UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: മണ്ടേലയുടെ അറസ്റ്റും ലെയ്‌ല സേഥും

Avatar

1962 ആഗസ്റ്റ് 5 
നെല്‍സണ്‍ മണ്ടേലയെ അറസ്റ്റ് ചെയ്തു

1962 ആഗസ്റ്റ് 5 വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ ജീവതത്തിലെ പ്രധാനപ്പെട്ട ദിവസമാണ്. അന്നാണ് വെള്ളക്കാരനായ നാടക സംവിധായകന്‍ സെസില്‍ വില്യംസിനൊപ്പം ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നഥാല്‍ പ്രവിശ്യയിലെ ഹോവിക്കില്‍ വച്ച് മണ്ടേലയെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് മണ്ടേലയുടെ 19 വര്‍ഷം നീണ്ടു നിന്ന കാരാഗൃഹവാസത്തിന് തുടക്കം കുറിച്ചു. 

1964 ജൂണ്‍ 12 ന് ദക്ഷിണാഫ്രിക്കന്‍ കോടതി മണ്ടേലയെ ജീവപര്യന്തം തടവിന് വിധിച്ചു. തുടര്‍ന്ന് റോബന്‍ ഐലന്‍ഡിലെ പ്രിട്ടോറിയ ജയിലിലേക്ക് മാറ്റിയ മണ്ടേല അടുത്ത 18 വര്‍ഷം അവിടെ ഏകാന്ത തടവ് അനുഭവിച്ചു.
1982 ഏപ്രിലില്‍ മണ്ടേലയെ കേപ്ടൗണിലെ ടോക്കായിലുള്ള പോള്‍സ്മൂര്‍ ജയിലിലേക്ക് മാറ്റി. 1988 ഡിസംബറില്‍ അസുഖബാധിതനായതിനെത്തുടര്‍ന്ന് മണ്ടേലയെ വീണ്ടും വിക്ടര്‍ വേഴ്‌സ്റ്റര്‍ ജയിലിലേക്ക് മാറ്റി.

വിക്ടര്‍ വേഴ്‌സ്റ്റര്‍  ജയില്‍ നിന്നാണ് 1990 ഫ്രെബ്രുവരി 11 ന് നെല്‍സണ്‍ മണ്ടേല സ്വതന്ത്രനായി പുറത്ത് വരുന്നത്. മണ്ടേലയുടെ മോചനം ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിന്റെ അന്ത്യം കൂടിയായിരുന്നു.

മണ്ടേല പിന്നീട് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.  2013 ഡിസംബര്‍ 5 ന് 95-ആം വയസില്‍  നെല്‍സണ്‍  മണ്ടേല അന്തരിച്ചു. 

1991 ആഗസ്റ്റ് 5
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ലെയ്‌ല സേഥ് ചുമതലയേറ്റു

ഇന്ത്യന്‍ ജൂഡീഷ്യറിയുടെ ചില്ലുമേല്‍ക്കൂര തകര്‍ത്ത് വനിതകള്‍ കടന്നുവരുന്നത് 1991 ല്‍ മാത്രമാണ്. 1991 ആഗസ്റ്റ് 5 ന് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ലെയ്‌ല സേഥ് സ്ഥാനമേറ്റു. 

ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായാണ് ലെയ്‌ല സേഥിനെ നിയമിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലെ ആദ്യത്തെ വനിത ജഡ്ജി എന്ന പദവിയും  അതിനു മുമ്പ് ലെയ്‌ല സേഥ് സ്വന്തമാക്കിയിരുന്നു.

1959 ല്‍ നടന്ന  ലണ്ടന്‍ ബാര്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ  ആദ്യ വനിത എന്ന ബഹുമതിക്കും  ലെയ്‌ല സേഥ് അര്‍ഹയായിട്ടുണ്ട്. ‘സ്യൂട്ടബ്ള്‍ ബോയ്’ ഉള്‍പ്പെടെയുള്ള കൃതികളുടെ കര്‍ത്താവായ ലോകപ്രശസ്ത എഴുത്തുകാരന്‍ വിക്രം സേഥിന്റെ അമ്മകൂടിയാണ് ലെയ്‌ല സേഥ്.

‘ഓണ്‍ ബാലന്‍സ്’ എന്നാണ് ലെയ്‌ല സേഥിന്റെ ആത്മകഥയുടെ പേര്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍