UPDATES

ജൂണിന്റെ വീട്ടില്‍ തെരുവ് നായ്ക്കള്‍ ശാന്തരാണ്‌

Avatar

ബിനു ജി

ഉറങ്ങാന്‍ മെത്ത വിരിച്ച കട്ടില്‍. കൃത്യമായ ഇടവേളകളില്‍ വൈദ്യ ശുശ്രൂഷ. മെനു പ്രകാരമുളള ഭക്ഷണം, മറ്റ് പരിചരണങ്ങള്‍. ഇത്രയും സുഖസൗകര്യം അനുഭവിക്കുന്നത് മനുഷ്യരാണെന്നു വിചാരിച്ചാല്‍ തെറ്റി. മനുഷ്യര്‍ പുച്ഛത്തോടെ കാണു തെരുവ് നായ്ക്കളാണ് രാജകീയ പ്രൗഢിയോടെ വയനാട് വൈത്തിരി തളിപ്പുഴ അറമലക്കുന്ന് റൊസാരിയോ ഹൗസില്‍ ജൂണ്‍ റൊസാരിയോ എന്ന 63-കാരിയുടെ സ്‌നേഹപരിലാളനങ്ങളേറ്റു കഴിയുന്നത്. തെരുവ്‌നായ്ക്കളെ കൊന്നൊടുക്കണമെന്ന ആവശ്യമുയരുമ്പോള്‍ ജൂണ്‍ റൊസാരിയോയുടെ മനസില്‍ വേദന നിറയും.

തെരുവ് നായ്ക്കള്‍ക്കാണ് വീട്ടില്‍ കൂടുതല്‍ സ്ഥാനമെന്ന് പരിഭവപ്പെട്ട മരുമകനോട് ഒരിക്കല്‍ കയര്‍ത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട് ജൂണ്‍ റൊസാരിയോക്ക്. തെരുവുനായ്ക്കളോടുള്ള അവരുടെ സ്‌നേഹം വര്‍ണിക്കാന്‍ ഇതില്‍ കൂടുതല്‍ വിവരണമാവശ്യമില്ല. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളും മാത്രമുള്ള ജൂണ്‍ റൊസാരിയോയുടെ കൊച്ചുവീട്ടില്‍ സുഖിച്ചു ജീവിക്കുന്നത് 13 നായ്ക്കളാണ്. ഏഴ് പെണ്ണും ആറ് ആണും. ഇവയില്‍ ഒന്‍പതെണ്ണം മഹാരാഷ്ട്രയിലെ മുംബൈ സ്വദേശികള്‍. നാലെണ്ണം തനി നാടന്‍ വയനാട്ടുകാര്‍. കിടപ്പുമുറികളും അടുക്കളയും വരാന്തയുമെല്ലാം നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. കിടപ്പുമുറികളിലൊന്നില്‍ മെത്തവിരിച്ച കട്ടിലില്‍ ചങ്ങലയില്ലാതെ ഉണ്ടും ഉറങ്ങിയും കഴിയുന്ന നായ്ക്കളെ കണ്ടാല്‍ മക്കളുടെയോ ബന്ധുക്കളുടെയോ അവഗണന മൂലം തെരുവിലെറിയപ്പെട്ട മനുഷ്യര്‍ക്ക് അടുത്ത ജന്മത്തില്‍ നായകളായി ജനിക്കണമെന്നു തോന്നിപ്പോകും. രാവിലെയും വൈകീട്ടും വയര്‍ നിറച്ചും ഭക്ഷണം. മാസം തോറും വൈദ്യപരിശോധന.

നായ്ക്കളെ പോറ്റുതിനു മാസം ഏകദേശം 5,000 രൂപയാണ് ചെലവ്. പട്ടികള്‍ക്കു വേണ്ടി മാത്രം 70 കിലോ അരിയാണ് മാസം വാങ്ങുന്നത്. കോഴിപ്പീടികളില്‍നിന്ന് ശേഖരിക്കുന്ന അവശിഷ്ടങ്ങളും നായ്ക്കള്‍ക്ക് വേവിച്ചുനല്‍കും.

തളിപ്പുഴ റൊസാരിയോ ഹൗസില്‍ പരേതരായ സിറില്‍ റൊസാരിയോ-കാരല്‍ ദമ്പതികളുടെ മകളാണ് ജൂണ്‍. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനു ശേഷമാണ് അവര്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. വിദേശരാജ്യങ്ങളില്‍ നഴ്‌സായി ജോലി ചെയ്ത ജൂണ്‍ സ്ഥിരതാമസ താവളമായി തെരഞ്ഞെടുത്തത് മൂംബൈയായിരുന്നു. ഭര്‍ത്താവ് ഒബ്രി ഡിക്രൂസുമായി ബന്ധം വേര്‍പിരിഞ്ഞ ജൂണിന്റെ മക്കള്‍ നീലും നിഖിതയും. നിഖിത വിവാഹിതയായി മുംബൈയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. 

മുംബൈയിലെ വാസത്തിനിടെയാണ് തെരുവ് നായ് പ്രേമം ജൂണിനെ പിടികൂടത്. മരുമകനുമായി ഉടക്കേണ്ടി വന്നതിനു പുറമെ തെരുവുനായ്ക്കളുടെ പേരില്‍ ജൂണിനു പോലീസ് സ്‌റ്റേഷനും കയറേണ്ടിവന്നിട്ടുമുണ്ട്. മാത്രമല്ല നായ്ക്കളെയും ഇഷ്ടപ്പെടുന്നവര്‍ തന്റെ വീട്ടില്‍ വന്നാല്‍ മതിയെന്നാണ് ജൂണ്‍ മരുമകനോട് തുറന്നടിച്ചത്. മരുമകനുണ്ടായ പിണക്കം മാറാന്‍ മാസങ്ങളെടുത്തു.

മുംബൈയില്‍നിന്ന് വയനാട്ടിലേക്ക് വന്നപ്പോള്‍ ജൂണിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് 11 തെരുവുപട്ടികള്‍. നായ്ക്കളെ രണ്ട് വലിയ പെട്ടികളിലാക്കി ലോറിയില്‍ കയറ്റി വയനാട്ടില്‍ എത്തിച്ചു. സാമൂഹിക പ്രവര്‍ത്തകനും മൃഗസ്‌നേഹിയുമായ ലക്കിടിയിലെ ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടിയുമായി സഹകരിച്ച് തെരുവ്‌നായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രം തുടങ്ങാനാണ് ജൂണിന്റെ തീരുമാനം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍