UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജസ്റ്റിസ് ലോയയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ രാഷ്ട്രപതിയെ കണ്ടു

13 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘമാണ് രാഷ്ട്രപതി ഭവനിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്

ജസ്റ്റിസ് ബി എച്ച് ലോയയുടെ അസ്വാഭാവിക മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 114 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി. സുപ്രിംകോടതി അന്വേഷണം വിലയിരുത്തണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതി ഭവനിലെത്തിയാണ് അപേക്ഷ കൈമാറിയത്.

13 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘമാണ് രാഷ്ട്രപതി ഭവനിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. രഷ്ട്രപതിയില്‍ നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ചര്‍ച്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോയ എങ്ങനെയാണ് മരിച്ചതെന്ന് അറിയേണ്ടതുണ്ടെന്നും ഈ കേസില്‍ നിരവധി ദുരൂഹതകള്‍ ചുരുളഴിയാനുണ്ടെന്നും പ്രതിപക്ഷം അറിയിച്ചു. അതിനാലാണ് സുപ്രിംകോടതി മാത്രമേ കേസന്വേഷണം വിലയിരുത്താവൂ എന്ന് ശഠിക്കുന്നത്.

2014ലെ ജസ്റ്റിസ് ലോയയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയിലെ വാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് ഇന്നാണ് പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 12ന് ഹര്‍ജിയില്‍ വിധി പ്രഖ്യാപിക്കും. സിബിഐ ജഡ്ജിയായിരുന്ന ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ സുപ്രിംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2014 ഡിസംബര്‍ 1നാണ് നാഗ്പൂരില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരിച്ചത്. വിവാദമായ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്നത് അദ്ദേഹമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ സഹോദരി രംഗത്തെത്തിയതോടെയണ് വാര്‍ത്തയായത്. സൊറാബുദ്ദീന്‍ കേസുമായി മരണത്തിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍