UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തിന് രാജിവച്ചുവെന്ന് ആരേയും ബോധിപ്പിക്കേണ്ട ഒരുകാര്യവും നിങ്ങള്‍ക്കില്ല

Avatar

(അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റം; ആദര്‍ശമല്ല, വയറ്റിപ്പിഴപ്പാണ്എന്നു പറഞ്ഞാല്‍ എന്താണ് പ്രശ്നം? എന്ന ലേഖനത്തോടുള്ള പ്രതികരണമായി ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് പങ്കുവയ്ക്കുന്നു)

 

രാജിവയ്ക്കുന്ന ജേര്‍ണലിസ്റ്റ് തന്റെ രാജിയെ കുറിച്ച് ഫേസ് ബുക്കില്‍ എന്തെഴുതണം എന്നതിനെ കുറിച്ചും മറ്റാളുകള്‍ തീരുമാനമെടുക്കുന്നത് അതി സുന്ദരമായ കിണാശ്ശേരിയാണ്. അഴിമുഖത്തില്‍ ഇന്ദു എന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തക എഴുതിയ ലേഖനം വായിച്ചു. കുറ്റം പറച്ചിൽ സൈബര്‍ വേര്‍ഷന്റെ അതിഭയാനക രൂപം.

 

ഞാന്‍ 13 വര്‍ഷം ജോലി ചെയ്തിരുന്ന സ്ഥാപനം ഉപേക്ഷിച്ച് കൂടുതല്‍ ശമ്പളം കിട്ടുന്ന സാഹചര്യത്തില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറിയതാണ്. ആദ്യ സ്ഥാപനം മാതൃഭൂമി. രണ്ടാമത്തെ സ്ഥാപനം മീഡിയവണ്‍. മാതൃഭൂമിയില്‍ വേജ്‌ബോര്‍ഡിന് വേണ്ടിയുള്ള ചെറു പ്രതിഷേധങ്ങള്‍ മാനേജ്‌മെന്റിന്റെ മുന്നില്‍ കൊടിയ തെറ്റായി മാറിയ കാലമായിരുന്നു. മാതൃഭൂമിയിലെ ജേര്‍ണലിസ്റ്റുകളിലെ ഒരു വിഭാഗം മാനേജ്‌മെന്റിന് വേണ്ടി കളത്തിലിറങ്ങി കളിച്ച്, പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ധൈര്യപ്പെട്ടവരെ ഒക്കെ ഒറ്റുകൊടുക്കുകയും അങ്ങനെ പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥലം മാറ്റപ്പെടുകയും ചെയത കാലം. അങ്ങേയറ്റം ബംഗ്ലദേശ് അതിര്‍ത്തിയില്‍ അഗര്‍ത്തലയിലായിരുന്നു എനിക്ക് നറുക്കു വീണത്. മീഡിയവണ്ണിലേയ്ക്കുള്ള ക്ഷണം നേരത്തേ ഉണ്ടായിരുന്നത് കൊണ്ട്, മൂന്ന് നാല് മാസത്തെ അഗര്‍ത്തല സുഖവാസത്തിന് ശേഷം ഞാന്‍ രാജിവച്ച് മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫായി പോന്നു. മെച്ചപ്പെട്ട ശമ്പളം തന്നെയായിരുന്നു ആകര്‍ഷണം. ആ ക്ഷണം ഇല്ലായിരുന്നുവെങ്കില്‍ മാതൃഭൂമിയില്‍ തന്നെ തുടര്‍ന്നേനെ.

 

പലരും വിചാരിച്ചു, ഞാന്‍ രാജിവച്ചത് മാതൃഭൂമിയിലെ തൊഴിലാളി വിരുദ്ധതയില്‍ പ്രതിഷേധിച്ചാണെന്ന്. തിരുത്താനൊന്നും പോയില്ല. പ്രതിഷേധമൊക്കെ എനിക്കുമുണ്ടായിരുന്നു. പക്ഷേ, രാജിവച്ചത് മെച്ചപ്പെട്ട ജോലി കിട്ടിയതുകൊണ്ടാണെന്ന് മാത്രം. അത് പ്രതിഷേധത്തിന്റെ അക്കൗണ്ടില്‍ കിടക്കട്ടെ എന്ന് വിചാരിച്ചത് അത്തരത്തിലെങ്കിലും അവിടത്തെ തൊഴിലാളി വിരുദ്ധത പുറം ലോകം അറിയട്ടെ എന്ന് കരുതിയാണ്. അല്ലാതെ പ്രതിഷേധിച്ച് രാജിവച്ച് മഹാനാകാം എന്ന് കരുതിയിട്ടല്ല. സ്വകാര്യമേഖലയില്‍ തുടര്‍ന്നും ജോലി ചെയ്യാമെന്ന് കരുതുന്ന ആരും അത് ചെയ്യുകയുമില്ല. കാരണം ഒരു സ്ഥാപനത്തില്‍ നിന്ന് പ്രതിഷേധിച്ചിറങ്ങിയവര്‍ക്ക് ജോലി കൊടുക്കാന്‍ മാത്രം വിശാലമല്ല നമ്മുടെ സ്വകാര്യമാനേജ്‌മെന്റുകളുടെ മാനസികാവസ്ഥകള്‍.

 

രാജിവച്ചിറങ്ങുമ്പോള്‍ താന്‍ കഴിഞ്ഞ കുറച്ചുകാലം ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഒരു തൊഴില്‍ പ്രശ്‌നമുണ്ടെന്നും അത് താന്‍ കടന്നുപോയിട്ടുള്ള ഭൂതകാലത്തെ ഓര്‍മ്മിക്കുന്നത് കൊണ്ടുതന്നെ അത്യന്തം വേദനാജനകമാണെന്നും ഒരാള്‍ പറയുന്നത് അയാള്‍ക്കത് ശരിയാണ് എന്ന് തോന്നിയിട്ടാണ്. പല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പലതരം പ്രതിസന്ധികളിലൂടെ കടന്നുപോവുകയും ചെയ്തവര്‍ക്ക് മനസിലാകുമത്. മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കും മെച്ചപ്പെട്ട തൊഴിലന്തരീക്ഷത്തിനും വേണ്ടിയാണ് പുതിയ ജോലികളിലേയ്ക്ക് ആളുകള്‍ ചേക്കേറുന്നത്. അത് ലോകത്തെല്ലാവരും അങ്ങനെയാണ്. ജേര്‍ണലിസ്റ്റുകള്‍ മാത്രം അത് വിളിച്ച് പറയണം എന്നൊന്നുമില്ല. ഒരേ സ്ഥാപനത്തില്‍ തന്നെ വര്‍ഷങ്ങളോളം ജോലി ചെയ്യുന്നവര്‍ക്ക്, ആ സ്ഥാപനമെന്നത് ‘അന്നതാദാവാണ്’ എന്നൊക്കെ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പുറത്ത് പറയുന്നതും ചര്‍ച്ചചെയ്യുന്നതും ഇഷ്ടമുള്ള കാര്യമാകില്ല. അങ്ങനെ ചെയ്യുന്നവര്‍ അവരെ സംബന്ധിച്ച് വര്‍ഗ്ഗവഞ്ചകരാകും. പക്ഷേ, ശമ്പളം മുടങ്ങിയാല്‍, ഒരു സുപ്രഭാതത്തില്‍ പിരിച്ചു വിടപ്പെട്ടാല്‍ പെരുവഴിയിലാകുന്ന മനുഷ്യര്‍ക്ക്, അവരുടെ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് പ്രതിഷേധവും അലമുറയും മാത്രമേ മാര്‍ഗ്ഗമുള്ളൂ.

 

ഏതു തൊഴില്‍ സ്ഥാപനത്തിലാണെങ്കിലും മനുഷ്യനെന്ന നിലയിലുള്ള തന്റെ അടിസ്ഥാന രാഷ്ട്രീയത്തിന് മാറ്റമൊന്നുമുണ്ടാകില്ല എന്ന് ഒരാള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അതിന് അഭിവാദ്യമര്‍പ്പിക്കണം. അത് രാഷ്ട്രീയബോധ്യത്തോടെയുള്ള ഒരു നിലപാടാണ്. പുതിയ ജോലികളില്‍ പ്രവേശിക്കുന്നവര്‍ക്ക് അഭിവാദ്യങ്ങള്‍. എന്തിന് രാജിവച്ചുവെന്ന് ആരേയും ബോധിപ്പിക്കേണ്ട ഒരുകാര്യവും നിങ്ങള്‍ക്കില്ല.

 

ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്: https://www.facebook.com/sreejith.divakaran.50/posts/10210452937415188

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍