UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോയ് മാത്യു, നിങ്ങള്‍ പാതിയേ ശരിയാകുന്നുള്ളൂ

Avatar

ഇന്ദു

ഉമ്മറത്ത് നിറച്ചുവച്ചിരുന്ന കിണ്ടി അപ്രത്യക്ഷമായിരിക്കുന്നു, മുറുക്കി തുപ്പാന്‍ ഉപയോഗിച്ചിരുന്ന കോളാമ്പിയും ഇന്നൊരു ആന്റിക് പീസ് ആയി. ജോയ് മാത്യു പറഞ്ഞു തുടങ്ങുന്നതുപോലെ, കാലത്തിനനുസരിച്ച് കോളാമ്പിക്കും കിണ്ടിക്കുമൊക്കെ മാറ്റം വന്നിരിക്കാം. എന്നാല്‍ തങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ഒരുവന്റെ പ്രതിഷേധം കാലം മാറിയെന്നുകരുതി പ്രാകൃതമെന്നു ചിന്തിക്കാനെക്കൊണ്ട് ബുദ്ധിമുട്ടുണ്ട്. ഇനി അഥവ ജോയ് മാത്യുവിന് അങ്ങനെ തോന്നുണ്ടെങ്കില്‍, അവകാശസംരക്ഷണത്തിനും ജീവിക്കാനുള്ള മാന്യമായ സാഹചര്യം സൃഷ്ടിക്കപ്പെടാനും തൊഴിലാളികള്‍ ഏതു രീതിയില്‍ പ്രതികരക്കണം എന്നു പറയണം. പണിമുടക്ക് പ്രാകൃതമെങ്കില്‍ പകരമെന്തെന്ന് പറയേണ്ട ബാധ്യത ജോയി മാത്യുവിന് ഉണ്ടെന്നു സാരം.

ഇന്ത്യയുടെ ചരിത്രം സമരങ്ങളുടെതാണ്. സമരങ്ങളിലൂടെ നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യപൂര്‍വകാലം തൊട്ട് ഇന്നോളം ഇവിടെ സമരങ്ങള്‍ തുടരുന്നു. രീതികള്‍ മാറിയിട്ടുണ്ടാവാം, സ്വഭാവവും. അഹിംസയിലും നിസ്സഹകരണത്തിലും ഊന്നിയ സമര്‍മാര്‍ഗങ്ങളില്‍ നിന്നും അടിച്ചു തകര്‍ക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ ഭയപ്പെടുത്തലിന്റെ രീതികളിലേക്ക് സമരങ്ങള്‍ മാറിയിട്ടുണ്ട്. എന്നാലും പ്രതിഷേധിക്കാതെ ഒന്നും നേടിയെടുക്കാന്‍ കഴിയാത്തൊരു നാട്ടില്‍ പ്രതിഷേധിക്കാതെ മറ്റെന്തു ചെയ്യണം? ഉത്തരം ജോയ് മാത്യു പറയട്ടെ.

സെപ്തബര്‍ രണ്ടിന് രാജ്യത്താകമാനം 18 കോടി തൊഴിലാളികള്‍ പണിമുടക്കിയെന്നാണ് കണക്ക്. ഇത്രയധികം ജനങ്ങള്‍ പണിമുടക്കുുമ്പോള്‍ രാജ്യത്തിനുണ്ടാകുന്ന നഷ്ടം പതിനായിരം കോടികളാകാം. കേരളത്തില്‍ മാത്രം 1700 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന കണക്കും കൃത്യമായിരിക്കാം. ഈ കണക്കുകള്‍ നിരത്തി പണിമുടക്കിനെ വിമര്‍ശിക്കാന്‍ വ്യഗ്രതകാട്ടുന്ന ജോയി മാത്യു മനുഷ്യാധ്വാനത്തിന് കിട്ടാതെ പോകുന്ന അര്‍ഹമായ വേതനത്തെ കുറിച്ച് അറിയാതെ പോകുന്നുണ്ട്. 

2015 സെപ്തംബര്‍ രണ്ടിനും ഏകദേശം ഇത്രയധികം തൊഴിലാളികള്‍ തന്നെ പങ്കെടുത്ത പണിമുടക്ക് നടന്നിരുന്നു. അന്നും പ്രാകൃത സമരത്തെ വിമര്‍ശിച്ചു ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നോയെന്നറിയില്ല. പക്ഷേ ആ പണിമുടക്കില്‍ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കൊല്ലമൊന്നു കഴിഞ്ഞിട്ടും അംഗീകരിക്കപ്പെട്ടില്ല എന്നതാണ് വീണ്ടുമൊരു പ്രതിഷേധത്തിനു തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചതെന്ന വസ്തുതകള്‍ ജോയ് മാത്യു മനസിലാക്കിയിട്ടുണ്ടാവില്ല.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഇന്ന്‍ സമരത്തില്‍; അതിലേക്ക് നയിച്ച കാരണങ്ങള്‍

ദിനംപ്രതിയെന്നോണം തൊഴിലില്ലായ്മ കൂടിവരുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 10 കോടിയോളം പേര്‍ ഈ രാജ്യത്ത് തൊഴിലില്ലാത്തവരായിട്ടുണ്ട്. ഇതിന്റെ ഇരട്ടിയുണ്ട് തൊഴിലാളികള്‍ എന്നു വിളിക്കപ്പെടുമെങ്കിലും തുച്ഛവേതനത്തിനു തൊഴിലെടുക്കേണ്ടി വരുന്നവര്‍. ഇന്ത്യയുടെ മൊത്തം യുവജനങ്ങളില്‍ കാല്‍ശതമാനം തൊഴിലില്ലാത്തവരാണെന്നു അറിയുക കൂടി വേണം. 

ഇതൊരു യാഥാര്‍ത്ഥ്യം. ഇനി മറ്റൊന്നിലേക്കു കണ്ണോടിക്കാം; മിനിമം വേതന നിരക്കുകള്‍ നടപ്പാക്കണമെന്നു സുപ്രീം കോടതി വിധിയുണ്ടായിട്ടും അതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഭരണകൂടങ്ങള്‍ തൊഴിലാളികളോട് വിവേചനം കാണിക്കുന്നതെന്ന് ജോയ് മാത്യുവിനെ പോലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? മൂന്ന് അംഗങ്ങളുള്ള ഒരു തൊഴിലാളിയുടെ കുടുംബത്തിന് ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ സൗകര്യങ്ങള്‍ക്ക് 20,000 രൂപ ചെലവ് വരുമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു. 1957-ലെ ഇന്ത്യന്‍ തൊഴിലാളി സമ്മേളനം നിശ്ചയിച്ച തത്വങ്ങളേയും 1992-ല്‍ സുപ്രീം കോടതി നിശ്ചിച്ച മാനദണ്ഡങ്ങളേയും അടിസ്ഥാനമാക്കിയാണിത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് മിനിമം വേതം 6,098 രൂപയായി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. കൂടുതല്‍ പ്രായോഗിക കണക്കായ 20,000-നു പകരം തൊഴിലാളി യുണിയനുകള്‍ ആവശ്യപ്പെടുന്നത് 18,000 രൂപയും.

ഈ തുക അത്ര വലുതാണോ ജോയ് മാത്യു? അങ്ങയെ പോലുള്ളവര്‍ ദിവസപ്രതിഫലമായി ഇതിലും ഇരട്ടി വാങ്ങുന്നുണ്ടാവുമല്ലോ? സമ്പന്നരാകാനല്ല, ദാരിദ്ര്യം ഒഴിവാക്കാനാണ് ഇവിടെ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതിനവര്‍ക്ക് ന്യായമായ പിന്തുണ കിട്ടുന്നില്ലെങ്കില്‍, അത്തരം അന്യായം കാണിക്കുന്നവരോട് പ്രതിഷേധിക്കുകയല്ലാതെ മറ്റെന്താണു ചെയ്യേണ്ടത്?

ജോയ് മാത്യുവിനെ പോലുള്ളവര്‍ എന്നും ഇന്ത്യയുടെ രാഷ്ട്രീയ/തൊഴിലാളി നിലപാടുകളെ ചോദ്യം ചെയ്യുന്നത് വികസിത രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ്. അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും സ്‌പെയിനുമെല്ലാം ഇതേ വികസിത രാജ്യങ്ങളില്‍ പെടുമെങ്കില്‍ പാരീസിലും ന്യുയോര്‍ക്കിലും ഈയടുത്ത കാലത്ത് നടന്ന ജനകീയ മുദ്രാവാക്യങ്ങള്‍ എന്തിനുവേണ്ടിയായിരുന്നൂവെന്ന് ജോയ് മാത്യു ശ്രദ്ധിച്ചിട്ടുണ്ടോ? സ്വന്തം നിലപാട് വിശദീകരിക്കാന്‍ എഡിറ്റോറിയല്‍ പേജില്‍ ജോയ് മാത്യൂവിന് ഇടം നല്‍കിയ പത്രം ചൈനയിലോ റഷ്യയിലോ നടക്കുന്ന പ്രതിഷേധങ്ങള്‍ വലിയ വാര്‍ത്തയാക്കുമ്പോള്‍ ഫ്രാന്‍സിലെയും അമേരിക്കയിലേയും തൊഴിലാളി പ്രകടനങ്ങളെ ഒഴിവാക്കുകയോ അതിനാകത്തവണ്ണമുള്ളതിനെ ചെറു കോളത്തിലൊതുക്കുകയോ ചെയ്യുന്നതിലെ രാഷ്ട്രീയത്തെ കുറിച്ച് ഇന്നേവരെ, ഒരു വരിക്കുറിപ്പെങ്കിലും ജോയ് മാത്യു പോസ്റ്റ് ചെയ്തിട്ടുണ്ടോ? 

പ്രാവസജീവിതത്തിന്റെ കഥകള്‍ ജോയ് മാത്യുവിന് പറയാനുണ്ട്. അതേ ഗള്‍ഫില്‍ തന്നെ തൊഴിലാളികള്‍ സമരം നടത്തിയെന്ന വാര്‍ത്ത ജോയ് മാത്യുവില്‍ എന്തു തരം വികാരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയാനും ആഗ്രഹമുണ്ട്. വികസിത രാജ്യങ്ങളില്‍ പോലും തൊഴിലാളികള്‍ പണിമുടക്കിന് ഇറങ്ങുമ്പോള്‍, ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളില്‍ അതൊരു ക്രൈം ആയി മാറ്റപ്പെടുത്തുന്നത് തികച്ചും അരാഷ്ട്രീയമാണ്.

ജോയ് മാത്യു പറയുന്നത്, താന്‍ സമരങ്ങള്‍ക്ക് എതിരല്ലെന്നും അതിന്റെ ഇനിയും മാറാത്ത രീതികളോടാണ് എതിര്‍പ്പെന്നുമാണ്. സ്വയം പണിമുടക്കിനിറങ്ങാത്തവരെ നിര്‍ബന്ധിച്ച് പങ്കാളിയാക്കുന്നത് ഭീഷണിയുടെ രാഷ്ട്രീയമാണെന്നു വ്യഖ്യാനിച്ചാല്‍ അതില്‍ തെറ്റുപറയാന്‍ പറ്റില്ല. ലോണെടുത്ത് ഓട്ടോ വാങ്ങിയവനെ അതോടിക്കാന്‍ അനുവദിക്കാതെയും ഡോക്ടറെയും നഴ്‌സിനെയും ജോലി ചെയ്യാനനുവദിക്കാതെ ആശുപത്രികളെ സമരങ്ങളില്‍ നിന്നൊഴിവാക്കുന്ന പ്രഹസനം നടത്തിയും പ്രഖ്യാപിച്ചു നടപ്പിലാക്കുന്ന സമരങ്ങളെക്കുറിച്ച് ജോയ് മാത്യു പറയുന്നത് ശരിയാണെന്ന് ഒരിക്കല്‍ കൂടി സമ്മതിക്കുന്നു, പക്ഷേ ജോയ് മാത്യു, നിങ്ങള്‍ പാതിമാത്രമാണ് ശരി.

ജോയ് മാത്യു ശ്രദ്ധിക്കുന്നുണ്ടോയെന്നറിയില്ല, കേരളം ഇന്നു ജനകീയസമരങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അവയില്‍ എത്രയെണ്ണം വിജയിച്ചിട്ടുണ്ടെന്ന് അറിയില്ല. എന്തു കൊണ്ട് വിജയിക്കുന്നില്ല എന്നതും ചിന്തിക്കേണ്ട വിഷയമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളെയും കൂട്ടി അവരുടെ അമ്മമാര്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ സമരം ചെയ്യാന്‍ വന്നത് ഈ വര്‍ഷമാദ്യമാണ്. ആ സമരം ഫലം കണ്ടോ? ഇല്ല. അവരുടേത് അന്യായസമരമായിരുന്നുവെന്ന് പറയാനും ആകില്ല. എന്നിട്ടും ഇതേ കേരളത്തിലെ ഒരു വിഭാഗം പറഞ്ഞത്, വയ്യാത്ത ആ കുട്ടികളെ കൂട്ടി എന്തു രാഷ്ട്രീയം കളിക്കാനാണ് സമരക്കാര്‍ തിരുവനന്തപുരത്ത് എത്തിയതെന്നാണ്? ആദിവാസി ഭൂമിക്കായി നില്‍പ്പു സമരം നടത്തിയപ്പോഴും, മാലിന്യപ്രശ്‌നത്തിരെ കാതിക്കൂടമടക്കമുള്ളിടത്തു സമരം നടപ്പോഴും എന്തിനാണീ സമരങ്ങളെന്നു ചോദിച്ചവരും ഏറെയുണ്ട്.

നേതാക്കന്മാര്‍ കാണിക്കുന്ന ഇരട്ടത്താപ്പാണ് ജോയ് മാത്യുവിനെപോലുള്ളവരെ ചൊടിപ്പിക്കുന്നതെന്നറിയാം. ഒരു പണിയും ജീവിതത്തിലെടുക്കാത്ത തൊഴിലാളി നേതാക്കന്മാര്‍ നമുക്കിടയില്‍ ഇല്ലെന്നല്ല. അവര്‍ക്ക് ആകെയറിയാവുന്ന തൊഴില്‍ ആഹ്വാനം ചെയ്യലാണ്. തങ്ങള്‍ പറഞ്ഞത് അക്ഷരംപ്രതി നടപ്പിലാക്കാന്‍ ഈ നേതാക്കന്മാര്‍ കാണിക്കുന്ന ഉത്സാഹമാണ് പണിമുടക്കും ഹര്‍ത്താലുമൊക്കെ പലപ്പോഴും ജനദ്രോഹമാക്കുന്നത്. എന്നാല്‍ തന്നെ കേവലം ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഒരു ജനാധിപത്യ പ്രതിഷേധരീതിയെ പാടെ അപലപിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

ജോയ് മാത്യു തന്നെ പറയുന്നുണ്ട്, ലോകം ഹൈടെക്ക് ആയെന്നും ഹൈടെക് സാക്ഷരതയിലേക്ക് ഉയര്‍ത്തപ്പെട്ടവന്‍ വീട്ടിലിരുന്ന് പണിയെടുക്കുമെന്നും. അത്തരക്കാര്‍ ഒരു ചെറുവിഭാഗം മാത്രമേ ഇപ്പോഴും ഇന്ത്യയിലുള്ളൂ, ബഹുഭൂരിപക്ഷവും കല്‍ക്കരി ഖനിയിലും ഫാക്ടറികളിലുമൊക്കെ ദിവസക്കൂലിക്കു പണിയെടുത്തു ജീവിക്കാന്‍ പാടുപെടുന്നവരാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ തന്നെയാണ്, ഏതാനും ചില നേതാക്കന്മാരെ ഒഴിവാക്കി നിര്‍ത്തിയാല്‍ ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങുന്നത്.

പണിക്കിറങ്ങാത്ത കുടിയാന്റെ പുറത്ത് പുളിവാറിനടിക്കുമ്പോള്‍ ഉടയോന്‍ ചോദിച്ചിരുന്നതും ഈ നാറി കാരണം എനിക്കുണ്ടായ നഷ്ടം എത്രയാന്നറിയാമോ എന്നായിരുന്നു. പുലയന്‍ പാടത്തിറങ്ങിയാലേ മനയ്ക്കലെ പത്തായപ്പുര നിറയൂ. മാടമ്പിയുടെ കണക്കുപറച്ചില്‍ കേള്‍ക്കുന്നവര്‍ക്കു പുലയന്‍ കാണിച്ചത് അഹങ്കാരമാണെന്നു തോന്നും. എന്നാല്‍ അവന്റെ കുടിയിലെ കാര്യം അവര്‍ തിരക്കുമോ? പത്തായത്തിലെ നെല്ലിന്റെ അളവും പുലയന്റെ അടിവയറ്റിലെ നോവും ഒരുമിച്ച് മനസിലാക്കാന്‍ പാടാണ്.

ജോയ് മാത്യു ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖല സിനിമയാണ്. സിനിമ മേഖലയില്‍ മാസത്തിലൊന്നു വീതം സമരങ്ങള്‍ നടക്കുന്നുണ്ട്. താരങ്ങളുടേതാകാം, സാങ്കേതിക പ്രവര്‍ത്തകരുടേതകാം, നിര്‍മാതാക്കളുടെയോ വിതരണക്കാരുടേതോ ആകാം, ഈ സമരങ്ങള്‍ പൊതുജനത്തിന് എന്തു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നു ചോദിച്ചാല്‍ ഇല്ലെന്നു തലയാട്ടി തരാം, പക്ഷേ അവിടെയും വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കുന്നുണ്ട്. ഒരു ചിത്രത്തിന്റെ ചിത്രീകരണം പാതിയില്‍ മുടങ്ങിയാല്‍, പൂര്‍ത്തിയായ ചിത്രത്തിനു തിയേറ്റര്‍ കിട്ടാതെ വരുമ്പോള്‍ എല്ലാം ആര്‍ക്കെങ്കിലുമൊരാള്‍ക്ക് നഷ്ടം വരുന്നുണ്ട്. ദിവസങ്ങളോളം ഷൂട്ടിംഗ് മുടങ്ങുമ്പോള്‍ ലൈറ്റ് ബോയ് മുതല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരെയുള്ളവരുടെ തൊഴില്‍ നഷ്ടമാകുന്നുണ്ട്. ജോയ് മാത്യു തന്റെ പ്രവര്‍ത്തനമേഖലയില്‍ ഇത്തരം സമരങ്ങള്‍ നടന്നിട്ടുള്ളപ്പോള്‍ പറഞ്ഞിട്ടുണ്ടോ ഈ പ്രാകൃത രീതി അവസാനിപ്പിക്കാന്‍? ഇനി പറയുമോ? 

കണ്ടു പിടിച്ചു പറയാന്‍ കുറ്റങ്ങള്‍ പലതുണ്ടെങ്കിലും, സമരം ചെയ്യാതെ ന്യായം കിട്ടില്ലെങ്കില്‍ സമരം ചെയ്യാതെ മറ്റെന്താണ് മാര്‍ഗം? അതുകൊണ്ട് എല്ലാ സ്‌നേഹത്തോടെയും പറയട്ടെ ജോയ് മാത്യു, നിങ്ങള്‍ പറഞ്ഞതില്‍ പാതിയേ ശരിയുള്ളൂ…

 

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍