UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മൂന്നാര്‍ കയ്യേറ്റത്തിനെതിരെ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വര്‍ഷങ്ങളായി താമസിച്ച് വരുന്നവരെ കയ്യേറ്റക്കാരായി കാണില്ല.

സഹായം തേടിയ സ്ത്രീയോട് ഫോണില്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വച്ച എകെ ശശീന്ദ്രനെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാര്‍മ്മികതയുടെ അടിസ്ഥാനത്തിലാണ് ശശീന്ദ്രന്റെ രാജിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ യാതൊരു ദാക്ഷിണ്യവുമുണ്ടാവില്ല. വര്‍ഷങ്ങളായി താമസിച്ച് വരുന്നവരെ കയ്യേറ്റക്കാരായി കാണില്ല. ആവശ്യത്തിലധികം റിസോര്‍ട്ടുകള്‍ മൂന്നാറില്‍ വേണ്ട. ദേവീകുളം സബ്കളക്ടര്‍ക്കെതിരായ രാഷ്ട്രീയ കക്ഷികളുടെ പരാതി സംബന്ധിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തിട്ടില്ല. എസ് രാജേന്ദ്രന്‍ എഎല്‍എ കയ്യേറ്റക്കാരനല്ല. അദ്ദേഹത്തിന്റെ വീട് നില്‍ക്കുന്ന ഭൂമിക്ക് പട്ടയമുണ്ട്. നൂറ്റാണ്ടുകളമായി താമസിച്ച് വരുന്ന കുടുംബങ്ങളെ കയ്യേറ്റക്കാരായി കണ്ട് ഒഴിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

‘ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അന്വേഷണത്തിന്റെ പരാമര്‍ശ വിഷയങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.

ശശീന്ദ്രന്‍ രാജിവെച്ചത് അദ്ദേഹത്തിനെതിരായ ആക്ഷേപം ശരിവെച്ചുകൊണ്ടോ കുറ്റം ഏറ്റെടുത്തുകൊണ്ടോ അല്ല. ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ താന്‍ മന്ത്രിയായി തുടരുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം എടുത്തത്. ഇത് ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ്. പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ രാജിവെക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് പ്രോത്സാഹനമായി വരും എന്ന വസ്തുത നിലനില്‍ക്കുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമായിരുന്നു രാജിക്കാര്യത്തില്‍ അദ്ദേഹം തീരുമാനമെടുക്കേണ്ടിയിരുന്നത്. എന്നാല്‍, താന്‍ രാജിവെക്കുകയാണെന്ന ഉറച്ച നിലപാട് ശശീന്ദ്രന്‍ എടുത്തു. സമൂഹം ഈ നിലപാടിനെ സ്വാഗതം ചെയ്യുകയാണ്. ഏത് അന്വേഷണവും വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫോണ്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമായ നടപടിയാണ്. അക്കാര്യം പ്രത്യേകം പരിശോധിക്കുന്നതാണ്’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍