UPDATES

സിനിമ

സിനിമയും അതിന്റെ അത്ഭുതങ്ങളും എന്നും പ്രതിധ്വനിക്കുന്ന ജൂലിയറ്റ് ബിനോഷേ

Avatar

സ്റ്റീവ് ഡോളര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

‘ക്ലൗഡ്‌സ് ഓഫ് സില്‍സ് മരിയ’ എന്ന സിനിമയില്‍ ജൂലിയറ്റ് ബിനോഷേ ചെയ്തത് അവരുടെ എക്കാലത്തെയും മികച്ച റോളായിരിക്കും. ചിലപ്പോള്‍ ഇതിനെ രണ്ടോ മൂന്നോ റോളായി കാണാനാകും. മൂന്നു ദശാബ്ദമായി ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഹൗസുകളുടെ പ്രിയങ്കരിയാണ് ഈ ഫ്രഞ്ച് നടി. എഴുത്തുകാരനും സംവിധായകനുമായ ഒലിവിയര്‍ അസായസിനോട് ചേര്‍ന്നുള്ള ഈ സിനിമ അവരുടെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്നുറപ്പ്.

മരിയ എന്‍ടെര്‍സ് എന്ന മധ്യവയസ്‌കയായ സിനിമാതാരത്തിന്റെ റോളിലാണ് ബിനോഷേ. അവരെ പ്രശസ്തയാക്കിയ ആദ്യകാലസിനിമയുടെ പുനര്‍നിര്‍മ്മാണത്തില്‍ അഭിനയിക്കാന്‍ അവര്‍ തയ്യാറാകുന്നു. ഒരു യുവതിയും യുവകാമുകന്റെ ക്രൂരതയാല്‍ ആത്മഹത്യയ്ക്ക് പ്രേരിതയാകുന്ന ഒരു മുതിര്‍ന്ന സ്ത്രീയുടെയും കഥയാണ് സിനിമ. തിരികെയെത്താന്‍ തീരുമാനിച്ചപ്പോഴാണ് താന്‍ അഭിനയിക്കാന്‍ പോകുന്നത് മുതിര്‍ന്ന സ്ത്രീയുടെ ഭാഗമാണ് എന്ന് മരിയ അറിയുന്നത്. പേഴ്‌സണല്‍ അസിസ്റ്റന്റ്‌റ് വാലന്റൈനൊപ്പം (ക്രിസ്റ്റിന്‍ സ്ടീവാര്‍ട്ട്) റിഹേര്‍സല്‍ നടത്തുമ്പോള്‍ സിനിമയുടെയുള്ളിലെ നാടകം ഷോ ബിസിനസിന്റെ ഒരു പ്രതിഫലനമായും സ്ത്രീജീവിതങ്ങളുടെ നേര്‍ക്കാഴ്ചയായും ബിനോഷേയുടെയും സ്ടീവാര്‍ട്ടിന്റെയും സ്വന്തം അനുഭവങ്ങളായും മാറുന്നു.

‘ഒരു സംവിധായകരും ഈ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല’, അന്‍പത്തൊന്നുകാരിയായ ബിനോഷേ പറയുന്നു. അമ്പതുകളിലെ സംഗീതസിനിമകളില്‍ പങ്കെടുക്കാനെന്ന രീതിയില്‍ നീല ജീന്‍സും ചുവപ്പും വെള്ളയും ചെക്ക് ഷര്‍ട്ടും ധരിച്ചായിരുന്നു ബിനോഷേ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിന് എത്തിയത്. ‘സംവിധായകരും എഴുത്തുകാരും എല്ലാം പുരുഷന്മാരാണ്. സ്ത്രീത്വവും തിരിച്ചറിയേണ്ടതുണ്ട്. ആരുടെയൊപ്പമാവും അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുക? ഒളിവിയറാണു എന്റെ മനസ്സില്‍ വന്നത്.’

വീണ്ടും കഥയ്ക്കുള്ളിലെ കഥ. അസായാസ് ആണ് ബിനോഷേയെ പ്രശസ്തയാക്കിയ സിനിമ രചിച്ചത്. ആന്ദ്രെ ടെക്‌നിയേയുടെ 1985ലെ സിനിമ ‘റൊണ്ടെവൂ’. ഒരു ദുരന്തത്രികോണ പ്രേമകഥയിലെ നായികയായ നടിയെപ്പറ്റിയായിരുന്നു ആ സിനിമ. ‘ഞങ്ങള്‍ ഒരുമിച്ചാണ് ആരംഭിച്ചത്.’ ബിനോഷെയുടെ കഴിഞ്ഞ സിനിമയായ 2008ലെ ‘സമ്മര്‍ അവേഴ്‌സ്’ സംവിധാനം ചെയ്ത അസായാസ് പറയുന്നു. ‘മുപ്പതുവര്‍ഷം കഴിഞ്ഞു. അത് വാക്കുകളില്‍ പറയുക വേദനാജനകമാണ്, പക്ഷെ അംഗീകരിക്കാതെ വയ്യ.’ 

അടുത്തകാലത്ത് ബിനോഷേയ്ക്ക് മികച്ച ഒരു സിനിമ വേണമെന്ന് തോന്നുമ്പോള്‍ പ്രിയപ്പെട്ട സംവിധായകരെ ഒന്നുവിളിച്ചാല്‍ മതിയെന്ന അവസ്ഥയാണ്. അസായാസ് പറയുന്നത് ബിനോഷേയ്ക്ക് വേണ്ടി അബ്ബാസ് കിരോസ്താമിയും ഹൂ സിയാവോ സിയെനും പോലെയുള്ള സംവിധായകര്‍ സിനിമയെടുക്കുന്നുവെന്നാണ്. 

ബിനോഷേയുടെ വിളി വന്നപ്പോള്‍ വ്യത്യസ്തമായ ഒന്നാണ് ചെയ്യേണ്ടതെന്ന് അസായാസിന് അറിയാമായിരുന്നു. ‘ജൂലിയറ്റ് ബിനോഷേയെ വെച്ച് ഒരു സിനിമയെടുക്കാനല്ല, ജൂലിയറ്റ് ബിനോഷേയെപ്പറ്റി ഒരു സിനിമയെടുക്കാനായിരുന്നു എന്റെ ആഗ്രഹം.’ 

ട്വിലൈറ്റ് കാലത്തെ രക്തരക്ഷസ് ജീവിതത്തില്‍ നിന്ന് മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഇരുപത്തഞ്ചുകാരിയായ സ്റ്റ്യുവാര്‍ട്ടിന്റെയും കഥയാണിത്. വര്‍ഷങ്ങള്‍ നീണ്ട അനാവശ്യ ടാബ്ലോയിഡ് പ്രചാരണത്തിന്‌ശേഷം സ്റ്റ്യുവാര്‍ട്ടിന് കുറച്ച് ബഹുമാനം ലഭിക്കുന്ന സിനിമ കൂടിയാണിത്. ടീനേജ് സൂപ്പര്‍ നാച്ചുറല്‍ സീരീസുകളെ കളിയാക്കുന്ന ഒരു വരി കൂടി സ്റ്റ്യുവാര്‍ട്ടിന്റെ കഥാപാത്രത്തിനുണ്ട്. സ്റ്റ്യുവാര്‍ട്ടിന്റെ കഥാപാത്രമാണ് മരിയയ്ക്ക് പുതിയകാല സെലിബ്രിറ്റി ഗോസിപ്പ് സംസ്‌കാരത്തെപ്പറ്റി പറഞ്ഞുകൊടുക്കുന്നത്. ഇതേപ്പറ്റി തന്നെക്കാള്‍ നന്നായി മറ്റാര്‍ക്കുമറിയില്ലെന്നും സ്റ്റ്യുവാര്‍ട്ട് പറയുന്നു. തന്റെ പഴയകാല പ്രൊഫഷനല്‍ ജീവിതത്തെ ഒന്നുകളിയാക്കിവിടാനും അവര്‍ മറന്നില്ല. 

‘ഇത്തരം സാമ്യങ്ങള്‍ കണ്ടെത്തലും ഞങ്ങളെ എത്ര മികച്ച രീതിയിലാണ് കാസ്റ്റ് ചെയ്തതെന്ന് മനസിലാക്കുന്നതും രസകരമായിരുന്നു.’ സ്റ്റ്യുവാര്‍ട്ട് പറയുന്നു. ‘ഒന്ന് സൃഷ്ടിച്ച ശേഷം അതിങ്ങനെ വളരുന്നത് നോക്കിനില്‍ക്കല്‍ ഒളിവിയറിന്റെ ഒരു പ്രത്യേക കഴിവാണ്.’

ബിനോഷേയും സ്റ്റ്യുവാര്‍ട്ടും സിനിമയുടെ പേരിനു കാരണമായ ഒരു സ്വിസ്സ് ടൗണ്‍ വീട്ടില്‍ ഷൂട്ടിംഗ് നടത്തുന്നതിനിടെ ഒരു മുറി നിറയെ കണ്ണാടികളുള്ള ഒരു അനുഭവമാണ് ഉണ്ടായത്. ‘നാടകമുണ്ട്, സിനിമയുണ്ട്, പിന്നെ യാഥാര്‍ത്ഥ്യവും. ഇതിനു പല അടരുകളുണ്ട്.’ സ്റ്റ്യുവാര്‍ട്ട് പറയുന്നു. ‘ഞാനും ജൂലിയറ്റും തുറന്നമനസ്സോടെ രംഗത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് ഭാഗ്യവശാല്‍ ഒന്നും അഭിനയിക്കേണ്ടിവന്നില്ല. ഞങ്ങള്‍ തമ്മില്‍ അത്ര നന്നായി ചേര്‍ന്നില്ലായിരുന്നെങ്കില്‍ സിനിമയുടെ സ്വഭാവവും മറ്റൊന്നാകുമായിരുന്നു.’ 

പക്ഷെ ആ സ്ത്രീകള്‍ തമ്മില്‍ ചേര്‍ന്നു. ‘മനക്കരുത്ത് ശക്തമായിരുന്നു, അതാണ് ഏറ്റവും നല്ല സൂചന’, ബിനോഷേ പറയുന്നു. ടീനേജ് നായികയുടെ വേഷത്തിനായാണ് ആദ്യം സ്റ്റ്യുവാര്‍ട്ടിനെ സമീപിച്ചതെങ്കിലും അവര്‍ വാലന്റൈന്റെ റോളിനായി വാശിപിടിച്ചുവെന്ന് ബിനോഷേ പറയുന്നു. ‘ഞാന്‍ അവരെ അമ്പരപ്പിച്ചതുപോലെ അവര്‍ എന്നെയും അമ്പരപ്പിച്ചു’, തങ്ങളുടെ പ്രകടനങ്ങളെ ഒരു ഒളിച്ചുകളിയോടാണ് ബിനോഷേ ഉപമിച്ചത്. 

‘ഞങ്ങള്‍ അവിശ്വസനീയമാം വിധം വ്യത്യസ്തരാണ്’, സ്റ്റ്യുവാര്‍ട്ട് പറയുന്നു. ‘അവര്‍ വീണ്ടും വീണ്ടും അതിലൂടെ കടന്നുപോകുന്നു. വരികള്‍ പഠിക്കാന്‍ അവര്‍ ആഴ്ചകളെടുക്കുന്നു. ഞാന്‍ ആദ്യവായനയില്‍ തന്നെ പഠിക്കാന്‍ ശ്രമിക്കുകയും പിന്നീട് ഷൂട്ടിങ്ങിനു മുമ്പ് ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ തിരക്കഥ വായിക്കാതിരിക്കുകയും ചെയ്യും’. 

എന്നാല്‍ അവരുടെ രണ്ടാളുടെയും രീതികള്‍ ഒരിടത്താണ് എത്തുന്നതെന്ന് ബിനോഷേ പറയുന്നു. ‘ആദ്യത്തെ തവണ അവര്‍ക്ക് വളരെ ഇഷ്ടമാണ്, അതാണ് ഏറ്റവും യഥാര്‍ത്ഥമായ സമയമെന്നാണ് അവര്‍ കരുതുന്നത്’, ബിനോഷേ പറയുന്നു. ‘എനിക്കത് പൂര്‍ണ്ണമായി മനസിലാകും, പക്ഷെ ഓരോ ടേക്കിലും നിങ്ങള്‍ക്ക് ആദ്യതവണ പുനസൃഷ്ടിക്കാനാകും. അത് നിങ്ങള്‍ തിരിച്ചറിഞ്ഞുവരുന്ന ഒരു യാത്രയാണ്, നിങ്ങള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടും.’ 

ബിനോഷേ അവരുടെ ജോലിയില്‍ തിളങ്ങിനില്‍ക്കുകയാണ്, മരിയയെപ്പോലെ ഒരു തിരിച്ചുവരവിന് പരിശ്രമിക്കുകയല്ല. ‘അസാധാരണയായ കുട്ടി എന്നതില്‍ നിന്ന് ഒരു അങ്ങേയറ്റം കയ്യടക്കത്തോടെ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗൗരവമുള്ള അന്തര്‍ദേശീയ നടിയായി അവര്‍ വളര്‍ന്നു. സ്വന്തം ക്രാഫ്റ്റ് മികച്ചതാക്കുന്നതിനെപ്പറ്റി വലിയ ഒബ്‌സഷനാണ് അവര്‍ക്ക്’, അസ്സായസ് പറയുന്നു. ‘എന്നാല്‍ ഇപ്പോള്‍ അവര്‍ ഒന്നയഞ്ഞിട്ടുണ്ട്. ഒരു സ്വതന്ത്രയായ ആത്മാവിനെപ്പോലെയാണ് അവരിപ്പോള്‍.’ 

സിനിമയും അതിന്റെ അത്ഭുതങ്ങളും ബിനോഷേയില്‍ എന്നും പ്രതിധ്വനിക്കുന്നു. ‘നിങ്ങള്‍ സ്വകാര്യമായ, യഥാര്‍ത്ഥമായ ഒന്നിനെയെടുത്ത് അതിനെ മറ്റൊരു കഥയും മറ്റൊരു വ്യക്തിയുമാക്കി മാറ്റുന്നു.’, അവര്‍ പറയുന്നു. ‘എന്നാല്‍ എപ്പോഴും ഒരു വലിയ ചോദ്യം നിലനില്‍ക്കും:, എന്താണ് യഥാര്‍ത്ഥം? അതിനുത്തരമില്ല. നിങ്ങള്‍ക്ക് അത് കയ്യിലടക്കിപ്പിടിക്കാന്‍ പറ്റില്ല.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍