവസാനിപ്പിച്ചത് എന്തിനാണെന്നും ജോസ് കെ മാണിയെ അറസ്റ്റു ചെയ്തു നീക്കിയപ്പോള്‍ എന്തുകൊണ്ടാണ് പകരം ആരും നിരാഹാരം തുടരാതിരുന്നതെന്നും ജോസഫ് വിഭാഗം ചോദിക്കുന്നുണ്ട്. മാണിക്കു പകരം മന്ത്രിയെ വച്ചു റബര്‍ വിഷയത്തില്‍ പാര്‍ട്ടിക്കു തന്നെ ഇടപെടലുകള്‍ നടത്താമെങ്കിലും ഇതിനു തടയിട്ടു സമരത്തിനിറങ്ങിയ മാണിയുടെ നീക്കത്തിനെതിരേയും ജോസഫ് ഗ്രൂപ്പുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.

കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ അംഗമാകുകയും സര്‍ക്കാരിന്റെ നയങ്ങളെയെല്ലാം പിന്തുണയ്ക്കുകയും ചെയ്ത ജോസ് കെ മാണി നിയമ സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ നിരാഹാര സമരവുമായി രംഗത്തെത്തിയതിനെ കേരളാ കോണ്‍ഗ്രസ് അനുകൂലികളായ കര്‍ഷകര്‍ക്കു പോലും ന്യായീകരിക്കാനാവുന്നില്ല. കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പാലായില്‍പ്പോലും റബര്‍ പ്രതിസന്ധി വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തിരിഞ്ഞു കൊത്തുമോയെന്ന ഭീതിയും പാര്‍ട്ടിക്കിടയില്‍ വളര്‍ന്നിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കു പത്തു മാര്‍ക്കാണു നല്‍കുന്നതെങ്കില്‍ ജനം രാഷ്ട്രീയക്കാര്‍ക്കു നല്‍കുന്നത് അതിലും താഴെ മാര്‍ക്കാണെന്നത് അവര്‍ മറക്കുകയാണ്. ജോസ് കെ മാണിയുടെ പരിഹാസം ഏറ്റു വാങ്ങിയ സമരം കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് ഒരു പാഠമാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍