UPDATES

ഖട്ജുവിനെ പിടിച്ചു പുറത്താക്കാന്‍ ഇവിടെയാരുമില്ലേ: ജസ്റ്റിസ് ഗോഗോയ്; ആരെയും പേടിയില്ല: ജസ്റ്റിസ് ഖട്ജു

അഴിമുഖം പ്രതിനിധി

ന്യൂഡല്‍ഹി: “ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖട്ജുവിനെ കോടതി മുറിയില്‍ നിന്നും പുറത്താക്കാന്‍ ഇവിടാരുമില്ലേ” സൗമ്യ കേസിലെ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിളിച്ചു ചോദിച്ചു. പേടിപ്പിക്കാന്‍ നോക്കേണ്ട, എനിക്കാരേയും പേടിയില്ല – ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖഡ്ജു തിരിച്ചടിച്ചു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ഒരു ജഡ്ജിയെ നിലവിലെ ജഡ്ജി ശാസിക്കുന്നതു കണ്ട് കോടതി മുറി അമ്പരന്നു. സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിയെക്കുറിച്ച് ജസ്റ്റിസ് ഖഡ്ജു എഴുതിയ ബ്ലോഗിലെ വിവരങ്ങള്‍ തെളിവായെടുത്ത്, കോടതിയലക്ഷ്യത്തിന് ഖട്ജുവിന് നോട്ടീസ് നല്‍കുകയാണെന്നും ജസ്റ്റിസ് ഗോഗോയ് അറിയിച്ചു. 

 

സൗമ്യ കേസിലെ പുനഃപരിശോധനാ ഹര്‍ജി തള്ളിയ വിധി വായിച്ചു കൊണ്ടിരിക്കെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി എഴുന്നേറ്റപ്പോള്‍ തന്നെ കുറച്ചു നേരം കൂടി ഇരിക്കാന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കോടതി വിധി നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഖഡ്ജുവിന്റെ പ്രതികരണം. ഉച്ചമുതല്‍ വാദിച്ച മാര്‍ക്കണ്ഡേയ ഖട്ജുവിനും അറ്റോര്‍ണി ജനറലിനും സൗമ്യകേസിനെക്കുറിച്ച് ഖഡ്ജു എഴുതിയ ബ്ലോഗിന്റെ ഒരു കോപ്പി നല്‍കി. ഈ ബ്ലോഗിന്റെ പ്രിന്റൗട്ടില്‍ പ്രസക്ത ഭാഗങ്ങള്‍ പ്രത്യേകം മാര്‍ക് ചെയ്താണ് നല്‍കിയത്. ഇതേക്കുറിച്ചു എന്താണ് പറയാനുള്ളത് ജസ്റ്റിസ് ഗോഗോയ് ചോദിച്ചപ്പോള്‍ കോടതിയെ പരിഹസിക്കുന്നതാണെന്നായിരുന്നു മറുപടി എ.ജിയുടെ മറുപടി.

 

ഖട്ജുവിന്റെ സ്വഭാവത്തിന്റെ പ്രത്യേകതയാണെന്നൊക്കെ മയപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ ശ്രമിച്ചെങ്കിലും ജസ്റ്റിസ് ഗോഗോയ് അപ്പോള്‍ തന്നെ ഒപ്പിട്ട് കോടതി അലക്ഷ്യ നോട്ടീസ് നല്‍കുകയായിരുന്നു. താനാരേയും ഭയക്കുന്നില്ലെന്ന് ഉറച്ച ശബ്ദത്തോടെ ഖഡ്ജു വീണ്ടും വാദിച്ചതോടെയാണ് ഖട്ജുവിനെ പിടിച്ചു പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ എന്ന് ജസ്റ്റിസ് ഗോഗോയ് ചോദിച്ചത്. കോടതിയെ സഹായിക്കാനാണ് എത്തിയതെന്നും പേടിപ്പിക്കാന്‍ ശ്രമിക്കേണ്ട എന്ന് പറഞ്ഞും ഖട്ജു കോടതിമുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. വൈകുന്നേരം 4.15 നാണ് നാടകീയ നിമിഷങ്ങള്‍ കോടതിയില്‍ നടന്നത്.

നോട്ടീസിന് മാര്‍ക്കണ്ഡേയ ഖഡ്ജു മറുപടി നല്‍കണം. മറുപടി കോടതിക്ക് തൃപ്തിയായില്ലെങ്കില്‍ നടപടികള്‍ തുടരാനും ശിക്ഷിക്കാനും സുപ്രീം കോടതിക്ക് കഴിയും. കോടതിമുറിക്കുള്ളില്‍ ജഡ്ജിയും വിരമിച്ച ജഡ്ജിയും തമ്മില്‍ കശപിശയും വാഗ്വാദവും ആദ്യസംഭവമാണെന്ന്‍ മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍