UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികല നടരാജന് മേലുള്ള കുരുക്ക് മുറുകി

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരണത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ടെന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാജിവച്ച മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അറിയിച്ചു. പനീര്‍സെല്‍വം രാജിവച്ചെങ്കിലും പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത് വരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയാണ്. ഈ അധികാരം ഉപയോഗിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ശശികല നടരാജന് മേലുള്ള കുരുക്ക് മുറുകിയിരിക്കുകയാണ്. താന്‍ പാര്‍ട്ടിയെ ചതിച്ചിട്ടില്ലെന്ന് പറഞ്ഞ പനീര്‍സെല്‍വം സാഹചര്യം അനുവദിക്കുമെങ്കില്‍ തന്റെ രാജി പിന്‍വലിക്കുമെന്നും വ്യക്തമാക്കി. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

16 വര്‍ഷത്തോളം ജയലളിത മുഖ്യമന്ത്രിയായി തുടര്‍ന്നു. താന്‍ രണ്ട് പ്രാവശ്യം ആ സ്ഥാനത്തെത്തിയത് അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു. എന്നും അമ്മയുടെ പാത പിന്തുടരാനാണ് ശ്രമിച്ചത്. പാര്‍ട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും താന്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരില്ലെന്നും പനീര്‍സെല്‍വം അറിയിച്ചു. അണ്ണാ ഡിഎംകെയുടെ ഒത്തൊരുമയ്ക്കായി എന്നും നിലകൊണ്ടു. അധികാരത്തിലാണെങ്കിലും പ്രതിപക്ഷത്താണെങ്കിലും പാര്‍ട്ടിയെ ചതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്നത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. സഭയില്‍ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കും. ജനങ്ങള്‍ മുഴുവന്‍ തനിക്കൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് തെളിയിക്കാനായി സംസ്ഥാന പര്യടനം നടത്തും. ഗവര്‍ണര്‍ തിരിച്ചെത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ കാണുമെന്നും പനീര്‍സെല്‍വം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ജയലളിതയ്ക്ക് പ്രമേഹത്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന ഗുരുതര ആരോപണവുമായി അണ്ണാ ഡിഎംകെ നേതാവ് പാണ്ഡ്യന്‍ രംഗത്തെത്തി. വൈകിട്ടോടെ ശശികലയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ അറിയുമെന്നും അതോടെ അവര്‍ ഒരു അടഞ്ഞ അധ്യായമായി മാറുമെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍