UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദിവാസി നില്‍പ്പ് സമരം, മദ്യ നിരോധനം: സംവിധായകന്‍ ജോയ് മാത്യു പ്രതികരിക്കുന്നു

Avatar

വിപ്ലവ പ്രസ്ഥാനം, ജനകീയ ചലച്ചിത്ര പ്രവര്‍ത്തനം (അതും സാക്ഷാല്‍ ജോണ്‍ എബ്രഹാമിനോടൊപ്പം), നാടകമെഴുത്ത്, നടന്‍ കവി, പുസ്തക പ്രസാധനം, മാധ്യമ പ്രവര്‍ത്തനം, ചലച്ചിത്രകാരന്‍, സിനിമാ നടന്‍….ജീവിത വഴിയില്‍ ജോയ് മാത്യവിന്റെ ചില വേഷങ്ങളാണിത്. അന്തരാളത്തിലെ അഗ്നി അണഞ്ഞില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് അരാജകവാദിയായ ജോയ് മാത്യു. അരാജകവാദി എന്ന സ്തുതി അംഗീകരിക്കിലെങ്കില്‍ കൂടി ജോയ് മാത്യുവിനെ അങ്ങിനെ കാണാനാണ് സുഹൃത്തുക്കള്‍ക്ക് ഇഷ്ടം. സെക്രട്ടറിയേറ്റ് നടയിലെ നില്‍പ്പ് സമര കേന്ദ്രത്തിലെത്തി ആദിവാസികള്‍ക്ക് ഐക്യം പ്രകടിപ്പിച്ച ജോയ് മാത്യു വ്യത്യസ്തനാവുന്നതും അതുകൊണ്ടാണ്. ജോയ് മാത്യു അഴിമുഖവുമായി സംസാരിക്കുന്നു.(തയ്യാറാക്കിയത്- രാംദാസ് എം കെ)

ആദിവാസികളുടെ പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് സമൂഹം. പൊതുസമൂഹത്തിന്റെ സ്വാര്‍ത്ഥതയാണ് അവിടെ കാണുന്നത്. ആദിമ നിവാസികളാണിവിടെ ഭരണാധികാരികളുടെ ദയയ്ക്കുവേണ്ടി കാത്തുകിടക്കുന്നത്. അവരുടെ ഭൂമിയാണ് കൈയേറിയത്. കൃഷിയിടങ്ങളാക്കി, വേലി കെട്ടി കൈവശപ്പെടുത്തുകയാണുണ്ടായത്. ആദിവാസികള്‍ അവരുടെ മുഴുവന്‍ ഭൂമിയും തിരിച്ചു ചോദിക്കുകയാണെങ്കില്‍ എന്തു സംഭവിക്കുമിവിടെ?  നീതിക്ക് വേണ്ടിയുള്ള സമരമാണിത്. ഒറ്റപ്പെട്ട മനുഷ്യരുടെ ശബ്ദമാണിത്. സത്യസന്ധമായ വിഷയത്തില്‍ നിന്നും ഒളിച്ചോടാനാണ് നമ്മുടെ ശ്രമം. കയ്യടി നേടുന്ന വിഷയങ്ങള്‍ മാത്രം പ്രാധാന്യം നേടുകയാണിവിടെ. സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടുകയാണ്. ബാര്‍ വിഷയം പോലും ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നതിന് പിന്നില്‍ ആസൂത്രിത നീക്കങ്ങളുണ്ട്.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ സമരം കണ്ടമട്ട് കാണിക്കുന്നതേയില്ല. സാഹിത്യകാരന്മാരും കലാകാരന്മാരും എവിടെപ്പോയി? നൂറുശതമാനം സാക്ഷരത അവകാശപ്പെടുന്ന മലയാളി സമൂഹത്തിന് കണ്ണും കാതും നഷ്ടമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെടിവയ്പും കേസും ഭയന്നാണോ സാംസ്‌കാരിക നേതാക്കള്‍ ആദിവാസി സമരങ്ങളെ അവഗണിക്കുന്നത്? അതോ സമരാനുകൂലികള്‍ യാചിക്കുന്ന പണത്തുട്ടുകള്‍ ലാഭിക്കാനാണോ?

പത്രങ്ങള്‍ പരാജയമാണ്. ആദിവാസികള്‍ ഉന്നയിക്കുന്ന സത്യസന്ധമായ ആവശ്യങ്ങള്‍ ജനങ്ങളുടെ മുന്നിലെത്തിക്കുന്നതില്‍ അവര്‍ തോറ്റു. പത്ര മുതലാളിമാര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കായി പത്രങ്ങള്‍ ഉപയോഗിക്കുന്നു. എവിടെപ്പോയി യുവജന സംഘടനകള്‍? വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍?

ടെലിവിഷന്‍ മാധ്യമം മാത്രമാണിവിടെ അല്‍പമെങ്കിലും സജീവമാകുന്നത്. ടിവി വാര്‍ത്തകളില്‍ ആദിവാസികളുടെ ജീവിതം ചര്‍ച്ചയാവുന്നുണ്ട്. കെ ജയചന്ദ്രനെ പോലെയുള്ള മാധ്യമ പ്രവര്‍ത്തകരെ പിന്തുടരുന്ന യുവാക്കള്‍ ഈ രംഗത്തുള്ളത് ചെറിയ ഒരാശ്വാസമാണ്. 

കമ്മ്യൂണിക്കേഷന്‍ മാധ്യമമെന്ന നിലയില്‍ സിനിമയും ഇവിടെ പരാജയമാണ്. വിപണിയുടെ പ്രലോഭനത്തില്‍ പെട്ട അവര്‍ക്ക് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിതം സ്പര്‍ശിക്കാന്‍ കഴിയുന്നില്ല. പുലിത്തോല്‍ ധരിച്ച, കക്ഷം വടിച്ച ആദിവാസി രൂപങ്ങളാണ് സിനിമകളില്‍ സൃഷ്ടിക്കപ്പെടുന്നത്. നെല്ല് എന്ന വലിയ ചലച്ചിത്രമൊരുക്കിയ രാമു കാര്യാട്ട് പോലും ഈ സമീപനത്തില്‍ നിന്നും മോചിതനായില്ല. ഡോക്യുമെന്ററികള്‍ പോലും സാര്‍ത്ഥകമാവുന്നില്ല എന്ന യാഥാര്‍ത്ഥ്യവും ഇവിടെ ഉണ്ട്.

സാഹിത്യകാരന്മാരും കലകാരന്മാരും അധികാരത്തെ ഭയപ്പെടുകയാണ്. പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി തിരക്കുകൂട്ടുന്നവര്‍ മണ്ണിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികളെ സ്പര്‍ശിക്കാതെ കടന്നുപോകുന്നു. മൂന്നു കോടി സാക്ഷരര്‍ ജീവിക്കുന്ന നാട്ടില്‍ പതിനായിരും കോപ്പിയില്‍ കൂടുതല്‍ അച്ചടിക്കുന്ന പുസ്തകങ്ങള്‍ വളരെ കുറവാണ്. അങ്ങിനെ വായിക്കപ്പെടുന്ന എഴുത്തുകാരുടെ അഭാവം തന്നെ പ്രധാനം. യു ആര്‍ അനന്തമൂര്‍ത്തി പ്രസക്തനാവുന്നത് അവിടെയാണ്.

മദ്യത്തിലേക്ക് (ബാര്‍ വിഷയത്തിലേക്ക്) കടന്നതോടെ ജോയ് മാത്യു ഉഷാറായി.

പണക്കാര്‍ക്ക് ലഹരിയും പാവപ്പെട്ടവര്‍ക്ക് വിഷവും എന്നതാവും കേരളത്തിലെ സ്ഥിതി. മദ്യം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അപ്രസക്തമാണ്. പ്രായോഗികമാവില്ലിത്. ലഹരിയുടെ ചരിത്രം പരിശോധിച്ചാലിത് ബോധ്യമാവും. ആദിമ കാലം മുതല്‍ അധ്വാനിക്കുന്നവര്‍ ലഹരി കണ്ടെത്തിയിരുന്നു. കഠിനാധ്വാനത്തിന്റെ ക്ഷീണം അകറ്റാനും മനസിനും ശരീരത്തിനും ഒരു ഉന്മേഷം ലഭിക്കാനും ലഹരി ഉപയോഗിച്ചിരുന്നു. സ്വന്തമായി നിര്‍മ്മിച്ചുപയോഗിച്ചു. വിദേശികളെല്ലാം ഇപ്പോഴും അങ്ങനെയൊക്കെയാണ് ചെയ്യുന്നത്. ഇവിടെ കേരളത്തില്‍ കള്ളിന്റെ കഥയെടുത്താല്‍ ഇത് മനസിലാവും. സ്വന്തം കൃഷിയിടത്തില്‍ നിന്നും തെങ്ങ് ചെത്തി നല്ല വൃത്തിയുള്ള കലര്‍പ്പില്ലാത്ത കള്ള് ഉപയോഗിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ചെത്താനുള്ള അവകാശം വിട്ടുടമകള്‍ക്കായിരുന്നു. അത് കരാറുകാര്‍ക്ക് നല്‍കി. നിയന്ത്രണം കൊണ്ടുവന്നു. ഒടുവില്‍ ഇങ്ങനെയായി. ചരിത്രം പരിശോധിച്ചാല്‍ എല്ലാ ജനസമൂഹങ്ങളും അവരുടേതായ രീതിയില്‍, ശൈലിയില്‍ മദ്യം ഉണ്ടാക്കി കഴിച്ചിരുന്നതായി കാണാം. 

ഇപ്പോള്‍ ഇവിടെയെന്താ നടക്കുന്നത്. ഇവിടെ ഉണ്ടാക്കുന്ന നാടന്‍ ചാരായം പേരുമാറ്റി, നിറം മാറ്റി വിദേശ മദ്യമാക്കി വിറ്റഴിക്കുന്നു. എന്തു തരം വിദേശിയാണത്? സര്‍ക്കാര്‍ ചതിക്കുകയാണ്. ഇതിനെതിരെ കോടതിയില്‍ പോവുകയാണ് വേണ്ടത്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ
മഞ്ജുവാര്യര്‍ ചെങ്ങറയില്‍ വരുമോ? സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു
ഭയമായി മാത്രം അവശേഷിക്കുന്ന വയനാട്ടിലെ മാവോയിസ്റ്റ് ഭീക്ഷണി
വയനാട്ടില്‍ ഒരു ആദിവാസി എങ്ങനെ ജീവിക്കും?
കേരളത്തിലെ ഭൂമി സമരങ്ങള്‍ ചിതറിപ്പോയത് എന്തുകൊണ്ട്?

ഇപ്പോഴത്തെ നിയന്ത്രണം ഒരു ഗൂഢാലോചനയാണ്. ഈ തീരുമാനത്തിന് പിന്നില്‍ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഉള്ളത്. വി എം സുധീരനെ ഒതുക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമമാണ് ഇപ്പോഴത്തെ മദ്യ നിയന്ത്രണം. 

ചാരായം നിരോധിച്ചപ്പോള്‍ കുടി കൂടി. അമ്പത്തിയേഴായിരും കോടിയിലെത്തി മദ്യ വിപണി. തിരുവനന്തപുരത്ത് നിയന്ത്രണം ഉണ്ടായപ്പോള്‍ കുടിയന്മാര്‍ കൊല്ലത്തേക്കൊഴുകി. കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ആവശ്യക്കാര്‍ പ്രവഹിക്കും.

കുടില്‍ വ്യവസായമായി മാറും മദ്യോല്‍പാദനം. ഈ നിയന്ത്രണത്തിലെല്ലാം ഇളവുകള്‍ വരാനുള്ള സാധ്യത ഏറെയാണ്. ഇപ്പോള്‍ തന്നെ നോക്കൂ…ക്ലബുകള്‍ നിയന്ത്രണ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ഇത്തരം പ്രസ്റ്റീജ് ക്ലബുകളില്‍ അംഗത്വമെടുക്കാന്‍ പത്തു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. അതായത് പണക്കാരുടെ കാലമാണ് ഇവര്‍ സൃഷ്ടിച്ചെടുക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍