UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെരുവുനായ; വര്‍ക്കലയില്‍ ജോസ് മാവേലിയെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലീസിനെ നാട്ടുകാര്‍ തടഞ്ഞു

അഴിമുഖം പ്രതിനിധി

തെരുവുനായ്ക്കളെ കൊന്ന ജോസ് മാവേലിയെ അറസ്റ്റ് ചെയ്യുവാന്‍ വന്ന പോലീസിനെ നാട്ടുകാര്‍ തടഞ്ഞു. വര്‍ക്കലയില്‍ കൂട്ടത്തോടെ തെരുവു നായ്ക്കളെ കൊന്നുവെന്ന് ആരോപിച്ച് തെരുവുനായ ഉന്മൂലന സംഘത്തിന്‍െ നേതാവ് ജോസ് മാവേലിക്കെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യുവാനും നീക്കം നടന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രോഷാകുലരായി പോലീസിനെതിരെ രംഗത്തെത്തിയത്.

ഇന്നലെ വര്‍ക്കലയില്‍ വീട്ടില്‍ കിടന്നുറങ്ങിയ 90-കാരനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയും തുടര്‍ന്ന് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥനപ്രകാരം വര്‍ക്കലയില്‍ എത്തിയ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ 30-ഓളം തെരുവുനായ്ക്കളെ പിടികൂടുകയും കൊല്ലുകയും ചെയ്തു.

സംഭവ സ്ഥലത്തെത്തിയ പോലീസ്, ജോസ് മാവേലിയുള്‍പ്പടെയുള്ള കണ്ടാല്‍ അറിയുന്ന ഏതാനും പേരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ സംഘടിച്ചെത്തിയത്. ജോസ് മാവേലിയെ കൊണ്ടുപോവുകയാണെങ്കില്‍ തങ്ങളെയും കൊണ്ടുപോകണമെന്നാണ് വീട്ടമ്മമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം പറയുന്നത്.

‘കാറിലും വിമാനത്തിലും പോലീസ് അകമ്പടിയോടെ നടക്കുന്ന മനേക ഗാന്ധിക്കും മറ്റു മന്ത്രിമാര്‍ക്കും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാവില്ല. തെരുവുനായ്ക്കള്‍ മനുഷ്യരെ കൊന്നുതിന്നുകയാണ്.’ എന്ന് രോഷകുലരായ  ജനക്കൂട്ടം പറഞ്ഞു.  

അതേസമയം താന്‍ തെരുവുനായ്ക്കളെ കൊന്നിട്ടില്ലെന്നും, നായ്ക്കളെ പിടിക്കാന്‍ നാട്ടുകരെ സഹായിക്കുക മാത്രമെ ചെയ്തിരുന്നുള്ളൂവെന്നും ജോസ് മാവേലി പറയുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യ വര്‍ക്കലയിലെ നാട്ടുകാര്‍ ജോസ് മാവേലിക്കൊപ്പം നിന്ന് തെരുവുനായ്ക്കളെ കൊല്ലുമെന്ന ഉറച്ച നിലപാടിലാണ്.

തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്തെത്തിയതും വര്‍ക്കലയില്‍ ജനരോഷം വര്‍ദ്ധിപ്പിച്ചു. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നുമായിരുന്നു മനേകയുടെ പ്രസ്താവന. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണ്. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ ഇവരെ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മനേക ചോദിച്ചു.

ഇന്നലെ വര്‍ക്കല മുണ്ടയില്‍ ചുരുളവീട്ടില്‍ രാഘവനെന്ന 90-കാരന്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രാഘവന്റെ മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തില്‍ മുറിവേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട്ട് രണ്ടര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിളയില്‍ നേരത്തെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 

തെരുവുനായ ഉന്മൂലന സംഘം നിയമവിരുദ്ധമോ? സംഘടനയുടെ ചെയര്‍മാന്‍ ജോസ് മാവേലിക്ക് പറയാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍