UPDATES

സിനിമ

ഈ ജൂഡ് ആന്റണി വേറെ ലെവലാണ് ബ്രോ !

Avatar

കൊച്ചിയിലേക്ക് കൂടുമാറുന്നതിനു മുമ്പ് കോടമ്പാക്കം ആയിരുന്നു മലയാള സിനിമയുടെ തലസ്ഥാനം. വളരെ ഇടുങ്ങിയൊരു വാതിലായിരുന്നു അക്കാലത്ത് സിനിമയുടെ ഉള്ളിലേക്ക് കടക്കാനായി ഉണ്ടായിരുന്നത്. അതിനാകട്ടെ അനേകായിരം കാവല്‍ക്കാരും. കോടമ്പാക്കം തെരുവുകളിലെ പൈപ്പുവെള്ളം കുടിച്ച് എത്രയോപേര്‍ ആ വാതിലിനു മുന്നില്‍ കാത്തു നിന്നു, ചിലര്‍ക്ക് പ്രവേശനം കിട്ടി, ചിലര്‍ മടുത്തു മടങ്ങി…പിന്നെ കൂറെപ്പേര്‍ തളര്‍ന്നു താഴെവീണു…

കഴിവുള്ളവരാണോ അകത്തു കയറിയതെന്നു ചോദിച്ചാല്‍ അല്ല, കഴിവില്ലാത്തവരാണോ അകത്തുകയറാന്‍ കഴിയാതെ വീണുപോയതെന്നു ചോദിച്ചാല്‍ അതുമല്ല…പിന്നെയോ, എല്ലാം ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളിയായിരുന്നു. 

സിനിമ ഇന്ന് അതിവിശാലമായ പ്രവേശനകവാടമുള്ളൊരു സര്‍ക്കസ് കൂടാരമാണ്. കളിയറിയാവുന്നവനാരായാലും അകത്തു കടക്കാം. പഴയ കോടമ്പാക്കം കഥകളിലെ ‘വിഡ്ഡികളെ’പ്പോലെ ആരും നിരാശരാകുന്നില്ല.

സിനിമാപ്രവേശനത്തിനും സര്‍ക്കാര്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലോ? 
നിങ്ങള്‍ക്ക് കുറച്ചൊക്കെ സംവിധാനം അറിയാം. എന്നാല്‍ പൂര്‍ണമായി ഒരു സിനിമ സംവിധാനം ചെയ്യാനൊന്നും പാകമായിട്ടില്ലതാനും. പക്ഷെ സംവരണത്തിന് അര്‍ഹനായതുകൊണ്ട് ഉള്ള അറിവൊക്കെവച്ചു തന്നെ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള യോഗ്യത കല്‍പ്പിച്ചു കിട്ടുന്നു…സംവിധാനത്തില്‍ മാത്രമല്ല, രചനയിലും മറ്റു സാങ്കേതിക വിഭാഗത്തിലും അഭിനയത്തിലുമൊക്കെ ഇതു പ്രായോഗികമാണ്! 

സംവിധായകന്‍ ജൂഡ് ആന്റണി ഇത്തരത്തിലുള്ള യാതൊരുവിധ റിസര്‍വേഷന്‍ ആനുകൂല്യങ്ങളും ഉപയോഗിച്ചല്ല സംവിധായകനായതും ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റാക്കിയതും. സംസ്ഥാന സര്‍ക്കാരിന്റെ കൈയില്‍ നിന്നും അവാര്‍ഡും വാങ്ങി. സ്വാഭാവികമായും കഴിവുമാത്രം കൊണ്ട് ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കിയ ജൂഡിനെപ്പോലുള്ളവര്‍ ഒരിക്കലും അംബുജാക്ഷന്റെ സിനിമാസംവരണ ആവിശ്യത്തെ അംഗീകരിക്കുകയില്ല. മാത്രമല്ല, ഇതു പറഞ്ഞ അംബുജാക്ഷന്റെ തന്തയ്ക്കുവരെ വിളിച്ചെന്നിരിക്കും. 

ജൂഡ് കഴിവില്‍ വിശ്വസിക്കുന്നവനാണ്.

സിനിമയില്‍ മാത്രമല്ല, അങ്ങ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ വരെ കഴിവ് മാത്രമേ മാനദണ്ഡമാക്കാവു എന്ന നിലപാടുകാരനാണ് ജൂഡ്. സംവരണത്തിന്റെ പേരില്‍ കയറിവരുന്നവനൊക്കെ ഞങ്ങളെപ്പോലുള്ളവരുടെ മുതുകില്‍ ചവിട്ടിയാണ് നില്‍ക്കുന്നതെന്ന ദണ്ഡം നല്ലതുപോലെ അയാളിലുണ്ട്.

ഇന്നലെ ആരൊക്കെയോ എന്തൊക്കെയോ അനുഭവിച്ചൂന്നു കരുതി അവരുടെയൊക്കെ പിന്തുടര്‍ച്ചക്കാര്‍ക്ക് സാമ്പത്തികനിലയോ ചുറ്റുപാടുകളോ നോക്കാതെ നല്‍കുന്ന ഈ സംവരണമുണ്ടല്ലോ അത് മറ്റൊരു ജനതയ്ക്കു നല്‍കുന്ന അടിമത്തമാണെന്നാണ് ജൂഡ് കണ്ടുപിടിച്ചിരിക്കുന്നത്. 

ആരാണാ മറ്റൊരു ജനത? സംശയമെന്ത് ഈ രാജ്യത്ത് സവര്‍ണരെന്ന ‘ആക്ഷേപം’ പേറുന്നവര്‍ തന്നെ. 

ശരിക്കും ഈ സംവരണമുണ്ടല്ലോ അതീ സവര്‍ണരെ അടിമകളാക്കുന്ന ഗൂഡതന്ത്രത്തിന്റെ മറുപേരാണ്. സ്വന്തം അനുഭവത്തില്‍ നിന്നു തന്നെയാണ് ജൂഡ് അത് പറയുന്നത്. എഞ്ചിനീയറിംഗ് പഠിക്കണമെന്ന മോഹവുമായി തന്റെ അപ്പനെ സമീപിച്ചപ്പോള്‍ പാവപ്പെട്ട ആ മനുഷ്യന്‍ ബാങ്ക് ലോണ്‍ എടുത്തുകൊടുത്താണ് മകനെ പഠിപ്പിച്ചത്. എന്തുകൊണ്ട്? ജൂഡ് ഒരു സവര്‍ണ ക്രിസ്ത്യാനായിപ്പോയി. സംവരണത്തിന് അര്‍ഹനല്ല. ഇതുപോലെ പതിനായിരക്കണക്കിനു ജൂഡുമാരാണ് പഠിക്കാനുള്ള മോഹം കൊണ്ട് ബാങ്കിന്റെ കടക്കാരായി ഈ രാജ്യത്തുള്ളത്.

പക്ഷേ സംവരണക്കാരോ? അവരെന്താണ് ഈ രാജ്യത്തോട് ചെയ്യുന്നത്? തന്നെപ്പോലുള്ള ലക്ഷക്കണക്കിന് അടിമകള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് പഠിക്കാനെത്തുന്നവര്‍ രാജ്യത്തിനെതിരായി രാഷ്ട്രീയം കളിക്കുന്നു. ഒരിന്ത്യന്‍ എന്ന നിലയില്‍ അഭിമാനിക്കുകയും സാമൂഹിക തിന്മകള്‍ക്കെതിരെ കത്തനാരെന്നോ കോടതിയെന്നോ മുഖം നോക്കാതെ പ്രതികരിക്കുകയും ചെയ്യുന്ന ജൂഡിന്റെ രക്തം തിളയ്ക്കാന്‍ വേറെ എന്തുവേണം.

ഞങ്ങള്‍ അടിമകളാണ്. പക്ഷേ സവര്‍ണ അടിമകളായ ഞങ്ങളുടെ ഔദാര്യംകൊണ്ട് പഠിക്കാനെത്തുന്ന നീയൊക്കെ ആ അടിമകളുടെ കീഴിലുള്ള അടിമകളാണെന്നു മനസിലാക്കണം. ഈ രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിച്ചാല്‍ നിന്നെയൊക്കെ രാജ്യദ്രോഹികളായി ജയില്‍ അടയ്ക്കും. ചെയ്യാനും പറയാനും ചെയ്യിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കെയുള്ളൂ. മിണ്ടാതിരിക്കാനും ആത്മഹത്യ ചെയ്യാനുമൊക്കെയുള്ള അവകാശമേ നിനക്കൊക്കെയുള്ളൂ എന്നാണ് രാജ്യസ്‌നേഹിയായ ജൂഡ് എല്ലാ സംവരണക്കാരെയും ഓര്‍മിപ്പിക്കുന്നത്. ജെഎന്‍യുവിലെ സകലദേശവിരുദ്ധര്‍ക്കും ഇതു ബാധകമാണ്.

ജൂഡ് ഇതൊക്കെ പറഞ്ഞപ്പോഴാണ് അംബുജാക്ഷന് ഒരുകാര്യം മനസിലായത്. കേന്ദ്രസര്‍ക്കാര്‍ സമര്‍ത്ഥമായി കുടുക്കിയ രാജ്യദ്രോഹികളെല്ലാം തന്നെ സംവരണക്കാരാണ്. സംവരണം ഔദാര്യമാണ്. ഔദാര്യത്തിന്റെ ഓഹരിക്കാര്‍ എന്നും റാന്‍ മൂളികളാണ്. പട്ടേലരുടെ നേരെ തൊമ്മി തോക്കു ചൂണ്ടുന്നതുപോലെയാണ് പക്ഷേ ഇപ്പോഴത്തെ അവസ്ഥ!

രോഹിത് വെമുലയായാലും കനയ്യ കുമാര്‍ ആണെങ്കിലും ഈ നാട്ടിലെ സംഘര്‍ഷത്തിനു കാരണമാകുന്നത് അവരൊക്കെ സംവരണക്കാരായതുകൊണ്ടായിരിക്കാം. ജൂഡിനെപ്പോലുള്ളവര്‍ നല്‍കുന്ന നികുതിപ്പണം എടുത്ത് സര്‍ക്കാര്‍ തീറ്റിപ്പോറ്റി പഠിപ്പിക്കുന്നവര്‍. അവര്‍ക്ക് സ്മരണകളില്ല… ശരിയാണ് ജൂഡ്, അവറ്റകള്‍ക്ക് നന്ദിയില്ലെന്നു മാത്രമല്ല, ചെയ്യുന്നതു മുഴുവന്‍ രാജ്യത്തിനും ഭരണകൂടത്തിനും എതിരായ പ്രവര്‍ത്തികളും. നാടിനെ കുട്ടിച്ചോറാക്കാനിറങ്ങിയ യാക്കൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനെയും അവര്‍ വാഴ്ത്തുന്നു. ഇന്ത്യയുടെ ശത്രുരാജ്യത്തിനായി അവര്‍ മുദ്രാവാക്യം വിളിക്കുന്നു; നമ്മള്‍ കൊടുക്കുന്ന എച്ചില്‍ തിന്നിട്ട് നമുക്കെതിരെ തന്നെ കുരയ്ക്കുന്നല്ലേ??? നമ്മുടെ നികുതിപ്പണം തിന്നുകൊണ്ടവര്‍ അവരുടെതായ രാഷ്ട്രീയം കളിക്കുന്നല്ലേ…?

ജൂഡ് നിങ്ങള്‍ ഏതു ബ്രീഡില്‍പ്പെട്ട രാജ്യസ്‌നേഹിയാണെന്നു വ്യക്തമല്ല. പക്ഷേ ഉള്ളിലെ നിരാശ, അതായത് അവനൊക്കെ തിന്നുന്നത് എന്റെ പത്തായത്തിലെ നെല്ലെടുത്തിട്ടല്ലേ എന്ന നിരാശ താങ്കളുടെ മനോഭാവം ആര്‍ക്കനുകൂലമാണെന്നു വ്യക്തമാക്കുന്നുണ്ട്.

അപ്പനെടുത്തു തന്ന ബാങ്ക് ലോണിന് നിങ്ങള്‍ പഠിച്ച പഠിത്തം നിങ്ങള്‍ക്കുപോലും ഉപകാരപ്പെട്ടുകാണില്ല. പക്ഷേ ജെഎന്‍യുവിലെയും ഹൈദരാബാദ് സര്‍വകലാശലയിലെയുമൊക്കെ വിദ്യാര്‍ത്ഥികള്‍ അവരുടെ ഭാവിപോലും അപ്രസക്തമാക്കി പറയുന്ന രാഷ്ട്രീയം ഇന്നത്തെ ഒരുപാടും നാളത്തെ മുഴുവന്‍പേര്‍ക്കും ഉപകാരപ്പെടുന്നതാണ്. ഹൈദരാബാദ് സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെയുമെല്ലാം സമരത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ സംവരണാനുകൂല്യം മാത്രം മുതലാക്കി ഇവിടങ്ങളില്‍ പഠിക്കാനെത്തിയവരാണെന്നു കരുതിയോ? അല്ല ജൂഡ്. നിങ്ങള്‍ അവരുടെയെല്ലാം അക്കാദമിക് എബിലിറ്റി ചോദിച്ചറിയൂ. അപ്പന്റെ കാശുകൊണ്ടല്ലാതെ തന്നെ മെറിറ്റില്‍ തന്നെ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ത്ഥികളാണ് അവര്‍.

ജൂഡ് നിങ്ങള്‍ തുടങ്ങുന്നത്, ഒരുകാലത്ത് ഒരു ജനത അനുഭവിച്ചുവന്ന കഷ്ടതകള്‍ക്ക് പരിഹാരമെന്നോണം എന്നു പറഞ്ഞാണല്ലോ. ഇല്ല ജൂഡ് താങ്കള്‍ വിശ്വസിക്കുന്ന പരിഹാരം അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് താങ്കളുടെ അനിയന്റെ പ്രായമുള്ള ഒരു വിദ്യാര്‍ത്ഥി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തത്. അടിമകളാകുന്നൂ എന്നു താങ്കള്‍ ഭയപ്പെടുന്ന ‘ മറ്റൊരു ജനത’യില്ലേ അവരുടെ അടിച്ചമര്‍ത്തല്‍ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ലെന്നു വിളിച്ചു പറഞ്ഞതിനാണ് കന്നയ്യ കുമാര്‍ ജയിലില്‍ കിടക്കുന്നത്. ഇടപ്പള്ളി പള്ളി കെട്ടാന്‍ എത്ര ഇഷ്ടിക ചെലവായെന്നു കണക്കെടുത്ത താങ്കള്‍ക്ക് ജെഎന്‍യുവില്‍ നടന്നത് എന്തൊക്കെയാണെന്ന്, കന്നയ്യ കുമാര്‍ നടത്തിയ പ്രസംഗം എന്തായിരുന്നുവെന്നു മനസിലാക്കിയെടുക്കാന്‍ കഴിയാതെ പോയോ? ആട്ടിന്‍പാല് കുടിച്ചാല്‍ ബുദ്ധി ഇത്രത്തോളം കെട്ടുപോകുമോ?

സാമ്പത്തിക സംവരണമാണ് രാജ്യത്തു നടപ്പില്‍ വരുത്തേണ്ടതെന്ന ചര്‍ച്ച ഏറെക്കാലമായുണ്ട്. ഏതു ജാതിമതവിഭാഗത്തില്‍പ്പെട്ടതായാലും അവരുടെ സാമ്പത്തിക സ്ഥിതിയുംനോക്കിവേണം റിസര്‍വേഷനും സ്‌റ്റൈപന്‍ഡും നല്‍കാനെന്നുള്ള വാദം അംബുജാക്ഷനും അംഗീകരിക്കുന്നയൊന്നാണ്. ഈ വാദവും സംഘിരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സംവരണമേ വേണ്ടെയന്ന വാദവും തമ്മില്‍ അജഗജാന്തര അകല്‍ച്ചയുണ്ട്. സംവരണം വേണ്ട എന്ന് ആര്‍എ്‌സഎസുകാര്‍ പറയുന്നത് തുല്യത വരുത്താനല്ല. അവര്‍ ഒരിക്കലും ഇക്വാലിറ്റിയില്‍ വിശ്വസിക്കുന്നില്ല. അവര്‍ വരേണ്യസ്വഭാവമുള്ളവരാണ്. തങ്ങളില്‍ താഴെയുള്ളവരെ അവര്‍ക്കെന്നുമാവിശ്യമാണ്.

മോന് എഞ്ചിനീയറിംഗ് പഠിക്കാന്‍ ബാങ്ക് ലോണെടുത്ത അപ്പനെക്കുറിച്ച് ഗദ്ഗദപ്പെടുന്ന ജൂഡ് നിങ്ങളെത്തിയിരിക്കുന്നത് ഇതിലേതു വാദത്തിലാണ്. പെട്രോള്‍ ബങ്കുടമയുടെ മകനും സാമ്പത്തിക സംവരണം വേണമെന്ന മോഹം താങ്കള്‍ ഏതു വാദക്കാരുടെ ചാര്‍ച്ചക്കാരനാണെന്നു മനസിലാക്കി തരുന്നുണ്ട്.

ജൂഡ്, നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഏതു വിഷയത്തിലും ഇടപെട്ട് അഭിപ്രായം പറയുന്നൊരാളെന്നു കേട്ടിട്ടുണ്ട്. ചിലതൊക്കെ വായിച്ചിട്ടുണ്ട്. കരുതിയത് കുറച്ചൊക്കെ രാഷ്ട്രീയബോധം ഉണ്ടാകുമെന്നാണ്. തികച്ചും അരാഷ്ട്രീയവാദിയായ, അല്ലെങ്കില്‍ കാപട്യക്കാരനായ, കേവലം പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ മാത്രമാണ് താങ്കളെന്നു തെളിയിക്കുന്നതായിരുന്നു ‘ഞങ്ങളുടെ നികുതിപ്പണം നിങ്ങള്‍ക്കു പഠിക്കാനാണന്നും രാഷ്ട്രീയം കളിക്കാനല്ലെന്നും’ ഉള്ള താക്കീത്. അതു തന്നെ നിങ്ങളിലെ അപ്പര്‍ കാസ്റ്റ് മെന്റാലിറ്റിയുടെ പ്രതിഫലനമാണ്. സംവരണം പറ്റുന്ന സകലവന്‍മാരും ഞങ്ങളുടെ ഔദാര്യം പറ്റുന്നവനാണെന്നുള്ള പുച്ഛം. ദേശസ്‌നേഹത്തിന്റെ ചാപ്പ കുത്തലുകാരെക്കാള്‍ എന്തു വ്യത്യാസമാണ് താങ്കള്‍ക്ക് ഇനിയുള്ളത്? ജെഎന്‍യുവിലെ രാഷ്ട്രീയം നിങ്ങള്‍ നല്‍കുന്ന പണം തിന്നുന്നവരുടെ കുത്തലാണെന്ന് തോന്നുന്നുണ്ടെങ്കില്‍, ആദ്യം തന്തയ്ക്കു വിളിക്കേണ്ട പലരും ഡല്‍ഹിയില്‍ തന്നെ വേറെയുമില്ലേ ജൂഡ്. അവരുമൊക്കെ താങ്കളും ഞാനുമൊക്കെ നല്‍കുന്ന നികുതിപ്പണം തിന്നുന്നവരാണ്. നമ്മുടെ പണമെടുത്ത് നമ്മുടെ കഴുത്തില്‍വയ്ക്കാന്‍ വാള്‍ പണിയുന്നവര്‍. നമ്മുടെ ഔദാര്യം ദുര്‍വ്യയം ചെയ്യാന്‍ ആരായാലും അനുവദിക്കരുത്, ജെഎന്‍യുവിലെ കനയ്യ കുമാര്‍ ആണെങ്കിലും 7 റേസ് കോഴ്‌സ് റോഡിലെ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയാണെങ്കിലും. 

ജൂഡ് ആന്റണിക്ക് ഭാവിയിലും നല്ലതു മാത്രം വരട്ടെ… പ്രാര്‍ത്ഥനയോടെ അംബുജാക്ഷന്‍…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍