മണ്ഡലം കമ്മിറ്റികളെ കൊണ്ട് നടത്തിച്ച് വിജയിപ്പിച്ച തന്ത്രമാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റികളെ കൊണ്ട് നടത്തിക്കുന്നത്.
കേരളത്തിന് കേരള കോണ്‍ഗ്രസ് നല്‍കിയ സംഭാവന എന്തെന്ന് ചോദിച്ചാല്‍ കെ എം മാണിയെന്ന് പറയും ആ പാര്‍ട്ടിയുടെ ആരാധകര്‍. കെ എം മാണിയുടെ സംഭാവനയെന്തെന്ന് ചോദിച്ചാല്‍ അധ്വാന വര്‍ഗ സിദ്ധാന്തമെന്നാവും മറുപടി. അതെന്തെന്ന് ചോദിക്കാത്തിടത്തോളം ആ സിദ്ധാന്തമാവിഷ്ക്കരിച്ച മഹാ നേതാവിനെ വാഴ്ത്തുകയെന്ന കേരള കോണ്‍ഗ്രസുകാരന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും.
മാര്‍ക്‌സിസത്തിന് ബദലായി എഴുതിയ സംഗതിയാണ്. അങ്ങ് വിദേശത്ത് വരെ ചര്‍ച്ച ചെയ്തതാണെന്നൊക്കെ പല വിശേഷണങ്ങളോടെ മാണി സാറിന്റെ പാണ്ഡിത്യം മിഷണറി പ്രവര്‍ത്തകന്റെ ആത്മാര്‍ത്ഥതയോടെ കേരള കോണ്‍ഗ്രസിന്റെ പ്രാദേശികവും അല്ലാത്തതുമായ നേതാക്കള്‍ വാഴ്ത്തും. അക്കാലമൊക്കെ കഴിഞ്ഞു. മാണി സാര്‍ പോയി. പക്ഷെ സിദ്ധാന്തങ്ങളും അതിനനുസരിച്ചുള്ള പ്രയോഗങ്ങളും കേരള കോണ്‍ഗ്രസില്‍ അവസാനിക്കുന്നില്ല. കര്‍ഷകരുടെ സാമ്പത്തിക ശാസ്ത്രമാണ് അപ്പന്‍ മാണി പറഞ്ഞതെങ്കില്‍ പാര്‍ട്ടിയുടെ കീഴ് ഘടകങ്ങളെ എങ്ങനെ നയപരമായ തീരുമാനങ്ങള്‍, അല്ലെങ്കില്‍ പ്രധാനപ്പെട്ട സംഘടനാ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ളവരാക്കാം എന്നതിന്റെ പ്രായോഗിക മോഡലാണ് മകന്‍ മാണി ആവിഷ്‌ക്കരിക്കുന്നത്. ജനാധിപത്യത്തിനായുള്ള സാംസ്‌ക്കാരിക വിപ്ലവം!
ജനാധിപത്യ കേന്ദ്രീകരണ രീതിയിലുടെ കീഴ്ഘടകങ്ങള്‍ക്ക് പോലും വലിയ പങ്കാളിത്തം തീരുമാനങ്ങളെടുക്കുന്നതില്‍ നല്‍കുന്നുവെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പോലും ഇല്ലാത്ത ഒരു സവിശേഷ ആവിഷ്ക്കാരമാണ് ജോസ് കെ മാണി നടത്തിയത്, നടത്തികൊണ്ടിരിക്കുന്നത്. മേല്‍കമ്മിറ്റികളെ തിരുത്തിക്കുന്ന കീഴ് കമ്മിറ്റികള്‍. തലസ്ഥാനത്തെ ആക്രമിക്കുക എന്ന മാവോ സിദ്ധാന്തത്തിന്റെ പുതിയ ആവിഷ്ക്കാരമാണെന്ന് തോന്നുംവിധമാണ് ജോസ് കെ മാണി തന്റെ നൂതന സംഘടനാ തത്വം ആവിഷ്‌ക്കരിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ് ജോസ് കെ മാണി ഈ പ്രയോഗം ആദ്യം നടത്തിയത്. മാവോയെ പോലെ ജോസ് കെ മാണിയും തലസ്ഥാനത്തെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത് തന്റെ താല്‍പര്യ സംരക്ഷണത്തിനായിരുന്നു. മാവോയെ പോലെതന്നെ, ഇതൊക്കെ ജന നന്മയ്ക്കായി ചെയ്യുന്നതാണെന്ന് ആരും വിശ്വസിച്ചില്ലെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് അറിയാം. പി ജെ ജോസഫിന് കോട്ടയം ലോക്‌സഭ സീറ്റ് നല്‍കാതിരിക്കാന്‍ കാണിച്ച രീതിയിലൂടെയാണ് ഈ തന്ത്രം കേരളം ആദ്യം അറിഞ്ഞത്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി പോലും പി ജെ ജോസഫിന് അനുകൂലമായേക്കുമെന്ന ഘട്ടത്തിലാണ് പാര്‍ട്ടിയിലെ നിയോജക മണ്ഡലം കമ്മിറ്റികളെ ഉപയോഗിച്ച് തീരുമാനം അട്ടിമറിച്ചത്. അതായത് കോട്ടയത്ത് പിജെ ജോസഫ് മല്‍സരിക്കേണ്ടെന്ന തീരുമാനം പാര്‍ട്ടിയെ കൊണ്ട് എടുപ്പിക്കുന്നത് മണ്ഡലം കമ്മിറ്റികളാണ്. ഇങ്ങനെ മേല്‍ക്കമ്മിറ്റിയെ തിരുത്തിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന രീതിയില്‍ ഇടപെടാന്‍ കീഴ് കമ്മിറ്റികളെ സജ്ജരാക്കികൊണ്ടുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു ജോസ് കെ മാണി നടത്തിയത്. മാവോയുടെ കാലത്ത് ഗ്രാമങ്ങള്‍ നഗരത്തെ വളഞ്ഞെങ്കില്‍, ഇവിടെ മണ്ഡലം കമ്മിറ്റികള്‍ ഉന്നതാധികാര സമിതികളെ വളയുകയായിരുന്നു. അതുകൊണ്ടും നിന്നില്ല, ഇപ്പോള്‍ ജില്ലാ കമ്മിറ്റികളടെ ഊഴമാണ്.
ഈ പ്രയോഗത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ ജോസ് കെ മാണി ആവിഷ്‌ക്കരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാനും, പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനവും ആര്‍ക്കാകണം എന്നതാണ് ഇപ്പോഴത്തെ പാര്‍ട്ടിയിലെ ചര്‍ച്ച. ആ ചര്‍ച്ച നടക്കുമ്പോഴാണ് കീഴ് ഘടകങ്ങള്‍- ഇവിടെ ജില്ലാക്കമ്മിറ്റികള്‍- ഇടപെടുന്നത്. സി എഫ് തോമസ് പാര്‍ട്ടി ചെയര്‍മാന്‍ ആയേക്കുമെന്ന സൂചനയുണ്ടായതിനെ തുടര്‍ന്നാണ് കീഴ് ഘടകങ്ങള്‍ ഇടപെട്ടത്. എല്ലാറ്റിനും പിന്നില്‍ പി ജെ ജോസഫാണ്. മാണി കോണ്‍ഗ്രസിന്റെ രീതികളില്‍ നിന്നുള്ള ഒരു തിരുത്തല്‍ വാദവും അനുവദിക്കില്ലെന്ന് ഉറപ്പിച്ചാണ് ജില്ലാ നേതൃത്വങ്ങളുടെ മുന്‍കൈയിലുള്ള ‘സാംസ്‌ക്കാരിക വിപ്ലവം’! ജില്ലാ പ്രസിഡന്റുമാര്‍ നേരിട്ട് ചെന്ന് പാര്‍ട്ടി നേതൃത്വത്തോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. എന്തുകൊണ്ട് മാണി കുടുംബത്തില്‍നിന്ന് നേതൃസ്ഥാനം മാറരുതെന്ന്. ഇനി തീര്‍ച്ചയായും ജില്ലാ കമ്മിറ്റികളുടെ അഭിപ്രായത്തിന് അനുസരിച്ച് തീരുമാനം വരുമായിരിക്കും. ജനാധിപത്യം താഴെനിന്ന് മുകളിലേക്ക് വികസിപ്പിക്കുന്നതില്‍ വലിയ മാതൃകയാണ് ജോസ് കെ മാണി ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. താഴെ നിന്നുള്ള അട്ടിമറിയിലൂടെ അധികാരം ഉറപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ നേതാവുമായിരുക്കും ജോസ് കെ മാണി. ഹൈക്കാമന്റുകള്‍ കെട്ടിഇറക്കുന്ന മാതൃകകള്‍ മാത്രം കണ്ടുപരിചയിച്ച ഈ രാജ്യത്തെ ജനങ്ങള്‍ ജോസ് കെ മാണിയുടെ മാതൃകയെ അംഗീകരിക്കണം. കാരണം ഇതൊരു സാംസ്‌കാരിക വിപ്ലവമാണ്.