UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജിഷയ്ക്കു വേണ്ടി ശബ്ദിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല’-കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

അബ്ദു റഹിമാന്‍

എറണാകുളം ഗവ.ലോ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയുടെ ക്രൂരമായ കൊലപാതക വാര്‍ത്തയറിയുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്. ലോ കോളേജിലെ ഒരു വിദ്യാര്‍ത്ഥിയാണ് ഫെയ്‌സ്ബുക്കില്‍ ഈ വിഷയം ആദ്യമായി ചര്‍ച്ച ചെയ്തത്. പിന്നീട് കൈരളി പീപ്പിള്‍ ചാനലും തൊട്ടുപിന്നാലെ സോഷ്യല്‍ മീഡിയയും കാമ്പയിന്‍ ആരംഭിച്ചു. എല്ലാവരും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടത് justice for jisha എന്നായിരുന്നു.

ജിഷയുടെ വീട്ടിലേക്ക് കാലടി സര്‍വകലാശാലയില്‍ നിന്നും 13 കിലോമീറ്ററെ ദൂരമുള്ളൂ. അതുകൊണ്ട് ഈ വാര്‍ത്ത സര്‍വകലാശാല വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഞെട്ടലോടെയാണ് കേട്ടത്. ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ക്ക് സംഭവിച്ച ദുരന്തംപോലെ അനുഭവപ്പെട്ടു. വാര്‍ത്തയറിഞ്ഞയുടനെ പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലേക്കു പോയി. കനാല്‍ പുറമ്പോക്കിലുള്ള ആ ഒറ്റമുറി വീട് ആരെയും ഞെട്ടിക്കും. ഇത്രയും ദരിദ്രമായൊരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ജിഷ പഠിച്ചു വളര്‍ന്നതെന്ന വസ്തുത ഒരേസമയം അത്ഭുതപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്തു. നടന്ന സംഭവത്തെക്കുറിച്ചറിയാന്‍ പരിസരവാസികളോടു സംസാരിച്ചു. ആരും കാര്യമായി പ്രതികരിക്കാന്‍ തയ്യാറായില്ല. വല്ലാത്തൊരു മരവിപ്പ് അവിടെയാകെ തളംകെട്ടിനില്‍ക്കുന്നപോലെ. രാത്രിയോടെ കാമ്പസില്‍ തിരിച്ചെത്തിയശേഷം ഗവേഷകസംഘടനയുടെയും എസ്എഫ് ഐയുടെയും അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് പ്രതിഷേധത്തിനു രൂപം കൊടുക്കാന്‍ തീരുമാനിച്ചു.

‘പെരുമ്പാവൂര്‍ അന്യദേശമല്ല, കാലടി സര്‍വകലാശാല നടക്കുന്നു’ എന്ന മുദ്രാവാക്യമുയര്‍ത്തി ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കാലടി സര്‍വകലാശാലയില്‍ നിന്നും പെരുമ്പാവൂരിലെ ജിഷയുടെ വീട്ടിലേക്ക് കാല്‍നടയായി മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്ക് കാമ്പസില്‍ എല്ലാവരും ഒത്തുകൂടി. പങ്കെടുത്തവരില്‍ ഏറെയും പെണ്‍കുട്ടികളായിരുന്നു. അവധിയായതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികളായിരുന്നു കൂടുതലും. ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചില്ല. ആര്‍ക്കും വിഷയം വ്യക്തമാക്കി കൊടുക്കേണ്ടിയും വന്നില്ല. പത്തരയോടെ കാമ്പസ് ചുറ്റി പ്രകടനം പ്രധാന കവാടത്തിലെത്തി. ഫിലോസഫി വിഭാഗം അധ്യാപകന്‍ ഡോ. എബി കോശി മാര്‍ച്ച് അഭിവാദ്യം ചെയ്തു. പിന്നെ എംസി റോഡിന്റെ വലതുവശം ചേര്‍ന്ന് ഞങ്ങള്‍ പെരുമ്പാവൂരിലേക്ക്. അന്നേ ദിവസം എറണാകുളത്ത് 37 ഡിഗ്രി സെല്‍ഷസ് ആയിരുന്നു താപനില. പകല്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പുറത്തേക്കാള്‍ അകം പൊള്ളിക്കുന്ന ചൂടായി ജിഷ മാറിയതിനാല്‍ എല്ലാ മുന്നറിയിപ്പുകളും ഞങ്ങള്‍ അവഗണിച്ചു.

നാട്ടുകാരും വഴിയാത്രക്കാരും ഞങ്ങളുയര്‍ത്തി പിടിച്ചിരുന്ന പ്ലക്കാര്‍ഡുകളിലേത്ത് തുറിച്ചു നോക്കി. ചിലര്‍ കാര്യമന്വേഷിച്ച് അടുത്തെത്തി. യാത്രാമധ്യേ ഒക്കല്‍, വല്ലം, കാഞ്ഞിരമറ്റം, എന്നിവിടങ്ങളില്‍ ഞങ്ങളെ നാട്ടുകാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും കുടിവെള്ളവുമായി സ്വീകരിച്ചു. 12.30 ഓടുകൂടി മാര്‍ച്ച് പെരുമ്പാവൂര്‍ നഗരത്തിലെത്തി. നഗരം ചുറ്റി പ്രകടനം, അതു നേരെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക്. പ്രതികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്‌തെന്ന വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാരെയും കൊണ്ട് അവിടമാകെ നിറഞ്ഞിരുന്നു. ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ മാര്‍ച്ച് അവസാനിപ്പിച്ചു. തുടര്‍ന്ന് അന്തരീക്ഷം മുദ്രാവാക്യ മുഖരിതമാക്കി. പൊലീസ് അനാസ്ഥയ്‌ക്കെതിരെയും സ്ത്രീയെ ഉപയോഗവസ്തുവാക്കുന്ന വ്യവസ്ഥയ്‌ക്കെതിരെയും ജാതിവിവേചനത്തിരെയും മുദ്രാവാക്യങ്ങളുയര്‍ന്നു. ദേശീയ മാധ്യമങ്ങളടക്കം ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. മാര്‍ച്ച് അഭിവാദ്യം ചെയ്ത് പികെഎസ്, എസ് എഫ് ഐ, ആര്‍എസ്എ, എകെ ആര്‍എസ്എ, സിപിഐഎം പ്രതിനിധികള്‍ സംസാരിച്ചു. ഞങ്ങള്‍ക്കു പിന്നാലെ അഭിഭാഷകരുടെ നേതൃത്വത്തിലും ഡിവൈഎഫ് ഐയുടെ നേതൃത്വത്തിലും പ്രതിഷേധപ്രകടനങ്ങള്‍ അവിടെയെത്തി. മാര്‍ച്ച് അവസാനിപ്പിച്ച് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക്. ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന അവസാന ആളും പിരിഞ്ഞുപോകുന്നതുവരെ ജിഷയുടെ നീതിക്കായുള്ള മുദ്രാവാക്യം ഉയര്‍ന്നുകൊണ്ടിരുന്നു.

ജിഷയ്ക്കു വേണ്ടി ശബ്ദിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നവന്റെ രാഷ്ട്രീയമാണ് ഞങ്ങളുടെ കാമ്പസിന്റെ കരുത്ത്. അതുകൊണ്ടാണ്, ആരുടെയും ആഹ്വാനം കൂടാതെ, നിര്‍ബന്ധം കൂടാതെ ഓരോ പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നൊരു സമൂഹമായി ഞങ്ങള്‍ മാറുന്നത്. അതുകൊണ്ടാണ് രോഹിത് വെമുലയെക്കുറിച്ചും ജിഷയെ കുറിച്ചും ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്.

ജിഷയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഈ കാമ്പസ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയയുള്ള ദിവസങ്ങളിലെല്ലാം പെരുമ്പാവൂരില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളിലെല്ലാം ഞങ്ങളുടെ പങ്കാളിത്തമുണ്ട്.

ഈ കുറിപ്പ് എഴുതുന്നതുപോലും മനുഷ്യ ചങ്ങലുടെ ഒരുക്കങ്ങള്‍ക്കിടയിലാണ്. നിയോലിബറല്‍ നയങ്ങള്‍ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കാനുള്ള കടുത്ത ശ്രമങ്ങള്‍ ഒരുഭാഗത്തു തുടരുമ്പോള്‍ തന്നെ നീതിയെക്കുറിച്ച് ആകുലരായ ഒരുപറ്റം രാഷ്ട്രീയം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതിലാണ് പ്രതീക്ഷ. സാമൂഹിക നീതി കാലഹരണപ്പെട്ടുകൂട, അതുകൊണ്ടു പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല.

(കാലടി സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയും എസ്എസ്‌യുഎസ് ചെയര്‍മാനുമാണ് അബ്ദു റഹിമാന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍