UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവരെ കുട്ടികളായിത്തന്നെ കാണുക; പുതിയ ബാലനീതി ബില്ലിനെതിരെ പ്രതിഷേധമുയരുമ്പോള്‍

Avatar

എഡിറ്റോറിയല്‍/ടീം അഴിമുഖം

മുട്ടുവിറപ്പിക്കുന്ന പ്രതികരണങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ നടപ്പുരീതിയാണ്. ഭരണഘടനാ വിരുദ്ധമായതിനാല്‍ പിന്നീട് സുപ്രീം കോടതി ചില വകുപ്പുകള്‍ മരവിപ്പിച്ച ഐടി നിയമം പോലെയുളള നിയമനിര്‍മ്മാണങ്ങള്‍ നമ്മള്‍ ധൃതിപിടിച്ച് നടപ്പാക്കിക്കളയും. ഇപ്പോള്‍, കൊലപാതകവും ബലാല്‍സംഗവും പോലെയുള്ള കടുത്ത കുറ്റകൃത്യങ്ങള്‍ നടത്തുന്ന 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവര്‍ക്ക് തത്തുല്യമായി വിചാരണ ചെയ്യുന്നതിനായി നിയമ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ദൗര്‍ഭാഗ്യകരം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.

നിലവിലുള്ള ബാല സൗഹൃദ നിയമങ്ങള്‍ ഉപയോഗിച്ച് കുട്ടി കുറ്റവാളികള്‍ക്ക് ലഘുശിക്ഷകള്‍ വിധിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ, കടുത്ത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടി കുറ്റവാളികളെ മുതിര്‍ന്നവര്‍ക്ക് തുല്യമായി കണക്കാക്കണമെന്ന മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനം ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ബാല നീതി (കുട്ടികള്‍ക്കുള്ള ശ്രദ്ധയും സംരക്ഷണവും) ബില്ല് പല ബാലാവകാശ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും അപ്രീതിക്ക് പാത്രമായിട്ടുണ്ട്. 16-18 പ്രായ ഗ്രൂപ്പില്‍പ്പെട്ടവരെ ഒഴിവാക്കാനും, അവരെ കഠിനമായ ക്രിമിനല്‍ ശിക്ഷാനടപടിക്രമങ്ങള്‍ക്ക് വിധേയമാക്കാനുള്ള ബില്ലിലെ എല്ലാ വ്യവസ്ഥകളും പുനഃപരിശോധിക്കണമെന്ന് ബില്ലിനെ കുറിച്ച് പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ക്യാബിനറ്റ് അന്തിമാനുമതി നല്‍കിയ ഭേദഗതി ബില്ലില്‍, ഈ പ്രായപരിധിയില്‍ പെടുന്ന ഒരാള്‍ ഒരു കടുത്ത കുറ്റകൃത്യം ചെയ്യുന്ന പക്ഷം, കുറ്റകൃത്യം അയാള്‍ ‘പ്രായപൂര്‍ത്തിയാകാത്ത ആള്‍’ എന്ന നിലയിലാണോ അതോ ‘മുതിര്‍ന്ന ആള്‍’ എന്ന നിലയിലാണോ ചെയ്തതെന്ന് ബാല നീതി ബോര്‍ഡിന് വിലയിരുത്താം എന്ന വ്യവസ്ഥ നിലനിറുത്തിയിട്ടുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും കുറ്റവിചാരണ നടക്കുക.

ഇപ്പോഴത്തെ ചട്ടക്കൂട് അനുസരിച്ച് കുറ്റകൃത്യങ്ങളെ ചെറുത്, ഗൗരവമുള്ളത്, കടുത്തത് എന്നിങ്ങനെ മൂന്നായി തരംതിരിക്കുകയും ഓരോ വിഭാഗത്തെയും വ്യത്യസ്ത പ്രക്രിയയ്ക്ക് വിധേയമാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം വിലയിരുത്തലുകള്‍ മന:ശാസ്ത്രജ്ഞന്റെയും സാമൂഹിക വിദഗ്ധരുടെയും സഹായത്തോടെയാണ് നടത്തുന്നതെന്നതിനാല്‍ തന്നെ പ്രായപൂര്‍ത്തിയാകാത്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇത്തരം ജോലികള്‍ ചെയ്യാനാവശ്യമായ അത്രയും വിദഗ്ധരെ രാജ്യത്ത് ലഭ്യമാണോ എന്ന ചോദ്യം ഇവിടെ ബാക്കിയാവുകയാണ്.

കുട്ടികളെ മുതിര്‍ന്നവരുടെ ക്രിമിനല്‍ വിചാരണ കോടതിയില്‍ വിചാരണയ്ക്ക് വിധേയരാക്കുന്നത് അവരുടെ പുനരധിവാസ പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ജുവനൈല്‍ നിയമം ഭേദഗതി ചെയ്യേണ്ട എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ ഉള്ളതായി സുപ്രീം കോടതി കണ്ടെത്തിയിട്ടുമില്ല. 18 വയസ് പൂര്‍ത്തിയാകാത്ത എല്ലാവരെയും കുട്ടികളായി കാണണമെന്ന കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ പ്രമേയത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിയിരിക്കുന്നു.

ഇപ്പോഴത്തെ കരട് തയ്യാറാക്കുന്നതിന് മുമ്പ് ചില കക്ഷികളുമായി ചര്‍ച്ച നടത്തിയെന്നത് മാത്രമാണ് സര്‍ക്കാരില്‍ നിന്നും വന്നിട്ടുള്ള അനുകൂലമായ ഒരേ ഒരു നീക്കം. ഏഴാം വകുപ്പിനെ കുറിച്ചുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ എതിര്‍പ്പിനെ സര്‍ക്കാര്‍ അംഗീകരിക്കുകയും, ഒരു വ്യക്തി 16നും 18നും ഇടയിലുള്ള പ്രായത്തില്‍ ഒരു കുറ്റകൃത്യം ചെയ്താലും അയാളെ 21 വയസ്സിന് ശേഷം അറസ്റ്റ് ചെയ്യുകയും ഒരു മുതിര്‍ന്ന പൗരന്‍ എന്ന നിലയില്‍ പരിഗണിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുമെന്ന ഏകപക്ഷീയ വ്യവസ്ഥ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, ഇത്തരം ചില നടപടികള്‍ കൊണ്ടുമാത്രം വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കാനാവില്ല. സര്‍ക്കാര്‍ ബില്ലിന്റെ ഗുണവശങ്ങളുമായി മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത്. കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ഉറപ്പാക്കുന്നതിന് അവരെ സഹായിക്കുന്ന തരത്തിലുള്ള സംരക്ഷണ കേന്ദ്രങ്ങളും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കപ്പെടുന്ന ദത്തെടുക്കല്‍ സമ്പ്രദായങ്ങളും പോലെയുള്ള ബില്ലിലെ സ്വാഗതാര്‍ഹമായ വ്യവസ്ഥകളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ഊന്നേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍