UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിസിസിഐ പരിഷ്‌കരണം: ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ബിസിസിഐയെ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജസ്റ്റിസ് ലോധ കമ്മീഷന്‍ സമര്‍പ്പിച്ചു. 135 ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആറ് മുന്‍ ക്യാപ്റ്റന്‍മാരുടെ നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ പരിഗണിച്ചു. ബിസിസിഐ ഭാരവാഹികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. മുന്‍ താരങ്ങളില്‍ നിന്നും ഭാരവാഹികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയിരുന്നു. സുപ്രീംകോടതിയിലാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബിസിസിഐുടെ വിശ്വാസ്യത, സുതാര്യത എന്നിവ ഉറപ്പു വരുത്തുകയാണ് റിപ്പോര്‍ട്ടിന്റെ  ലക്ഷ്യം. ഒരു സംസ്ഥാനത്തിന് ഒരു ക്രിക്കറ്റ് അസോസിയേഷന്‍ മതിയെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഒരു സംസ്ഥാനത്തെ യൂണിറ്റായി പരിഗണിക്കണം. ഇപ്പോള്‍ ബിസിസിഐയില്‍ ഒരു സംസ്ഥാനത്തിന് ഒന്നിലേറെ പ്രാതിനിധ്യമുണ്ട് എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പുനസംഘടിപ്പിക്കണമെന്നും ബിസിസിഐ പൊതുസ്ഥാപനമാണെന്നും ലോധ പറഞ്ഞു. പൊതുകാര്യങ്ങള്‍ നടത്തുന്ന ദേശീയ സ്ഥാപനമാണ് ബിസിസിഐ. ബിസിസിഐയ്ക്കും ഐപിഎല്ലിനും പ്രത്യേകം ഗവേണിംഗ് കൗണ്‍സിലുകള്‍ വേണം. കൗണ്‍സിലില്‍ കളിക്കാരുടെ പ്രതിനിധി ഉണ്ടാകണം. ഐപിഎല്‍ ഭരണ സമിതിയെ ഒമ്പതംഗ സമിതിയായി ചുരുക്കണം. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിലെ രണ്ടംഗങ്ങള്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ആകണം.ബിസിസിഐയുടെ സെക്രട്ടറിയും ട്രഷററും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലെ അംഗങ്ങള്‍ ആയിരിക്കണം. ബിസിസിഐയുടെ തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഇന്ത്യയുടെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയിരിക്കണം. ബിസിസിഐയുടെ എത്തിക്‌സ് ഓഫീസറായി ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസോ ജഡ്ജിയോ ആകണം.

മന്ത്രിമാര്‍ ബിസിസിഐ ഭാരവാഹികള്‍ ആകാന്‍ പാടില്ല. കളിക്കാരുടെ ഏജന്റുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. അവര്‍ക്ക് അഴിമതി വിരുദ്ധ യൂണിറ്റിന്റെ ക്ലീന്‍ ചിറ്റ് വേണം. ബിസിസിഐയുടെ ഓഡിറ്റര്‍മാരില്‍ ഒരു സിഎജി ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കണം. ബിസിസിഐ ഭാരവാഹികള്‍ക്ക് രണ്ട് പദവികള്‍ വഹിക്കാന്‍ പാടില്ല. പ്രസിഡന്റ് പദവി ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ വഹിക്കാനും പറ്റില്ല. ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരണം. വാതുവയ്പ്പ് നിയമവിധേയമാക്കണം. ഒത്തുകളി തടയുന്നതിന് കളിക്കാര്‍ സ്വത്ത് വിവരങ്ങള്‍ ബിസിസഐയ്ക്ക് മുന്നില്‍ വെളിപ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍