UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസ് പിടികൂടിയ മാധ്യമപ്രവര്‍ത്തകനെ കാണ്മാനില്ല

അഴിമുഖം പ്രതിനിധി

ഛത്തീസ് ഗഢിലെ ബസ്തറില്‍ നിന്ന് പൊലീസ് പിടിച്ചു കൊണ്ടു പോയ മാധ്യമപ്രവര്‍ത്തകനെ കാണാനില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ദന്തേവാഡയിലെ പത്രിക എന്ന ദിനപത്രത്തിന്റെ ലേഖകനായ പ്രഭാത് സിംഗിനെയാണ് മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ മഫ്ടിയിലെത്തിയ പൊലീസ് പിടികൂടി കൊണ്ടു പോയത്. എന്നാല്‍ ഇതുവരേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുമില്ല ബന്ധുക്കള്‍ക്ക് അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് അറിയിച്ചിട്ടുമില്ല.

രാജസ്ഥാന്‍ പത്രിക ഗ്രൂപ്പിലെ ഹിന്ദി ദിനപത്രമാണ് പത്രിക. രണ്ട് മാസം മുമ്പ് ഇടിവി വാര്‍ത്ത ചാനലിനു വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഒന്നിലധികം മാധ്യമ സ്ഥാപനങ്ങള്‍ക്കു വേണ്ടി സ്ട്രിങ്ങര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഛത്തീസ്ഗഢില്‍ പതിവാണ്.

മാര്‍ച്ച് 19-ന് ഇടിവി പ്രഭാതിനെ പുറത്താക്കി കൊണ്ടുള്ള അറിപ്പ് നല്‍കി. എന്തുകൊണ്ടാണ് പുറത്താക്കുന്നതെന്ന് കത്തില്‍ പറഞ്ഞിട്ടില്ല. രണ്ടു ദിവസത്തിനുശേഷം പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു.

പ്രഭാതിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു വിവരവും തനിക്ക് അറിയില്ലെന്ന് ദന്തേവാഡയിലെ എസ് പിയായ ഗൊരഖ് നാഥ് ബഗേല്‍ പറയുന്നു. പ്രഭാതിനെ ബസ്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ബസ്തര്‍ പൊലീസ് ഇതേ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. ഇടിവി എഡിറ്റര്‍മാരും പ്രതികരിച്ചില്ല.

ബസ്തറിലും മറ്റും നടക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ മുമ്പ് പ്രഭാത് എഴുതിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ സാമൂഹ്യ പ്രവര്‍ത്തകയായ സോണി സോറിക്കും കുടുംബത്തിനും നേര്‍ക്കുണ്ടായ ആക്രമണങ്ങളും അദ്ദേഹം നിരന്തരമായി പിന്തുടര്‍ന്നിരുന്നു. ഇതൊക്കെ പ്രഭാതിനെ പൊലിസിന്റെ കണ്ണിലെ കരട് ആക്കിയിട്ടുണ്ടാകുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു.

സാമാജിക് എക്താ മഞ്ച് എന്ന സംഘടനയിലെ അംഗങ്ങള്‍ക്ക് എതിരെ മാര്‍ച്ച് ഒന്നിന് പ്രഭാത് പരാതി നല്‍കിയിരുന്നു. വാട്‌സ്അപ്പിലെ ഗ്രൂപ്പ് ചാറ്റില്‍ പ്രഭാതിനെ ഈ സംഘടനയിലെ അംഗങ്ങളായ മഹേഷ് റാവു, സുബ്ബ റാവു, ഫാറൂഖ് അലി എന്നിവര്‍ ദേശ വിരുദ്ധന്‍ എന്ന് വിളിക്കുകയും ബസ്തറിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് പരാതി സ്വീകരിച്ചത് മാര്‍ച്ച് ആറിന് മാത്രമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍