UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോറി ജസ്റ്റിസ് എ പി ഷാ; ജേര്‍ണലിസ്റ്റുകള്‍ തന്നെയാണ്; പക്ഷേ….

Avatar

എം. ഉണ്ണികൃഷ്ണന്‍

വധശിക്ഷ നടപ്പാക്കപ്പെടുമ്പോള്‍ മാധ്യമങ്ങളില്‍ ഇടം നേടുന്ന ഒരു പതിവു ചോദ്യം ഇതാണ് ; ഇരകള്‍ക്ക് നീതി ലഭിച്ചുവോ? വധശിക്ഷയുടെ നൈതികത ചോദ്യം ചെയ്യപ്പെടുമ്പോഴും ഈ ചോദ്യം ടെലിവിഷന്‍ സ്റ്റുഡിയോകളിലും ന്യൂസ് റൂമുകളിലും ആവര്‍ത്തിച്ചുയര്‍ന്നു. യാക്കൂബ് മേമനെ തൂക്കിലേറ്റിയ ശേഷം മുംബൈയിലെ തെരുവോരത്ത് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഒരാള്‍ പറയുന്നുണ്ടായിരുന്നത് ഇങ്ങനെയാണ്; നീതി നടപ്പായില്ല, ദാവൂദ് ഉള്‍പ്പെടെ എല്ലാ പ്രതികളെയും തൂക്കിലേറ്റിയാലേ നീതി ലഭിക്കൂ.

ചോരകൊണ്ട് ‘നിര്‍വ്വഹിക്കപ്പെടുന്ന’ ഈ നീതിസമവാക്യത്തില്‍ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ വധശിക്ഷയുടെ അഭിഭാഷകരായാല്‍ എന്തായിരിക്കും സ്ഥിതി? യാക്കൂബ് മേമന്റെ അവസാന ഹര്‍ജി പരിഗണിക്കുന്നതിനായി പുലര്‍ച്ചെ അസാധാരണമായി കോടതി ചേര്‍ന്നപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത് ജീവിക്കാന്‍ രണ്ടാഴ്ച കൂടി യാക്കൂബിന് അനുവദിച്ചിരുന്നെങ്കില്‍ എന്നായിരുന്നു. എന്നാല്‍ ഹര്‍ജി തള്ളി ബ്രേക്കിംഗ് വാര്‍ത്ത നല്‍കാന്‍ കോടതിക്ക് പുറത്തേക്കോടുമ്പോള്‍ മറ്റൊരു മാധ്യമപ്രര്‍ത്തകന്‍ പറഞ്ഞത് അയാള്‍ക്ക് അര്‍ഹിക്കുന്നത് കിട്ടി എന്നാണ്.

വധശിക്ഷ എടുത്ത് കളയണോ എന്നത് സംബന്ധിച്ച ചര്‍ച്ചക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കപെടുന്ന മാധ്യമങ്ങളുടെ പ്രതിനിധികളില്‍ നിന്നു നമ്മള്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കാലഹരണപ്പെട്ടതെന്ന് അന്താരാഷ്ട സമൂഹം തന്നെ വിലയിരുത്തുന്ന ശിക്ഷാരീതിയിലെ അന്ധവിശ്വാസികളാണ് ചില പ്രതിനിധികളെങ്കിലും എന്നു തിരിച്ചറിഞ്ഞതിന്റെ ഒരനുഭവ പാഠമാണിത്:
ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വധശിക്ഷയ്ക്ക് എതിരെ കേന്ദ്ര നിയമ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്ട്ടിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നതിനായി കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ പി ഷാ വിളിച്ച വാര്‍ത്താ സമ്മേളനം. എന്ത് കൊണ്ട് വധശിക്ഷ എടുത്തുകളയണം എന്ന് നിയമപരമായ വിഷയങ്ങള്‍ ഉദ്ധരിച്ച് കമ്മിഷന്റെ കണ്ടെത്തലുകള്‍ വളരെ വിശദമായി തന്നെ അദ്ദേഹം അവതരിപ്പിച്ചു.
1. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം കുറ്റങ്ങള്‍ക്ക് വധശിക്ഷ എന്ന തത്വം ഭരണഘടനാപരമായി നിലനില്‍ക്കില്ല.
2. ജീവപര്യന്തത്തേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ ഒന്നും വധശിക്ഷയിലൂടെ നിറവേറ്റാനില്ല.
3. കണ്ണിനു കണ്ണ് എന്ന രീതിക്ക് ഭരണഘടനാപരമായ ക്രിമിനല്‍ നീതിസംവിധാനത്തില്‍ ഒരിടവുമില്ല.
4. ഇരകള്‍ക്ക് ആത്യന്തിക നീതി ലഭിക്കുന്നത് വധശിക്ഷ നടപ്പാക്കുമ്പോഴാണെന്നതില്‍ കേന്ദ്രീകരിക്കുന്നതോടെ പ്രായശ്ചിത്തത്തിനും പുനരധിവാസത്തിനുമുള്ള സാധ്യതകള്‍ അടയുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാണാതെ പോകുന്നു. വധശിക്ഷ ലഭിച്ച പ്രതികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത് അവരുടെ പിന്നോക്കാവസ്ഥയാണ്.
5. കഴിഞ്ഞ ഒരു ദാശാബ്ധത്തിനിടെ പല കേസുകളിലും തോന്നിയപോലെ വധശിക്ഷ വിധിക്കുന്നതില്‍ സുപ്രീം കോടതി തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്വേച്ചാപരമായ ഇത്തരം തീര്‍പ്പുകളിലൂടെ വധശിക്ഷ വിധിക്കുന്നത് തടയാന്‍ യാതൊരു തത്വവും നിലവിലില്ല.
6. ദയാ ഹര്‍ജി പരിഗണിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ഉള്ള അധികാരങ്ങള്‍ പലപ്പോഴും സര്‍ക്കാരുകളുടെ ഇടപെടല്‍ കൊണ്ട് നിറവേറ്റപ്പെടാതെ പോകുന്നു. അങ്ങനെ അവസാനത്തെ രക്ഷാവ്യവസ്ഥയും കൊട്ടിയടയ്ക്കപ്പെടുന്നു.
7. വിചാരണ, തൂക്കിലേറ്റല്‍ എന്നിവയിലെ നീണ്ട കാലതാമസം പ്രതികളെ കടുത്ത മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
8. ഭീകരവാദ കേസുകളില്‍ വധശിക്ഷ നല്കുന്നത് കൊണ്ട് ഭീകരവാദം കുറയില്ല. മറിച്ച് തൂക്കിലേറ്റപ്പെടുന്നവര്‍ക്ക് രക്തസാക്ഷി പരിവേഷമാകും ലഭിക്കുക. എങ്കിലും രാഷ്ട്രസുരക്ഷയെന്ന നിയമ നിര്‍മാതാക്കളുടെ ആശങ്ക പരിഗണിച്ചാണ് ഇത്തരം കേസുകളില്‍ വധശിക്ഷ ആകാമെന്ന ശുപാര്‍ശ. ഇതും ഘട്ടംഘട്ടമായി ഇല്ലാതാക്കാന്‍ പൊതുസംവാദം വേണം.
9. 140 രാഷ്ട്രങ്ങള്‍ നിലവില്‍ വധശിക്ഷയ്ക്ക് എതിരാണ് എന്നത് ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷാ വിഷയത്തില്‍ പരിമിതമായ സംഘത്തിന് ഒപ്പമാണ് എന്നതിന്റെ വ്യക്തമായ തെളിവാണ്.

 

ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ട ജസ്റ്റിസ് ഷാ യുടെ സംസാരത്തിന് തൊട്ട് പിന്നാലെ ചോദ്യോത്തര വേള തുടങ്ങി. അടുത്തിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ വളരെ വൈകാരികമായി ചോദിക്കുന്നു: ‘ഏതെങ്കിലും ഇരകളുടെ കുടുംബവുമായി സംസാരിചാണോ ഇങ്ങനെ ഒരു റിപ്പോര്ട്ട് തയ്യാറാക്കിയത്?

റിപ്പോര്ട്ടിന്റെ വിശാലമായ പശ്ചാത്തലം മാധ്യമ പ്രവര്‍ത്തകനെ ബോധ്യപ്പെടുത്താന്‍ ജസ്റ്റിസ് ഷാ ശ്രമിച്ചു . എന്നാല്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കും മുമ്പേ ക്ഷോഭത്തോടെ മാധ്യമ പ്രവര്‍ത്തകന്‍ ഇടപെട്ടു , ‘ചോദിച്ച കാര്യത്തിനല്ല നിങ്ങളുടെ മറുപടി.‘ എന്നാല്‍ വളരെ ശാന്തതയോടെ ജസ്റ്റിസ് ഷാ പറഞ്ഞു: ഇല്ല ഞങ്ങള്‍ ഇരകളുടെ കുടുംബത്തെ കണ്ടിട്ടില. പക്ഷെ അവരുടെ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്തിയ നിരവധി പഠനങ്ങള്‍, ഗവേഷണങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി പ്രക്ഷുബ്ധ്‌നായി സമാനമായ ഒരു ചോദ്യം തൊടുത്തു. ‘വളരെ വൈകാരികമാണ് താങ്കളുടെ ചോദ്യം‘ എന്നായിരുന്നു ജസ്റ്റിസ് ഷായുടെ മറുപടി.

ഇരകളുടെ കുടുംബങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയതുകൊണ്ടാകണം ഇത്രയും കാലം വധശിക്ഷ നിലനിന്നുപോന്നത്. മാധ്യമ വിചാരണകളും അതിവൈകാരികതയും ആളിപ്പടര്‍ത്തിയ ദേശീയതയും ഒക്കെത്തന്നെയാണ് പലപ്പോഴും വിധിന്യായങ്ങളില്‍ തൂക്കുകയര്‍ എഴുതി ചേര്‍ത്തിട്ടുള്ളത്. അതുകൊണ്ട് ആ പരിസരങ്ങളില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള വീക്ഷണമാണ് നിയമ കമ്മീഷന്‍ ലക്ഷ്യമിട്ടതെങ്കില്‍ അതില്‍ എന്താണ് തെറ്റ്? വൈകാരികതയല്ല മാറുന്ന സാഹചര്യങ്ങള്‍ തന്നെയാണ് നിയമങ്ങള്‍ കാലാനുസൃതമാണോയെന്ന പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ മുന്നില്‍ നില്‍ക്കേണ്ടത്. സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന ദൗത്യം ജേര്‍ണലിസം പാഠപുസ്തകങ്ങളാലെങ്കിലും അലംകൃതമായ ഒരു വിഭാഗത്തിന്റെ പ്രതിനിധികളില്‍ നിന്നാണ് ഇത്തരം അമിത വൈകാരിക പ്രകടനങ്ങള്‍ എന്നോര്‍ത്താല്‍ വൈരുദ്ധ്യം എളുപ്പം മനസ്സിലാകും.

ഇപ്പറഞ്ഞതു പോലുള്ള മാധ്യമ പ്രവര്‍ത്തകരും അവരുടെ സമാന മാനസികാവസ്ഥയുള്ളവരും തന്നെയാകും പല ചാനലുകളിലും പത്രങ്ങളിലും അഫ്‌സല്‍ ഗുരുവിനെയും യാക്കൂബ് മേമനെയും മറ്റു പലരെയും തൂക്കില്‍ ഏറ്റിയപ്പോള്‍, വധശിക്ഷ; ഇരകള്‍ക്കുള്ള നീതിയുടെ നിര്‍വഹണം എന്ന മന്ത്രോച്ചാരണധ്വനികള്‍ മുഴക്കിയിട്ടുണ്ടാവുക.

അതുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കസേരയില്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ തല താഴ്ത്തേണ്ടി വരും. സോറി ജസ്റ്റിസ് എ പി ഷാ… 

(ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ് ഉണ്ണികൃഷ്ണന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍