UPDATES

സിനിമ

അപ്പന്റെ ലോണിന് പഠിച്ചവന്മാർക്ക് തിരിച്ചറിയാനാകാത്ത രാഷ്ട്രീയം

Avatar

റിബിന്‍ കരീം

പുതിയകാലത്തെ കാണാതിരിക്കുകയും ഞങ്ങളാണു ശരിയെന്ന ബോധത്തില്‍ ഉറച്ചുപോയവര്‍ക്കും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുതല്‍ ജെ എന്‍ യുവിലെ വരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ സമര മുദ്രാവാക്യങ്ങളില്‍ നിന്ന് പഠിക്കാന്‍ ഒരുപാടുണ്ട്. ഭരണകൂടത്തിന്റെയും അതിന്റെ പിണിയാളുകളായി പ്രവര്‍ത്തിച്ചവരുടേയും നിരന്തര ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ടാണ് കനയ്യകുമാര്‍ ഉപാധികളോടു കൂടിയാണെങ്കില്‍ പോലും ജാമ്യം ലഭിച്ചു പുറത്തു വരുന്നത്. ഫാസിസം മഹാരോഗമായി സമുഹത്തിലാകെ പടര്‍ന്നുപിടിക്കുമ്പോള്‍, ഏറെ തിളക്കവും പ്രതീക്ഷയും നല്‍കുന്നതാണ് കനയ്യ മുതല്‍ ഒമര്‍ വരെ ഉള്ള വിദ്യാര്‍ഥികള്‍ നയിക്കുന്ന പ്രതിരോധങ്ങള്‍.

മലയാളം സിനിമ സംഭാവന ചെയ്ത ഏറ്റവും മികച്ച ഒരു കലാകാരനാണ് ജോണ്‍ എബ്രഹാം. ‘എനിക്ക് ചിലത് ജനങ്ങളോട് പറയാന്‍ ഉണ്ടെന്നു തോന്നുമ്പോഴാണ് ഞാന്‍ സിനിമ ചെയ്യുന്ന’തെന്ന്  പറഞ്ഞ ജോണ്‍. ഒരു സിനിമ കൂടുതല്‍ സംവേദനക്ഷമമാകുന്നത് അത് മിണ്ടാത്തപ്പോഴാണ് എന്ന്‍ ആദ്യകാല ചലച്ചിത്ര കുലപതിയായ ഫൊണ്ടെയിന്റെ വാക്കുകള്‍ അര്‍ഥവത്താക്കുന്നതാണ് ജോണിന്റെ ജീവിതവും സിനിമകളും. ജോണിനെയും ബാലു മഹേന്ദ്രയെയും പോലെ അധികം പ്രതിഭാശാലികളെ, അസാധാരണ ചലച്ചിത്രകാരന്മാരെ പിന്നീട് മലയാള സിനിമ അധികം കണ്ടിട്ടില്ല.  
അതേസമയം, ന്യൂ ജെനറേഷന്‍ സിനിമകള്‍ എന്ന് വിളിക്കപ്പെടുന്ന പുതിയകാല സിനിമകളിലെ അണിയറ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും പ്രതീക്ഷകള്‍ ഉളവാക്കുന്നുണ്ട്. ലോകം കണ്ട ഏറ്റവും മികച്ച പ്രാസംഗകരില്‍ ഒരാളായ പ്ലേറ്റോയുടെ വാചകമുണ്ട് ‘നിങ്ങളുടെ ശ്രോതാക്കളുടെ എണ്ണവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് ‘; അങ്ങനെയെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സിനിമാ സെലിബ്രിറ്റി എന്ന നിലയില്‍ ഒട്ടനവധി പേര്‍ പിന്തുടരുന്ന ഒരു വ്യക്തിത്വമാണ് ഓം ശാന്തി ഓശാന എന്ന സിനിമയുടെ സംവിധായകനും അഭിനേതാവുമായ ശ്രീമാന്‍ ജ്യൂഡ് അന്തോണി ജോസഫ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു മാസത്തിനിടയിലുള്ള രണ്ട് അഭിപ്രായ പ്രകടനങ്ങള്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ തമസ്‌കരിക്കുന്നു എന്ന് മാത്രമല്ല വിക്ടോറിയന്‍ കാലഘട്ടത്തിലേക്ക് ഒരു ജനതയെ തിരിച്ചു കൊണ്ടുപോകുന്നു എന്ന ഏറ്റവും പ്രതിലോമകരമായ കര്‍ത്തവ്യമാണ് നിര്‍വഹിക്കുന്നത്. ‘കോളേജില്‍ പോകുന്നവര്‍ പഠിക്കാനാണ്, അല്ലാതെ രാഷ്ട്രീയം കളിച്ച് ആളാകനല്ല’ എന്നാണ് ജൂഡിന്റെ ഫെബ്രുവരി അവസാനത്തിലെ ഒരു ഫേസ്ബുക്ക് പോസ്റ്റ്. ഒരു ബലത്തിന് നികുതി അടച്ചു മാതൃകയായിട്ടും ഉണ്ട്. ജനാധിപത്യ സമൂഹത്തില്‍ പൗരര്‍ക്കെല്ലാമുള്ള അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും പ്രതിഷേധങ്ങളും വിദ്യാര്‍ഥികള്‍ക്കുമുണ്ട് എന്ന ജനാധിപത്യ സങ്കല്‍പത്തിന് എതിരാണ് നാടുവാഴിത്ത ചിന്തയുടെ ഉല്‍പന്നമായ ഈ വാദഗതി. മനുഷ്യന്റെ വിമോചനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും സംവാദമാണ് അതിനുള്ള മാര്‍ഗമെന്നും ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോ ഫ്രെയര്‍ പറയുന്നു. 

 

 

കനയ്യ കുമാറിനു ജാമ്യം ലഭിച്ച ദിവസം സംവിധായകപ്രതിഭ വീണ്ടും രംഗത്തെത്തിയത് ‘ഒരുത്തനെ കിട്ടാന്‍ നോക്കി ഇരിക്കുവാ ചിലര്‍, അവനെ ആദ്യം നേതാവാക്കാനും പിന്നെ രക്തസാക്ഷിയാക്കാനും.’
എന്നാ പോസ്‌റോടു കൂടിയാണ്. രണ്ടായിരത്തിനു മുകളില്‍ ആളുകള്‍ ഇതിന് ഐക്യദാര്‍ഡ്യവും പ്രഖ്യാപിക്കുന്നുണ്ട്. ഇവിടെയാണ് പ്ലേറ്റൊയുടെ വാചകം പ്രസക്തമാകുന്നത്. രാഷ്ട്രീയ പോരാട്ടങ്ങളുടെ പാരമ്പര്യം അവകാശപ്പെടാമെങ്കിലും അങ്ങേയറ്റം അരാഷ്ട്രീയമായ ഒരു മധ്യവര്‍ഗം ഇപ്പോഴും ഇവിടെയുണ്ട്; അവരുടെ ചിന്തകളെ തൊട്ടുതലോടുന്ന ഒരു നിലപാടാണ് ജൂഡിന്‍റെത്.

നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ അതു നിങ്ങളുടെ ജീവിതത്തില്‍ കയറി ഇടപെടും എന്ന ലെനിന്റെ താക്കീത് ഓര്‍ക്കുക. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തിത്തരുന്ന ഒരു സംഗതിയാണ് ഈ വാചകത്തില്‍ അടങ്ങിയിട്ടുള്ള രാഷ്ട്രീയം. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ എപ്പോഴെല്ലാം രാഷ്ട്രീയപരമായി അടയാളപ്പെടുത്താനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യയില്‍ കലാപാന്തരീക്ഷങ്ങളും അരങ്ങേറിയിട്ടുണ്ടെന്നു കാണാം. ഇന്ന് പക്ഷേ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നു. പരസ്യമായി ഒരു ഇന്‍ഡയറക്റ്റ് കലാപത്തിനു തന്നെയാണ് ഭരണകൂടം പലപ്പോഴും അവരുടെ ജനതയെ വെല്ലുവിളിക്കുന്നത്. രാഷ്ട്രീയത്തില്‍ ഒട്ടുംതന്നെ താല്പര്യമില്ല എന്ന് പറഞ്ഞ് മാറി നിന്നിരുന്ന ഒരു വലിയ ജനവിഭാഗത്തിനുപോലും പ്രതികരിക്കേണ്ട സാഹചര്യത്തിലേയ്ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ വന്നു ചേര്‍ന്നിരിക്കുന്നു.

മര്‍ദ്ദകനോട് പൊരുതാനുള്ള മര്‍ദ്ദിതന്റെ ആയുധം സംഘടിതബോധമാണ്. അറിവിന്റെ വെളിച്ചം നഷ്ടപ്പെടുമ്പോള്‍ മര്‍ദ്ദിതന്‍ തന്റെ സമരായുധത്തിന്റെ ഫലപ്രദമായ പ്രയോഗത്തില്‍ പരാജയപ്പെടുന്നു. ഈ ആശയമാണ് പൗലോ ഫ്രെയറെ പുതിയൊരു ബോധനശാസ്ത്ര രചനയ്ക്ക് പ്രചോദിപ്പിച്ചത്. നാരായണഗുരു ആഹ്വാനം ചെയ്തത് വിദ്യ അഭ്യസിക്കുക, പ്രബുദ്ധരാവുക എന്നാണ്. അയ്യങ്കാളി ഈ വഴിയില്‍ വളരെ പ്രധാനപ്പെട്ട ശ്രമങ്ങള്‍ നടത്തി. ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി കൂട്ടുത്തരവാദിത്തത്തോടെ ചെയ്യുന്ന പ്രവര്‍ത്തനമാണ് രാഷ്ട്രീയം. രാഷ്ട്രീയം ഉപേക്ഷിക്കുക എന്നത് സാമൂഹ്യവിരുദ്ധമായ നീചപ്രവൃത്തിയാണ്. സഹജീവിയുടെ പ്രശ്‌നങ്ങളെ അനുഭാവപൂര്‍വ്വം സമീപിക്കാതിരിക്കുക സാമൂഹികമായ ആന്ധ്യമാണ്. ഇന്നത്തെ വിദ്യാര്‍ത്ഥി നാളത്തെ പൗരന്‍ എന്നതല്ല, ഇന്നത്തെ വിദ്യാര്‍ത്ഥി ഇന്നത്തെ പൗരന്‍ കൂടിയാണ് എന്നാണ് സംവിധായകന്‍ ജൂഡിനോട് പറയാനുള്ളത്. 

 

അപ്പന്‍ ലോണെടുത്താണ് നിങ്ങളെ പഠിപ്പിച്ചത് എന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ താങ്കള്‍. എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ, ഒരു പൌരന്റെ മൗലികാവകാശമായ വിദ്യാഭ്യാസം നേടാന്‍ വേണ്ടി എന്തുകൊണ്ട് അവന് ബാങ്ക് ലോണുകളെ ആശ്രയിക്കേണ്ടി വരുന്നു എന്ന്? ആരാണ് രജനി എസ് ആനന്ദ് എന്ന്‍ നിങ്ങള്‍ക്കറിയാമോ? താങ്കള്‍ നേതാവാക്കിയെന്നും രക്തസാക്ഷിയാക്കുമെന്നും ആരോപിക്കുന്ന കനയ്യ കുമാര്‍ എങ്ങനെ ഒരു ദിവസം കൊണ്ട് രാജ്യദ്രോഹിയായി എന്നറിയാമോ? അയാള്‍ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കാമോ? എണ്ണമിട്ട ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ ദയവു ചെയ്ത് നിങ്ങള്‍ സിനിമക്ക് സംഭാഷണം എഴുതുന്ന ലാഘവത്തില്‍ പൊളിറ്റിക്കല്‍ ഇഷ്യൂസിനെ അഡ്രസ് ചെയ്യരുത്.

 

 

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കൂടിയായ കനയ്യ കുമാര്‍ 23 ദിവസത്തെ തടവിന് ശേഷമാണ് തിഹാര്‍ ജയിലില്‍ നിന്ന് മോചിതനാകുന്നത്. പുറത്തുവന്നു നടത്തിയ പ്രഭാഷണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ആവേശപൂര്‍വ്വം വീക്ഷിക്കുന്നു. 56 ഇഞ്ചിന്റെ നെഞ്ചളവും അച്ഛാ ദിനങ്ങളുമെല്ലാം ഈ 28-കാരന്റെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ യഥേഷ്ടം തോറ്റു പിന്മാറുന്ന കാഴ്ച രോമം പിഴുതെടുക്കുന്ന വികാരതീവ്രതയോടു കൂടിയാണ് വലിയ ഒരു വിഭാഗം ജനാധിപത്യ, മതേതര വിശ്വാസികള്‍ സ്വീകരിച്ചത്. അത്തരം ഒരു രാഷ്ട്രീയ യുവനേതാവിനെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഒരു വിദ്വാന്‍ ഒരു ഫ്ലൂക് ആയി ചിത്രീകരിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ മാത്രം ക്ഷമ കൈമുതലായില്ല എന്ന് നിങ്ങള്‍ തിരിച്ചരിയുമല്ലോ. 

”It is easy to make political films, but difficult to make films politically”; ഫ്രഞ്ച് നവസിനിമയുടെ ആചാര്യനായ ഗൊദാര്‍ദിന്റെ ഈ വാക്കുകള്‍ ഒരുപക്ഷെ ഒരു സിനിമാക്കാരാന്‍ ആണെങ്കില്‍ക്കൂടി നിങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റാത്ത ഒന്നായിട്ടാണ് തോന്നുന്നത്. സിനിമയുടെ കേവല സൗന്ദര്യശാസ്ത്ര പ്രശ്‌നങ്ങള്‍ക്കപ്പുറം നൈരന്തര്യമുള്ള ഒരു രാഷ്ട്രീയപ്രക്രിയയുടെ ഭാഗമായി ചലച്ചിത്രരചനയെ വളര്‍ത്തിയെടുക്കണം എന്ന ഗൊദാര്‍ദിന്റെ ആഹ്വാനമൊന്നും നടപ്പിലാക്കാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. പക്ഷെ അങ്ങേയറ്റം അരാഷ്ട്രീയ പ്രവണതകള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, ഏറ്റവും പ്രിമിറ്റീവായി കാമ്പസ് രാഷ്ട്രീയത്തെ കാണുന്ന വലിയ ഒരു വിഭാഗം ജീവിച്ചിരിക്കുന്ന ഈ സമൂഹത്തില്‍, താങ്കളുടെ ഇത്തരം അരാഷ്ട്രീയ മ്യൂസിയംപീസ് നിലപാടുകള്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് വളരെ വലുതായിരിക്കും. നിങ്ങള്‍ രാഷ്ട്രീയ സിനിമകള്‍ ചെയ്യണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. പക്ഷെ നിരന്തരമുള്ള ഈ അരാഷ്ട്രീയ നിലപാടുകളുടെ ഛര്‍ദ്ദില്‍ പുനരാലോചിക്കേണ്ടതുണ്ട്. 

കഴിയുമെങ്കില്‍ രണ്ടു കാര്യങ്ങള്‍ കൂടി ചെയ്യുക; ദീപ മേത്തയുടെ മകള്‍ ദേവയാനി സാല്‍ട്‌സ്മാന്‍ എഴുതിയ ‘ഷൂട്ടിങ് വാട്ടര്‍’ എന്ന ഒരു പുസ്തകമുണ്ട്- സംഘടിപ്പിച്ചു വായിക്കുക; പസ്സോളിനി സംവിധാനം ചെയ്ത ‘സാലോ’ എന്ന ഇറ്റാലിയന്‍ സിനിമ ഒരു വട്ടമെങ്കിലും കാണുക.

 

‘കനയ്യയുടെ പ്രസംഗം തലമുറയുടെ ശബ്ദമാണ്. അത് രാജ്യത്തെ നിര്‍മിക്കും’- പറഞ്ഞത് പ്രകാശ് രാജാണ്. മിനിമം ഈ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന രാഷ്ട്രീയം തിരിച്ചറിയാനുള്ള കോമണ്‍സെന്‍സ് എങ്കിലും നിങ്ങള്‍ക്കുണ്ടാകും എന്ന് വിശ്വസിച്ചുകൊണ്ട് നിര്‍ത്തുന്നു.

 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍