UPDATES

സിനിമാ വാര്‍ത്തകള്‍

സ്ത്രീ പീഡകര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുന്ന വക്കീലന്മാരോട് ജോയ് മാത്യു; ‘മനസ്സാക്ഷിക്കുത്ത്‌’ വേണം

പണത്തിന്മേല്‍ പറക്കുന്നത് നീതിയുടെ ദല്ലാളന്‍മാര്‍

നടിയെ ആക്രമിച്ച പ്രതികള്‍ക്ക് വേണ്ടി വാദിക്കാനെത്തുന്ന വക്കീലന്മാരോട് മനസ്സാക്ഷി എന്നൊന്നുണ്ടോ എന്ന് ജോയ് മാത്യു. പണത്തിന് മുമ്പില്‍ ഇപ്പോള്‍ പറക്കുന്നത് പരുന്തല്ല നീതിയുടെ ദല്ലാളന്‍മാരാണെന്നും ജോയ് മാത്യു വക്കീലന്മാരെ പരിഹസിക്കുന്നു. നടിയെ ആക്രമിച്ച ക്രിമിനലുകള്‍ക്ക് വേണ്ടി വാദിക്കുന്ന വക്കീലന്മാരെ കുറിച്ച് ‘നീതിയുടെ ദല്ലാളന്മാരോട്‌’ എന്ന തലക്കെട്ടില്‍ ഇട്ട ഫേസ്ബുക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്‌, ഈ ഒരു ന്യായത്തിന്റെ മറവിൽ വക്കീലന്മാർക്ക്‌ ഏത്‌ കൊടും കുറ്റവാളിക്ക്‌ വേണ്ടിയും വക്കാലത്ത്‌ കൊടുക്കാം, വേണ്ടിവന്നാൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസുമായി ബലപ്രയോഗം നടത്താനും വക്കീലന്മാർ തയ്യാറാകും എന്ന് കഴിഞ്ഞ ദിവസം കോടതി മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ നമുക്ക്‌ കാണിച്ചു തന്നു എന്നും ജോയ് മാത്യു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

നീതിയുടെ ദല്ലാളന്മാരോട്‌
“മനസ്സാക്ഷിക്കുത്ത്‌ “എന്നൊരു വാക്ക്‌ നമ്മൾ മലയാളികളുടെ സംസ്കാരത്തിൽ
പണ്ട്‌ ഉണ്ടായിരുന്നു-അതിനു ജാതിയോ മതമോ പാർട്ടിയൊ ഉണ്ടായിരുന്നില്ല. അത്‌ നമ്മൾ ആർജ്ജിച്ച സംസ്കാരത്തിൽ നിന്നും നാം തന്നെ സ്വാംശീകരിച്ചതായിരുന്നു.

ഇന്നിപ്പോൾ കേരളം മുഴുവൻ ശപിച്ച ഒരു സ്ത്രീ പീഡകനെ സംരക്ഷിക്കാനും വക്കാലത്തു പിടിക്കാനും തയ്യാറായി കറുത്തകോട്ടുകാർ മുന്നോട്ട്‌ വരുന്നത്‌ കണ്ടപ്പോൾ ഒരു കാര്യം വീണ്ടും മനസ്സിലായി- പണത്തിനു മുന്‍പില്‍ പരുന്തല്ല ഇപ്പോൾ പറക്കുന്നത്‌ നീതിയുടെ ദല്ലാളന്മാരാണ്. അതിനു അവർക്കൊരു ന്യായവുമുണ്ട്‌ -ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്‌.  ഈ ഒരു ന്യായത്തിന്റെ മറവിൽ വക്കീലന്മാർക്ക്‌ ഏത്‌ കൊടും കുറ്റവാളിക്ക്‌ വേണ്ടിയും വക്കാലത്ത്‌ കൊടുക്കാം. വേണ്ടിവന്നാൽ പ്രതിയെ രക്ഷപ്പെടുത്താൻ പോലീസുമായി ബലപ്രയോഗം നടത്താനും വക്കീലന്മാർ തയ്യാറാകും എന്ന് കഴിഞ്ഞ ദിവസം കോടതി മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ നമുക്ക്‌ കാണിച്ചു തന്നു. ഗോവിന്ദ ചാമിമാർക്ക്‌ ഇതിൽപ്പരം ആത്മവിശ്വാസം എവിടെനിന്നു ലഭിക്കാൻ!

ഇവിടെയാണ് നമുക്ക്‌ നഷ്ടമായ “മനസ്സാക്ഷിക്കുത്തെ”ന്ന സാംസ്കാരിക സമ്പത്തിനെ തിരിച്ചു പിടിക്കേണ്ടത്‌ ആവശ്യമായി വന്നിരിക്കുന്നത്‌. എന്നാൽ ചില വക്കീലന്മാരെങ്കിലും ഇപ്പോഴും പണത്തിനു വേണ്ടിയല്ലാതെ സ്വന്തം മനസ്സാക്ഷിക്ക്‌ അനുസരിച്ചും സമൂഹനന്മ കാംക്ഷിച്ചും ചില കേസുകൾക്ക്‌ വക്കാലത്ത്‌ എടുക്കാത്തവർ ഉണ്ട്‌ എന്നതാണ് ആശ്വസിക്കാവുന്ന ഒരു കാര്യം – എന്നാൽ തെരുവിൽ വെച്ച്‌ പിച്ചിചീന്തപ്പെട്ട സ്ത്രീത്വത്തെ ന്യായീകരിക്കാൻ വക്കാലത്തെടുക്കുന്നവരുടെ വീട്ടിൽ നിന്നും “നിങ്ങൾക്ക്‌ ഈ സ്ത്രീ പീഡകർക്ക്‌ വേണ്ടി വക്കാലത്ത്‌ പിടിക്കാൻ നാണമില്ലേ “എന്ന് സ്വന്തം ഭാര്യയും പെണ്മക്കളും ചോദിക്കാത്ത കാലത്തോളം “മനസ്സാക്ഷിക്കുത്ത്‌ “എന്നത്‌ മലയാളിയുടെ സാംസ്കാരിക നിഘണ്ടുവിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍