UPDATES

ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസ്; മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു പിഴയും തടവു ശിക്ഷയും

അഴിമുഖം പ്രതിനിധി

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് ആറു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഹുബള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധച്ചത്. രണ്ടു കേസുകളിലായാണ് ശിക്ഷ. അതേസമയം രണ്ടു കേസുകളിലും മേല്‍ കോടതിയില്‍ നിന്നും ഗൗരി ജാമ്യം നേടിയിട്ടുണ്ട്.

2008 ല്‍ കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ വ്യാജ സ്വര്‍ണം വില്‍ക്കുന്ന ഒരു റാക്കറ്റിനെ പിടികൂടിയിരുന്നു. ഈ സംഘത്തില്‍ ചില ബിജെപി നേതാക്കള്‍ ഉണ്ടെന്നതരത്തില്‍ വിവരം പുറത്തു വന്നിരുന്നെങ്കിലും പൊലീസിന് ആരെയും പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ ഗൗരി എഡിറ്ററായ കന്നഡ ടാബ്ലോയിഡില്‍ 2008 ജനുവരി 23 നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഈ സംഘത്തില്‍ ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, വെങ്കിടേഷ് മിസ്ട്രി, ഉമേഷ് ദുഷി, ശിവാനന്ദ് ഭട്ട് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് എഴുതിയിരുന്നു. ഇതിനെതിരേയാണ് തങ്ങളെ അപമാനിക്കുന്ന വാര്‍ത്ത എഴുതിയെന്ന പരാതിയുമായി ദര്‍വാഡ് എം പി കൂടിയായ പ്രഹ്ലാദ് ജോഷി, ഉമേഷ് ദുഷി എന്നിവര്‍ കോടതിയില്‍ കേസ് നല്‍കിയത്.

ഗൗരി ലിങ്കേഷ് എഴുതിയ വാര്‍ത്തയില്‍ ഒരടിസ്ഥാനവുമില്ലാതെയാണ് ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് കോടതിക്കു കണ്ടെത്താന്‍ കഴിഞ്ഞെന്നാണു പരാതിക്കാരുടെ അഭിഭാഷകന്‍ പറയുന്നത്. ജോഷിയും ഉമേഷും വേറെ വേറെ ആയാണ് ഗൗരിക്കെതിരേ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ജോഷിയുടെ പരാതിയില്‍ ഗൗരിക്ക് ആറു മാസത്തെ തടവും അയ്യായിരം രൂപ പിഴയും വിധിചപ്പോള്‍. ഉമേഷ് ദൂഷി നല്‍കിയ അപകീര്‍ത്തി കേസില്‍ അയ്യായിരം രൂപ പിഴ വിധിക്കുകയായിരുന്നു. ഇതില്‍ നാലായിരം രൂപ പരാതിക്കാരനു നല്‍കണം.

എന്നാല്‍ മേല്‍ക്കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ 25,000 രൂപയുടെ ബോണ്ടില്‍ ഗൗരിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രതികരണം ആരാഞ്ഞവരോട് ഗൗരിയുടെ മറുപടി; ‘ചിലര്‍ എന്നെ ഇരുമ്പഴിയുടെ പിന്നില്‍ കാണാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജാമ്യം കിട്ടിയതുകൊണ്ട് അങ്ങനെ സംഭവിച്ചില്ല’ എന്നായിരുന്നു. കീഴ്‌ക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും അവര്‍ പറഞ്ഞു.

നേരത്തെ ബിജെപി നേതാക്കള്‍ നല്‍കിയ കേസിനെതിരേ കര്‍ണാടക ഹൈക്കോടതിയില്‍ ഗൗരി ലങ്കേഷ് ഹര്‍ജി നല്‍കിയെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ കീഴ്‌ക്കോടതിക്കു നിര്‍ദേശം നല്‍കുകയാണ് ഹൈക്കോടതി ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍