UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലനീതി നിയമം എന്ന ബൂമറാങ്

Avatar

അഡ്വ. ബിജി മാത്യു

വര്‍ഷങ്ങളായി പരിഗണനയിലിരിക്കുന്ന ഒന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമ ഭേദഗതി. കഴിഞ്ഞ മെയില്‍ ലോക്‌സഭ ഇതു പാസാക്കിയിരുന്നു. 2012ലെ ഡല്‍ഹി കൂട്ടമാനഭംഗക്കേസിനുശേഷമാണ് ബില്‍ മുഖ്യ രാഷ്ട്രീയചര്‍ച്ചാവിഷയമായത്. കേസിലെ പ്രതികളിലൊരാള്‍ക്ക് 18 വയസ് തികയാന്‍ ആറുമാസം ബാക്കിനില്‍ക്കെയായിരുന്നു കുറ്റകൃത്യം നടന്നത്. കുട്ടിക്കുറ്റവാളികള്‍ക്കുള്ള സ്‌പെഷ്യല്‍ ഹോമില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഇയാളെ കഴിഞ്ഞ 20നു മോചിപ്പിച്ചു. തുടര്‍ന്ന് പീഡനത്തിനിരയായി മരിച്ച യുവതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഇയാളെ വിട്ടയയ്ക്കുന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. സാമൂഹിക സമ്മര്‍ദ്ദത്തില്‍ ബില്‍ വീണ്ടും ചര്‍ച്ചയ്ക്കെടുത്ത ഗവണ്‍മെന്റിന് രാജ്യസഭയില്‍ കാര്യമായ എതിര്‍പ്പില്ലാതെ പാസാക്കിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ ഉടന്‍ നിയമമാകാന്‍ പോകുന്ന ബാലനീതി ബില്‍ ദുര്‍ബലമാണെന്ന വാദം നിയമ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ അഴിമുഖം നടത്തുന്ന സംവാദത്തില്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായ അഡ്വ. ബിജി മാത്യു പ്രതികരിക്കുന്നു. (മുന്‍ ലേഖനങ്ങള്‍ വായിക്കാന്‍-നിര്‍ഭയയോട് നീതി കാട്ടുക, ബാല നീതി ബില്‍ എന്തുകൊണ്ട് ഒരു മോശം നിയമം ആകുന്നു)

ജയിൽ ശിക്ഷ കുറ്റവാളികളുടെ മന:പരിവർത്തനത്തിന് വേണ്ടിയാണ്. ദുഃഖകരമെന്നു പറയട്ടെ , ഇന്ത്യൻ ജയിലുകളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പരിവർത്തനതിനുള്ള സാധ്യത തീരെ കുറവാണ് എന്നു മാത്രമല്ല കൂടുതൽ കുറ്റവാസന ഉള്ളവരായി തീരാൻ കളമൊരുങ്ങുകയും ചെയ്യും. കുറ്റം ചെയ്യുന്ന കുട്ടികളുടെ സാമൂഹ്യ-ജീവിത പശ്ചാത്തലം കൂടി പരിഗണിക്കപ്പെടെണ്ടതുണ്ട്. ഡൽഹി ബസിലെ കൂട്ടബലാൽസംഗ കേസിന്റെ പശ്ചാത്തലത്തിൽ നിയമം അപ്പാടെ  പൊളിച്ചെഴുതുമ്പോൾ മികച്ച സാമൂഹ്യ ജീവിയായി തിരിച്ചു വരാനുള്ള എല്ലാ വഴികളും കുട്ടിക്കുറ്റവാളികൾക്ക് മുന്നിൽ നിയമം  കൊട്ടിഅടക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ രാജ്യസഭയിൽ പാസ്സായ ബിൽ വളരെ തിടുക്കത്തിൽ അവതരിപ്പിച്ചതായിരുന്നു.

കുട്ടികൾ ചെയ്യാവുന്ന കുറ്റകൃത്യങ്ങളെ കുറിച്ചോ അതിന്റെ പരിധികളെ കുറിച്ചോ ഒന്നും അറിയാത്തവരല്ല  ബാലനീതി നിയമം മുൻപ് നിർമിച്ചത്. നീണ്ട കാലത്തെ, പഠനവും അഭിപ്രായ രൂപീകരണവും വിദഗ്ധ ചർച്ചകളും  കരടും പോളിച്ചെഴുത്തും ഒക്കെ പിന്നിട്ടാണ് ബാലനീതി നിയമം പരുവപ്പെടുത്തി എടുത്തത്‌. മാനസികവും ബുദ്ധിപരവും വൈകാരികവുമായ വളർച്ചയുടെ മാനദണ്ഡം 18 ആക്കിയത് ഒറ്റ കുട്ടിക്കുറ്റവാളിയുടെ ചെയ്തികളുടെ പേരില്‍ ഇല്ലാതാക്കുന്നത് കുട്ടികളോടും സമൂഹത്തോടും ചെയ്യുന്ന മറ്റൊരു കുറ്റകൃത്യമാണ്. നിലവിലെ പല നിയമങ്ങളിലും കുറഞ്ഞ പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിട്ടുണ്ട്. വോട്ടവകാശം, വിവാഹ നിയമങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് നൽകൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വളർച്ചയുടെ പ്രത്യേക ഘട്ടമായി 18 വയസിനെ പരിഗണിച്ചു പോരുകയാണ് പതിവ്. പാകതയുടെ പ്രായത്തെ താഴേയ്ക്ക് വലിച്ചു താഴ്ത്തി 16ൽ എത്തിക്കുന്നതിലെ ശാസ്ത്രീയ അടിത്തറയെക്കുറിച്ച് ബില്ലിലോ ബില്ലിന്റെ ചർച്ചയിലോ കണ്ടെത്താൻ കഴിഞ്ഞില്ല. കേവലം വൈകാരികത അടിസ്ഥാനമാക്കിയതായിരുന്നു ഈ ബിൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ സാമൂഹ്യ സാഹചര്യവും വൈദ്യശാസ്ത്രത്തിലെ അറിവും സമ്മേളിപ്പിച്ച ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ നിയമത്തെ പ്രത്യേക സാഹചര്യത്തിൽ വളർന്ന കുട്ടിയുടെ കുറ്റത്തിന്റെ പേരിൽ മാറ്റാൻ പാടില്ലായിരുന്നു. ഏതൊരു കുട്ടിയും കുറ്റവാളിയാകാനുള്ള സാഹചര്യം നിലനില്ക്കുന്നുണ്ട്.  കടുത്ത സാമൂഹ്യ അസമത്വവും അസന്തുലിതാവസ്ഥയും കുറ്റവാസനയെ പരിപോഷിപ്പിക്കാവുന്നതാണ്. കൌമാരപ്രായത്തിൽ ചില ചെറിയ ചെറിയ തെറ്റുകളിലൂടെയാണ് ശരിയിൽ എത്തിച്ചേരുന്നത്. സമൂഹത്തിൽ പിന്നീട് വലിയവർ ആയവർ തന്റെ കൗമാര പ്രായത്തിൽ ചെയ്തു കൂട്ടിയ ചെറുതും വലുതുമായ കുറ്റങ്ങളെ ഏറ്റു പറഞ്ഞിട്ടുണ്ട്. പിഴയോടു കൂടി മൂന്ന് വർഷം ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് മോഷണം.  മഹാത്മാഗാന്ധി എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ആത്മകഥയിൽ സ്വർണ കഷ്ണം മോഷ്ടിച്ച് വിറ്റതിനെ കുറിച്ച് തുറന്നു പറയുന്നുണ്ട്.

വലിയ കുറ്റങ്ങളിൽ കുട്ടികൾ  ചെറിയ കണ്ണികൾ ആകാനും പണവും പദവിയുമുള്ള വൻസ്രാവുകൾ രക്ഷപെടാനും ബാല നീതി നിയമം ദുരുപയോഗപ്പെടുത്താനും ഇടയുണ്ട്. തീവ്രവാദ കേസുകളിലും ലഹരിമരുന്നു കടത്ത് കേസുകളിലും കുട്ടികൾ ഉൾപ്പെടുന്നതിന്നാൽ അങ്ങേയറ്റത്തെ ജാഗ്രത പാലിക്കേണ്ടതാണ്. കുട്ടികളെ രക്ഷിക്കാനും നല്ലവഴിക്കു നടത്തിക്കാനും കൊണ്ടുവന്ന നിയമം ബുമറാങ് ആയി കുഞ്ഞി കഴുത്തുകളെ ലക്‌ഷ്യം വച്ചേക്കുമെന്ന ആശങ്കയാണ് നിയമ ഭേദഗതിയിലൂടെ കാണുന്നത്.

വളരെ അധികം സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കാനാകുന്ന  ഒന്നാണ് ഈ നിയമം. ആയതിനാൽ തന്നെ വിശദമായ കൂടിആലോചന അനിവാര്യമായിരുന്നു. മന:ശാസ്ത്രജ്ഞർ, ന്യൂറോ സൈന്‍റിസ്റ്റുകള്‍ ,ബീഹേവിയർ സൈന്റിസ്റ്റുകൾ ,ക്രിമി നോളജി വിദഗ്ധർ, സാമൂഹ്യ ശാസ്ത്രജ്ഞർ തുടങ്ങിയവരുമായി ചേർന്നുള്ള ശാസ്ത്രീയ പഠനവും സംവാദവും ഒഴിച്ചുകൂടാൻ പാടില്ലാത്തതായിരുന്നു. ഇക്കാര്യങ്ങളിൽ സമയം പൂർണമായും കഴിഞ്ഞെന്നു കരുതണ്ട. രാഷ്ട്രപതി നിയമം ഒപ്പ് വയ്ക്കുന്നതിനു മുൻപ് പൊതുജനാഭിപ്രായവും ശാസ്ത്രസമൂഹത്തിന്റെ വീക്ഷണവും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍