UPDATES

ട്രെന്‍ഡിങ്ങ്

വാര്‍ത്തയ്ക്കുവേണ്ടിയല്ല, സ്‌കൂള്‍ പൂട്ടാതിരിക്കാന്‍; മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് മാധ്യമപ്രവര്‍ത്തകന്‍

നാലാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ആകെ പഠിക്കുന്നത് 12 കുട്ടികളാണ്‌

കഴിഞ്ഞ ദിവസം കേരളം മുഴുവന്‍ ആഘോഷിച്ചത് യുവനേതാക്കളായ വിടി ബല്‍റാമും എംബി രാജേഷും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് മാതൃകയായതാണ്. എന്നാല്‍ കുട്ടികള്‍ കുറവായതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളില്‍ തന്റെ രണ്ട് മക്കളെയും ചേര്‍ത്ത് സ്‌കൂളിനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഈ മാധ്യമപ്രവര്‍ത്തകനോളം ആരാണ് മാതൃകയാകേണ്ടത്.

എഷ്യാനെറ്റ് ന്യൂസില്‍ സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായ സി കെ രാജീവനാണ് മാതൃകപരമായ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം പോങ്ങുംമൂട് ജിഎല്‍പി സ്‌കൂളിലാണ് ഇദ്ദേഹത്തിന്റെ മക്കളെ പഠിപ്പിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ ആകെ പഠിക്കുന്നതാകട്ടെ പന്ത്രണ്ട് കുട്ടികളും. മൂത്തമകള്‍ കിങ്ങിണിയെയാണ് ഇദ്ദേഹം ആദ്യം ഇവിടെ ചേര്‍ത്തത്. ഇന്നലെ മകന്‍ കിച്ചുവും ഇതേ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തി. കിച്ചുവുള്‍പ്പെടെ ഒന്നാം ക്ലാസിലുള്ളത് ആകെ മൂന്ന് കുട്ടികളാണ്. കിങ്ങിണി പഠിക്കുന്ന നാലാം ക്ലാസിലാകട്ടെ നാല് കുട്ടികളും.

കുട്ടികളെ ഈ സ്‌കൂളില്‍ ചേര്‍ത്തതിന്റെ പേരില്‍ തന്നെ പലരും വിമര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ തന്നെ അതൊന്നും ബാധിക്കുന്നില്ലെന്നുമാണ് രാജീവിന്റെ നിലപാട്. ഒരുകാലത്ത് നിറയെ കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്‌കൂള്‍ ഈ അവസ്ഥയിലായതിന് ഉത്തരവാദികള്‍ സമൂഹമല്ലാതെ മറ്റാരുമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹം ഇന്നല്ലെങ്കില്‍ നാളെ ആ തെറ്റ് തിരുത്തപ്പെടുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അത് വരെ ആ വിദ്യാലയം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സി കെ രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്കൂൾ തുറന്നു. മൂത്ത മകള്‍ കിങ്ങിണിയുടെ വഴിയേ കിച്ചുവും. അതേ സ്കൂളില്‍ (പോങ്ങുംമൂട് ജി എല്‍ പി സ്കൂളിൽ) ഒന്നാം ക്ലാസ്സില്‍ അവനേയും ചേര്‍ത്തു. അവനുൾപ്പടെ മൂന്ന് കുട്ടികൾ മാത്രം ഒന്നാം ക്ലാസ്സിൽ. ഉത്തര പഠിക്കുന്ന നാലാം ക്ലാസ്സിൽ നാല് കുട്ടികള്‍. സ്കൂളിൽ ആകെ 12 പേര്‍.

വിര്‍ശനങ്ങൾ ഏറുകയാണ്. അതാണ് ഈ കുറിപ്പ്. കുട്ടികളെ അണ്‍എയ്‍ഡഡ് വിദ്യാലയങ്ങളില്‍ വിട്ടുകൂടേ എന്ന് ചിലര്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളോടാണ് താല്‍പര്യമെങ്കില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ വിട്ടുകൂടേ എന്ന് മറ്റ് ചിലര്‍. കുറഞ്ഞ പക്ഷം കുട്ടികളുള്ള സര്‍ക്കാര്‍ വിദ്യാലത്തിലേങ്കിലും ചേര്‍ത്തുകൂടെ എന്ന് വേറെ ചിലര്‍.

എല്ലാവരോടും ഒന്നോ പറയാനുള്ളൂ. സര്‍ക്കാര്‍ സ്കൂളില്‍ കിട്ടുന്നതിനേക്കാള്‍ മികച്ചതൊന്നും നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്നില്ല. കിട്ടുന്നത് കുറച്ച് പകിട്ടുമാത്രം. പിന്നെ കുട്ടിയുടെ സ്വാതന്ത്ര്യമില്ലാതാക്കുന്ന പട്ടാളച്ചിട്ടയും. എന്‍റെ മക്കള്‍ക്ക് അതുവേണ്ട. പകിട്ടും പത്രാസും ഇല്ലാതെ സാധാരണ കുട്ടികളായി മാത്രം അവര്‍ന്നാല്‍ വളര്‍ന്നാല്‍ മതി. പിന്നെ ഭാവി. അവര്‍ക്ക് ശരിയെന്ന് തോന്നുന്നത് അവര്‍ തെരഞ്ഞെടുത്തോളും.

പിന്നെ സ്കൂളിലെ കുട്ടികളുടെ കാര്യം. പഴമക്കാരുടെ വാക്കുകളില്‍ നിറയെ കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം ഈ അവസ്ഥയില്‍ എത്തിയെങ്കില്‍ അതിനുത്തരവാദികള്‍ സമൂഹമല്ലാതെ മറ്റാരുമല്ല. ഇന്ന് അല്ലെങ്കില്‍ നാളെ ആ തെറ്റ് തിരുത്തപ്പെടുക തന്നെ ചെയ്യും. അത് വരെ ആ വിദ്യാലയം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

ഉപദേശക്കാര്‍ തല്‍ക്കാലം ക്ഷമിക്കുക….

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍