UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാത്മാ ഫൂലയെ ആര്‍ എസ് എസ് സ്വന്തമാക്കുമ്പോള്‍

കഴിഞ്ഞ ജനുവരി 11ന്റെ DNA പത്രത്തിൽ ഒരു വാർത്ത‍ വന്നിരുന്നു, കേരളത്തിൽ ആ വാർത്ത‍ എത്തിയോ എന്നറിയില്ല. മലയാളികൾ ചർച്ച ചെയ്താലും ഇല്ലെങ്കിലും, വർത്തമാന കാല രാഷ്ട്രീയത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് ഇതിന്റെ ഉള്ളടക്കം.

സംഗതി നിസാരമാണ്. മഹാത്മാ ഫൂലയുടെ നാലാം തലമുറയിൽ പെട്ടവർ ആർ എസ് എസിൽ ചേർന്നു. നാലു പേർ ആർ എസ് എസിൽ ചേരുന്നത് തീർച്ചയായും ഒരു വാർത്തയല്ല. ഇന്ത്യ മഹാരാജ്യത്ത് ആയിരങ്ങൾ ആർ എസ് എസിൽ പ്രവർത്തിക്കുന്നുണ്ട്. ആയതിനാൽ ഈ നാലു പേർ ഒരുതരത്തിലും വാർത്ത‍യാകേണ്ടവർ അല്ല. എന്നാൽ ഇവരുടെ അംഗത്വം എന്നതിനേക്കാള്‍ പ്രാധാന്യം അവർ അതിനു കണ്ടെത്തിയ കാരണങ്ങൾ ആണ്‍.

ആമിര്‍/അംബേദ്ക്കര്‍ ദ്വന്ദ്വം: സംഘപരിവാര്‍ ഭരണകൂടനിര്‍മ്മിതിയുടെ ഒളിപ്പോരുകള്‍

ഈ നാലുപേരിൽ നിതിൻ എന്ന വ്യക്തി പറഞ്ഞത്, അദേഹത്തെ ആർ എസ് എസിലേക്ക് ആകർഷിച്ചത് ആർ എസ് എസ് ശാഖയ്ക്ക് അവർ മഹാത്മാ ഫൂലെയുടെ പേർ നൽകിയത് കൊണ്ടാണ് എന്നാണ്. അതോടൊപ്പം അദ്ദേഹം പറഞ്ഞത് ആർ എസ് എസ് ശാഖയിൽ നിന്നാണ് ജീവിത മൂല്യങ്ങളെ കുറിച്ചും ജാതിവ്യവസ്ഥയെ പറ്റിയും അദ്ദേഹം മനസിലാക്കിയത് എന്നാണ്. എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുത മഹാത്മാ ഫൂലേക്കും സവിത്രി ഭായ് ഫൂലേക്കും മക്കൾ ഇല്ലായിരുന്നു. മാത്രവുമല്ല തന്റെ പിൻഗാമികളായി അവർ രണ്ടുപേരും ആരെയും നിർദ്ദേശിച്ചിട്ടുമില്ല.

ഈ വാർത്തയുടെ പ്രാധാന്യം ഇതാണ്. കാരണം ഈ അടുത്തകാലത്തായി ആർ എസ് എസ് നടത്തി വരുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് അവരുടെ ശാഖയ്ക്ക്  ഫൂലെയുടെ പേര് നല്കിയത്.  ജ്യോതിഭ ഫൂലയുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന ബന്ധുക്കൾ എന്നത് മാത്രമാണ് ഇവർക്ക് കിട്ടിയ വാർത്ത‍പ്രധാന്യത്തിന് പിന്നിൽ ഉള്ളത്.  

ഇത്തരത്തിൽ ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാക്കേണ്ടവരുടെ പട്ടികയിൽ ഒന്നാമത്തേതാണ് മഹാത്മ ഫൂലെയുടേത്. പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ.  1873ൽ അദ്ദേഹം രൂപം നല്കിയ Satya Shodhak Samaj അഥവാ സത്യം അന്വേഷിക്കുന്നവരുടെ കൂട്ടം എന്ന പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധതയിൽ ഊന്നിയായിരുന്നില്ല പ്രവര്ത്തിച്ചിരുന്നത്. പ്രസ്ഥാനത്തിന്റെ പ്രധാന ലക്‌ഷ്യം ദളിതരെ ജാതി അടിമത്വത്തിൽനിന്നും മോചിപ്പിക്കുക എന്നതായിരുന്നു. സ്ത്രീ-പുരുഷ സമത്വത്തിലും മനുഷ്യന്റെ വിമോചനത്തിലും ഊന്നിയ പ്രസ്ഥാനം സാമൂഹിക വിമോചനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വച്ചത്. അതുകൊണ്ട് തന്നെയാണ്‍ എന്നും അദ്ദേഹത്തിന്റെ രാഷ്ടീയത്തിന് സാമൂഹിക പ്രസക്തിയുള്ളത്

ദളിത് ലോകം ‘മാര്‍ജിനലൈസ്ഡ്’ അല്ല; അത് വിശാലമാണ്

എന്നാൽ ആർ എസ്‌ എസ്‌ പോലെയുള്ള ഒരു സംഘടന ഇവരെ ഏറ്റെടുക്കുന്നതോടെ മഹാത്മ ഫൂലെയുടെ രാഷ്ട്രീയവീക്ഷണത്തിന് അപരത്വം സംഭവിക്കുകയും അത്തരം വിമോചന പ്രത്യയശാസ്ത്രങ്ങളെ പൊതു രാഷ്ട്രീയ ബോധത്തിന്റെ പരിസരത്തുനിന്നും അകറ്റുകയും ചെയ്യും. ആർ എസ് എസും പിതൃത്വം ഏറ്റെടുത്തിരിക്കുന്ന വംശീയ മത ബോധത്തോട് ഫൂലെയുടെ ചിന്തകള്‍ ചേർക്കപ്പെടും. ആർ എസ് എസിന്റെ ഹിന്ദുമതം അല്ല രാജ്യത്തെ ഭുരിപക്ഷം ഹിന്ദുക്കളുടേത്. മഹാത്മ ഫൂലെയെ ആർ എസ് എസ് വല്‍ക്കരിക്കുന്നതോടെ രാജ്യത്തെ അടിച്ചമർത്തപ്പെട്ടവരുടെ സമൂഹത്തിൽനിന്ന് ഭൂലെയുടെ ചിന്തകള്‍ അന്യവൽക്കരിക്കപ്പെടും. അതോടെ വലിയ ഒരു ഭീഷണി ഒഴിവായി കിട്ടും.

ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് ബാബാ സാഹിബ്‌ അംബേദ്ക്കറെ ഹിന്ദുത്വ പരിവാറിന്റെ ഭാഗമാക്കാനുള്ള പ്രചരണം. അതിന്റെ ആദ്യപടിയായിരുന്നു  ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്   അംബേദ്ക്കറെകുറിച്ച് നടത്തിയ പരാമര്ശം. 125 കോടി മുടക്കി മഹാരാഷ്ട്ര സർക്കാർ അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കുന്നത്.  കോൺഗ്രസ്‌ സർക്കാർ അംബേദ്ക്കറെ അദ്ദേഹം അര്ഹിക്കുന്ന അംഗീകാരം നല്കിയില്ല എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. നെഹ്‌റു കുടുംബത്തിനും അവരുടെ സ്‌തുതിപാഠകർക്കും കിട്ടിയ ചരിത്ര പ്രാധ്യാന്യം ഒരിക്കലും അംബേദ്കർക്ക് കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും കിട്ടിയില്ല എന്നതാണ് സത്യം.എന്നാൽ ബി ജെ പി അദ്ദേഹത്തിന് കൊടുക്കുന്ന പ്രാധാന്യം അദ്ദേഹം മുന്നോട്ട് വച്ച ജീവിത ദർശനത്തെയും പ്രത്യയശാസ്ത്രത്തെയും നിരാകരിക്കുന്ന ഒന്നാണ്. ചാതുര്‍വര്‍ണ്ണ്യത്തേയും ജാതി മേധാവിത്വത്തേയും ഊട്ടിയുറപ്പിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി അംബേദ്ക്കറെ മാറ്റി തീർക്കാനുള്ള ശ്രമം ആർ എസ് എസ് കൃത്യമായി നടപ്പിലാക്കുന്നുണ്ട്.  

ഒ. അബ്ദുറഹിമാന്‍, ദയവു ചെയ്ത് ആ അംബേദ്കര്‍ അവാര്‍ഡ് താങ്കള്‍ തിരിച്ചു കൊടുക്കണം

അതിനെ പ്രതിരോധിക്കാൻ കോൺഗ്രസ്‌ പാര്ട്ടിക്കും ഇടതു പക്ഷത്തിനും കഴിയുന്നില്ല എന്നതും ഗൌരമായി കാണേണ്ടതാണ്‍.  ഇടതു പക്ഷം അംബേദ്ക്കറെ പൂർണ്ണമയും അവഗണിച്ചിരുന്നു, ബംഗാളിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയെ തുടർന്നാണ്  ഇടതുപക്ഷനേതാക്കന്മാരും ബുദ്ധിജീവികളും പൊതു ചർച്ചയിൽ അംബേദ്ക്കറെ പരാമർശിക്കാൻ തുടങ്ങിയത്. സംഘടിത രാഷ്ട്രീയ പാർട്ടികളുടെ ഈ പ്രതിസന്ധിയിൽ നിന്നാണ്‍ ആർ എസ് എസും ബി ജെ പിയും അംബേദ്ക്കറെ അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നത്.  അംബേദ്ക്കർ സ്ഥാപിച്ച Republican Party of India ഇന്ന് നിരവധി കഷണങ്ങളായി കഴിഞ്ഞു. അതിൽ ഒന്നായ Ramdas Athawale വിഭാഗത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് ബി ജെ പി അംബേദ്ക്കർ രാഷ്ട്രീയത്തെ അവരുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്. 

കേരളത്തിൽ ശ്രീനാരായണ ഗുരുവും, തമിഴ്നാട്ടിൽ  ഇ വി രാമസ്വാമിയുടെയും ഒക്കെ രാഷ്ടീയത്തെ ആർ എസ് എസ് ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇത്തരം ഏറ്റെടുക്കലില്‍ കാലക്രമത്തിൽ ഈ മഹാൻമാരുടെ ജീവിതവും രാഷ്ട്രീയവും തിരസ്കരിക്കപ്പെടും. പകരം തികച്ചും ജനാധിപത്യ വിരുദ്ധവും വംശീയതയിൽ അടിസ്ഥാനപ്പെടുത്തിയതുമായ മത രാഷ്ടീയത്തോട് ചേർക്കപ്പെടും. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങൾ ഇല്ല എന്ന് പറയുന്നില്ല. ദളിത്‌ പാന്തേഴ്സ് പോലുള്ള പ്രസ്ഥാനങ്ങൾ മഹാരാഷ്ട്രയിൽ വലിയതോതിൽ അല്ലെങ്കിലും ചില പ്രധിരോധങ്ങൾ ഉയർത്തുണ്ട്.

എന്നാൽ വലിയതോതിലുള്ള പ്രധിഷേധം പ്രത്യേകിച്ചും മാറ്റ് രാഷ്ടീയ പാർട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഇടതു പക്ഷത്തിന്റെ പ്രശ്നം അവർ ഇതുവരെ അംബേദ്ക്കറുടെ രാഷ്ടീയം പഠിക്കുകയോ അവരുടെ വേദികളിൽ ചർച്ചചെയ്യുകയോ ചെയ്തിട്ടില്ല എന്നതാണ്. ആർ എസ് എസിന്റെ വേദിയിൽ അംബേദ്ക്കറുടെ ചിത്രം കാണുബോൾ ഉണ്ടാകുന്ന അന്യതാ ബോധമാണ് പാർലമെന്ററി ഇടതുപക്ഷത്തിന്റെ വേദിയിൽ അംബേദ്ക്കറുടെ ചിത്രം കാണുബോൾ ഉണ്ടാകുന്നതും.  പാർലമെന്ററി ഇടതുപക്ഷ ബുദ്ധിജീവികൾക്ക്  അംബേദ്ക്കർ രാഷ്ട്രീയത്തെ വിശദീകരിക്കാൻ കഴിയാത്തതും ഇതുകൊണ്ടാണ്. 

പുതിയ രാഷ്ടീയവും സാമൂഹിക കാഴ്ചപ്പാടും ഉണ്ടായെങ്കിൽ മാത്രമേ ഇത്തരം വിമോചന പ്രത്യയശാസ്ത്രങ്ങളെ സാമൂഹിക മാറ്റത്തിന്റെ ചാലകം ആക്കി മാറ്റാൻ കഴിയൂ. അത്തരം രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെടുക്കാൻ കഴിയുന്ന സാമൂഹിക മുന്നേറ്റങ്ങൾ ഉണ്ടാകുക തന്നെ വേണം.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍