UPDATES

ആപ്പുവയ്ക്കുന്ന മലയാളിക്കിട്ട് ആപ്പുമായി ജോയ് മാത്യു

അഴിമുഖം പ്രതിനിധി

മലയാളികളുടെ വാട്ട്‌സ് ആപ്പ് പ്രേമവും അതുകാരണം ഉണ്ടാക്കുന്ന ഓരോ പോല്ലാപ്പുകളുമായിട്ടാണ് ഇത്തവണ നമ്മുടെ ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ എത്തിയിരിക്കുന്നത്. ആപ്പു ഉപയോഗിച്ച ആര്‍ക്കും ആപ്പുവയ്ക്കുന്ന മലയാളിക്കിട്ട് ഒരു ഗംഭീര ആപ്പാണ് ജോയ് മാത്യു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മലയാളിയുടെ സാമൂഹിക മാധ്യമങ്ങളിലെ കപടതയെ വലിച്ചു കീറിയാണ് ജോയ് മാത്യു പോസ്റ്റ് ഇട്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ മറ്റൊരു മുഖവുമായി ഒളിച്ചിരിക്കുന്ന മലയാളികള്‍ക്കുള്ള ഈ ആപ്പ് നിങ്ങള്‍ തന്നെ വായിച്ചു നോക്കൂ.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ആപ്പുവെക്കുക എന്നത് ഒരു മലയാള പ്രയോഗമാണു, നമ്മള്‍ മലയാളികളാകട്ടെ ഇക്കാര്യത്തില്‍ അഗ്രഗണ്യരുമാണ്‌. അത് കൊണ്ടായിരിക്കാം ഈ നവ ജാത ശിശുവിനും ആപ്പ് എന്നു തന്നെ പേരിട്ടത്. മനുഷ്യര്‍ എത്രമാത്രം അരക്ഷിതരാണെന്ന് നമ്മുടെ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചാല്‍ മനസ്സിലാവും-വാട്ട്‌സാപ്പ് എന്ന സാധനം വന്നതോടെ മലയാളി കുഞ്ചന്‍ നമ്പ്യാരെ വെട്ടിക്കുന്ന ഫലിത പ്രിയനും. സോക്രട്ടീസിനെ മലര്‍ത്തിയടിക്കുന്ന തത്വചിന്തകനും ദൈവത്തെപ്പോലും നാണിപ്പിക്കുന്ന സ്‌നേഹ സമ്പന്നരുമായി മാറി എന്നാലോ മലയാളിയൂടെ സ്ഥായിയായ സ്വഭാവമായ അയല്‍ക്കാരന്റെ വീഴ്ചയില്‍ ആഹ്ലാദിക്കുക, അന്യന്റെ രതിവിവരങ്ങള്‍ അസൂയയോടെ എന്നാല്‍ താന്‍ ഭൂലോക സദാചാരിയാണെന്ന് സ്ഥാപിക്കുവാന്‍ എത്രയും പെട്ടെന്ന് നാട്ടുകാരിലെത്തിക്കുക. അങ്ങനെ എത്ര കൃത്യനിഷ്ടനാണു മലയാളി-എല്ലാം ആപ്പ് വന്നതിന്റെ ഗുണം.

ഗ്രൂപ്പുണ്ടാക്കലാണൂ മലയാളിയുടെ പുതിയ മനോരോഗം. ജോലിചെയ്യുന്ന സ്ഥാപന ഗ്രൂപ്പ്, സ്വന്തം കുടുംബ ഗ്രൂപ്പ്, തറവാട് ഗ്രൂപ്പ്, രാഷ്ട്രീയ ഗ്രൂപ്പ്, പഴയ സഹപാഠി ഗ്രൂപ്പ, പുതിയ ക്ലാസ്മേറ്റ്‌സ് ഗ്രൂപ്പ്, സംഘടനകളില്‍ അംഗങ്ങളായിട്ടുള്ളവരുടെ ഗ്രൂപ്പ്, തമാശക്കാരുടെ ഗ്രൂപ്പ്. മത വിശ്വാസികളുടെ ഗ്രൂപ്പ്(മരിച്ചവരുടെ ഒരു ഗ്രൂപ്പിന്റെ കുറവ് മാത്രമെ ഇനിയുള്ളൂ). രാവിലെ മുതല്‍ തുടങ്ങും പരിപാടികള്‍. നേരിട്ട് കണ്ടാല്‍ പോലും ഗുഡ് മോണിംഗ് പറയാത്തവര്‍. ചായക്കപ്പ്, കാപ്പിപ്പാത്രം വിവിധതരം സൂര്യോദയങ്ങള്‍, എങ്ങോട്ടോ പറക്കുന്ന പക്ഷികള്‍, പലവിധ പൂക്കള്‍, പൂക്കളങ്ങള്‍, പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കളുടെ പാതി കണ്‍തുറന്നിരിക്കുന്ന ചിത്രങ്ങള്‍(ലിസ്റ്റ് അപൂര്‍ണ്ണം) എന്നിവകള്‍ ഗുഡ് മോര്‍ണിങ്ങിനോടോപ്പം അയച്ചു തുടങ്ങും.



തുടര്‍ന്ന് പലരും പൊതു വിഞ്ജാനം വിളമ്പുകയായി. അത് തിന്നരുത്. ഇത് കുടിക്കരുത്, അതില്‍ വിഷം ഇതില്‍ കലര്‍പ്പ്, എന്നിങ്ങിനെ വാസ്തവമാണോ അല്ലേ എന്ന് പോലും നോക്കാതെ എവിടെ നിന്നൊക്കെയോ ലഭിച്ചവിവരം(?) കിട്ടിയപാട് തന്നെ തന്റെ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും വിടുന്നു. മറ്റൊരു കൂട്ടരുണ്ട് ജീവിതത്തില്‍ ഒരിക്കല്‍ പോലും പൊട്ടിയും പൊട്ടാതെയും ചിരിക്കാത്തവര്‍ അവര്‍ പെട്ടെന്ന് ഫലിത പ്രിയരാകും തമാശകള്‍ അയച്ചു കൊണ്ടേയിരിക്കും. ഇനി വേറൊരു കൂട്ടരാവട്ടെ പഠിക്കുന്നകാലത്ത് പുസ്തകം കൈകൊണ്ട് തൊടാത്തവര്‍ ഭയങ്കരങ്ങളായ തത്വചിന്തകള്‍ അല്ലെങ്കില്‍ മഹത്വജനങ്ങള്‍ മലവെള്ളം പോലെ അയച്ചുകൊണ്ടിരിക്കും.

രാജ്യസ്‌നേഹത്തെക്കുറിച്ച് വീമ്പയക്കുന്നവര്‍ ഇന്ന് എത്ര കൈക്കൂലി വാങ്ങാം എന്നോ ഇന്ന് കരിഞ്ചന്തയില്‍ എങിനെ പണമുണ്ടാക്കമെന്നോ ആലോചിച്ചാണു ദിവസം തുടങ്ങുന്നത് തന്നെ ഇനി ഗ്രൂപ്പുകളിലുള്ളവരാകട്ടെ ആരോ തുടങ്ങിവെച്ച ഏതോ ചര്‍ച്ചയുടെ വാലില്‍ തൂങ്ങി തുമ്പില്ലാതെ അലഞ്ഞ് ഒരു ദിവസം കളയും. പാട്ട് അയക്കുന്നവരെ തിരിച്ച് പാട്ട് പാടി അയച്ച് ആത്മഹത്യ ചെയ്യിക്കാം സ്വയം പരസ്യപ്പലക ആകുന്നവരേയും സഹിക്കാം. എന്നാല്‍ ഒരേ സാധനം തന്നെ ‘എനിക്കാദ്യം കിട്ടിയേ ‘എന്നു പറഞ്ഞ് തുള്ളിച്ചാടി അയക്കുന്ന ബോറന്മാരെ സഹിക്കാനാണു പ്രയാസം. ഒരേ ചരക്ക് വീണ്ടും അയ്ക്കുമ്പോള്‍ അതിനെ തടയാന്‍ പറ്റുന്ന ഒരു ആപ്പ് എവിടെകിട്ടും എന്ന അന്വേഷണത്തിലാണു ഞാന്‍.

                                                                                                                    മാത്യു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍