UPDATES

യാത്ര

കുന്നിന്‍ മീതെ, മഞ്ഞിനപ്പുറം… കുടജാദ്രിയിലേക്ക്

Avatar

ഷാഹിന കെ. റഫിഖ് 

ശരിക്കുമുള്ള യാത്ര തുടങ്ങുന്നതിന് എത്രയോ മുന്‍പേ പുറപ്പെട്ടു പോയ ഇടമാണ് കുടജാദ്രി. കേട്ട കാഴ്ചകള്‍ മനസ്സിനെ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു. പലതവണ പ്ലാന്‍ ചെയ്‌തെങ്കിലും നടക്കാതെ പോയ ഒരു യാത്ര. ‘എന്നെങ്കിലും…’ എന്ന പെട്ടിയില്‍ അതിനെ പൂട്ടിവച്ചു.

 

ഒരിക്കല്‍ ഞാനും വര്‍ഷയും സംസാരിക്കുന്നതിനിടയ്ക്കാണ് ഒന്നിച്ചൊരു യാത്ര എന്ന ആശയം വീണ്ടും പൊങ്ങി വരുന്നത്. പല ചര്‍ച്ചകള്‍ക്കൊടുവില്‍ ഞാനാണ് കുടജാദ്രി എന്ന ആഗ്രഹം പറയുന്നത്. വര്‍ഷയും ദാസനും അത് ഏറ്റെടുത്തു, അവര്‍ തന്നെ യാത്രയുടെയും താമസത്തിന്റെയും കാര്യങ്ങളും നോക്കിക്കോളാം എന്നു പറഞ്ഞു. ബൈന്ദൂര്‍ വഴിയുള്ള ദീര്‍ഘദൂര വണ്ടികളിലൊന്നിലും സീറ്റില്ല. തത്കാല്‍ കിട്ടിയാല്‍ പോവാമെന്നായി തീരുമാനം. എല്ലാം റെഡിയാക്കമെന്ന് ദാസന്റെ ഉറപ്പുണ്ടായിരുന്നെങ്കിലും ഇത് നടക്കുമോ എന്ന് എനിക്കത്ര ബോധ്യം ഇല്ലാത്തതു കൊണ്ട് ഞാന്‍ വീട്ടില്‍ പോലും വിവരം പറഞ്ഞില്ല. യാത്രയ്ക്ക് വേണ്ടി ഒരുങ്ങിയതുപോലുമില്ല. സബ് മിറ്റ് ചെയ്തു കഴിഞ്ഞ് ഒന്നരവര്‍ഷമായി യൂണിവേഴ്‌സിറ്റി അടയിരിക്കുന്ന എന്റെ തീസിസിനു ചെറിയ ഒരനക്കം സംഭവിക്കാം (ധാര്‍ഷ്ട്യത്തോടെ ആ കസേരയില്‍ ഇരുന്ന മാന്യദേഹം രാജിവച്ച ഉണര്‍വ്വില്‍) എന്ന പ്രതീക്ഷയില്‍ അതിനാവശ്യമായ എഴുത്തുകുത്തുകള്‍ക്കായി ഞാന്‍ നെട്ടോട്ടത്തിലായിരിക്കുമ്പോഴാണ് തത്കാല്‍ കിട്ടി എന്ന ദാസന്റെ വിളി വരുന്നത്. യാത്രയ്ക്ക് ഒരു ദിവസം! വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ഇല്ലായിരുന്നു. പോവുന്ന അന്ന് വൈകുന്നേരമാണ് പാക്കിംഗ് തുടങ്ങിയത് തന്നെ. രാത്രി 12.20-ന് ആണ് ട്രെയിന്‍. ജിഷ്ണുവിനെ വിവരമറിയിച്ചിരുന്നെങ്കിലും അവന്റെ അനക്കമൊന്നുമില്ല. ഒറീസയിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഡോക്യുമെന്ററി പിടുത്തം എന്ന് പറഞ്ഞു നടക്കുകയായിരുന്നു അവന്‍. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. അവന്റെ കാര്യമായതുകൊണ്ട് എത്തിയാല്‍ എത്തി എന്നു പറയാം! നിയതമായ വഴികളിലൂടെയൊന്നും സഞ്ചരിക്കാന്‍ കൂട്ടാക്കാത്ത ആളാണ് ജിഷ്ണു.

 

വര്‍ഷ, ജിഷ്ണു, നിതിന്‍ ദാസ് എന്ന ദാസന്‍- മൂന്നുപേരും എന്റെ വിദ്യാര്‍ഥികള്‍. കോളേജില്‍ നിന്ന് ജീവിതത്തിലേക്ക് കൂട്ട് വന്നവര്‍. വര്‍ഷയും ദാസനും ജോഡിയായിട്ടാണ് വന്നത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം മിന്നുകെട്ടാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നവര്‍. ഉച്ചതിരിഞ്ഞ് എപ്പോഴോ ജിഷ്ണു വിളിക്കുന്നു, ‘ഷാ ഞാന്‍ എത്തിയിട്ടുണ്ട്, എന്റെ വല്യമ്മ മരിച്ചു’ എന്നുപറഞ്ഞ്. അവന്‍ എത്തിക്കോളാം എന്നും അറിയിച്ചു. യാത്രയുടെ കാര്യത്തില്‍ ചില കണ്‍ഫ്യൂഷന്‍, മുരുടേശ്വര്‍ കൂടി പോവാം എന്നൊരു ആലോചന ഉണ്ടായിരുന്നു ആദ്യം. എല്ലാം കൂടെ നടക്കില്ല എന്നതുകൊണ്ട് അവസാനം കുടജാദ്രി മാത്രം മതിയെന്നുറപ്പിച്ചു. അപ്‌സരയില്‍ നിന്ന് സെക്കന്‍ഡ് ഷോ കഴിഞ്ഞ് സ്‌റ്റേഷനിലേക്ക് പോവാം എന്നും തീരുമാനമായി. കുഞ്ഞിരാമായണം കണ്ടു ബോറടിച്ച് ഇറങ്ങുമ്പോഴാണ് ജിഷ്ണു വരുന്നത്, വല്യമ്മയ്ക്ക് ഞാന്‍ യാത്ര പോവുന്നതൊക്കെ വല്യ ഇഷ്ടമായിരുന്നു, അതു കൊണ്ട് കുഴപ്പമില്ല എന്നു പറഞ്ഞ്! വണ്ടി വരാന്‍ പിന്നേയും സമയമുണ്ട്, വിശപ്പിന്റെ വിളി എന്ന് പറഞ്ഞ് ജിഷ്ണുവും ദാസനും മുന്‍പിലുള്ള ഹോട്ടലില്‍ കയറി. ഞാനും വര്‍ഷയും ഓരോ കട്ടന്‍ ചായയും അവര്‍ ബ്രോസ്റ്റും ഓര്‍ഡര്‍ ചെയ്തു.

ഓഖ എക്‌സ്പ്രസ്സ് കൊല്ലൂരില്‍ എത്തുമ്പോള്‍ 7 മണി. അവിടെ നിന്ന് ടാക്‌സി പിടിച്ച് മൂകാംബിക ക്ഷേത്രത്തിന് അടുത്തുതന്നെയുള്ള താമസ സ്ഥലത്ത് എത്തുമ്പോള്‍ രണ്ട് മണിക്ക് ശേഷമേ മുറി ഒഴിഞ്ഞു കിട്ടുകയുള്ളൂ എന്ന അറിയിപ്പ്. നേരെ മുരുടേശ്വര്‍ പോയി തിരിച്ച് ഉച്ചയ്ക്ക് വരാമെന്ന പ്ലാനില്‍ അങ്ങനെയായിരുന്നു മുറി ബുക്ക് ചെയ്തത്. പൊതുവായുള്ള കുളിമുറി ഉപയോഗിക്കാന്‍ അനുവാദം കിട്ടി. ഒരു തോര്‍ത്ത് പോലും തൂക്കിയിടാനുള്ള കൊളുത്തില്ലാത്ത കുളിമുറിയില്‍ നിന്ന് അഭ്യസിയെപ്പോലെ കുളിച്ചു കയറി. മൂകാംബികയില്‍ താമസം വളരെ ചീപ് ആണെന്ന് പറയാതെ വയ്യ. എ സി ഡബിള്‍ റൂമിന് 500 രൂപ മാത്രമാണ് വാടക! ഓരോ മസാല ദോശയും കഴിച്ച് അമ്പലത്തിലേക്ക്. മൂകാംബികയില്‍ കാലുകുത്തുമ്പോള്‍ അനുഭവപ്പെടുന്ന ശാന്തിയെക്കുറിച്ചും മനസ്സില്‍ നിറയുന്ന ഊര്‍ജ്ജത്തെക്കുറിച്ചുമൊക്കെ പ്രശസ്തരായ എഴുത്തുകാരുടെ കുറിപ്പുകള്‍ വായിച്ചതോര്‍ത്തു. ശാന്തത വഴിഞ്ഞൊഴുകുന്ന ഒരിടമായിരുന്നു മനസ്സില്‍. വഴിയുടെ ഇരുപുറവും ഭക്തി വില്ക്കുന്ന കടകള്‍, ബഹളങ്ങള്‍. നിവേദിക്കാന്‍ പൂക്കൂട വേണമെന്ന് വര്‍ഷ. അതും വാങ്ങി ചെല്ലുമ്പോള്‍ പൂക്കൂട അകത്തേക്ക് കയറ്റില്ല, കൗണ്ടറില്‍ കൊടുത്താല്‍ മതിയെന്ന നിര്‍ദേശം .

 

 

ചെരിപ്പിടാതെ കഷ്ടപ്പെട്ടുള്ള എന്റെ നടത്തം കണ്ടപ്പോള്‍ ജിഷ്ണുവിന്റെ കളിയാക്കല്‍, വീടിനകത്ത് പോലും ചെരിപ്പിടുന്ന ബൂര്‍ഷ്വാസിനിയുടെ കാലുകള്‍; ആ വൃത്തി കണ്ടാലറിയാം! കുളി പോലും ആര്‍ഭാടം ആണെന്നാണ് അവന്റെ പക്ഷം. അവധി ദിവസത്തിന്റെ തിരക്കിലമര്‍ന്നു മൂകാംബിക. വര്‍ഷയും ദാസനും ദര്‍ശനത്തിനുള്ള നീണ്ട ക്യുവില്‍ ഇടം പിടിച്ചപ്പോള്‍ ഞാനും ജിഷ്ണുവും അമ്പലം ചുറ്റി നടന്നു, ഫോട്ടോ എടുത്തു, ലഡ്ഡു വാങ്ങി, പുറത്ത് ചെറുതായി പൊടിയുന്ന മഴയിലേക്ക് മുഖം ചേര്‍ത്തു. പടികളിറങ്ങി സൗപര്‍ണികയിലെ തണുത്ത വെള്ളത്തില്‍ നിന്നപ്പോള്‍ കാലിനു ചുറ്റും മീനിരമ്പം. അവ ഇക്കിളി കൂട്ടി കൊത്താന്‍ തുടങ്ങി. അപ്പോഴാണ് നേരെ മുന്‍പിലെ കാഴ്ച കാണുന്നത്. അപ്പുറത്തെ ഹോട്ടലുകളില്‍ നിന്ന് പൈപ്പ് വഴി ഒഴുക്കി വിടുന്ന അഴുക്കുവെള്ളം വന്നു വീഴുന്നത് സൗപര്‍ണികയുടെ തണുത്ത പ്രശാന്തതയിലേക്ക്. സങ്കടകരമായ കാഴ്ച. അതോടെ ‘ഫിഷ് സ്പാ’ നിര്‍ത്തി പടവുകളിലേക്ക് കയറി നിന്നു, പടികളിറങ്ങി വരുന്ന ആളുകളെ നിരീക്ഷിച്ച്. ഭക്തിയോടെ ഇറങ്ങി വന്ന് സൗപര്‍ണികയിലെ വെള്ളത്തില്‍ മുഖം കഴുകി വെള്ളം തലയില്‍ തൂവുന്നവര്‍. ചിലരൊക്കെ അതിനു ശേഷം മുന്‍പിലെ കാഴ്ച കണ്ട് ഒന്നറച്ചു പോവുന്നത്. പച്ച പിടിച്ച് ഭംഗിയുള്ള ഒരു ഫ്രെയിം പോലെ നില്ക്കുന്ന മതിലിനു ചാരെ നിന്ന് ഫോട്ടോ എടുക്കുമ്പോഴാണ് താഴെ കിടക്കുന്ന ഡയറിയി താള്‍ ശ്രദ്ധയില്‍ പെട്ടത്. മഴയില്‍ കുതിര്‍ന്ന് ഇരുപുറവുമുള്ള അക്ഷരങ്ങള്‍ വായിച്ചെടുക്കാനാവാതെ കലങ്ങിപ്പോയ ഒരു താള്‍. അരുടെതാവും ആ കുറിപ്പ്? എല്ലാ സങ്കടങ്ങളും ഇറക്കി വയ്ക്കാന്‍ ദൈവത്തിനു മുന്‍പില്‍ വന്നു നിന്ന ആളിന്റെ? പറയാനുള്ളത് കുറിച്ചു വച്ചിട്ട് ഈ വെള്ളത്തിന്റെ മറുകരയിലേക്ക് പോയിട്ടുണ്ടാവുമോ അവന്‍ അല്ലെങ്കില്‍ അവള്‍? ഒരുപക്ഷേ പുതിയൊരു നിറവില്‍ തന്റെ കര്‍മ പഥങ്ങളിലേക്ക് തിരിച്ചു പോയിട്ടുണ്ടാവാം. ഉപേക്ഷിക്കാന്‍ എളുപ്പമല്ലല്ലോ ശരീരത്തിന്റെ അളവുകളില്‍ കൊത്തിത്തന്ന ഈ ജീവിതം.

 

 

ഊണ് കഴിഞ്ഞ് മുറി കിട്ടിയ ശേഷം ബാഗിന്റെ ഭാരം അവിടെ അഴിച്ചു വച്ച് ഞങ്ങള്‍ അത്യാവശ്യ സാധനങ്ങളും എടുത്ത് കുടജാദ്രിയിലേക്ക് പോവാനിറങ്ങി. ജീപ്പിലാണ് പിന്നീടുള്ള യാത്ര. ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് തന്നെ! നെറുകയില്‍ എത്തുമ്പോഴേക്കും നട്ടും ബോള്‍ട്ടും ശരീരത്തിന്റെ യഥാസ്ഥാനത്ത് ഉണ്ടോ എന്ന് സംശയം തോന്നാം. ഈ റോഡൊക്കെ വരുന്നതിനു മുന്‍പ് പത്ത് കിലോമീറ്ററില്‍ അധികം ദൂരം വരുന്ന ദുഷ്‌ക്കരമായ കയറ്റങ്ങള്‍ താണ്ടി മുകളിലേക്ക് നടന്നു കയറിയ മോഹന്‍ലാലിനെ കുറിച്ച് ജീപ്പ് ഡ്രൈവര്‍ ബെന്നി ആവേശത്തോടെ പറഞ്ഞു. ഈ ലാലേട്ടന്‍! ചെറുതായി തൂവുന്ന മഴയില്‍ നടന്നു പോവുന്ന ചെറുസംഘങ്ങളെ വഴിയില്‍ കണ്ടു.

 

 

ഡ്രൈവറുമായി ജിഷ്ണു ചങ്ങാത്തത്തിലായി, വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞ്. വഴിയില്‍ കാണുന്ന ഉയരം കുറഞ്ഞ ടൈപ്പ് പശുക്കുട്ടിയെ വീട്ടില്‍ കൊണ്ട് പോവണം എന്ന ആഗ്രഹം വരെ പറഞ്ഞ്. മാഡം വല്യ എഴുത്തുകാരിയാ, ടൈംസ് ഓഫ് ഇന്ത്യയിലാ എന്നൊക്കെ എനിക്കിട്ട് താങ്ങുന്ന ജിഷ്ണുവിനോടും ദാസനോടും ബെന്നി ചേട്ടന്‍ നിസംഗതയോടെ പറഞ്ഞു അയാളുടെ മകള്‍ ജേര്‍ണലിസത്തിനു പഠിക്കുകയാണെന്ന് ! അതോടെ അവര്‍ പ്ലിംഗ്.

 

വൈകുന്നേരമാണ് ഞങ്ങള്‍ മുകളിലെത്തുന്നത്. ഹോട്ടല്‍ മുറിയുടെ ചതുര വടിവില്‍ നിന്ന് വിട്ട് കോട മൂടുന്ന ഈ കുന്നിന്‍ മുകളില്‍ താമസിക്കാം എന്നതായിരുന്നു എന്റെ ആഗ്രഹം. വേറെ ആര്‍ക്കും അതിനോട് വല്യ അഭിപ്രായം ഇല്ലായിരുന്നെങ്കിലും എന്റെ ആഗ്രഹത്തിന് സമ്മതിച്ചു തന്നു. ബെന്നി ചേട്ടന്‍ ഞങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ആവതു ശ്രമിച്ചു, സൗകര്യങ്ങള്‍ കുറവായിരിക്കും, സ്ത്രീകളൊക്കെ ഉള്ളപ്പോള്‍ ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞ്. സര്‍വജ്ഞപീഠം കയറി വരുന്നത് വരെ കാത്തു നില്‍ക്കാം തിരിച്ചു പോവാന്‍ എന്നും കൂടി പറഞ്ഞെങ്കിലും ഞങ്ങള്‍ അവിടെ നില്‍ക്കാന്‍ തീരുമാനമായി. പിന്നെ അയാള്‍ തന്നെ അവിടെ അഡിഗയുടെ വീട്ടില്‍ പോയി സംസാരിച്ച് താമസം ഏര്‍പ്പാടാക്കി തന്നു. മരുമകള്‍ പ്രസവത്തിനു പോയത് കൊണ്ട് ഭക്ഷണം ഗസ്റ്റ് ഹൗസില്‍ പോയി കഴിക്കേണ്ടി വരും എന്ന് അവിടത്തെ അമ്മ പറഞ്ഞു, അവര്‍ക്ക് തനിയെ വയ്യ എന്നും.

 

 

തണുപ്പും മഞ്ഞും മൂടിയ ആ സെപ്റ്റംബര്‍ സായാഹ്നത്തില്‍ ഞങ്ങള്‍ സര്‍വജ്ഞ പീഠത്തിലേക്കുള്ള വഴികള്‍ താണ്ടാന്‍ തുടങ്ങി. ഇനിയുള്ള കാര്യങ്ങള്‍ വിവരിക്കുവാനുള്ള വാക്കുകള്‍ എന്റെ നിഘണ്ടുവിലില്ല. അനുഭവിച്ചറിയാന്‍ മാത്രം പറ്റുന്ന ഒന്ന്. പലര്‍ക്കും പലതാവാം അത്. ഞങ്ങള്‍ കയറി തുടങ്ങുമ്പോള്‍ ചെറുസംഘങ്ങളായി എല്ലാവരും തിരിച്ചുള്ള ഇറക്കത്തിലായിരുന്നു. ഇനിയെത്ര ദൂരം? ആ വളവിനപ്പുറത്ത് ? കയറ്റം കഴിഞ്ഞ്? ഇറങ്ങുന്നവര്‍ ഓരോ കണക്കുകള്‍ പറഞ്ഞു. ഇടയ്‌ക്കൊന്ന് മഴ ചാറി. അഗാധമായ താഴ്ചയിലേക്ക് അതിര്‍ത്തിയായി നില്‍ക്കുന്ന കുന്നിന്‍ അരികിലൂടെ നടക്കുമ്പോള്‍ കാല് തെന്നുമെന്ന ഭയമൊന്നുമില്ലായിരുന്നു മനസ്സില്‍. വല്ലാത്തൊരു ശാന്തത. മേഘങ്ങള്‍ കൈ നീട്ടിയാല്‍ തൊടാം എന്നതു പോല്‍ അത്രയും അടുത്ത് കാണപ്പെട്ടു. ചുറ്റിനും പച്ചയുടെ വിവിധ ഭാവങ്ങള്‍. ഇടയ്ക്ക് ഫോട്ടോ എടുക്കാനും വിശ്രമത്തിനുമായി കുഞ്ഞ് ഇടവേളകള്‍.

 

 

കയറിപ്പോവുന്ന വഴിയ്ക്ക് ഒരു മലയാളി ചായക്കട ഉള്ള കാര്യം പറഞ്ഞിരുന്നു. ഞങ്ങള്‍ താമസിച്ചതു കൊണ്ട് അത് അടച്ചു പോയിരുന്നു. കയറ്റം കയറുമ്പോള്‍ മുഖത്തടിക്കുന്ന തണുത്ത കാറ്റ് ശ്വാസത്തെ പിടിച്ചു വയ്ക്കും പോലെ. മരം പെയ്യുന്ന താളം ഇങ്ങനെ ഇതിനു മുന്‍പ് കേട്ടിട്ടില്ലായിരുന്നു. അല്പം നേരം മിണ്ടാതെ മിണ്ടാതെ നിന്ന് ഞങ്ങളാ പാട്ട് കേട്ടു. അതിനൊരു പ്രത്യേക താളമുണ്ട്, പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയുണ്ട്. മറ്റു ശബ്ദങ്ങളൊന്നുമില്ലാത്ത കുന്നിന്‍ ചെരുവില്‍ കാറ്റും വെള്ളവും ചേര്‍ന്നൊരു ജുഗല്‍ബന്ദി പോലെ. അവിടെ എനിക്കോ നിനക്കോ പ്രസക്തിയില്ല, നേടിയതും നഷ്ട്ടപ്പെട്ടതും എല്ലാം സമം. ഞാനെന്ന, നീയെന്ന നിസ്സാരത മാത്രം. ഇങ്ങനെയുള്ള ഇടങ്ങളിലും മനുഷ്യനു മാത്രം സാധ്യമാവുന്ന വൃത്തികേടുകള്‍. കുടിച്ച വെള്ളത്തിന്റെ കുപ്പികള്‍, പാക്കറ്റ് ഭക്ഷണത്തിന്റെ കവറുകള്‍, എന്നിങ്ങനെ. എങ്ങനെ മനസ്സ് വരുന്നു എന്ന് സങ്കടം തോന്നി. ജീപ്പില്‍ പുറപ്പെടുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞിരുന്നു പണ്ടൊക്കെ മുകളില്‍ ജീപ്പ് നിര്‍ത്തിയിടാന്‍ അനുവാദം ഉണ്ടായിരുന്നു, കസ്തൂരിരംഗന്‍ വന്നതോടെ അത് നിന്നു എന്ന്. നിങ്ങള്‍ നാളെയാണ് തിരിച്ചു വരുന്നതെങ്കില്‍ വീണ്ടും വണ്ടിയുമായി വരേണ്ടി വരും, അതിന് ഇത്ര തന്നെ പൈസ നാളെയും ആവുമെന്ന്. മനസ്സിലോര്‍ത്തു, കസ്തൂരിരംഗന്‍മാര്‍ ഇനിയും ഉണ്ടാവട്ടെ, ഈ റോഡു പോലും അനുവദിക്കരുതായിരുന്നെന്നും. ചില ഇടങ്ങളെങ്കിലും മനുഷ്യന്റെ കണ്‍വെട്ടത്തു നിന്ന് ഒളിപ്പിച്ചു വയ്‌ക്കേണ്ടതുണ്ട്.

 

ഇരുട്ട് വീണു തുടങ്ങുന്നുണ്ട്, ഇനി എത്ര ദൂരം എന്ന് ഒരു പിടിയുമില്ല. ജിഷ്ണു ഒറിസ്സയിലെ ഫൂല്‍മണിയെക്കുറിച്ചും അവളുണ്ടാക്കുന്ന നെല്ല് വാറ്റിയ കള്ളിനെക്കുറിച്ചുമൊക്കെ പറഞ്ഞ് നടത്തം സ്പീഡ് ആക്കുന്നുണ്ട്. വര്‍ഷയും ദാസനും എത്രയോ കാലങ്ങളായി ഒന്നിച്ചാണെന്ന മട്ടിലാണ്, അവര്‍ക്കിടയില്‍ പ്രണയത്തിന്റെ കുറുകലോ നാട്യങ്ങളോ ഇല്ല. അവരെയിങ്ങനെ ഒന്നിച്ചു കാണുന്നത് തന്നെ സന്തോഷമാണ്. അങ്ങനെ നടക്കുമ്പോള്‍ ആദിശങ്കരന്‍ മുപ്പത്തിരണ്ടു വര്‍ഷത്തെ ജീവിതത്തിനിടയില്‍ നടന്നു താണ്ടിയ വഴികളെക്കുറിച്ച് ഓര്‍ത്തു. അങ്ങ് ഹിമാലയം വരെ എത്തുന്നു അത്. കൂപമണ്ഡൂകങ്ങളായി ജീവിച്ചു മരിച്ചു പോവുന്ന നമുക്ക് ഗ്രഹിക്കാവുന്നതിലും അപ്പുറത്തെ പാതകള്‍ താണ്ടിയ ആള്‍. അദ്ദേഹം ധ്യാനനിരതനായിരുന്ന ഇടത്ത് ചെറിയൊരു കല്‍മണ്ഡപം. ഉള്ളില്‍ പ്രതിഷ്ഠ, ഒരരുകില്‍ അല്പം കുങ്കുമം. മഞ്ഞു തൂവുന്ന ആ സന്ധ്യയില്‍ ഞങ്ങള്‍ പിറകിലെ പാറയില്‍ ചെന്നിരുന്നു. ദുര്‍ഘടമായ വഴികള്‍ താണ്ടി ഇവിടെ വന്നിരിക്കുന്ന ഒരാള്‍ക്ക് ഏകാന്തതയില്‍ ആ പരമമായ ശക്തിയോട് സംവദിക്കാനാവും. അത്രമേല്‍ നിശബ്ദത പെയ്തിറങ്ങുന്ന ഒരിടം. അവിടെ ഞാനെന്ന അഹന്തയില്ല , നാളെ ഞാനില്ലാതായാല്‍ ഈ ലോകത്തിനെന്തു സംഭവിക്കും എന്ന സോപ്പു കുമിളയില്ല , എനിക്കും നിനക്കും എന്ന അകലമില്ല ശരീരത്തിനും ആത്മാവിനും ഇടയില്‍. അഹം ബ്രഹ്മാസ്മി! അവിടം വാക്കുകള്‍ക്ക് പ്രസക്തിയില്ല. നിശബ്ദതയിലാണ് ഏറ്റവും നല്ല സംവേദനം എന്നു പറയുന്നതെത്ര ശരി.

 

 

അവിടെയിരുന്ന് കഴിച്ച ഈന്തപ്പഴക്കുരു താഴേക്ക് എറിഞ്ഞു കൊണ്ട് ദാസന്‍ പറഞ്ഞു, നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇവിടെ കയറി വരുന്നവര്‍ താഴെ ഈന്തപ്പന കണ്ടാല്‍ അത് ഞാന്‍ എറിഞ്ഞ കുരുവില്‍ നിന്ന് ഉണ്ടായതാണെന്ന്. തെക്കോട്ടുള്ളത് എന്റേത്, വടക്കോട്ട് എന്റെ എന്നിങ്ങനെ ഓരോരുത്തര്‍ ഭാവിയിലേക്ക് മുള പൊട്ടാവുന്ന വിത്തുകള്‍ മണ്ണിന്റെ ഗര്‍ഭത്തിലേക്ക് നിക്ഷേപിച്ചു. ഇരുട്ട് പതിയെ വന്ന് മൂടി തുടങ്ങി. അവിടെ നിന്ന് എഴുന്നേല്‍ക്കാനോ തിരിച്ചിറങ്ങാനോ തോന്നിയില്ല. ആ ഒരു രാത്രി അവിടെ കഴിയണമെന്ന് തോന്നി. നിങ്ങള്‍ പെണ്ണുങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു ഇവിടെ നില്ക്കാന്‍ എന്ന് ആണ്‍ പ്രജകള്‍. ഒരു ദിവസത്തേക്കെങ്കിലും ആണ്‍ശരീരം കടം കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്തു അപ്പോള്‍. പക്ഷേ ഒന്നുണ്ട്, അവിടെ കണ്ടു വരുന്ന പുലി, കടുവ, ആന, മലമ്പാമ്പ് എന്നിവയ്ക്ക് ലിംഗവിവേചനം ഉണ്ടാവാന്‍ സാധ്യതയില്ല!

 

തിരിച്ചിറങ്ങുമ്പോഴേക്കും നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന്റെ മങ്ങിയ വെളിച്ചം മാത്രം. ‘അനുഭവത്തിന്റെ വെളിച്ചത്തില്‍’ നടക്കുക എന്നല്ലാതെ ഒന്നും ചെയ്യാനില്ല. ഞങ്ങള്‍ ചെന്നുകയറുമ്പോള്‍ മഴ നനയാതിരിക്കാന്‍ മണ്ഡപത്തില്‍ കയറി കിടന്നിരുന്ന പട്ടി ഒരു വഴികാട്ടിയെ പോലെ കൂടെ വന്നു. ആരോ ഞങ്ങളുടെ കൂടെയുണ്ടെന്നപോലൊരു ആശ്വാസം അപ്പോള്‍. ‘അവസാനം വന്നത് നമ്മളാണ്, അവസാനമായി ഇറങ്ങുന്നതും’ എന്നെഴുതണമെന്ന് ദാസന്‍. താഴെ, അഡിഗയുടെ വീടെത്തുംവരെ പട്ടി കൂടെ വന്നു. ഞങ്ങള്‍ കൊടുത്ത ബിസ്‌കറ്റ് കഴിച്ച് മുന്‍കാല്‍ നീട്ടി അവനൊരു നന്ദിയും രേഖപ്പെടുത്തി. വഴികാണിച്ചു കൂടെ വന്നതിനു മനസ്സു കൊണ്ട് അവനെയും പ്രണമിച്ചു. പിറ്റേന്ന് ഞങ്ങള്‍ തിരിച്ചു വരുന്നത് വരെ അവന്‍ കൂടെത്തന്നെ ഉണ്ടായിരുന്നു.

 

 

തിരിച്ച് എത്തിയപ്പോഴാണ് വിചാരിച്ചത്ര റൊമാന്റിക് അല്ല അവിടത്തെ താമസം എന്ന് മനസ്സിലായത്. എന്തൊക്കെയോ സാധനങ്ങള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ട മുറി. നിലത്ത് ഞങ്ങള്‍ക്ക് കിടക്കാനുള്ള കോസടി, കുറെ ബ്ലാങ്കറ്റുകളും, പല വലുപ്പത്തിലുള്ളത്, ചിലത് തുള വീണത്. പഴമയുടെ ഗന്ധം. വര്‍ഷയ്ക്ക് അലര്‍ജിയുടെ അസ്വസ്ഥതകള്‍. തുറന്ന സ്ഥലമാണ് കുളിമുറി, വീടിന്റെ പുറക് വശത്ത്, മേല്‍ക്കൂരയോ വാതിലോ ഒന്നുമില്ല. മേല്‍കഴുകാതെ ഉറക്കം വരില്ലാ എന്ന വിചാരങ്ങളൊക്കെ മാറ്റിവച്ചു അതോടെ. വീട്ടുകാരെ പരിചയപ്പെട്ടു, കന്നഡ ചേര്‍ന്ന മലയാളത്തില്‍ അഡിഗ ഞങ്ങളോട് കുറെ നേരം സംസാരിച്ചു. എം ടി യും അദ്ദേഹത്തിന്റെ അച്ഛനും തമ്മിലുണ്ടായിരുന്ന പരിചയത്തെ കുറിച്ച്, വാനപ്രസ്ഥം എന്ന കഥയെ കുറിച്ച്, അതിന്റെ ഷൂട്ടിങ്ങ് അവിടെ നടന്നത്, സുഹാസിനി താമസിച്ചിരുന്ന മുറിയിലാണ് ഞങ്ങള്‍ കിടക്കുന്നത് എന്നൊക്കെ. 11 മണി കഴിഞ്ഞാല്‍ അവിടെ കറന്റ് ഉണ്ടാവില്ല, ഇതു തന്നെ വെള്ളത്തില്‍ നിന്ന് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ആണ്. ഇത് കേട്ടതും കറന്റ് പോവുന്നതിനു മുന്‍പ് എല്ലാവരും ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടു. ഭക്ഷണം കുറച്ചു മാറിയുള്ള ഗസ്റ്റ് ഹൗസിലാണ്. സര്‍വജ്ഞപീഠം ഇറങ്ങി വന്നപ്പോഴേക്കും എല്ലാവര്‍ക്കും വിശക്കുന്നുമുണ്ടായിരുന്നു. ഞങ്ങള്‍ കഴിക്കാന്‍ ഇറങ്ങുമ്പോഴേക്കും ആര്‍ത്തലച്ചു മഴ പെയ്യാന്‍ തുടങ്ങി. കുറുക്കു വഴികളിലൂടെ കയറിയിറങ്ങി ഗസ്റ്റ് ഹൗസിലേക്ക് നടക്കുമ്പോള്‍ അട്ട കടിക്കുമെന്ന പേടിയും ഉണ്ടായിരുന്നു. (യാത്ര പുറപ്പെടും മുന്‍പ് ഒരു പ്ലാസ്റ്റിക് കവര്‍ നിറയെ ഉപ്പ് പൊതിഞ്ഞെടുത്തിരുന്നു, അഥവാ അട്ട കടിച്ചാല്‍ ഉപ്പ് കുടഞ്ഞാല്‍ മതി എന്ന കേട്ടറിവിന്റെ ബലത്തില്‍. പക്ഷേ അട്ടയുടെ കടിയേല്‍ക്കാന്‍ ജിഷ്ണുവിനു മാത്രമേ യോഗമുണ്ടായുള്ളൂ). രാത്രിയില്‍ ഗസ്റ്റ് ഹൗസും പരിസരവും ഒരു ഹൊറര്‍ ഫിലിമിന്റെ പ്രതീതി ഉളവാക്കി. വെള്ളനിറത്തില്‍ ജനല്‍പ്പാളിയില്‍ തൂങ്ങി കിടക്കുന്ന വലിയൊരു മോത്ത്. ലൈറ്റ് ഇല്ലാത്ത ബാത്ത്റൂം. അവിടെ തങ്ങുന്ന ചില യാത്രക്കാര്‍. സ്ത്രീകളായി ഞാനും വര്‍ഷയും മാത്രം. ചുറ്റിനും ഇരുട്ടും തണുപ്പും മഴയും ഉള്ള രാത്രി ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചു പോവുകയായിരുന്നു നല്ലതെന്ന് തോന്നി. വേഗം ഭക്ഷണം കഴിച്ചെന്നു വരുത്തി തിരിച്ചു പോന്നു.

 

ഒന്ന് പല്ല് തേക്കാന്‍ ഇറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ മഴ കനത്തു. രണ്ടു പുതപ്പിന് പോലും പ്രതിരോധിക്കാന്‍ ആവാത്ത തണുപ്പ്. കുന്നിറങ്ങുമ്പോള്‍ ഇരുട്ടില്‍ നീര്‍ച്ചാലില്‍ ചവിട്ടി എന്റെ ഷൂസും സോക്‌സും കുതിര്‍ന്നിരുന്നു , അതു കൊണ്ട് സോക്‌സിന്റെ തുണയും ഇല്ല തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍. കിടക്കാന്‍ നേരത്ത് അമ്മ വന്ന് ‘വാതില്‍ ചേര്‍ത്തടക്കണം ഇല്ലെങ്കില്‍ പാമ്പ് ഇഴഞ്ഞു കയറി വരും’ എന്ന് ‘ശുഭരാത്രി’ നേര്‍ന്നു പോയി! അതോടെ എന്റെ ഗ്യാസും പോയി. ഇതുപോലെ പേടിയുള്ള സംഗതി വേറെയില്ല. ശരിക്കും അടയാത്ത ഒരു വാതിലും! അനുഭവങ്ങള്‍ വേണമല്ലോ, എന്നാലല്ലേ എഴുതാന്‍ പറ്റൂ എന്ന് ബാക്കിയുള്ളവര്‍ ശവത്തില്‍ കുത്താന്‍ തുടങ്ങി. വെറുതെ കിടക്കുന്ന എ സി റൂമിനെക്കുറിച്ചും അവര്‍ ഇടയ്ക്കിടയ്ക്ക്ഓര്‍മിപ്പിച്ചു! ഓരോരോ തമാശകളില്‍ ചിരിച്ചു ചിരിച്ച് വയര്‍ കൂച്ചുമ്പോഴും പേടിയുടെ ഒരിഴച്ചില്‍ ബാക്കി നിന്നു. 11 മണി ആയതോടെ കറന്റ് പോയി. ജനല്‍പ്പടിയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കിലെ എണ്ണ തീര്‍ന്ന് അതും കെട്ടു. തണുപ്പില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ എന്തോ വീഴുന്ന ശബ്ദം കേട്ടു. മച്ചില്‍ നിന്ന് പാമ്പായിരിക്കും വീണത് എന്നു ഞാന്‍ ഉറപ്പിച്ചു! ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിക്കുന്ന സ്വപ്നത്തിലേക്ക് ഉറക്കം.

 

5 മണിക്ക് അലാറം വച്ചായിരുന്നു കിടന്നത്, 6 മണിയോടെ താഴേക്ക് നടന്നിറങ്ങാം എന്ന പ്ലാനില്‍. അലാറം കേട്ടുണരുമ്പോള്‍ മുറിയിലും പുറത്തും നല്ല ഇരുട്ടാണ്. 7 മണി കഴിഞ്ഞേ ഉറക്കമുണരൂ, നിങ്ങള്‍ പോവുമ്പോള്‍ വാതില്‍ ചാരിയിട്ടു പോവണം എന്ന് അഡിഗ പറഞ്ഞതിന്റെ സാംഗത്യം മനസ്സിലായി. പുറത്ത് മഴ തിമിര്‍ക്കുന്ന ശബ്ദം മാത്രം. നടക്കാനുള്ള പ്ലാന്‍ അതോടെ ഉപേക്ഷിച്ചു. തണുപ്പില്‍ കുറച്ചു കൂടി ചുരുണ്ടു കൂടിയുറങ്ങാം എന്ന സന്തോഷത്തില്‍ എല്ലാവരും വീണ്ടും പുതപ്പിനുള്ളിലേക്ക്. വെളിച്ചം വീണു തുടങ്ങിയപ്പോള്‍ പല്ല് തേക്കാന്‍ ഇറങ്ങിയത് മഴയില്‍ നനഞ്ഞ രോമങ്ങളോടെ ചുമര് പറ്റി വിറച്ച് കിടക്കുന്ന പട്ടിയുടെ മുന്‍പിലേക്കായിരുന്നു. ബാക്കിയുള്ള ബിസ്‌കറ്റ് അവനെടുത്തു കൊടുത്തു വര്‍ഷ. ഞങ്ങള്‍ക്ക് അമ്മയുടെ ചൂട് കാപ്പി. അതും കുടിച്ച് ഞങ്ങള്‍ റെഡിയായി. തിരിച്ചിറങ്ങാന്‍ ജീപ്പിനു വേണ്ടി കുറെ ഫോണ്‍ വിളികള്‍ വേണ്ടി വന്നു. അവസാനം ബെന്നി ചേട്ടന്‍ തന്നെ വന്നു. അഡിഗ മുകളിലെ ഏതോ ഉറവയില്‍ നിന്ന് ചെമ്പ് കുടത്തില്‍ വെള്ളം നിറച്ച് കുടുംബ ക്ഷേത്രത്തിലേക്ക് പൂജയ്ക്കായി പോവുന്നത് കണ്ടു. മൂത്ത ആളായതു കൊണ്ട് അമ്പലത്തിന്റെ ചുമതല അദ്ദേഹത്തിനാണ്, അനിയന്‍ ജോലിയായി ബാംഗ്ലൂര്‍ ആണെന്ന് പറഞ്ഞു.

തിരിച്ചിറങ്ങുമ്പോള്‍ വഴിയില്‍ ഫോട്ടോ എടുക്കാനായി നിര്‍ത്തുമ്പോഴൊക്കെ അധിക സമയം നിന്നാല്‍ വണ്ടി മിസ്സ് ആവും എന്ന് ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ച് ബൈക്ക് ഓടിച്ചു പോവുന്ന ഒരാളെ കണ്ടു വഴിയില്‍ വച്ച്. നല്ല രസികന്‍ യാത്ര എന്നോര്‍ത്തു അപ്പോള്‍.

 

 

തിരിച്ചു മുറിയിലെത്തി ധൃതിയില്‍ കുളിയും ഭക്ഷണവും കഴിഞ്ഞ് ബൈന്തൂര്‍ സ്‌റ്റേഷനിലേക്ക്. റെയില്‍വേ സ്‌റ്റേഷനില്‍ നിലത്ത് ബെഡ് ഷീറ്റ് ഒക്കെ വിരിച്ച് കാത്തിരിക്കുന്ന യാത്രക്കാര്‍. ആദ്യം അയ്യേ എന്നൊക്കെ പറഞ്ഞെങ്കിലും നിന്നു നിന്നു കാല്‍ കഴച്ചപ്പോള്‍ ഞങ്ങളും ബെഡ് ഷീറ്റ് പുറത്തെടുത്തു!

 

ഇനി മടക്കയാത്രയാണ്. സന്തോഷത്തേക്കാളേറെ ഏതോ പേരറിയാത്ത വിഷാദമാണ് മനസ്സിലപ്പോള്‍ നിറഞ്ഞത്. തിരിച്ചു വരണം ഒരിക്കല്‍ കൂടി; ഒരു പക്ഷേ തനിച്ച്!

 

(പ്രമുഖ ചലച്ചിത്ര നിരൂപകയും കഥാകൃത്തുമാണ് ഷാഹിന) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍