UPDATES

വായന/സംസ്കാരം

ആധുനിക ഇന്ത്യയെ കണ്ടെത്തല്‍; യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഒരു പുസ്തകം

Avatar

ആധുനിക ഇന്ത്യ എന്താണ്? ഇന്ത്യന്‍ ഉദാരവത്ക്കരണം തുടങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായത്? ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം നാള്‍ക്ക് നാള്‍ വര്‍ധിച്ചു വരുന്നതിന്റെ കാരണങ്ങള്‍ എന്താണ്? അഴിമതി നിറഞ്ഞ വ്യവസ്ഥിതിയില്‍ പൊളിറ്റിക്കല്‍ ക്ലാസും ഇടനിലക്കാരും അധോലോക രാജാക്കന്മാരും കോര്‍പ്പറേറ്റ് ഹൌസുകളും എങ്ങനെ പരസ്പരം സഹായിക്കുന്നു… A Feast of Vultures: The Hidden Business of Democracy in India എന്ന പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഇവയൊക്കെയാണ്. അന്വേഷ്ണാത്മക പത്രപ്രവര്‍ത്തകനും ആദര്‍ശ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗയിംസ് അടക്കമുള്ള അഴിമതികള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത ജോസി ജോസഫിന്റെ ഈ പുസ്തകം പല ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെയും നേര്‍ക്കുനേര്‍ നിര്‍ത്തുന്നു. ഇപ്പോള്‍ ദി ഹിന്ദുവിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററാണ് ജോസി. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍ ഞങ്ങള്‍ അഴിമുഖം വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നു. 

 

കോര്‍പ്പറേറ്റ് – രാഷ്ട്രീയ ഇടനിലക്കാര്‍ മാധ്യമപ്രവര്‍ത്തരെ നിശബ്ദരാക്കുന്ന വിധം 

ഇന്ത്യയേയും അതിന്റെ സമ്പദ്‌വ്യവസ്ഥയേയുമൊക്കെ നയിക്കുന്ന വ്യക്തികള്‍ നടത്തുന്ന അമ്പരപ്പിക്കുന്ന ഇരട്ടത്താപ്പുകളെ, അതിനുള്ള വ്യക്തമായ തെളിവുകളടക്കം തുറന്നുകാട്ടാന്‍ നിങ്ങള്‍ ശ്രമിക്കുന്നുവെന്നിരിക്കട്ടെ, നിങ്ങളെ നിശബ്ദരാക്കാന്‍ വളരെ സമര്‍ഥമായ നീക്കങ്ങളായിരിക്കും അവര്‍ നടത്തുക. അതായത്, നമ്മള്‍ കണ്ടുപരിചയിച്ച, പരുക്കന്‍ രീതിയിലുള്ള ഭീഷണിപ്പെടുത്തലുകള്‍ മാത്രമല്ല അതിനുപയോഗിക്കുക.

 

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ റീട്ടെയില്‍ മാര്‍ക്കറ്റുകളിലൊന്നാണ് ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ്. അവിടെയുള്ള ഒരു കോഫീ ഷോപ്പിന്റെ ഒന്നാം നിലയില്‍ ഒരു മുന്‍ പത്രപ്രവര്‍ത്തകനുമായി എനിക്കൊരു കൂടിക്കാഴ്ചയുണ്ടായിരുന്നു. ശൈത്യകാല സൂര്യന്റെ കിരണങ്ങള്‍ ജനാലപ്പാളികളിലൂടെ തട്ടി അകത്തേക്ക് വരുന്നുണ്ടായിരുന്നു. വളരെ തെളിഞ്ഞ, ഉച്ചകഴിഞ്ഞുള്ള ഒരു ദിവസം. പക്ഷേ, അതൊന്നും തന്നെ എന്നെ കാണാനെത്തിയ വ്യക്തിക്ക് സ്വസ്ഥത നല്‍കുന്നുണ്ടായിരുന്നില്ല. അടുത്തകാലം വരെ ഒരു ഹിന്ദി ന്യൂസ് ചാനലില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീടാണ് മുംബൈ കേന്ദ്രമായുള്ള ഒരു വിവാദ കോടീശ്വരന്റെ വക്താവായി ജോലിയേറ്റെടുക്കുന്നത്, അതും വന്‍ ശമ്പളത്തില്‍.

 

ദേശീയ രാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. ഫെബ്രുവരിയിലെ ആ നല്ല കാലാവസ്ഥ പോലും അതില്‍ യാതൊരു മാറ്റവുമുണ്ടാക്കിയില്ല. വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലൈന്‍സ് (യു.പി.എ) നീങ്ങുന്ന സമയം. ഒരു വന്‍ വിവാദം കൂടി പൊട്ടിപ്പുറപ്പെട്ടു. 2011-ലായിരുന്നു ഇത്. സര്‍ക്കാരിന്റെ കാലാവധി തികയ്ക്കാന്‍ മൂന്നു വര്‍ഷം ബാക്കിയുണ്ടെങ്കിലും നിരാശയുടേതായ അന്തരീക്ഷമായിരുന്നു എങ്ങും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അഴിമതിക്കെതിരായ ജനരോഷത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന് വിവിധ നഗരങ്ങള്‍ സാക്ഷ്യം വഹിച്ചു.

 

ഇന്ത്യയുടെ വാണീജ്യ തലസ്ഥാനമെന്നറിയപ്പെടുന്ന മുംബൈയില്‍ നിന്ന് രണ്ടര മണിക്കൂര്‍ വിമാനയാത്രയും കഴിഞ്ഞ് അന്നു രാവിലെയാണ് ആ കോടീശ്വരന്റെ വക്താവ് എന്നെ കാണാനായി ഡല്‍ഹിയിലെത്തിയത്.

 

അതിന് ഏതാനും ദിവസം മുമ്പാണ് അയാളുടെ ബോസിന്റെ അഭിഭാഷകര്‍ എനിക്കും ഞാന്‍ ജോലി ചെയ്യുന്ന പത്രത്തിനും എതിരെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ നോട്ടീസ് അയച്ചത്. അയാള്‍ക്ക് അധോലോകവുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു കാരണം. ആ ലീഗല്‍ നോട്ടീസിന് ഞങ്ങള്‍ നല്‍കിയ മറുപടി, റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കാനുള്ള എല്ലാ തെളിവുകളും കൈവശമുണ്ടെന്നും അത് ഉചിതമായ നിയമ വൃത്തങ്ങള്‍ക്ക് കൈമാറുമെന്നുമായിരുന്നു.

 

അയാളുടെ ലീഗല്‍ നോട്ടീസില്‍ ഞങ്ങള്‍ പേടിക്കില്ലെന്ന് കണ്ടതോടെ് ഈ ബിസിനസ് രാജാവ് തന്ത്രം മാറ്റി. തുടര്‍ന്ന് തന്റെ ബോസിനു വേണ്ടി പി.ആര്‍ മാനേജര്‍ നിരവധി തവണ ക്ഷമാപണം നടത്തി. “അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. ശരിക്കും ലീഗല്‍ ടീമിനോട് ബോസ് പറഞ്ഞത് നോട്ടീസ് അയയ്ക്കരുത് എന്നായിരുന്നു” – ഇങ്ങനെ പോയി അയാളുടെ വിശദീകരണം.

 

 

എന്നാല്‍ അത് അബദ്ധത്തില്‍ അയച്ചതല്ല എന്ന് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമറിയാമായിരുന്നു. തങ്ങളെക്കുറിച്ച് വിമര്‍ശനപരമായി വരുന്ന വാര്‍ത്തകളെ ഇന്ത്യയിലെ പണക്കാരും പ്രശസ്തരുമൊക്കെ കൈകാര്യം ചെയ്യുന്ന പതിവ് രീതി തന്നെയായിരുന്നു അത്. കുറെയധികം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ വലിയ കോര്‍പറേറ്റുകളില്‍ നിന്നും വമ്പന്മാരില്‍ നിന്നുമൊക്കെയായി ഡസന്‍ കണക്കിന് നോട്ടീസുകള്‍ എനിക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികള്‍ നടത്തുന്ന വന്‍തോതിലുള്ള ക്രമക്കേടുകളെപ്പറ്റി പറയുന്ന ഒരു രഹസ്യ ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് അവയിലൊന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് ഒരു ബില്യണ്‍ ഡോളറാണ് (5000 കോടി രൂപ). ഒരു മുന്‍ ആര്‍മി ഓഫീസറാകട്ടെ, അദ്ദേഹത്തെക്കുറിച്ച് വിമര്‍ശനാത്മകമായി എപ്പോള്‍ എഴുതിയാലും അപ്പോഴൊക്കെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരുന്നു.

 

മുംബൈയിലെ കോണ്‍ഗ്രസ് നേതാവായ കൃപാശങ്കര്‍ സിംഗും ഇതുപോലെ മാനനഷ്ടത്തിന് നോട്ടീസ് അയയ്ക്കാന്‍ തിടുക്കം കാണിച്ചിരുന്ന വ്യക്തിയാണ്. പച്ചക്കറി കച്ചവടക്കാരനില്‍ നിന്നും കണ്ണുതുറക്കുന്ന വേഗതയില്‍ ശതകോടീശ്വരനായി മാറിയ സിംഗിന്റെ വളര്‍ച്ചയെക്കുറിച്ച് അന്വേഷണം നടക്കുന്ന സമയമായിരുന്നു അത്. അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളായിരുന്നു അദ്ദേഹത്തെ ചൊടിപ്പിച്ചത്. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അതീവ പ്രധാനപ്പെട്ട ഒരു യോഗത്തിന് അധ്യക്ഷത വഹിച്ചിരുന്നു ഒരു എം.പി യോഗത്തിനിടയ്ക്ക് സ്ഥലം വിട്ടതിനെ കുറിച്ച് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അവകാശങ്ങളെ ഞാന്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അത്തവണ നോട്ടീസ് ലഭിച്ചത്.

 

പൊലിപ്പിച്ചുണ്ടാക്കുന്ന ഇത്തരം കീര്‍ത്തികളെ സംരക്ഷിക്കുക എന്നതും ഇന്ന് വലിയൊരു വ്യവസായമായി മാറിയിരിക്കുന്നു.

 

ന്യൂസ് റൂമുകളില്‍ നിന്ന് തങ്ങള്‍ക്ക് പ്രതികൂലമായ വരാന്‍ സാധ്യതയുള്ള വാര്‍ത്തകളെ കുറിച്ച് ഇന്ത്യയിലെ വമ്പന്‍മാര്‍ക്കും പ്രശസ്തര്‍ക്കുമൊക്കെ മുന്നറിയിപ്പ് നല്‍കുന്ന പി.ആര്‍ ഉപദേഷ്ടാക്കള്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ മാനനഷ്ട നോട്ടീസുകള്‍ തയാറാക്കാന്‍ പ്രത്യേക അഭിഭാഷകരുണ്ട്, അതൊന്നും ഫലം കാണുന്നില്ലെങ്കില്‍ മറ്റു വഴികള്‍ക്കായി പ്രത്യേകം ആള്‍ക്കാരും. അങ്ങനെ തങ്ങളുടെ ക്ലൈന്റിനുണ്ടാകുന്ന ബുദ്ധിമുട്ടിനെ മുതലെടുക്കുന്നത് വഴി ഇവരുടെ കീശയും വീര്‍ക്കുന്നു.

 

ഒടുവില്‍ ഞങ്ങള്‍ ഇരുന്നു കഴിഞ്ഞതോടെ അയാള്‍ സംസാരിക്കാനാരംഭിച്ചു. ‘ബോസിന്റെ അധോലോക ബന്ധങ്ങളെ സംബന്ധിച്ച് കൂടുതല്‍ എഴുതരുതെന്നുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ഥന താങ്കളെ അറിയിക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. കാരണം, താങ്കളുടെ ലേഖനം മൂലം എഫ്.ഡി.ഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) സ്വരൂപിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന് വന്‍ തിരിച്ചടി നേരിട്ടു”. അവരുടെ കമ്പനി – രണ്ടാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്ക് നടത്താനുള്ള റേഡിയോ സ്‌പെക്ട്രവും ലൈസന്‍സും സ്വന്തമാക്കുന്നതിന് വളഞ്ഞ വഴി സ്വീകരിക്കുകയും അതിന്റെ പേരില്‍ അന്വേഷണവും നേരിടുന്ന – ഗള്‍ഫ് മേഖലയില്‍ നിന്ന് 3000 കോടി രൂപ സ്വരൂപിക്കാന്‍ അവര്‍ ലക്ഷ്യമിട്ടിരുന്ന സമയമായിരുന്നു അത്.

 

ആ നേരിയ തണുപ്പിലും അയാളുടെ നെറ്റി വിയര്‍ത്തിരുന്നു. പിന്നാലെ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അയാള്‍ പതുക്കെ പിറുപിറുത്തു: “താങ്കള്‍ക്ക് എന്താവശ്യമുണ്ടെങ്കിലും- കാര്‍, വീട്, എന്തു വേണമെങ്കിലും- അക്കാര്യം നോക്കിക്കൊള്ളാമെന്ന് താങ്കളെ അറിയിക്കാനാണ് ബോസ് പറഞ്ഞിട്ടുള്ളത്.”

 

കുറച്ചേറെ നിശബ്ദത. ഞാനത് മുറിക്കാന്‍ ഇഷ്ടപ്പെട്ടില്ല. കുറച്ചു കഴിഞ്ഞ് റോഡിന് മറുവശത്തുള്ള കൊളോണിയല്‍ മാതൃകയിലുള്ള ബംഗ്ലാവുകളൊന്ന് ചൂണ്ടിക്കാട്ടി ചോദിച്ചു: “നിങ്ങള്‍ പറയുന്നത് ആ വീടുകളിലൊന്ന് എന്നാണോ?”

 

ഇര കൊത്തിയെന്ന് തോന്നിയതോടെ അയാള്‍ ഉടന്‍ പ്രതികരിച്ചു: “എന്റെ ബോസിനെ വിലകുറച്ചു കാണരുത്. അദ്ദേഹത്തിന് എന്തും ചെയ്യാന്‍ പറ്റും”.

 

കോഫിയുടെ പൈസ ആരാണ് കൊടുത്തത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പക്ഷേ അധികം വൈകാതെ ഞാന്‍ ആ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

 

പക്ഷേ, ഡല്‍ഹിയില്‍ ഇത്തരം വിലപറച്ചിലുകള്‍ അധികം പേരെയൊന്നും അലോസരപ്പെടുത്താറില്ല.

 


ഡല്‍ഹിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഹര്‍ഷ് മാന്ദെറിനൊപ്പം ജോസി ജോസഫ് 

 

മറ്റൊരവസരത്തില്‍, ഹോട്ടല്‍ അശോകയില്‍ വച്ച് പ്രമുഖനായ ഒരഭിഭാഷകനുമായി എനിക്കൊരു കൂടിക്കാഴ്ചയുണ്ടായിരുന്നു. അവിടുത്തെ ജിംനേഷ്യത്തിലെ പതിവുകാര്‍ ഡല്‍ഹിയിലെ ഉന്നതരാണ്, ഗാന്ധി കുടുംബത്തില്‍ നിന്നുള്‍പ്പെടെ. ഡല്‍ഹിയിലെ ഈ ഉന്നതര്‍ക്കൊപ്പം ജിമ്മില്‍ സമയം ചെലവഴിക്കാനും അവരോട് അടുപ്പമുണ്ടാക്കിയെടുക്കാനും ഈ അഭിഭാഷകന്‍ കുറെയേറെ പണം ചെലവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കക്ഷിയായ ഒരു കമ്പനിക്ക് വേണ്ടിയായിരുന്നു ഞാനുമായുള്ള കൂടിക്കാഴ്ച. എതിരാളികളെ തകര്‍ക്കാന്‍ ഈ കമ്പനി പോലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് ഞാന്‍ അന്വേഷണം നടത്തിയിരുന്നു.

 

ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ കുടുംബത്തിന്റെ പിന്തുണയുള്ളതായിരുന്നു ആ കമ്പനി. കുഴല്‍പ്പണ ഇടപാടിന്റെയും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തികളുടേയും ആരോപണം പേറുന്നവര്‍. “താങ്കള്‍ ആ റിപ്പോര്‍ട്ട് എഴുതിയാല്‍ അവര്‍ തകരും. എന്നാല്‍ താങ്കളത് എഴുതാതിരുന്നാല്‍ താങ്കളും ഞാനും മാത്രമേ അതറിയൂ”. ഒപ്പം സ്‌റ്റോറി കൊടുക്കാതിരിക്കുന്നതിന് എനിക്കായി മൂന്നു കോടി രൂപയുടെ ഓഫറും. ഇതോടെ, എനിക്ക് പോകണമെന്ന് പറഞ്ഞ് എഴുന്നേറ്റപ്പോള്‍ അയാള്‍ അടുത്ത ഓഫര്‍ വച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയിലെ തലപ്പൊക്കമുള്ള പല ജഡ്ജിമാരേയും സ്ഥിരമായി ‘മാനേജ്’ ചെയ്യുന്നയാളാണ് താന്‍. എന്തുകൊണ്ടാണ് താങ്കള്‍ ഇത് സ്വീകരിക്കാത്തത്? ഇത്ര വലിയ അവസരം നഷ്ടപ്പെടുത്തേണ്ടതുണ്ടോ? അത്തവണ എനിക്കോര്‍മയുണ്ട്, ബില്‍ വരാന്‍ ഞാന്‍ കാത്തു നിന്നില്ല.

 

അടച്ചിട്ട വാതിലുകള്‍ക്കു പിന്നിലും ആഡംബര ഹോട്ടലുകളിലുമൊക്കെ നടക്കുന്ന കാര്യങ്ങളുടെ വ്യാപ്തി തുറന്നെഴുതുന്നതില്‍, ശരിക്കുമുള്ള ഇന്ത്യ എന്താണ് എന്ന് പറയുന്നതില്‍ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലായ്‌പ്പോഴും എനിക്ക് കഴിയാറില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഒരു ആധുനിക ദേശരാഷ്ട്രമെന്ന നിലയില്‍ യഥാര്‍ഥ ഇന്ത്യയെക്കുറിച്ച് ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. എത്രമാത്രം ശക്തമാണ് ഇവിടുത്തെ ജനാധിപത്യം? അതെത്ര മാത്രം സുതാര്യമാണ്? ഈ കാലങ്ങള്‍ക്കിടയ്ക്ക് ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ എത്രമാത്രം പക്വമായിട്ടുണ്ട്? സുതാര്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളും തെരഞ്ഞെടുപ്പുകളും ഇവിടുത്തെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ടോ? ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ തമ്മിലുള്ള വിടവ് എത്രത്തോളം ആഴത്തിലാണ്, അതോ അങ്ങനെയൊന്നില്ലേ? പൊളിറ്റിക്കല്‍ ക്ലാസിന്റെ കൃത്രിമത്വത്തെ വേണ്ട വിധത്തില്‍ നേരിടാന്‍ എന്തുകൊണ്ടാണ് മറ്റ് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്ക് കഴിയാതെ പോകുന്നത്? ഈ റിപ്പബ്ലികിനെ തകിടം മറിക്കാന്‍ എല്ലാവരും ചേര്‍ന്ന് വന്‍ ഗൂഡാലോചന നടക്കുന്നുണ്ടോ? അടിച്ചേല്‍പ്പക്കപ്പെട്ട നിയന്ത്രണങ്ങളോ ചായം പൂശലോ ഇല്ലാതെ, കായലരികത്തുള്ള എന്റെ ബാല്യകാല ഗ്രാമത്തെ വഞ്ചിക്കാതെ, സുഹൃത്തുക്കളെ ഒഴിവാക്കാതെ, പ്രൗഡഗംഭീരമായ ഈ തലസ്ഥാന നഗരത്തിന്റെ അത്ഭുതാവഹമായ പുറംമോടിയില്‍ മയങ്ങാതെ ആധുനിക ഇന്ത്യയെ വിലയിരുത്താന്‍ കഴിയുമോ, അതിനെക്കുറിച്ച് എഴുതാന്‍ കഴിയുമോ?

 

ഈ സ്വതന്ത്ര, പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ വിധി നിശ്ചയിക്കുന്ന നാഗരിക ഇന്ത്യയെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ ഇപ്പോഴും എഴുതപ്പെട്ടിട്ടില്ല, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതിനെ സ്വാധീനിച്ചും വളച്ചൊടിച്ചും ഓരോ വിഷയത്തിലും ജനങ്ങളുടെ ധാരണയെ നിയന്ത്രിക്കുന്ന, ഭരണഘടനയെ മുറുകെ പിടിക്കുന്നുവെന്ന് കരുതുന്ന അഭിഭാഷകര്‍, അവരവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കോഴയും ഭീഷണികളും, കാണേണ്ടവര്‍ എന്ന് കരുതപ്പെടുന്നവര്‍ക്ക് പങ്ക് എത്തിച്ചാല്‍ മാത്രം നടക്കുന്ന ബില്യണ്‍ ഡോളര്‍ ഇടപാടുകള്‍, കള്ളപ്പണം ശേഖരിക്കുകയും അതുപയോഗിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, കാശ് കൊടുത്താല്‍ വാര്‍ത്തകള്‍ വേണ്ട വിധത്തില്‍ വരികയും പെയ്ഡ് ന്യൂസ് ഒരംഗീകൃത ബിസിനസായി മാറുകയും ചെയ്യുന്ന സമയം, നിലവിലുള്ള വ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കുടപിടിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥവര്‍ഗം, വളര്‍ന്നു വരുന്ന ഈ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും ലാഭമുള്ള ബിസിനസായി അങ്ങനെ ഇടനിലക്കാരും അഴിമതിക്കാരും തഴച്ചുവളരുന്നു. എല്ലാം, എല്ലാവരേയും (ഒഴിച്ചു നിര്‍ത്താന്‍ വളരെക്കുറച്ചേയുള്ളു) വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് കൃത്യമായ ഇടനിലക്കാരനെ കണ്ടെത്തുകയും ആവശ്യമുള്ള കോഴ നല്‍കുകയും മാത്രമാണ്. സര്‍ക്കാര്‍ യന്ത്രങ്ങള്‍  ചലിക്കണമെങ്കില്‍ പോലും ആ വഴുവഴുത്ത ആ കോഴപ്പണം വേണ്ടി വരും.

 

(രാജ്യത്തെ പ്രമുഖ പ്രസിദ്ധീകരണശാലകള്‍ക്ക് പുറമെ ഓണ്‍ലൈനായും പുസ്തകം വാങ്ങാം: http://www.amazon.in/Feast-Vultures-Hidden-Business-Democracy/dp/9350297515?ie=UTF8&keywords=a feast of vultures&qid=1471755387&ref_=sr_1_1&s=books&sr=1-1)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍