UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിതാമഹന്‍റെ കരുതല്‍; കൃഷ്ണയ്യരെ ബിനോയ് വിശ്വം ഓര്‍മ്മിക്കുന്നു

Avatar

ബിനോയ് വിശ്വം

വിപ്ലവമാനവികതയ്ക്ക് നൈതികദിശാബോധം നല്‍കിയ മനുഷ്യസ്‌നേഹിയായിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ ചിന്തയിലും ബുദ്ധിയിലുമെല്ലാം ഒരു നിയമജ്ഞന്റെ തീര്‍ച്ചയും മൂര്‍ച്ചയും എല്ലാക്കാലത്തും ഉണ്ടായിരുന്നു. പാവപ്പെട്ട മനുഷ്യരോടുള്ള കരുതലും നിയമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ കേസുകളെല്ലാം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കടുത്ത വ്യഗ്രതയും വാശിയും കാണിച്ചത്. ആ ബന്ധമാണ് രാമയ്യരുടെ മകനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബന്ധുവാക്കി തീര്‍ത്തത്. അതുവഴി ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ പ്രഗല്‍ഭനായ മന്ത്രിയായി തീരുവാനും അദ്ദേഹത്തിന് സാധിച്ചു. അച്യുതമേനോന്‍, ഇഎംഎസ്, ടി വി തോമസ് എന്നിവരായുമുള്ള ബന്ധത്തിന്റെ ഊഷ്മളത അദ്ദേഹം എന്നും ഓര്‍മ്മയില്‍ സൂക്ഷിച്ചിരുന്നു.

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിയായിരിക്കുമ്പോഴും കൃഷ്ണയ്യര്‍ ദന്തഗോപുരവാസിയായല്ല പ്രവര്‍ത്തിച്ചത്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളും സാമൂഹികനീതിയും നിയമവ്യാഖ്യാനത്തിന്റെ അഭിവാജ്യഭാഗമായി അദ്ദേഹം എന്നും കണ്ടിരുന്നു. എല്ലാറ്റിനെയും വിലയ്‌ക്കെടുക്കാന്‍ വേണ്ടി പരക്കം പായുന്ന ചീത്തപ്പണത്തിനെപ്പറ്റി കൃഷ്ണയ്യര്‍ തൊടുത്തുവിട്ട വിമര്‍ശനശരങ്ങള്‍ ഇന്നും എന്നും പ്രസക്തമായി നില്‍ക്കുന്നതാണ്.

വ്യക്തിപരമായും എനിക്കദ്ദേഹത്തെ കുറിച്ച് നല്ല ഓര്‍മ്മകളാണ് എന്നുമുള്ളത്. വിദ്യാര്‍ത്ഥി പ്രവര്‍ത്തനകാലം തൊട്ട് കൃഷ്ണയ്യരുടെ സ്‌നേത്തിനും കരുതലിനും പാത്രമാകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. വ്യക്തിജീവിതത്തിലും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വിലപ്പെട്ടവയായി തീര്‍ന്നിട്ടുണ്ട്. അദ്ദേഹത്തെ മനസാല്‍ ഇന്നും സ്മരിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഞാന്‍ മന്ത്രിയായിരുന്ന കാലത്ത് എതിരാളികള്‍ എന്നെ രാഷ്ട്രീയമായി നേരിടാന്‍ ഉണ്ടാക്കിയ ഒന്നായിരുന്നു മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് വിവാദം. ഒരു കമ്യൂണിസ്റ്റ് മന്ത്രി എന്ന നിലയില്‍ നാടിനോടും ജനങ്ങളോടുമുള്ള എന്റെ ഉത്തരവാദിത്വമാണ് അന്ന് നിറവേറ്റിയത്.എന്നാല്‍ എതിരാളികള്‍ എന്നെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍വരെ തയ്യാറായി. അന്ന് എനിക്ക് ധൈര്യം തന്ന രണ്ടുപേരുണ്ട്. ഒന്നെന്റെ ടീച്ചര്‍. ലീലാമ്മ ടീച്ചര്‍ ( കോണ്‍ഗ്രസ് നേതാവ് എ സി ജോസിന്റെ ഭാര്യ) ആണ്. ടീച്ചര്‍ എന്നോട് പറഞ്ഞത് ധൈര്യമായിട്ട് നില്‍ക്കണം എന്നായിരുന്നു. മറ്റൊരാള്‍ കൃഷ്ണയ്യരായിരുന്നു. ഒരു കാരണവശാലും പതറിപ്പോകരുത്, സത്യത്തിനെ ജയം ഉണ്ടാകൂ- അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ എനിക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഉണ്ടായിരുന്നു. ആ കേസിന്റെ വിധിയില്‍ ഒരു ജനകീയ മന്ത്രി ചെയ്യേണ്ട കടമയാണ് ഞാന്‍ ചെയ്തതെന്ന തരത്തില്‍ കോടതി എന്നെ അഭിനന്ദിക്കുകയായിരുന്നു. വിധി വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ കൃഷ്ണയ്യര്‍ ദി ഹിന്ദു പത്രത്തിന്റെ എഡിറ്റ് പേജില്‍ എന്നെക്കുറിച്ച് ഒരു ലേഖനം എഴുതി. ഓള്‍ ഇന്‍ഡ്യ എഡിഷനില്‍ പ്രസിദ്ധീകരിച്ച ആ ലേഖനം വായിച്ചിട്ട് യുപിയിലും ബംഗാളിലുമൊക്കെയുള്ള സഖാക്കള്‍ എന്നെ വിളിച്ച് അഭിനന്ദിക്കുകയുണ്ടായി. അവരൊക്കെ ആ ലേഖനത്തിലൂടെയാണ് ഈ സംഭവത്തെ കുറിച്ച് അറിയുന്നത്. എന്നെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയാന്‍ കൃഷ്ണയ്യര്‍ക്ക് തോന്നിയ സ്‌നേഹം ശരിക്കും അത്ഭുതപ്പെടുത്തി. എന്റെ മൂത്തമകളുടെ കല്യാണം ഞാന്‍ മന്ത്രിയായിരുന്ന സമയത്താണ് നടത്തിയത്. കമ്യൂണിസ്റ്റ്കാരന്റെ ലാളിത്യം പൂര്‍ണമായി നിറഞ്ഞു നിന്ന ഒരു വിവാഹച്ചടങ്ങ്. രജിസ്ട്രാഫീസില്‍വെച്ച വളരെ ലളിതമായാണ് ആ കല്യാണം നടന്നത്. ഈക്കാര്യം മുന്‍നിര്‍ത്തിയും കൃഷ്ണയ്യര്‍ വീണ്ടുമൊരിക്കല്‍ ഹിന്ദുവില്‍ ലേഖനം എഴുതുകയുണ്ടായി. എന്നെ അദ്ദേഹം ഈ വിധമെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍, ആ കരുതലില്‍, സ്‌നേഹത്തില്‍ ഞാന്‍ ഏറെ അഭിമാനിച്ചു.

അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ അഘോഷത്തിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നു. അന്നദ്ദേഹം വളരെ ക്ഷീണിതനായിരുന്നെങ്കിലും ഒരു നറുപുഞ്ചിരി സമ്മാനിക്കാനും സ്‌നേഹത്തോടെ കൈപിടിച്ചു കുലുക്കാനും മറന്നില്ല. എല്ലാ അര്‍ത്ഥത്തിലും ഒരു വലിയ മനുഷ്യന്‍ ആയിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. അവസാനമായി ഞങ്ങള്‍ ഇരുവരും പങ്കെടുത്ത ഒരു ചടങ്ങില്‍ ഞാന്‍ പ്രസംഗിക്കുന്നതിന് മുമ്പേ അദ്ദേഹം ശാരീരികവൈഷമ്യത്താല്‍ വേദിവിട്ട് പോകാന്‍ നിര്‍ബന്ധിതനായി. അന്നദ്ദേഹം പോകുന്നതിനു മുമ്പ് എന്നോടു പറഞ്ഞു- ‘ബിനോയ് സംസാരിക്കുന്നത് കേള്‍ക്കാന്‍ ഏറെയിഷ്ടമാണ്’ . ആ പരാമര്‍ശം തന്നെ എനിക്ക് വളരെ വിലപ്പെട്ട സമ്മാനമാണ്. ഒരിക്കലും മറക്കാനാകാത്തെ ഓര്‍മ്മകളും ഊര്‍ജവും നല്‍കിയാണ് ആ നീതിമാനായ മനുഷ്യസ്‌നേഹി മറഞ്ഞുപോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍