UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിയമം ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ല; മാറേണ്ടത് നമ്മുടെ മനോഭാവം

Avatar

മുരുകന്‍ എസ് തെരുവോരം

വര്‍ഷങ്ങളായി പരിഗണനയിലിരിക്കുന്ന ഒന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമ ഭേദഗതി. കഴിഞ്ഞ മെയില്‍ ലോക്‌സഭ ഇതു പാസാക്കിയിരുന്നു. 2012ലെ ഡല്‍ഹി കൂട്ടമാനഭംഗക്കേസിനുശേഷമാണ് ബില്‍ മുഖ്യ രാഷ്ട്രീയചര്‍ച്ചാവിഷയമായത്. കേസിലെ പ്രതികളിലൊരാള്‍ക്ക് 18 വയസ് തികയാന്‍ ആറുമാസം ബാക്കിനില്‍ക്കെയായിരുന്നു കുറ്റകൃത്യം നടന്നത്. കുട്ടിക്കുറ്റവാളികള്‍ക്കുള്ള സ്‌പെഷ്യല്‍ ഹോമില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഇയാളെ കഴിഞ്ഞ 20നു മോചിപ്പിച്ചു. തുടര്‍ന്ന് പീഡനത്തിനിരയായി മരിച്ച യുവതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഇയാളെ വിട്ടയയ്ക്കുന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. സാമൂഹിക സമ്മര്‍ദ്ദത്തില്‍ ബില്‍ വീണ്ടും ചര്‍ച്ചയ്ക്കെടുത്ത ഗവണ്‍മെന്റിന് രാജ്യസഭയില്‍ കാര്യമായ എതിര്‍പ്പില്ലാതെ പാസാക്കിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ ഉടന്‍ നിയമമാകാന്‍ പോകുന്ന ബാലനീതി ബില്‍ ദുര്‍ബലമാണെന്ന വാദം നിയമ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ അഴിമുഖം നടത്തുന്ന സംവാദത്തില്‍സാമൂഹ്യപ്രവര്‍ത്തകനായ മുരുകന്‍ എസ് തെരുവോരം പ്രതികരിക്കുന്നു(മുന്‍ ലേഖനങ്ങള്‍ വായിക്കാന്‍നിര്‍ഭയയോട് നീതി കാട്ടുകബാല നീതി ബില്‍ എന്തുകൊണ്ട് ഒരു മോശം നിയമം ആകുന്നുബാലനീതി നിയമം എന്ന ബൂമറാങ് )


ഇന്ത്യ പൗരന് രാജ്യതാത്പര്യങ്ങള്‍ ഹനിക്കാത്ത എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കുന്ന ജനാധിപത്യരാജ്യമാണ്. എത്രവലിയ കുറ്റവാളിയാണെങ്കിലും അവനും/അവള്‍ക്കും രാജ്യത്തെ നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ദുരുപയോഗം ചെയ്യുന്നിടത്താണ് സമൂഹത്തില്‍ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ കുട്ടിക്കുറ്റിവാളിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ വ്യക്തിപരമായി അഭിപ്രായം പറയാന്‍ ഞാനാളല്ല, എന്നാല്‍ അയാള്‍ ഉള്‍പ്പെട്ട ആ കുറ്റകൃത്യം ഒരിക്കലും മാപ്പര്‍ഹിക്കാത്തതാണ്. ഇവിടെ ഉയര്‍ന്നിരിക്കുന്ന ചോദ്യം പ്രായത്തിന്റെ പേരില്‍ ഇയാള്‍ ചെയ്ത ക്രൂരതയ്ക്ക്(വായിച്ചറിഞ്ഞടുത്തോളം നിര്‍ഭയയോട് ഏറ്റവും ക്രൂരമായി പെരുമാറിയത് ഈ കുട്ടിക്കുറ്റവാളിയാണ്) മാപ്പ് കൊടുക്കാമോ എന്നതാണ്. ഇവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞ ജനാധിപത്യാവകാശം കടന്നുവരുന്നത്. നിയമത്തിനകത്തു നിന്നു നോക്കുമ്പോള്‍ അയാളുടെ മോചനത്തിന് ന്യായീകരണമുണ്ട്. അയാള്‍ തെറ്റു ചെയ്തു. ആ തെറ്റിന്റെ പേരില്‍ കാലങ്ങളോളം ജയിലില്‍ അടച്ചിട്ടതുകൊണ്ട് അയാള്‍ക്ക് പരിവര്‍ത്തനം വരണമെന്നില്ല. അതേസമയം അയാളെ സമൂഹത്തിന്റെ കൂടെ താമസിപ്പിച്ചാല്‍ വീണ്ടും കുറ്റം ചെയ്യില്ലെന്നും ഉറപ്പിക്കാമോ? രണ്ടു ചോദ്യങ്ങള്‍ക്കും നമ്മുടെ പക്കല്‍ വ്യക്തമായ ഉത്തരമില്ല.

എനിക്കു തോന്നുന്നു ഇത്തരമൊരു സാഹചര്യത്തില്‍ നാം നിയമങ്ങളെക്കുറിച്ചല്ല ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചാണ് കൂടുതല്‍ ചിന്തിക്കേണ്ടത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബാലഭിക്ഷാടനവും ബാലവേലയും ബാലപീഢനവും നടക്കുന്ന രാജ്യമാണ് നമ്മുടേത്. കൈലാഷ് സത്യാര്‍ത്ഥിക്ക് നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ നമ്മള്‍ ഏറെ സന്തോഷിച്ചു, അഭിമാനിച്ചു. യഥാര്‍ത്ഥത്തില്‍ ആ നൊബേല്‍ സമ്മാനം നമ്മളോടുള്ള പരിഹാസം ആയിരുന്നില്ലേ! ഇതാ നിങ്ങളുടെ രാജ്യത്ത് ഇത്രയധികം കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ട്. അതൊന്നുകൂടി ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്, നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ എന്നായിരുന്നില്ലേ ആ പുരസ്‌കാരം നമ്മളോടു വിളിച്ചു പറഞ്ഞത്. സത്യാര്‍ത്ഥിയെയോ നൊബേല്‍ പുരസ്‌കാരത്തെയോ വിലകുറച്ചു കണ്ടു പറയുന്നതല്ല. ഓര്‍ക്കണം, സത്യാര്‍ത്ഥിയെ ഇപ്പോള്‍ നമ്മള്‍ ആഘോഷിക്കുന്നുണ്ട്. ആ പുരസ്‌കാരം കിട്ടുന്നതിനു മുമ്പ് അതായിരിന്നോ അവസ്ഥ! പലയിടങ്ങളിലും കുട്ടികള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ സത്യാര്‍ത്ഥിയെ ഒരു ഭ്രാന്തനായാണ് പലരും കണ്ടിരുന്നത്. ആ ഭ്രാന്തന്‍ വരുന്നുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത്. അതായിരുന്നു നമ്മുടെ പൊതുബോധം. കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിലോ അവരെ പീഢിപ്പിക്കുന്നതിലോ നമ്മള്‍ അസ്വസ്ഥരായില്ല. നമ്മുടെ കുട്ടികള്‍ എങ്ങനെയാണ് വളര്‍ന്നു വരുന്നതെന്നു നാം ചിന്തിച്ചില്ല. അവരുടെ പശ്ചാത്തലങ്ങളെക്കുറിച്ചു നാം ബോധവാന്മാരായില്ല. ഒരു ദിവസം അവര്‍ ഏതെങ്കിലും ക്രൂരകൃത്യം ചെയ്യുമ്പോഴാണ് നാം ഞെട്ടിയുണരുന്നത്.

ഡല്‍ഹി കൂട്ട മാനഭംഗക്കേസില പ്രതിയെ വിട്ടയക്കുമ്പോഴാണ് നാം വീണ്ടും ഞെട്ടിയുണര്‍ന്നിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ നിയമം പാസാക്കുന്നു. പുതിയ ബാലാവകാശ നിയമം ധൃതിപിടിച്ചു നടപ്പാക്കിയ ഒന്നാണെന്നു വ്യക്തമാണ്. യാതൊരു പഠനവും നടത്താതെയാണ് ഇങ്ങനെയൊരു നിയമം. രാജ്യത്തെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നു നിയമ ബില്‍ അവതരിപ്പിച്ച മന്ത്രിക്കു തന്നെ ബോധ്യമുണ്ടോ? ഓരോ സംസ്ഥാനത്തും കുട്ടിക്കുറ്റവാളികളുടെ എണ്ണം എങ്ങനെയാണ്, കൂടുകയാണോ കുറയുകയാണോ എന്നൊന്നും ചിന്തിച്ചിട്ടില്ല. അവര്‍ക്ക് പെട്ടെന്ന് എന്തൊക്കെയോ ചെയ്യണമായിരുന്നു. ഇത്തരമൊരു നിയമം ഉണ്ടാക്കിയതുകൊണ്ട് നമ്മുടെ സമൂഹത്തില്‍ കുട്ടിക്കുറ്റവാളികളെ ഇല്ലാതാക്കാന്‍ കഴിയുമോ?

നിയമങ്ങള്‍ അല്ല പൊളിച്ചെഴുതേണ്ടത് നമ്മുടെ സംവിധാനങ്ങളാണ്. നമ്മുടെ കുട്ടികളെ സമൂഹം എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെന്ന് നാം കാണുന്നതാണ്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ജുവൈനല്‍ ഹോമുകളില്‍ കഴിയുന്ന കുട്ടികളുടെ കാര്യം. ജുവനൈല്‍ സെന്ററുകളില്‍ നിന്നു പുറത്തുവരുന്ന ഒരു കുട്ടി അവന്‍ അങ്ങോട്ടു പോകുന്നതിനു മുമ്പ് എന്തായിരുന്നോ അതിലും അപത്കരമായ ചിന്തകളുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ജുവൈനല്‍ ഹോമുകളില്‍ എങ്ങനെയാണു കുട്ടികളെ കൈകാര്യം ചെയ്യുന്നതെന്നള്ള അനുഭവം അറിയാവുന്നതുകൊണ്ട് പറയുന്നതാണ്. ഇവിടെയെല്ലാം നിയമം മത്രം പോര, നമ്മുടെ മനോഭാവവും മാറണം. അല്ലെങ്കില്‍ ഇനിയും നമ്മുടെ കുട്ടികളെയോര്‍ത്ത് നമുക്ക് വിഷമിക്കേണ്ടി വരും.

(സാമൂഹ്യപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍