UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷയ്ക്ക് നീതി; കേരളം പ്രതിഷേധത്തിന്റെ കറുപ്പണിയുന്നു

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയ്ക്ക് നീതി കിട്ടാന്‍ വൈകുന്നതിനെതിരെ കറുപ്പണിഞ്ഞ് പ്രതിഷേധിക്കാന്‍ കേരളം തയ്യാറെടുക്കുന്നു. വിവധ സ്ത്രീസംഘടനകളുള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ മേയ് 7 ന്( ശനിയാഴ്ച) കറുപ്പണിയും. കറുത്തവസ്ത്രം ധരിച്ചും കറുപ്പ് ബാഡ്ജ് ധരിച്ചുമായായിരിക്കും സമൂഹം ഒന്നടങ്കം ജിഷയ്ക്കു ലഭിക്കേണ്ട നീതിക്കായി പ്രതികരിക്കുക.

പ്രതിഷേധത്തിന്റെയും ദുഃഖത്തിന്റെയും നിറമാണ് കറുപ്പ്. ഈ കറുപ്പ് കേരളത്തില്‍ ഇനിയൊരു ജിഷ ആവര്‍ത്തിക്കപ്പെടരുതെന്ന് ഉറപ്പാക്കാനുള്ള പ്രതിരോധത്തിന്റെ കൂടി നിറമാക്കുകയാണ്. ഈ പോരാട്ടം നമ്മുടെയെല്ലാവരുടെതുമാകണം. കേരളത്തെ മൊത്തം ഞങ്ങളിതിലേക്ക് വിളിക്കുകയാണ്. ഇതൊരു വേദിയാണ്. നീതിനിഷേധിക്കപ്പെടുന്ന ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ക്കുവേണ്ടി, അവര്‍ക്കു ലഭ്യമാകേണ്ട അവകാശങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ക്കും മുന്നോട്ടുവരാനുള്ള വേദി. എല്ലാവര്‍ക്കും പെരുമ്പാവൂരില്‍ വന്ന് പ്രതിഷേധിക്കാന്‍ കഴിയണമെന്നില്ല, പ്രതിഷേധ സംഘങ്ങളില്‍ അംഗമാകാന്‍ സാഹചര്യം കിട്ടാതെ പോവുകയുമാകാം. പക്ഷേ വരുന്ന ശനിയാഴ്ച്ച നിങ്ങള്‍ കറുത്തൊരു തുണിക്കഷ്ണം കുപ്പായത്തില്‍ ചേര്‍ത്തുവച്ചാല്‍, അതും ആ സാധു പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടസൂചകമാകും; ബ്ലാക് ഡേയുടെ സംഘാടകരിലൊരാളായ ജ്യോതിലക്ഷ്മി പറയുന്നു.

സൗമ്യയുടെ ദുരന്തത്തിനുശേഷം നമ്മള്‍ പ്രതിജ്ഞയെടുത്തത് ഇനിയൊരു സൗമ്യയുണ്ടാകരുതെന്നാണ്. അതിലും ക്രൂരമായൊരു വാര്‍ത്തയായി ഇപ്പോള്‍ ജിഷ മാറിയിരിക്കുന്നു. സൗമ്യക്കും ജിഷയ്ക്കുമിടയില്‍ എത്രയോ പെണ്‍കുട്ടികളെ നാം അറിയാതെ പോയിരിക്കുന്നു. ഇനിയുമിത് അനുവദിക്കരുത്. ഇവിടെ നിയമം ശക്തമാകണം. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ദളിതരുള്‍പ്പെടെയുള്ള സ്ത്രീകള്‍ നല്‍കിയ പരാതികള്‍ ഒരന്വേഷണത്തിനും കാരണമാകാതെ പൊടിപിടിച്ചിരിപ്പുണ്ട്. സ്ത്രീകള്‍ക്ക് ഇന്നും പൊലീസ് സ്റ്റേഷനില്‍ പോകാന്‍ ഭയമാണ്. മാറണം ഈ വ്യവസ്ഥകള്‍. ഓരോ സംഭവങ്ങള്‍ നടക്കുമ്പോള്‍ അതു തടയാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് നാം വിലപിക്കുന്നു. മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ നാമൊന്നും ചെയ്യാതിരിക്കുമ്പോള്‍ ഈ വിലാപങ്ങള്‍ക്ക് എന്ത് അര്‍ത്ഥം?

ഇവിടെ ജിഷയ്ക്ക് നീതി കിട്ടിയാല്‍ കേരളത്തിനു മൊത്തം കിട്ടുന്ന നീതിയാകുമത്. ആ പെണ്‍കുട്ടിയിന്ന് ഈ സമൂഹത്തിന്റെ പരിച്ഛേദമാണ്. ഈ പ്രതിഷേധം ജിഷയ്ക്കുവേണ്ടിയും നാമോരുത്തര്‍ക്കും വേണ്ടിയാണ്… അതില്‍ അണിചേരുക, നാം ഒന്നിച്ചാണന്ന് മനസിലാക്കിക്കുക… നമ്മുടെ ലക്ഷ്യം നീതിയാണെന്നും; ജ്യോതി ലക്ഷ്മി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍