UPDATES

സാംബ- 2014

ലോകകപ്പാണ്, പക്ഷേ ബ്രസീലില്‍ കളി വേറെയാണ്

Avatar

ജോഷ്വാ കീറ്റിംഗ് 
(സ്ലേറ്റ്)

 

വലിയ രാഷ്ട്രീയ മാറ്റങ്ങളുണ്ടാക്കുന്ന ഒന്ന്‍ എന്ന തരത്തിലുള്ള പ്രചരണത്തിനൊത്ത് ഒരിക്കലും ലോകകപ്പ് ഉയരാറില്ല. 2010-ല്‍ ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് അന്നത്തെ പ്രസിഡണ്ട് താബോ എംബകി പ്രവചിച്ചതുപോലെ “നൂറ്റാണ്ടുകളുടെ ദാരിദ്ര്യത്തെയും സംഘര്‍ഷത്തെയും മാറ്റിത്തീര്‍ക്കുമെന്ന” പ്രതീക്ഷ അസ്ഥാനത്താക്കി. 2002-ലെ ലോകകപ്പ് അവസാനിക്കുന്ന സമയത്ത് സംയുക്താതിഥ്യം വഹിച്ച തെക്കന്‍ കൊറിയയും ജപ്പാനും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയും ഏറെ നീണ്ടുനിന്നില്ല.

 

അതേസമയം ചെലവ്, സുരക്ഷ, അഴിമതി എന്നിവയെക്കുറിച്ചുള്ള പതിവ് ആശങ്കകളെല്ലാം ഉണ്ടെങ്കിലും ലോകകപ്പ് പോലുള്ള വന്‍പരിപാടികള്‍ ആതിഥേയ രാജ്യത്ത് ഉത്സാഹത്തോടും പ്രതീക്ഷയോടും ദേശാഭിമാനത്തോടുമാണ് സ്വീകരിക്കപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ ബ്രസീലിലെ ഇപ്പോളത്തെ പൊതുവികാരം ആശ്ചര്യജനകമാണ്.

 

 

ഒരു പുതിയ അഭിപ്രായ സര്‍വെ പ്രകാരം 61% ബ്രസീലുകാരും കരുതുന്നത് പൊതുസേവനങ്ങള്‍ക്കുള്ള പണം വഴിതിരിച്ചുകൊണ്ടുപോകും എന്നതിനാല്‍ ലോകകപ്പ് തങ്ങളുടെ രാജ്യത്ത് നടത്തുന്നത് ഒരു മോശം സംഗതിയാണെന്നാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നതിനാല്‍ അത് നല്ലതാണെന്ന് കരുതുന്നവര്‍ വെറും 34% മാത്രമാണ്. 39% പേരും കരുതുന്നത് ഇത് ബ്രസീലിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ മോശമായി ബാധിക്കും എന്നാണ്. 35% പേര്‍ മാത്രമേ മറിച്ച് ചിന്തിക്കുന്നുള്ളൂ.

 

ലോകകപ്പ് ചെലവുകളില്‍ പ്രതിഷേധിച്ച് പതിനായിരത്തിലേറെപ്പേര്‍ മെയ് മാസത്തില്‍ തെരുവിലിറങ്ങിയതിന് ശേഷമാണ് കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ ആഴ്ച ബ്രസീലിയയിലെ ദേശീയ മൈതാനത്തിലേക്ക് ജാഥ നടത്തിയ തദ്ദേശ ഗോത്രവിഭാഗങ്ങളടക്കമുള്ള നൂറുകണക്കിനു പ്രതിഷേധക്കാരെ പോലീസും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് സര്‍ക്കാര്‍ നേരിട്ടത്.

 

തീര്‍ച്ചയായും ഇത് പന്തുകളിയുടെ മാത്രം കാര്യമല്ല. മുന്നോട്ട് കുതിച്ചിരുന്ന ബ്രസീലിന്റെ സമ്പദ് രംഗം കഴിഞ്ഞ മൂന്നു വര്‍ഷമായി മാന്ദ്യത്തിന്റെ പിടിയിലാണ്. പണപ്പെരുപ്പവും സര്‍ക്കാരിന്റെ അഴിമതിയും വ്യാപകമായ ജനരോഷം വളര്‍ത്തിയിരിക്കുന്നു.

 

 

72% ആളുകളും ബ്രസീലിലെ ഇന്നത്തെ അവസ്ഥയില്‍ അസംതൃപ്തരാണെന്ന് ഇതേ അഭിപ്രായ സര്‍വ്വെ സൂചിപ്പിക്കുന്നു. പ്രസിഡണ്ട് ദില്‍മാ റൂസഫിന്റെ സ്വീകാര്യതയിലും ഇടിവ് വന്നിരിക്കുന്നു. ഭരണകാലയളവില്‍ മുഴുവനും വന്‍ ജനപിന്തുണ ഉണ്ടായിരുന്ന മുന്‍ഗാമി ലുല ഡിസില്‍വയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വിശേഷിച്ചും. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ എതിരാളികളെ ജനങ്ങള്‍ ഇതിലേറെ വെറുക്കുന്നു എന്നത് മാത്രമാണ് റൂസേഫിന്റെ ഏക ആശ്വാസം.

 

2007-ല്‍ ഫിഫ ലോകകപ്പ് ബ്രസീലിന് നല്‍കുമ്പോള്‍ വളരുന്ന സമ്പദ് വ്യവസ്ഥയിലും ആഗോള രംഗത്തെ പുത്തന്‍ശക്തിയിലും  അഭിരമിക്കുകയായിരുന്നു ബ്രസീല്‍. എന്നാല്‍ ഇപ്പോള്‍ കളി നടക്കുന്നതു തികച്ചും വ്യത്യസ്തമായ ഒരു സ്ഥലത്താണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍