UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദല്‍ഹി കൂട്ടബലാല്‍സംഗം: കുട്ടിക്കുറ്റവാളിയെ വിട്ടയ്ക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് അര്‍ദ്ധ രാത്രിയില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

അഴിമുഖം പ്രതിനിധി

2012-ലെ ദല്‍ഹിയിലെ കൂട്ടബലാല്‍സംഗത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസിലെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഇന്ന് തീരാനിരിക്കേ പ്രതിയെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ അര്‍ദ്ധ രാത്രിക്കുശേഷം സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. എന്നാല്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച കോടതി അടിയന്തരമായി വാദം കേള്‍ക്കുന്നതിന് വിസമ്മതിച്ചു. കോടതി വാദം നാളെ കേള്‍ക്കും. കുട്ടിക്കുറ്റവാളിയെ വിട്ടയ്ക്കാമെന്ന് വെള്ളിയാഴ്ച ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു.

കുട്ടിക്കുറ്റവാളിയെ വിട്ടയ്ക്കുന്നത് തടയാനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പെറ്റീഷന്‍ പുലര്‍ച്ചെ 1.30 ഓടെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തിങ്കളാഴ്ച ജസ്റ്റിസ് എകെ ഗോയലും യുയു ലളിതും അടങ്ങിയ രണ്ടംഗ അവധിക്കാല ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കും. അര്‍ദ്ധരാത്രിയില്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിനെ സന്ദര്‍ശിച്ച മലിവാള്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതുണ്ടായില്ല.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കുട്ടിക്കുറ്റവാളിയെ സര്‍ക്കാരും ദല്‍ഹി പൊലീസും വിട്ടയക്കില്ലെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. നാളെ മൂന്നാമത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുക. കുട്ടിക്കുറ്റവാളി സമൂഹത്തിന് ഭീഷണിയാണെന്നും അയാളുടെ മനോനിലയില്‍ മാറ്റം വന്നിട്ടില്ലെന്നും കമ്മീഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

കേസിലെ ആറു പ്രതികളില്‍ ഒരാളായ ഇയാളെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റി.

അതേസമയം ഇയാളെ വിട്ടയക്കരുതെന്ന് ആവശ്യപ്പെട്ട് ദല്‍ഹി കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജ്യോതി സിംഗിന്റെ മാതാപിതാക്കളായ ആശാ ദേവിയും ബദ്രിനാഥും ദുര്‍ഗുണപരിഹാര പാഠശാലയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍