UPDATES

വായന/സംസ്കാരം

തകരുന്ന ശബ്ദങ്ങളുടെ പുസ്തകം

Avatar

ഉമ രാജീവ്


Sound Of Things Falling (നോവല്‍)
ഹുവാന്‍ ഗാബ്രിയേല്‍ വാസ്കേസ്
Alfaguara (July 2011)

 

ദുരന്തസംഭവങ്ങള്‍ അടയാളവാക്യമായി പറയുന്ന ഒരു തലമുറ. പേടി ഒരു നിത്യഭാവമായി കൊണ്ടുനടക്കേണ്ടിവരുന്ന ഒരു തലമുറ. കൊളംബിയയില്‍ 1970-നു ശേഷം ജനിച്ച ഒരു തലമുറയുടെ പൊതുവികാരങ്ങള്‍ പകര്‍ത്താന്‍ നോവലിസ്റ്റ്, അന്റോണിയോ യമ്മാര, റിക്കാര്‍ഡോ ലവര്‍ദെ എന്നീ രണ്ടുപേരുടെ ജീവിതാനുഭവങ്ങള്‍ വിവരിക്കുകയാണു ചെയ്യുന്നത്.

 

പേരു സൂചിപ്പിക്കുന്നതു പോലെ വിവിധ ശബ്ദങ്ങളുടെ ഒരു ആലേഖനമാണീ പുസ്തകം. ഒരു ആണ്‍ ഹിപ്പൊപ്പൊട്ടാമസിനേല്‍ക്കുന്ന വെടിയൊച്ചയാണ് ആദ്യം ചെവിയിലേക്കെത്തുക. അന്റോണിയോ യമ്മാര ഒരു നിയമാധ്യാപകനാണ്. അയാളുടെ ജീവിതത്തിലേക്ക് ജയില്‍ മോചിതനായ റിക്കാര്‍ഡോ ലിവര്‍ദെ ഹിപ്പൊപൊട്ടാമസിന്റെ കൊലപാതകത്തെപ്പറ്റിയുള്ള ഒരു കമന്റുമായി അപ്രതീക്ഷിതമായി കയറിവരുന്നു. ആ പരിചയം വളരെ കണിശമായ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങുകയും എന്നാല്‍ എന്തിനെന്നറിയാത്ത ഒരു ആത്മബന്ധത്തിലേക്ക് വളരുകയും ചെയ്യുന്നു. തന്റെ ഭാര്യയുടെ വരവും പ്രതീക്ഷിച്ചിരിക്കുന്ന സ്‌നേഹവാനായ റിക്കാര്‍ഡോ ലിവര്‍ദെയെയാണ് യമ്മാര ഒരു വൈകുന്നേരം കണ്ടു പിരിയുന്നത്. പിന്നീട് യമ്മാര സ്വകാര്യമായ ചില തിരക്കുകളില്‍ പെട്ടുപോകുന്നു. പരസ്പരം ബന്ധപ്പെടാനാവാതെ ദിവസങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുമ്പോഴാണ് ഭാര്യ എലേനാ ഫ്രിറ്റ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത് ലവര്‍ദെയറിയുന്നത്. ആദ്യമായി ലവര്‍ദെ, യമ്മാരയോട് ഒരു സഹായം ചോദിക്കുന്നത് അന്നാണ്. ഒരു ടേപ് റെക്കോര്‍ഡര്‍ വേണം. ഒരു കാസറ്റ് തികച്ചും സ്വകാര്യമായി കേള്‍ക്കാനുണ്ട്. അതിനുള്ള സൗകര്യമൊരുക്കിക്കൊടുത്ത് യമ്മാര മറ്റെന്തിലോ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ലവര്‍ദെ കാസറ്റു കേട്ട് വികാരാധീനനാവുന്നു. യമ്മാരയുടെ ശ്രദ്ധയില്‍പ്പെടാതെ ലവര്‍ദെ ഇറങ്ങിപ്പോവുന്നു. അന്വേഷിച്ചു പോകുന്ന വഴിയില്‍ യമ്മാര, ലവര്‍ദെയെ കണ്ടെത്തുന്നു. എന്നാല്‍ അതേ സമയം ലവര്‍ദെയുടെ നേര്‍ക്ക് ഒരാള്‍ തോക്കു ചൂണ്ടുന്നതുകണ്ട് യമ്മാര തടുക്കാന്‍ ശ്രമിക്കുകയും രണ്ടുപേര്‍ക്കും വെടിയേല്‍ക്കുകയും ചെയ്യുന്നു. ലവര്‍ദെ കൊല്ലപ്പെടുന്നു. യമ്മാര മാനസികവും ശാരീരികവുമായി തകരുന്നു.

 

 

വര്‍ഷങ്ങള്‍ക്കുശേഷം യമ്മാര, ലവര്‍ദെയുടെ വിവരങ്ങള്‍ തേടിച്ചെല്ലുന്നു. ആദ്യം വാടകവീടിന്റെ ഉടമയുമായും പിന്നീടു ലവര്‍ദെയുടെ മകളായ മായാ ഫ്രിറ്റ്‌സുമായും പരിചയപ്പെടുന്നു. അവിടെ വച്ച് മറ്റൊരു കഥതുടങ്ങുന്നു. ലവര്‍ദെയുടേയും എലേനയുടേയും. ജീവിത കഥ. പകുതി വെന്ത അപ്പമായ ലാറ്റിനമേരിക്കയിലേക്ക് സമാധാന സേനാ പ്രവര്‍ത്തകയായി വന്നവളാണ് എലേന. കഴിഞ്ഞ പ്രതാപകാലങ്ങളില്‍ നിന്നും തങ്ങള്‍ക്കുവേണ്ടതു പെറുക്കിയെടുത്തുകഴിയുന്ന ലവര്‍ദെയുടെ കുടുംബവും രാഷ്ട്രീയവും കലാപവും സമാധാനപ്രവര്‍ത്തനങ്ങളും മരിജുവാന കള്ളക്കടത്തും അമേരിക്കന്‍ നിലപാടുകളും കൂടിക്കുഴഞ്ഞ ഒരു കാലം. ആ കഥപറച്ചിലിലൂടെ യമ്മാരയും മായാ ഫ്രിറ്റ്‌സും തങ്ങളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ഭയത്തിന്റെ, അനാഥത്വത്തിന്റെ, ഒറ്റയാവലിന്റെ വേരുകള്‍ ഇഴപിരിച്ചെടുത്തു പിന്നിക്കെട്ടുന്നു.

നേരത്തെ സൂചിപ്പിച്ച പോലെ ശബ്ദങ്ങളുടെ ഒരു കൂട്ടിവായനയാണിതില്‍. വെടിയൊച്ചകളുടെ, ഫോണിലെ റെക്കോഡഡ് മെസേജുകളുടെ, മഴയുടെ, പുഴയൊഴുക്കിന്റെ, തേനീച്ചമൂളലിന്റെ, വിമാന ഇരമ്പലിന്റെ, തെരുവു പ്രകടന മുദ്രാവാക്യങ്ങളുടെ, രണ്ടു പെണ്‍കുട്ടിക്കാലങ്ങളുടെ, ഒരു വിമാനപതനത്തിന്റെ, ബ്ലാക്ക്‌ബോക്‌സ് റിക്കൊഡിന്റെ… അങ്ങനെയങ്ങനെ ശബ്ദങ്ങള്‍. ലാറ്റിനമേരിക്കന്‍ നോവലില്‍ പൊതുവേ കാണാറുള്ള വര്‍ണ്ണവും വിസ്മയങ്ങളുമല്ല, വിങ്ങലും വേദനകളും പ്രത്യേകിച്ചും അതിദൂരമില്ലാത്ത ഒരു കാലത്തിന്റെ ഒട്ടും മാജിക്കലല്ലാത്ത യാഥാര്‍ത്ഥ്യവിവരണമാണീ നോവല്‍.

 

(കവിയും വിവര്‍ത്തകയുമാണ് ഉമ. തൃപ്പൂണിത്തുറ താമസം)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍