UPDATES

സയന്‍സ്/ടെക്നോളജി

ചൊവ്വ യാത്രയ്ക്ക് തയ്യാറെടുത്ത് ജസീക്ക മീര്‍

Avatar

സാറ കപ്ലാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ ഡിസംബര്‍ 5ന് നാസ അവരുടെ ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ യാത്ര വിജയകരമായി നടത്തി. അടുത്ത 15-20 വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യരെ വഹിച്ച് പറക്കേണ്ട പേടകമാണിത്.

അതൊരു പക്ഷെ വലിയ ഒരു കാലയളവായി തോന്നിയേക്കാം. എന്നാല്‍ ആയിരക്കണക്കിന് ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ബഹിരാകാശ യാത്രികരും കാര്യനിര്‍വഹകരും ഒക്കെ ചേര്‍ന്ന ബൃഹത്തായ ഒരു പ്രോജക്റ്റാണിതെന്നോര്‍ക്കണം. ജസീക്ക മീര്‍അവരില്‍ ഒരാളാണ്. 

മീറിന് അഞ്ച് വയസ്സുള്ളപ്പോള്‍ ടീച്ചര്‍ അവളോട് ഭാവിയിലെന്താകണമെന്നാഗ്രഹിക്കുന്നോ അത് വരയ്ക്കാന്‍ ആവശ്യപ്പെട്ടു.

അവള്‍ വരച്ചത് ഏതാണ്ടൊക്കെ പോലെ തന്നെ, ഒരു ബഹിരാകാശ യാത്രികയായി അവളിന്ന് തീര്‍ന്നിരിക്കുന്നു.

ടെക്‌സാസിലെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററിലെ നാസയുടെ ഒരു ബഹിരാകാശ ഉദ്യോഗാര്‍ഥിയാണ് മീര്‍. 2013 ജൂണില്‍ 6000ലധികം വരുന്ന ഒരു ഗ്രൂപ്പില്‍ നിന്നും ബഹിരാകാശ യാത്രയ്ക്കായുള്ള അതി കഠിന പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ട എട്ട് പേരില്‍ ഒരാളാണവള്‍. 

മീറിനെ സംബന്ധിച്ചിടത്തോളം ഓറിയോണിന്റെ ഡിസംബറിലെ (അവളുടെ രണ്ട് വര്‍ഷ ട്രെയിനിംഗിന്റെ അവസാന ഘട്ടത്തില്‍) വിജയകരമായ പരീക്ഷണം ഭാവിയിന്‍ വരാന്‍ പോകുന്ന നല്ല കാര്യങ്ങള്‍ക്കുള്ള തുടക്കമാണ്.

‘ഞങ്ങളുടെ ക്ലാസിലെ ആളുകള്‍ക്ക് ആദ്യ യാത്ര ഈ വാഹനത്തിലായേക്കാമെന്നത് കാര്യങള്‍ക്ക് കൂടുതല്‍ യാഥാര്‍ഥ്യ ബോധമേകുന്നു,’ ഹൂസ്റ്റണില്‍ നിന്നുള്ള ഒരു ഫോണ്‍ സംഭാഷണത്തില്‍ അവര്‍ പറഞ്ഞു. ‘അതു കൊണ്ട് തന്നെ ഈ യാത്ര ഞങ്ങള്‍ക്ക് ആവേശമേകുന്ന കാഴ്ചയായിരുന്നു.’

മറ്റ് വിദ്യാര്‍ഥികളെ പോലെ മീര്‍ ഫിസിക്‌സിലോ എഞ്ചിനീയറിംഗിലോ അല്ല സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അവരൊരു ബയോളജിസ്റ്റാണ്. അതായത് ജീവജാലങ്ങള്‍ അതി കഠിനമായ സാഹചര്യങ്ങളില്‍ എങ്ങനെ അതിജീവിക്കുന്നുവെന്നാണ് മീര്‍ പഠിക്കുന്നത്. അവര്‍ അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകള്‍ ഓക്‌സിജനില്ലാതെ എങ്ങനെ നീന്തുന്നു എന്നറിയാന്‍ സ്‌കൂബ ഡൈവിംഗ് നടത്തിയിട്ടുണ്ട്, ഹിമാലയന്‍ പക്ഷികള്‍ അത്രയും ഉയരത്തില്‍ പറക്കുന്നതെങ്ങിനെയെന്നറിയാന്‍ അവിടെയും പ്രവര്‍ത്തിച്ചിരിക്കുന്നു.

ഇപ്പോള്‍ മീര്‍ പഠിക്കുന്നത് മറ്റൊരു ജീവിയുടെ അതിജീവനത്തെ പറ്റിയാണ്, ബഹിരാകാശത്തെ മനുഷ്യന്‍. വെള്ളത്തിനടിയില്‍ പെന്‍ഗ്വിനുകള്‍ എന്ന പോലെ അവര്‍ക്കും കൂട്ടുകാര്‍ക്കും ഭൂമിയില്‍ നിന്ന് ദൂരത്ത് അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടിയിരിക്കുന്നു.

ഈ ജോലിയോടനുബന്ധിച്ചുള്ള മാനസികവും ശാരീരികവുമായ വെല്ലുവിളികളെ ഉറ്റുനോക്കുകയാണ് മീര്‍.

‘നിങ്ങളീ ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും ഒപ്പം പഠിക്കുയും ചെയ്യുമ്പോള്‍ തന്നെ നിങ്ങളുടെ ശരീരത്തെയും ശക്തിയെയും പരീക്ഷിക്കുക കൂടെയാണ് ചെയ്യുന്നത്,’ അവര്‍ പറഞ്ഞു.

പക്ഷെ അവര്‍ക്ക് കൂട്ടാളികള്‍ക്കും ബഹിരാകാശത്തെത്തുന്നതിനു മുന്‍പ് ഒരു പാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടിയിരിക്കുന്നു. അവരുടെ രണ്ട് വര്‍ഷ പരിശീലന കാലയളവില്‍ എല്ലാ ദിവസവും ‘ന്യൂട്രല്‍ബോയന്‍സി’ ലാബില്‍ ഗ്രാവിറ്റിയില്ലാതെ നടക്കുന്നതും, എഞ്ചിനീയറിംഗ് പാഠങ്ങളും, ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷനിലെ റഷ്യന്‍ യാത്രികരുമായി സംവദിക്കാനുള്ള ഭാഷാ പാഠങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. ഒപ്പം തന്നെ മീര്‍ ജെറ്റ് വിമാനങ്ങള്‍ പറത്താനും പഠിക്കുന്നുണ്ട്. ‘അതുല്യം’ എന്നാണവരതിനെ വിശേഷിപ്പിക്കുന്നത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘മറ്റ് പല ട്രെയിനിംഗ് സാഹചര്യങ്ങളും കൃത്രിമമാണ്, ന്യൂട്രല്‍ ബോയന്‍സി ലാബ് പോലെ,’ മീര്‍ പറഞ്ഞു. ‘എന്നാല്‍ ഒരു ജെറ്റ് പറപ്പിക്കുക എന്നത് യാഥാര്‍ഥ്യമാണ്.’
മീറിനോ സഹപ്രവര്‍ത്തകര്‍ക്കോ അവരുടെ ആദ്യ ദൗത്യമെന്നായിരിക്കുമെന്നറിയില്ല. അവരായിരിക്കുമോ ഓറിയോണ്‍ ആദ്യമായി നിയന്ത്രിക്കുക എന്നുമവര്‍ക്കുറപ്പില്ല. എന്നിരുന്നാലും സ്വന്തം പ്രവൃത്തി മറ്റ് ബഹിരാകാശയാത്രികര്‍ക്ക് സഹായകമായേക്കാമെന്ന ചിന്ത തന്നെ വളരെയധികം ആവേശഭരിതയാക്കുന്നുവെന്ന് അവര്‍ പറയുന്നു. ഒരു ബയോളജിസ്റ്റ് എന്ന നിലയ്ക്ക് ചൊവ്വയിലെ സാഹചര്യങ്ങള്‍ എങ്ങനെയൊക്കെ ഭൂമിയിലെ ജീവനെക്കുറിച്ച് പഠിപ്പിക്കുമെന്നറിയാന്‍ അവര്‍ക്ക് അതിയായ താല്പര്യമുണ്ട്.

‘ചൊവ്വ മനുഷ്യരുടെ ചിന്തകളെയും ഭാവനയെയും ദ്യോതിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു, എല്ലാവരും നോക്കിയിരുന്ന ഒരു ഗ്രഹമാണത്,’ അവര്‍ പറയുന്നു. ‘അതവിടെയുണ്ട് എന്നതാണ് ഞങ്ങള്‍ ചെയ്യുന്നതിനൊക്കെയും പ്രേരണ.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍