UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി ആര്‍ കൃഷ്ണയ്യര്‍ എന്ന രാഷ്ട്രീയക്കാരന്‍

Avatar

കെ പി എസ് കല്ലേരി

ലോകം അറിയപ്പെടുന്ന ന്യായാധിപന്‍ മാത്രമല്ല മലബാറുകാര്‍ക്ക് വിശേഷിച്ച് തലശ്ശേരിക്കാര്‍ക്ക് വി.ആര്‍.കൃഷ്ണയ്യര്‍. മറിച്ച് തെരഞ്ഞെടുപ്പ് ഗോഥയില്‍ കൊണ്ടും കൊടുത്തും തിളങ്ങിയ രാഷ്ട്രീയക്കാരനാണ്. നിയമസഭ സാമാജികവൃത്തിയിലേക്ക് വി.ആര്‍. കൃഷ്ണയ്യര്‍ ആദ്യം കാല്‍വയ്ക്കുന്നത് കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നാണ്. സംഭവ ബഹുലമായിരുന്നു കൃഷ്ണയ്യരുടെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രം.

1957ല്‍ ആണ് കൃഷ്ണയ്യര്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. കൂത്തുപറമ്പ് മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായിട്ടായിരുന്ന കന്നിയങ്കം. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കെ. മൂസയായിരുന്നു എതിരാളി. കന്നിയങ്കത്തില്‍ തന്നെ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കൃഷ്ണയ്യര്‍ അങ്ങനെ ഇഎംഎസ് മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായി. മന്ത്രിയാകാന്‍ താത്പര്യം കാണിക്കാതിരുന്ന കൃഷ്ണയ്യരെ ഇഎംഎസ്സ് അടക്കമുള്ളവരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചാണ് മന്ത്രിയാക്കുന്നത്. 

പിന്നീട് 1960ല്‍ ആണ് കൃഷ്ണയ്യര്‍ രണ്ടാം തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. തലശേരി മണ്ഡലത്തിലേക്ക് മാറി സിപിഎം സ്വന്തന്ത്രായി അങ്കത്തിനിറങ്ങിയ കൃഷ്ണയ്യര്‍ക്ക് എതിരാളിയായുണ്ടായത് കോണ്‍ഗ്രസിലെ പി.കുഞ്ഞിരാമന്‍. ആവേശമുറ്റിയ തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനൊടുവില്‍ 25 വോട്ടിനു കുഞ്ഞിരാമന്‍ ജയിച്ചതായി വിധി വന്നു. വോട്ടെണ്ണലില്‍ പാളിച്ചയുണ്ടെന്നു കാണിച്ചു കൃഷ്ണയ്യര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു കോടതിയുടെ ഇടപെടലിനെ തുടര്‍ന്നു വീണ്ടും വോട്ടെണ്ണി. തലശ്ശേരിയെ ഞെട്ടിച്ചുകൊണ്ട് കൃഷ്ണയ്യര്‍ നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞിരാമനെ തറപറ്റിച്ചു. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ആദ്യ കോടതി ഇടപെടലിലൂടെയുള്ള ജയമായിരുന്നു അത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സിപിഐ- സിപിഎം വിഭജനത്തെ തുടര്‍ന്നു 1965ല്‍ തലശേരിയില്‍  സിപിഐ സ്വതന്ത്രനായി വീണ്ടും അങ്കത്തിനിറങ്ങിയ കൃഷ്ണയര്‍ക്ക് പക്ഷെ കാലിടറുന്നതായിരുന്നു കാഴ്ച. എതിരാളി സിപിഎമ്മിന്റെ കരുത്തനായ പാട്യം ഗോപാലനായിരുന്നു. തെരഞ്ഞെടുപ്പ് ഫലം കൃഷ്ണയ്യരേയും കേരളത്തേയും നിരാശപ്പെടുത്തുന്നതായിരുന്നു. കൃഷ്ണയ്യര്‍ക്കു മല്‍സരത്തിനു കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു. ഇതോടെയാണ് പ്രിയപ്പെട്ട തലശേരിയില്‍ നിന്നും കൃഷ്ണയ്യര്‍ എറണാകുളത്തേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റിയത്.

അവസാനപോരാട്ടത്തില്‍ പരാജയപ്പെട്ടങ്കിലും തലശേരിയുമായി അഭേദ്യമായ ബന്ധമാണ് ജസ്റ്റിസ് വിആര്‍. കൃഷ്ണയ്യര്‍ പുലര്‍ത്തിയിരുന്നത്. ആ ബന്ധത്തിനു നന്ദി കുറിച്ചു കൊണ്ടാണ് തലശേരിക്കാര്‍ അദ്ദേഹത്തിന്റെ ചിരകാല ഓര്‍മ്മയ്ക്കായി തലശേരി സ്റ്റേഡിയത്തിനു ജസ്റ്റിസ് കൃഷ്ണയ്യര്‍ സ്റ്റേഡിയം എന്നു നാമകരണം ചെയ്യാന്‍ തീരുമാനിച്ചതും. എന്നാല്‍ ആ വിവരം അറിയിക്കും മുന്‍പേ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തലശ്ശേരിയില്‍ അഭിഭാഷകനായിരുതാണ് വി.ആര്‍. കൃഷ്ണയ്യരുടെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടം. തലശേരിയില്‍ നിന്ന് കേരളമന്ത്രിസഭയിലേക്ക് തുടങ്ങിയ ജൈത്രയാത്രയാണ് പിന്നീട് അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജി പദവിലേക്ക് വരെ എത്തിച്ചതെന്ന് അദ്ദേഹം പലവട്ടം സുഹൃത്തുക്കളോട് പങ്കുവെച്ചിട്ടുണ്ട്.

തലശേരിയില്‍ കഴിഞ്ഞ കാലത്ത് കൃഷ്ണയ്യരും ഭാര്യ ശാരദാ കൃഷ്ണയ്യരും ഒരുമിച്ചാണ് കോടതിയില്‍ എത്തിയിരുന്നത്. അന്ന് അപൂര്‍വ്വമായിരുന്നു ഭര്‍ത്താവും ഭാര്യയുമടങ്ങിയ അഭിഭാഷക കുടുംബം. ഇവരുടെ കോടതിയിലേക്കുള്ള വരവും പോക്കും കൌതുകത്തോടെയാണ് നാട്ടുകാര്‍ നോക്കിക്കണ്ടിരുന്നത്. രാവിലെ തലശ്ശേരിയില്‍ നിന്നും കാറില്‍ കയറിയാല്‍ വഴിയോര കാഴ്ച്ചകള്‍ കണ്ടും പരിചയക്കാരോട് കുശലാന്വേഷണം നടത്തിയുമാണ് കൃഷ്ണയ്യര്‍ കോടതിയില്‍ എത്തിയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍