UPDATES

വിദേശം

സിറിയന്‍ കുടുംബത്തെ വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കോടതി

ഈമാസം 16 മുതലാണ് ട്രംപിന്റെ പുതുക്കിയ യാത്രാ വിലക്ക് നിയമം പ്രാബല്യത്തില്‍ വരുന്നത്

ഒരു സിറിയന്‍ കുടുംബത്തിന് അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് മഡിസണ്‍ ജഡ്ജി സ്റ്റേ ചെയ്തു. തിങ്കളാഴ്ച ട്രംപ് തന്റെ വിസാ നിയമം പുതുക്കിയതിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു കോടതി വിധി വരുന്നത്.

വിസ്‌കോന്‍സിനില്‍ സ്ഥിരതാമസമാക്കിയ സിറിയന്‍ മുസ്ലിം യുവാവിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. യുദ്ധഭൂമിയായ സിറിയയിലെ അലെപ്പോയില്‍ താമസിക്കുന്ന തന്റെ ഭാര്യയെയും മകളെയും അമേരിക്കയിലെത്തിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം ശ്രമിക്കുകയാണ്. മഡിസണ്‍ ജില്ലാ ജഡ്ജി മിഖായേല്‍ കോണ്‍ലി ആണ് ട്രംപിന്റെ ഉത്തരവ് തടഞ്ഞിരിക്കുന്നത്. ട്രംപിന്റെ വിസ നിയന്ത്രണ നിയമം തന്റെ കുടുംബത്തിന് വിസ നിഷേധിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ സിറിയന്‍ പൗരന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രംപിന്റെ വിലക്ക് പൂര്‍ണമായും കോടതി റദ്ദാക്കിയിരുന്നു.

ട്രംപ് തന്റെ വിസ നിയമം പുതുക്കിയതോടെയാണ് ഇയാള്‍ വീണ്ടും കോടതിയെ സമീപിച്ചത്. ട്രംപിന്റെ മുസ്ലിം വിരുദ്ധ നിയമം തന്റെ മതപരമായ സ്വാതന്ത്ര്യത്തെ വിലക്കുന്നുവെന്ന് അദ്ദേഹം കോടതിയെ ധരിപ്പിച്ചു. തന്റെ കുടുംബത്തിനുള്ള വിലക്ക് റദ്ദാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ കോടതിയോടുള്ള അഭ്യര്‍ത്ഥന. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് 21ന് ഇയാളുടെ കേസ് പരിഗണിക്കുന്നത് വരേയ്ക്കാണ് സ്റ്റേ.

ഈമാസം 16 മുതലാണ് ട്രംപിന്റെ പുതുക്കിയ യാത്രാ വിലക്ക് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ട്രംപിന്റെ വിസ നിയമം. ഈ നിയമം ഒപ്പുവച്ച ജനുവരിയില്‍ തന്നെ അമേരിക്കന്‍ നീതിന്യായ വകുപ്പ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍