UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാല നീതി ബില്‍ എന്തുകൊണ്ട് ഒരു മോശം നിയമം ആകുന്നു

Avatar

അഴിമുഖം പ്രതിനിധി

ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ബില്‍ 2015, ഇത്ര വിവാദമായതെങ്ങനെ?
വര്‍ഷങ്ങളായി പരിഗണനയിലിരിക്കുന്ന ഒന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമഭേദഗതി. മെയില്‍ ലോക്‌സഭ ഇതു പാസാക്കിയിരുന്നു. 2012ലെ ഡല്‍ഹി കൂട്ടമാനഭംഗക്കേസിനുശേഷം ബില്‍ മുഖ്യ രാഷ്ട്രീയചര്‍ച്ചാവിഷയമായി. കേസിലെ പ്രതികളിലൊരാള്‍ക്ക് 18 വയസ് തികയാന്‍ ആറുമാസം ബാക്കിനില്‍ക്കെയായിരുന്നു കുറ്റകൃത്യം. കുട്ടിക്കുറ്റവാളികള്‍ക്കുള്ള സ്‌പെഷല്‍ ഹോമില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഇയാളെ കഴിഞ്ഞ 20നു മോചിപ്പിച്ചു. പീഡനത്തിനിരയായി മരിച്ച യുവതിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഇയാളെ വിട്ടയയ്ക്കുന്നതിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി.

16 മുതല്‍ 18വരെ വയസുള്ളവര്‍ ഹീനമായ കുറ്റകൃത്യം ചെയ്താല്‍ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള അതേ രീതിയില്‍ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്ന ബില്ലിലെ ശുപാര്‍ശ ആദ്യം മുതല്‍ തന്നെ പലരും എതിര്‍ത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഏഴുവര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളെയാണ് ഹീനമായ കുറ്റങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഡല്‍ഹി കൂട്ടമാനഭംഗം പുറത്തുവന്നതിനുശേഷം രൂപീകരിച്ച പാര്‍ലമെന്ററി സമിതിയും മറ്റൊരു മൂന്നംഗസമിതിയും ഈ ശുപാര്‍ശ നിരസിച്ചിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു സമിതി.

16 വയസുള്ളവരെ പ്രായപൂര്‍ത്തിയായവര്‍ എന്ന നിലയില്‍ വിചാരണചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ എന്തെല്ലാം?
ഇന്ത്യയുടെ നിയമസംവിധാനത്തിന്റെ രണ്ട് പ്രത്യേകതകള്‍ മൂലമാണ് ഇത് പ്രശ്‌നമാകുന്നത്. ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 18 വയസാണെന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനമാണ് ഒന്ന്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം തടയാന്‍ മറ്റൊരു നിയമവും പാസാക്കി. ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 (പോസ്‌കോ)എന്ന ഈ നിയമം കുട്ടികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് 18 വയസില്‍ താഴെയുള്ളവരെയാണ്. ഇവര്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷത്തിലധികം തടവുള്‍പ്പെടെ കഠിനശിക്ഷകളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

17 വയസുള്ള യുവാവും 16 വയസുള്ള യുവതിയും വീട്ടുകാരുടെ അനുമതിയില്ലാതെ ഒരുമിച്ചു ജീവിക്കുന്ന സന്ദര്‍ഭം സങ്കല്‍പിക്കുക. പുതിയ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് ഈ യുവാവിന്റെ മേല്‍ മാനഭംഗക്കേസ് ചുമത്താം. 16 വയസു പൂര്‍ത്തിയായി എന്നതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാനഭംഗം നടത്തിയാല്‍ ലഭിക്കുന്ന അതേ വിചാരണ ഇയാള്‍ക്കു നേരിടേണ്ടി വരും.

പ്രായപൂര്‍ത്തിയായവര്‍ക്കുള്ള അതേ ജയിലിലേക്ക് ഇയാളെ അയയ്ക്കാം. 21 വയസ് പൂര്‍ത്തിയായാല്‍ പുനര്‍വിചാരണയ്ക്ക് അര്‍ഹത ലഭിക്കുമെങ്കിലും അതുവരെ അയാള്‍ അനുഭവിക്കേണ്ടിവരുന്ന മാനസികപീഡനം ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രായപരിധി താഴ്ത്തുന്നത് കുട്ടികളെ അനധികൃതമായി തടവില്‍ വയ്ക്കുന്ന പ്രവണതയ്ക്ക് ആധികാരികത നല്‍കലാകുമെന്നും വാദമുണ്ട്.

കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണോ?
രാജ്യത്ത് കുട്ടിക്കുറ്റവാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണെന്നാണ് രാജ്യസഭയില്‍ ജുവനൈല്‍ ജസ്റ്റിസ് ബില്‍ അവതരിപ്പിച്ച വനിത, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞത്. എന്നാല്‍ ഇത് ശരിയല്ലെന്ന് സാമൂഹികപ്രവര്‍ത്തകരുടെ പഠനങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ രാജ്യത്തെ ആകെ കുറ്റകൃത്യങ്ങളില്‍ 1.2 ശതമാനം മാത്രമാണ് കുട്ടിക്കുറ്റവാളികള്‍ ഉള്‍പ്പെട്ടവ എന്നാണ് അവരുടെ വാദം.

കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അനന്ത് ആസ്താന നടത്തിയ ഒരു വിശകലനം ഇവിടെ പ്രസക്തമാണ്. 2007 മുതല്‍ 2013 വരെയുള്ള കാലത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നിലെത്തിയ കേസുകളാണ് പഠനത്തിന് വിധേയമാക്കിയത്. മാനഭംഗക്കേസില്‍ അറസ്റ്റിലായ 266 പേരില്‍ 69 പേര്‍ കുറ്റവിമുക്തരായി. 18 പേര്‍ പ്രായപൂര്‍ത്തിയായവരായിരുന്നു. മൂന്നുപേരെ വിട്ടയച്ചു. ബാക്കിയുള്ള 176 പേരില്‍ പകുതിയോളം പാളിപ്പോയ പ്രണയങ്ങളും 30 ശതമാനം കേസുകള്‍ 12 -14 പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ഉള്‍പ്പെട്ടവയുമായിരുന്നു.

ജുവനൈല്‍ ജസ്റ്റിസ് നിയമഭേദഗതി പരിശോധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിലപാട് എന്തായിരുന്നു?
ബിജെപി എംപി സത്യനാരായന്‍ ജതീയയുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി. ഇപ്പോഴത്തെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഇതില്‍ അംഗമായിരുന്നു. എന്‍ജിഒകള്‍ ഉള്‍പ്പെടെ പലരുമായും ചര്‍ച്ച നടത്തുകയും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍നിന്നുള്ള കണക്കുകള്‍ പരിശോധിക്കുകയും ചെയ്ത കമ്മിറ്റിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു:

‘ഇപ്പോഴത്തെ ജുവനൈല്‍ സിസ്റ്റം കുട്ടിക്കുറ്റവാളികളില്‍ മാറ്റമുണ്ടാക്കുന്നതും പുനരധിവാസം ഉറപ്പാക്കുന്നതും മാത്രമല്ല 16 -18 പ്രായം അതീവശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കാലമാണെന്നു തിരിച്ചറിയുന്നതുമാണ്. അതിനാല്‍ ഇവരെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള നിയമസംവിധാനത്തിനു കീഴില്‍ കൊണ്ടുവരേണ്ട ആവശ്യമില്ല’.

ജെ എസ് വര്‍മ കമ്മിറ്റിയുടെ അഭിപ്രായം എന്തായിരുന്നു?
കുട്ടിക്കുറ്റവാളികള്‍ കുറ്റകൃത്യങ്ങളിലേക്കു തിരിച്ചുപോകുന്നതിനെപ്പറ്റി ലഭ്യമായ കണക്കുകളും ശാസ്ത്രീയമായ തെളിവുകളും പരിശോധിക്കുകയാണ് ഈ സമിതി ചെയ്തത്. കുട്ടികളുടെ അവകാശസംരക്ഷണം സംബന്ധിച്ച ഇന്ത്യയുടെ രാജ്യാന്തര പ്രതിജ്ഞാബദ്ധത കണക്കിലെടുത്ത് ഉയര്‍ന്ന പ്രായപരിധി 18 വയസായി നിലനിര്‍ത്തണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ.

‘വിദ്യാഭ്യാസവും മാതാപിതാക്കളുടെ മാര്‍ഗനിര്‍ദേശവും ലഭിക്കാത്ത കുട്ടികള്‍ക്ക് പുനരധിവാസത്തിനുള്ള അവസരം കുറവാണ്. മൂന്നുവര്‍ഷത്തെ സ്‌പെഷല്‍ ഹോം വാസം ഇവര്‍ക്ക് തെറ്റുതിരുത്താന്‍ പര്യാപ്തമാണ്. കുറ്റകൃത്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക് 2010ല്‍ 8.2 ശതമാനമായിരുന്നത് 2011ല്‍ 6.9ശതമാനമായി എന്നതും കണക്കിലെടുക്കണം. അതിനാല്‍ പ്രായപരിധി 16 ആക്കി കുറയ്‌ക്കേണ്ടതില്ല’.

നിയമപ്രകാരം ആരാണ് ‘കുട്ടി’?
2012ലെ പോസ്‌കോ നിയമത്തിലും കുട്ടി എന്നാല്‍ 18 വയസില്‍ താഴെയുള്ളവര്‍ എന്നാണ് വിവക്ഷയെന്ന് വ്യക്തമാക്കുന്നുണ്ട്. വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആണ്. 20 – 22 വയസിനുമുന്‍പ് മനുഷ്യന്റെ തലച്ചോറിന്റെ വികാസം പൂര്‍ണമാകുന്നില്ല എന്ന തെളിവിന്റെ അടിസ്ഥാനത്തിലാണിത്. എക്‌സൈസ് നിയമം അനുസരിച്ച് 18 വയസില്‍ താഴെയുള്ളവര്‍ മദ്യപിക്കാന്‍ പാടില്ല. ചില സംസ്ഥാനങ്ങളില്‍ ഈ പ്രായപരിധി ഇതിലും മുകളിലാണ്. വോട്ടവകാശം ലഭിക്കണമെങ്കില്‍ 21 വയസ് പൂര്‍ത്തിയാക്കണം.

മറ്റുരാജ്യങ്ങളില്‍ ക്രിമിനല്‍ ശിക്ഷയ്ക്കുള്ള കുറഞ്ഞ പ്രായം എത്ര?
യുഎസിലെ മിക്ക സംസ്ഥാനങ്ങളിലും 18നു വയസിനുതാഴെയുള്ളവര്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കേണ്ടത് ജുവനൈല്‍ കോടതിയാണ്. ചില സംസ്ഥാനങ്ങളില്‍ പ്രായപരിധി ഇതിലും താഴെയാണ്. 21 വയസ് പൂര്‍ത്തിയാകുന്ന ദിവസം വരെയേ ജുവനൈല്‍ കോടതിയുടെ ശിക്ഷയ്ക്ക് പ്രാബല്യമുള്ളൂ. കുറ്റമെന്തായാലും 21 വയസ് പൂര്‍ത്തിയാകുന്ന ദിവസം പ്രതി മോചിതനാകുമെന്നര്‍ത്ഥം.

യുകെയില്‍ 17 വയസിനു മുകളിലുള്ളവരെ പ്രായപൂര്‍ത്തിയായവര്‍ക്കു വേണ്ടിയുള്ള കോടതികളാണ് ശിക്ഷിക്കുക. 21 വയസില്‍ത്താഴെയുള്ളവര്‍ക്ക് ശിക്ഷകളില്‍ ഇളവുണ്ട്. ജപ്പാനില്‍ 20 വയസില്‍ കുറവുള്ളവരുടെ വിചാരണ കുടുംബകോടതിയിലാണ്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ 15 വയസിനുമുകളിലുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷിക്കപ്പെടും. 18നു താഴെ പ്രായമുള്ളവര്‍ക്ക് സാമൂഹികസേവനങ്ങള്‍ തുടങ്ങിയ ശിക്ഷകള്‍ നല്‍കുന്ന സമ്പ്രദായമാണുള്ളത്.

ചൈനയില്‍ 14നും 18നും ഇടയ്ക്കു പ്രായമുള്ളവര്‍ ജുവനൈല്‍ ജസ്റ്റിസ് സിസ്റ്റത്തിനു കീഴിലാണ്. പ്രശ്‌നങ്ങളുണ്ടാക്കുന്ന കുട്ടികളെ നേര്‍വഴിക്കു നയിക്കേണ്ട ചുമതല സ്‌കൂളുകളിലും മാതാപിതാക്കളിലും നിക്ഷിപ്തവും. ശിക്ഷിക്കപ്പെടാവുന്ന കുറഞ്ഞ പ്രായം ബ്രസീല്‍, പെറു, കൊളംബിയ എന്നിവിടങ്ങളില്‍ 18 ആണ്. 12 വയസിനു മുകളിലുള്ളവര്‍ ജുവനൈല്‍ ജസ്റ്റിസ് സിസ്റ്റത്തിനു കീഴില്‍ വരും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍